/sathyam/media/media_files/CfoV0FGhjy5x7thmLX2v.jpg)
രണ്ടു വാർത്തകളാണ് ഇന്നലെ കേരളത്തിലെ മുഖ്യധാരാ വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നത്. ഒന്ന് കേരളത്തിന്റെ ക്യാപ്റ്റന്റെ ബസ് മഹിമയും അതേ ക്യാപ്റ്റന്റെ ജില്ലയിലെ അയർകുന്നത്ത് ഒരു പാവപ്പെട്ട കർഷകൻ ആത്മഹത്യ ചെയ്തതും.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും ആവശ്യമായുള്ളത് ഒരു കെട്ട് റീത്തുകളുമായി ആ നവകേരള ബസ് ബംഗളുരുവിൽ നിന്നും പുറപ്പെടുക എന്നുള്ളതാണെന്നാണ് അങ്കമാലിയുടെ കോടീശ്വരി മറിയക്കുട്ടിയുടെ ആവശ്യം. ഒട്ടേറെ മറിയക്കുട്ടിമാർ പെൻഷൻ കിട്ടാതെ വലയുമ്പോൾ ഈ നവകേരള കലാപരിപാടിക്ക് ആശയം പറഞ്ഞുകൊടുത്ത മഹാനാണ് ശരിക്കും ഈ പാർട്ടിയുടെ അന്തകൻ.
ഈ ഭരണം തുടങ്ങിയ അന്ന് മുതൽ ഒരു പ്രാവിലൂടെ തുടങ്ങിവെച്ച ഗതികേടുകൾ ഓഖിയായും നിപ്പയായും ഒന്നാം പ്രളയമായും രണ്ടാം പ്രളയമായും കോവിഡ് രൂപത്തിലും ഒക്കെ നാടിന്റെ നട്ടെല്ലൊടിച്ചപ്പോൾ തന്നെ നാം മനസ്സിലാക്കേണ്ടിയിരുന്നത് ബൈബിൾ വചനങ്ങളെയാണ്.
നമ്മുടെ ഭരണാധികാരികൾ കെടുകാര്യസ്ഥതകൾ ചെയ്തുകൂട്ടുമ്പോൾ നാടിന്റെ അവസ്ഥ നാശത്തിലേക്ക് നീങ്ങുമെന്നുള്ള വചനങ്ങൾ നാം മറക്കാതെ സൂക്ഷിച്ചു വെക്കേണ്ടതായുണ്ട്. തൊട്ടതിലെല്ലാം അനാവശ്യ കമ്മീഷനുകളും സ്വജനപക്ഷപാതവുമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ഗുണ്ടാരാജിന് എതിരായി ആരെങ്കിലുമൊക്കെ കേസുകൾ കൊടുക്കുകയാണെങ്കിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലയിൽ കരുതിയാൽ മതി.
പാവപ്പെട്ടവനുവേണ്ടി രൂപീകരിച്ച ഒരു സർക്കാർ ഇന്നിപ്പോൾ നാൽപ്പതോളം കറുത്ത കാറുകളുടെ അകമ്പടിയും മന്ത്രിണിക്ക് മുപ്പത്തിയയ്യായിരം രൂപയുടെ കണ്ണടയും ജനങ്ങളുടെ വോട്ട് ബാങ്ക് കാത്തു സൂക്ഷിക്കുവാൻ ഒന്നരക്കോടിയുടെ ആഡംബര ബസും അവർക്ക് സദസൊരുക്കുവാൻ അഞ്ഞൂറുകോടിയുടെ മറ്റു ചിലവുകളും ഒക്കെ കൂടി കാണുമ്പോൾ പെൻഷൻ കിട്ടാത്ത, അല്ലെങ്കിൽ ശമ്പളം കിട്ടാത്ത ഒരു കെഎസ്ആര്ടിസിക്കാരനോ ചില്ലുമേടയില്‍ ഇരിക്കുന്നവര്‍ക്കെതിരെ കല്ലെറിയുവാൻ തോന്നിയാൽ അത് സ്വാഭാവികം മാത്രം.
പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചിരുന്ന കോളേജ് കോട്ടകൾ തകർന്നു തരിപ്പണമായപ്പോൾ തോന്നിയ ഈ ആഡംബര ബുദ്ധിയിലൂടെ കേരളത്തിൽ നിന്നും ഈ ചുവന്ന കൊടി അപ്രത്യക്ഷമാകുവാൻ വേറെ ആരും പരിശ്രമിക്കേണ്ടതായി കാണുന്നില്ല. അവർക്കുള്ള കുഴി അവർ തന്നെ തോണ്ടുന്നു. തനിക്കു ശേഷം പ്രളയം എന്ന് ഇതിന്റെ നടത്തിപ്പുകാരനും തോന്നിക്കാണും.
