Advertisment

കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ മലയാളി ചെയ്ത ഏറ്റവും വലിയ തെറ്റേത് ? അതിനു കൊടുക്കേണ്ടിവന്ന വിലയെന്ത് ? ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത കണ്ണൂരിന്‍റെ ഗതിയിങ്ങനെയാകാന്‍ കാരണമെന്ത് ? - ദാസനും വിജയനും

New Update
vs achuthanandan pinarai vijayan k karunakaran oommen chandy ek nayanar

ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് സംവത്സരങ്ങളിൽ കേരളത്തിലെ ജനത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു - 2016 നിയമസഭാ തിരഞ്ഞെടുപ്പ്. 

Advertisment

അന്ന് ഉമ്മൻചാണ്ടിയെന്ന മഹാരഥന് ഭരണത്തുടർച്ച നൽകാതെ ഇന്ന് ഭരിക്കുന്നവർക്ക് കേരളത്തെ വിട്ടുകൊടുത്തപ്പോൾ നമുക്ക് നഷ്ടപെട്ടത് ഒരു നാടിന്‍റെ മുന്നേറ്റമാണ്. ഇന്നിപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗതികേടിനെ മലയാളി ക്ഷണിച്ചു വരുത്തിയതു തന്നെ.

ഓരോ ജനസമ്പർക്ക പരിപാടികളിലും തടിച്ചുകൂടിയ ആളുകളെ കണ്ടു വിറളിപൂണ്ട ഇടതുപക്ഷം, പ്രത്യേകിച്ച് അന്നത്തെ പ്രതിപക്ഷ നേതാവും സംഘവും ചേർന്നുണ്ടാക്കിയ ഗൂഢാലോചനയായിരുന്നു സോളാർ ഇല്ലാക്കഥകൾ. 

ഒരു നല്ല മനുഷ്യനെ പെണ്ണുപിടിയനായി ജനത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ചപ്പോൾ ആ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കർത്തവ്യങ്ങൾ ഭംഗിയായി തുടർന്നുകൊണ്ടിരുന്നു.

oommen chandy-6

ഇരുപതിനായിരത്തോളം ജനങ്ങൾ വരെ തിങ്ങിക്കൂടുന്ന ഒറിജിനൽ ജനസമ്പർക്കം കണ്ടപ്പോൾ അദ്ദേഹത്തിന്റെ നെഞ്ചത്തേക്ക് കല്ലെറിഞ്ഞുകൊണ്ടായിരുന്നു പ്രതികാരം. അന്ന് കല്ലെറിഞ്ഞവര്‍ ഇന്നലെവരെ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നതും നാം കണ്ടു.

നിയമസഭാ പരിസരത്തു ഒന്നിച്ചുകൂടി ഉണ്ടാക്കിയ കോലാഹലങ്ങളിൽ കേരളം നിശ്ചലമായപ്പോൾ അത് സോളാർ കേസിനോ കോഴക്കേസിനോ വേണ്ടിയായിരുന്നില്ല എന്ന് ടിപി വധക്കേസിൽ ഇടപെട്ടവർക്ക് നന്നായി അറിയാം. സ്വന്തം നേർക്കുവരുന്ന അന്വേഷണം ഇല്ലാതാക്കുവാൻ അന്നത്തെ നേതാക്കന്മാർ പടച്ചുകൂട്ടിയ ഒരു സമരത്തെ കോമ്പ്രമൈസിലൂടെ നിർത്തിവെക്കുവാൻ അവർക്കു സാധിച്ചു. 

അതൊന്നും ഉമ്മൻചാണ്ടിയെ ബാധിച്ചിരുന്നില്ല എന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ എല്ലാവർക്കും ബോധ്യവുമായി. യുഡിഎഫിന്റെ പ്രതിഛായയിൽ ഏറ്റവും മോശപ്പെട്ട സമയത്തുനടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വളരെ ഭംഗിയായി മണ്ഡലത്തെ നിലനിർത്തിയപ്പോൾ തൂറൽ സമരത്തിന്റെ വക്താക്കൾ എന്നുള്ള ഓമനപ്പേര് എൽഡിഎഫ് സമരത്തിനും ലഭിച്ചു. 'അന്നത്തെ കോഴമാണിയെ' അവർ അതോടൊപ്പം ചേർക്കുകയും ചെയ്തു.

കേരളത്തിൽ സ്വന്തം മണ്ഡലത്തെ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന രണ്ടു മഹാന്മാർ ലീഡർ കെ കരുണാകരനും (മാള), മാണിസാറും (പാലാ) ആയിരുന്നു. അക്കാലങ്ങളിൽ ഏതു സിറ്റിയിൽ പോയാലും മാളക്കും പാലാക്കും കൊട്ടാരക്കരക്കും കെഎസ്ആർടിസി ബസ്സുകൾ ഉണ്ടായിരുന്നു. അതുപോലെ മാളയിലെ ഓരോ പഞ്ചായത്തിനും ഓരോ പദ്ധതികൾ കമ്പനികൾ അനുവദിച്ചു. ആർഎസ്എസ്, കമ്മ്യുണിസ്റ്റ് കുടുംബങ്ങളിൽ നിന്നുപോലും അര്‍ഹരായവർക്കും അല്ലാത്തവർക്കും അപ്പോളോ ടയേഴ്സിലും പോലീസിലും ബാങ്കുകളിലും ജോലി വാങ്ങിക്കൊടുത്തു. 

മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാന്‍  ആര്‍ക്കെങ്കിലും കഴിയുമോ എന്ന് സ്പീക്കര്‍ ; ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് ചെന്നിത്തല 

പക്ഷെ ഉമ്മൻ‌ചാണ്ടിയെ പുതുപ്പള്ളിക്കാർ ജയിപ്പിച്ചിരുന്നുവെങ്കിലും പുതുപ്പള്ളിക്കായി വാരിക്കോരിയൊന്നും അദ്ദേഹം കൊടുത്തിരുന്നില്ലെന്നതും വസ്തുത തന്നെ. ആനുകൂല്യങ്ങള്‍ തന്‍റെ നാട്ടുകാര്‍ക്ക് മാത്രം പോരാ എല്ലാവര്‍ക്കും ഒരേപോലെ വേണമെന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ യുഡിഎഫിനു ഒരു ബൂത്ത് കമ്മറ്റിവരെ ഉണ്ടായിരുന്നില്ല എന്നതായിരുന്നു അവസ്ഥ.

കേരളത്തിൽ ഓരോ മണ്ഡലവും കുത്തകകളിൽ നിന്നും പിടിച്ചെടുത്ത് അവിടെയൊക്കെ വെന്നിക്കൊടി നാട്ടിയ പ്രമുഖർ കെ ബാബു തൃപ്പൂണിത്തുറയിലും, വിഡി സതീശൻ പറവൂരിലും, ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിലും ആയിരുന്നു. അവരൊക്കെ ഓരോരോ തവണ ജയിച്ചപ്പോഴും മണ്ഡലത്തിൽ മുക്കും മൂലയിലും ഇറങ്ങിചെന്നുകൊണ്ട് ഓരോരോ തവണയും ഭൂരിപക്ഷം ഇരട്ടിയാക്കിയവർ ആയിരുന്നു.

ഇടക്കുവെച്ചു ബാബുവിനും ഉണ്ണിയാടനും കാലിടറിയെങ്കിലും വിഡി സതീശൻ അത് ഭംഗിയായി കൊണ്ടുനടക്കുന്നു. ഇന്നിപ്പോൾ സി ആർ മഹേഷ് എല്ലാവരിലും മാതൃകയാക്കി കരുനാഗപ്പള്ളിയെ സ്വന്തം കുഞ്ഞിനെപ്പോലെ താലോലിക്കുന്നു. പുതുപ്പള്ളിയെ മാത്രം ശ്രദ്ധിക്കാതെ കേരളത്തിലെ ഓരോരോ വ്യക്തികളിലും ശ്രദ്ധ കൊടുത്തതുകൊണ്ടാണ് ഉമ്മൻചാണ്ടിയെന്ന മഹാരഥന് കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പ് നാം നൽകിയത്.


കേരളത്തിൽ ഏറ്റവും കൂടുതൽ പേര് മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്ന കണ്ണൂരിന്റെ ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ മനസിലാകും ഇവരുടെയൊക്കെ ആത്മാർത്ഥത. പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനായി നിലനിന്നാൽ മാത്രമേ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുവാനാകൂ എന്ന് മനസിലാക്കിയ ഇക്കൂട്ടർ മനപ്പൂർവം സ്വന്തം മണ്ഡലങ്ങളിൽ വികസനം എത്തിക്കുന്നില്ല എന്ന് വേണം കരുതുവാൻ. 


കല്യാശ്ശേരിയും ധർമ്മടവും തളിപ്പറമ്പും മട്ടന്നൂരും ഒക്കെ ഗതികെട്ട അസംബ്ളി മണ്ഡലങ്ങളായി ഇന്നും നിലനിൽക്കുന്നത് അവരുടെ വോട്ടുകൾ ചോർന്നു പോകാതിരിക്കുവാൻ മാത്രമാണ്. അവിടേക്ക് എത്തിനോക്കാൻ സമയമില്ലാത്തതുകൊണ്ടല്ല. എത്തിനോക്കാത്തതാണ്. 

പാർട്ടി ഗ്രാമങ്ങളും പാർട്ടി ഗുണ്ടകളും നിലനിൽക്കണമെങ്കിൽ അവിടേക്ക് വികസനം എത്തുവാൻ പാടില്ല എന്നത് പാവം നാട്ടുകാർക്ക് അറിയില്ല. ആളുകള്‍ക്ക് സൗകര്യവും വിവരവും ഉണ്ടായാല്‍ അവര്‍ ഈ വിവരക്കേടുകളുടെ പുറകെ നില്‍ക്കില്ലല്ലോ. 

ഉമ്മൻചാണ്ടിക്ക് നേരെ എറിഞ്ഞ കല്ല് ഇന്നിപ്പോൾ കറുത്ത കൊടികളായി ചെറുപ്പക്കാർ വീശുമ്പോൾ ആ ചെറുപ്പക്കാരെ ഹെൽമെറ്റ് കൊണ്ടും

ചെടിച്ചട്ടി കൊണ്ടും തലക്കടിച്ചും കറുത്തവണ്ടികൾ ഇടിക്കുവാൻ ശ്രമിച്ചും അതിനുള്ളിലെ ഗുണ്ടകൾ മാരകായുധങ്ങൾ വീശിയും 'രക്ഷാ പ്രവര്‍ത്തനങ്ങളുമായി' നീങ്ങുമ്പോൾ ഒരു കാര്യം ഓർക്കുക: ''നിങ്ങളറിയുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ''.

പോയത് പോയി, സമയവും പോയി. ഇനിയെങ്കിലും വോട്ടു ചെയുമ്പോൾ ബുദ്ധി ഉപയോഗിക്കുക, ഇല്ലെങ്കിൽ ഗതികേടുകൾ നാടിനെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും .

കിറ്റ് വാങ്ങി വോട്ട് ചെയ്തതിൽ ദുഃഖിച്ചുകൊണ്ട് ദാസനും

ബസിനു നേരെ കരിങ്കൊടി വീശിക്കൊണ്ട് വിജയനും 

Advertisment