Advertisment

അഞ്ച് സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അത് 'ഇന്ത്യ' യുടെകൂടി ഭാവി നിശ്ചയിക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ആറാമത് മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും അവിടെ ആറാടാന്‍ എത്തിയ അണ്ണാന്‍മാര്‍ക്കും പണി കിട്ടി ! ഒരിടത്ത് രണ്ടു ഗുജറാത്തികള്‍ മാത്രം ഓടി തളരുമ്പോള്‍ ഇപ്പുറത്ത് പതിവില്ലാത്തവിധം രാഹുലും ഖാർഗെയും കമല്‍നാഥും ഗെഹ്‌ലോട്ടും ഡികെയും ചിദംബരവും കെസി വേണുഗോപാലുമെല്ലാം കളം നിറയുന്നു - ദാസനും വിജയനും

New Update
ashok gahlot amit shah narendra modi rahul gandhi kamalnath kc venugopal

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റേസർ എന്നൊക്കെ വിശേപ്പിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. 

Advertisment

രാജസ്ഥാൻ - മധ്യപ്രദേശ് - ഛത്തീസ്ഗഡ് - തെലുങ്കാന - മിസോറാം എന്നീ സംസ്ഥാനങ്ങളുടെ മാത്രമല്ല ' ഇന്ത്യ ' യുടെതന്നെ ഭാവി നിശ്ചയിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ഇവിടെ പാളിയാൽ ഇന്ത്യക്കും ഇന്ത്യ മുന്നണിക്കും 2024 ഒരു ബാലി കേറാ മലയായിരിക്കും. 

ശരിക്കും പറഞ്ഞാൽ നവംബറിൽ നടക്കുന്നത് ആറ് തിരഞ്ഞെടുപ്പുകളാണ്. ഈ അഞ്ചു സംസ്ഥാനങ്ങൾ കൂടാതെ ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യ - ആസ്‌ട്രേലിയ ക്രിക്കറ്റ് ഫൈനൽ മത്സരം ശരിക്കും മറ്റൊരു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. 


ഇന്ത്യ തോറ്റെങ്കിലും 'ഇന്ത്യ' മുന്നണിക്ക് അത് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്. ഫൈനലിൽ ഇന്ത്യ ജയിച്ചിരുന്നു എങ്കിൽ അതിന്റെ മുഴുവൻ ആനുകൂല്യങ്ങളും നരേന്ദ്രമോദിയും അമിത്ഷായും പിടിച്ചെടുക്കുമായിരുന്നു. ബിജെപിക്ക് ലേശം സാധ്യത ഉണ്ടായിരുന്ന രാജസ്ഥാൻ വരെ ആ ക്രിക്കറ്റോടെ ബിജെപിയെ കയ്യൊഴിയുന്നതായാണ് കണക്കാക്കപ്പെടുന്നത്. 


ഈ ക്രിക്കറ്റ് ഫൈനൽ മത്സരം മധ്യപ്രദേശിലേയും തെലങ്കാനയിലെയും ഛത്തീസ്‌ ഗഡിലെയും തിരഞ്ഞെടുപ്പിന് അടുപ്പിച്ചായിരുന്നെങ്കിൽ അവിടെയൊക്കെ ഇന്ത്യ മുന്നണി അഥവാ കോൺഗ്രസ്സ് പാർട്ടി തൂത്തുവാരുമായിരുന്നു. കാരണം ആ തോൽ‌വിക്ക് കാരണം എല്ലാവരും ആ പനോത്തിയിൽ കണ്ടെത്തുമായിരുന്നു. 