ബന്ധു നിയമന അഴിമതികളിൽ തുടങ്ങിവെച്ചുകൊണ്ട് കരുവന്നൂരും കരിമണ്ണൂറും ഒക്കെ കയ്യിട്ടുവാരി കോടികൾ സമ്പാദിച്ചുകൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കടത്തിവെട്ടിക്കൊണ്ടുള്ള അഴിമതികളും സ്വർണ്ണക്കടത്തും ഡോളർക്കടത്തും പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളും കൂടാതെ കേരളം മൊത്തമായും മയക്കുമരുന്നിൽ മുങ്ങികുളിക്കുന്ന അവസ്ഥകളും ഇവിടെ സംജാതമായത് ഭരണത്തിന്റെ തണലിൽ തന്നെയാണ്.
കെ ഫോണും കെ റെയിലും എന്നുവേണ്ട കെ യിൽ തുടങ്ങിവെച്ച എല്ലാറ്റിലും കോടികൾ തിളച്ചു മറിഞ്ഞപ്പോൾ എല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് ലോകായുക്തയെ പാർട്ടി കോടതിയാക്കി മാറ്റുവാനും മറന്നില്ല. എല്ലാം ജനങ്ങളിൽ എത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരെ മുട്ടിൽ മരംമുറിക്കാരെ കൊണ്ട് പണം വീശിയും, കൂട്ടാക്കാത്തവരെ കള്ളക്കേസുകളിൽ കുടുക്കിയും ഫ്രീലാൻസുകാരെ ഉന്മൂലനം ചെയ്തുകൊണ്ടും ഭരണാധികാരികൾ വായ മൂടിക്കെട്ടിക്കൊണ്ടിരുന്നു.
കഴിഞ്ഞ ഭരണകാലത്ത് കേരളത്തിലെ ഒട്ടുമിക്ക സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും, സിനിമാക്കാരും, സാഹിത്യകാരന്മാരും - കാരികളും, ലേശം മലയാളഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന തരുണീ മണികളും, നാട്ടിൻപുറത്തെ സാഹിത്യ സാംസ്കാരിക ചേതോവികാരക്കാരും, ഡോക്ടർമാരും, നഴ്‌സുമാരും, അവരവരുടെ ഫേസ്‌ബുക്ക് വാളുകളിലും ട്വിറ്റർ വാളുകളിലും ഭരണത്തെയും ക്യാപ്റ്റനെയും ടീച്ചറമ്മയെയും എഴുതി എഴുതി പുകഴ്ത്തുവാൻ സമയം കണ്ടെത്തിയിരുന്നു. നല്ല കാര്യം. അവരൊക്കെ ഇപ്പൊഴും ഉണ്ടോ ആവോ ?
കൂടാതെ കൊട്ടിഘോഷിച്ചുകൊണ്ട് കിട്ടിയിരുന്ന അന്തർദ്ദേശീയ അവാർഡുകളും യുണൈറ്റഡ് നേഷൻസിന്റെ സൂം കോളുകളും, സിഎൻഎൻ - ബിബിസി വാർത്തകളും വോഗ് മാഗസിൻ കവർ പേജുകളും ഇന്നിപ്പോൾ ആരും തന്നെ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയിൽ പെടുന്നില്ല. ഭരണകർത്താക്കൾ അവരുടെ തട്ടിപ്പുകൾ മതിയാക്കി ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുവാൻ ഈ ഒരൊറ്റ കാരണം മാത്രം മതി.
ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ എന്ന രാജ്യത്തെ ജനങ്ങൾ അവിടത്തെ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തള്ളിപ്പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. ആ ജനത തന്നെയാണ് ഇസ്രയേലിന്റെ കരുത്തുറ്റ പ്രതിരോധത്തെ അല്ലെങ്കിൽ അയേൺ ഡോമിനെ തകർക്കാൻ കൂട്ടുനിന്നത് എന്നാരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റുപറയുവാനാകില്ല.
അത്രമാത്രം വെറുക്കപ്പെട്ടവനായി അവിടത്തെ നെതന്യാഹു മാറിക്കഴിഞ്ഞപ്പോൾ സ്വന്തം ജനത വരെ രാജ്യതാല്പര്യങ്ങൾക്കെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തിൽ അതിന്റെ മുന്നോടിയായായാണ് ഇതുവരെ പച്ച തൊടാൻ സാധിക്കാതിരുന്ന കോളേജ് യൂണിയനുകൾ പ്രതിപക്ഷം കൈയടക്കി കൊണ്ടിരിക്കുന്നത്.
അന്ന് ജനസമ്പർക്ക യാത്രയെ കല്ലെറിഞ്ഞവർ, കല്ലെറിയിപ്പിച്ചവർക്ക് ഒരു കാര്യം മനസ്സിലായി. ജനങ്ങൾക്ക് അതായിരുന്നു ഇഷ്ടം എന്ന്.
നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!
കേരളത്തിൽ ഈ പാർട്ടി എന്നെന്നേക്കുമായി ഇല്ലാതാകുന്നത് മനസ്സിൽ കണ്ടുകൊണ്ട് സഖാവ് ദാസനും
ഇനിയെങ്കിലും ഉപദേശകരുടെ വാക്കുകൾ കേട്ടുകൊണ്ട് ജനങ്ങളെ പറ്റിക്കല്ലേ സഖാക്കളേ എന്ന് സഖാവ് വിജയനും