ആർഎസ്എസ് നെ ഇഷ്ടപ്പെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പേരിനെ വലിച്ചെറിഞ്ഞുകൊണ്ട് ജീവിച്ചിരിക്കുന്ന പനോത്തിയുടെ പേരിനെ അടിച്ചേൽപ്പിച്ചപ്പോൾ അത് ബിജെപിയെയും ആർഎസ്എസിന്റെയും സ്നേഹിച്ചിരുന്നവർക്ക് വരെ ബോധ്യപ്പെട്ടിരുന്നില്ല. 

modi amit shahh


രാജസ്ഥാനിൽ പണിപാളുമെന്നു മനസ്സിലാക്കിയ ഗുജറാത്തി പനോത്തികൾ ഗുജ്ജാർ സമുദായ കാർഡ് കളിച്ചുകൊണ്ട് അവിടെയും വർഗീയ സമുദായ ധ്രുവീകരണത്തിന് ശ്രമിച്ചു. അപകടം മണത്തറിഞ്ഞ ഗെഹ്‌ലോട്ട് സച്ചിൻ പൈലറ്റിന്റെ വോട്ടഭ്യർത്ഥനയുള്ള വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഐക്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. 


രണ്ടു ഗുജറാത്തികൾ രാജസ്ഥാനിൽ കറങ്ങി നടപ്പുണ്ട്. രാജസ്ഥാനിയായ ഞാൻ ഇവിടെ ഉള്ളപ്പോൾ അവർക്കെന്ത് കാര്യം എന്ന് ചോദിക്കാനും ഗെഹ്‌ലോട്ട് മറന്നില്ല. ബിജെപിക്ക് അനുകൂലമായിരുന്ന രാജസ്ഥാൻ ഇന്നിപ്പോൾ നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ്സ്  വീണ്ടും അധികാരത്തിൽ എത്താനുള്ള സാധ്യത കാണുന്നു. 

മിസോറാം എന്ന കൊച്ചു സംസ്ഥാനം മണിപ്പൂരിന് അടുത്തുള്ളതുകൊണ്ട് അവിടെ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്തുവാനായിട്ടില്ല. 

ഇടക്കിടക്ക് എകെ ആന്റണിയുടെ പുന്നാരമകനെ അയച്ചുകൊണ്ട് ക്രിസ്ത്യൻ കാർഡുകൾ ഇറക്കുന്നുണ്ടെങ്കിലും നേരെ ചൊവ്വേ മലയാളം വരെ സംസാരിക്കുവാൻ അറിയാത്തവൻ അവിടെ പോയിട്ട് എന്ത് ഉണ്ടാക്കാൻ എന്നാണ് എതിരാളികൾ ആശ്വസിക്കുന്നത്.

soram thanga


 മിസോറാം നാഷണൽ ഫ്രണ്ടിന് ബിജെപിയുമായി നല്ല രീതിയിലുള്ള സഖ്യം ഉണ്ടാക്കുവാൻ സാധിക്കാത്തതുകൊണ്ട് കോൺഗ്രസ്സ് പാർട്ടിയുടെ മേൽക്കോയ്മ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ ഇവിടെ കാണുവാൻ കഴിഞ്ഞിരുന്നു. 


ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പേരിന് കഴിഞ്ഞ അഞ്ചുകൊല്ലമായി യാതൊരു കളങ്കവും സംഭവിക്കാത്തതാണ് അവിടെ കോൺഗ്രസ്സിന് മുൻതൂക്കമായി കണക്കാക്കുന്നത്. ജനങ്ങൾക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കിക്കൊണ്ട് ജനകീയ മുഖ്യമന്ത്രി എന്ന ഖ്യാതി അദ്ദേഹം നിലനിർത്തിയിരുന്നു. 

സാധാരണയായി തിരഞ്ഞെടുപ്പുകൾ വരുമ്പോൾ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ജനങ്ങളെ പറ്റിച്ചു പിന്നീട് ജയിച്ചുകഴിഞ്ഞാൽ എന്ത് കിറ്റ് ? ആരുടെ കിറ്റ് ? എന്ന് ചോദിക്കുന്ന സംസ്ഥാനങ്ങൾ ഉള്ളപ്പോൾ ഛത്തീസ്ഗഡിലെ ഭരണവും മുഖ്യമന്ത്രിയും തറവാടിത്തമായി നിലകൊണ്ടു . മോശമല്ലാത്ത ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് ഭരണം നിലനിർത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെയുണ്ട്. 

chandrasekhara rao


തെലങ്കാന, കോൺഗ്രസ്സ് പാർട്ടിക്ക് പറ്റിയ അല്ലെങ്കിൽ സോണിയ ഗാന്ധിക്ക് പറ്റിയ ഏറ്റവും മോശമായ തീരുമാനമായിരുന്നു. ഒരുകാലത്ത് കോൺഗ്രസ്സ് കുത്തകയായിരുന്ന ആന്ധ്രപ്രദേശിനെ ഒരു ചന്ദ്രശേഖർ റാവുവിനുവേണ്ടി കീറിമുറിച്ചപ്പോൾ ആ മനുഷ്യൻ തന്നെ കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രുവായി പരിണമിക്കുകയായിരുന്നു. 


ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതികൾ നടക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രയും തെലങ്കാനയും. അച്ഛനെ ഇല്ലാതാക്കിയെന്ന സംശയത്താൽ കോൺഗ്രസ്സ് പാർട്ടി വൈഎസ്ആറിന്റെ മകനെ കൂടെ കൂട്ടിയിട്ടില്ല. പക്ഷെ തെലങ്കാനയിൽ റാവുവും മകളും കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങൾക്ക് അവിടത്തെ ജനത മറുപടി പറയും. 

ഭാരത് ജോഡോ യാത്ര കടന്നുപോയ പ്രദേശങ്ങൾ കോൺഗ്രസ്സ് പാർട്ടി തൂത്തുവാരും എന്നാണ് ജന സംസാരം. കൂടാതെ ഡികെയുടെയും അസറുദ്ദീന്റെയും അച്ചടക്കമുള്ള പ്രവർത്തനങ്ങളും കോൺഗ്രസിനെ തുണക്കും. 


മധ്യപ്രദേശിൽ അങ്കം വെട്ടുന്നത് രാജാക്കന്മാർ തമ്മിലാണ്. കോൺഗ്രസ്സിന്റെ കരുത്തനായ കമൽനാഥും ബിജെപിയുടെ ചൗഹാനും തമ്മിൽ അങ്കം വെട്ടുമ്പോൾ അവിടെ നിഷ്പ്രഭമായി പോയത് പാവം പാവം രാജകുമാരനായ ജ്യോതിരാധിത്യ സിന്ധ്യയാണ്. 


അച്ഛനുണ്ടാക്കിയ സൽപ്പേര് മകൻ കാലുമാറ്റത്തിലൂടെ കളഞ്ഞു കുളിച്ചപ്പോൾ സ്വന്തം പ്രദേശമായ ഗുണ വരെ കയ്യിൽ നിന്നും വഴുതിപോയികൊണ്ടിരിക്കുന്നു. ഇന്ത്യ മഹാരാജ്യം കണ്ട ഏറ്റവും ക്രൂരതയേറിയ അഴിമതിയായ വ്യാപം അഴിമതിയെ വരെ അതിജീവിച്ചുകൊണ്ട് ഭരണത്തിൽ കയറിയ ചൗഹാൻ ഇത്തവണ കമൽനാഥിന്റെ ബുദ്ധിയിൽ മുട്ടുമടക്കുന്നതായാണ് കാണുന്നത്. 

p chithambaram

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പണമായിരുന്നു കോൺഗ്രസിന്റെ ബലഹീനതയെങ്കിൽ ഇന്നിപ്പോൾ കമലനാഥും ഗെഹ്‌ലോട്ടും ഡികെയും ചിദംബരവും ഖാർഗെയും എല്ലാം പണം വീശി തന്നെയാണ് അങ്കം വെട്ടുന്നത്. 

കെസി വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണ്. കർണ്ണാടകയും ഹിമാചലും ഒക്കെ കൈപ്പിടിയിൽ ഒതുക്കിയ സ്ഥിതിക്ക് ഒത്തുപിടിച്ചാൽ അഞ്ചെണ്ണവും പോരും എന്നതാണ് സത്യം. 

ഇനിയുമൊരു പനോതിക്കാലം ഇന്ത്യക്ക് സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ ദാസപ്പനും

ഒത്തുപിടിച്ചാൽ മലയും പറിക്കാം എന്ന ഉപദേശത്തോടെ വിജയണ്ണനും

Advertisment