Advertisment

ഭരണപ്പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞു നാറുന്നു ! കാര്യങ്ങള്‍ സ്ഫോടനാമ്തകമാണോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടത്. അടുത്തിടെ വേറൊരു പ്രമുഖ മകന്‍ കൂടി കാവിഷാള്‍ പുതയ്ക്കാനും സാധ്യതയുണ്ട്. കേരളത്തിലെ മക്കളൊക്കെ ഡെല്‍ഹിയില്‍ 'ജി'മാരാകുന്ന തിരക്കിലാണല്ലോ ? പിന്നെ കേരളത്തിലെ പതിവ് ' പുകമറ ' തന്ത്രങ്ങള്‍ അത്രകണ്ട് ഫലിക്കുന്നുമില്ല - ദാസനും വിജയനും

New Update
party flags

പ്രഥമ ലീഗും ക്വാർട്ടർ ഫൈനലും കടന്ന് കളി സെമിയിലേക്ക് നീങ്ങുമ്പോൾ മൈതാനത്തിന്റെ ഒരു വശത്ത് എൽസിആറും മറുവശത്ത് എക്‌സാ ലോജിക്കും അണിനിരന്നിരിക്കുന്നു. പക്ഷെ ഇത്തവണ കളി കാര്യമാവുന്ന കാഴ്ചകളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 

Advertisment

കോൺസുലേറ്റ് സ്വര്‍ണക്കടത്തിൽ ആരംഭിച്ച ഒറ്റുകളി ഇന്നിപ്പോൾ കരിമണലിലും മയക്കുമരുന്നിലും വന്നു നിൽക്കുമ്പോൾ ഇവിടെ രണ്ടു ടീമിന്റെയും ക്യപ്റ്റന്മാർ ഉന്നതരുടെ മക്കൾ തന്നെ.

2016 ലെ സത്യപ്രതിജ്ഞക്കുശേഷം ഒന്നാമന്‍ പാർട്ടിയിലെ പ്രമുഖന്‍റെ മകനോടായി ഒരുപദേശം നൽകുകയുണ്ടായി. അനാവശ്യ പുലിവാലുകൾ പിടിച്ചുകൊണ്ട് അങ്കിൾ അങ്കിൾ എന്ന് വിളിച്ച് എന്റെ അടുത്തേക്ക് വരരുത് എന്ന്. 

പക്ഷെ ഭരണം കിട്ടിയതിനുശേഷം പ്രമുഖന്‍റെ മകൻ പൂർവാധികം ശക്തിയോടെ തന്റെ കച്ചവടങ്ങളും ഒപ്പം മണ്ടത്തരങ്ങളും ആശ്രിത വാത്സല്യവും കാണിച്ചു തുടങ്ങിയപ്പോൾ തന്നെ ഒന്നാമനും പാര്‍ട്ടി പ്രമുഖനും തമ്മിലുള്ള അന്തർധാരയിൽ വിള്ളലുകൾ കണ്ടെത്തി.


അമ്മയും മക്കളും ബന്ധുക്കളും ഒരുഭാഗത്തും പാർട്ടിയും പ്രമുഖനും ഒന്നാമനും മറുഭാഗത്തുമായി അണിനിരന്നപ്പോൾ സ്വർണ്ണക്കടത്തിനെ ഒറ്റുകൊടുത്തുകൊണ്ട് ആദ്യ വെടി പൊട്ടിച്ചു. അതിന്റെ പകരമായി ബീഹാർ അമ്മയെയും കുട്ടിയെയും ദുബായ് അറബിയെയും രംഗത്തിറക്കിക്കൊണ്ട് മറുഭാഗം തിരിച്ചടിച്ചു.


കളികൾ തീക്കളി ആകുമെന്ന് മനസിലാക്കിയ ഔദ്യോഗിക വിഭാഗം പയ്യനെ പരപ്പന അഗ്രഹാരയിലേക്ക് പറഞ്ഞയക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. മനസിനേറ്റ മുറിവിൽ പാർട്ടി പ്രമുഖന്‍ ഔദ്യോഗിക സ്ഥാനം രാജിവെച്ചുകൊണ്ട് ചികിത്സയുമായി ദുഃഖങ്ങൾ കടിച്ചമർത്തി.

കാര്യം ഗൗരവം 

ഇനി കാര്യത്തിലേക്ക് കടക്കാം. കോൺഗ്രസിനേക്കാൾ ബിജെപിയേക്കാൾ സ്ഫോടനാത്മകമായ അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സിപിഎം എന്ന പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഉത്തമോദാഹരണമാണ് ജപ്പാൻ അൻവറിന്റെ ബംഗളൂർ ഫ്രീസർ ലോറിയിലെ നൂറ്റിയമ്പത് കോടി രൂപ.


പുകമറകൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു പാർട്ടി ഓരോരോ തവണയും പലവിധ പുകമറകളാൽ അധികാരത്തിലേക്ക് എത്തിയപ്പോൾ അവർക്കറിയാം അവരുടെ അണികൾക്ക് വേണ്ടത് പുകമറകൾ തന്നെയെന്ന്. 'നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല' എന്നത് എത്രയോ മഹത്തായ വാക്കുകളാണ്.


എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും അതിന്റെ പത്തിരട്ടി വലുപ്പത്തിലുള്ള ഉണ്ടൻ ചുരുട്ടുകൾ എതിരാളികൾക്ക് മേലെ കെട്ടിവെച്ചുകൊണ്ട് അണികളിൽ ആവേശം പടർത്തുവാൻ കമ്മ്യുണിസ്റ്റ് പാർട്ടികൾ കഴിഞ്ഞിട്ടേ അമേരിക്കയും ഇസ്രയേലും ഒക്കെയുള്ളൂ.

പണ്ടൊക്കെ ഉപ്പുപെട്ടിയിൽ ഇരുന്നു രാഷ്ട്രീയം പറയുന്ന അണികൾക്ക് എല്ലിൻ കഷ്ണം ഇട്ടുകൊടുക്കുന്നതുപോലെ ഇന്നിപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് ആവശ്യമായ എല്ലിൻ കഷണങ്ങളാണ് ഇട്ടുകൊടുക്കുന്നത്.

അന്നൊക്കെ എല്ലിൻ കഷണങ്ങൾ അഥവാ ക്യാപ്സുകൾ ഇട്ടുകൊടുത്തിരുന്ന എംവി ജയരാജനും ഇപി ജയരാജനും  ബാലനും വിജയരാഘവനും ഒക്കെ പിന്നോട്ട് വലിഞ്ഞപ്പോൾ മരുമോൻ ഇറക്കുമതി ചെയുന്ന ക്യാപ്സ്യൂളുകൾ അൻവർ പോലുള്ളവരെക്കൊണ്ടാണ് ഇപ്പോള്‍ വിതരണം ചെയ്യിക്കുന്നത്.


ഒരു നല്ല പാർട്ടിയുടെ അധഃപതനം എന്നല്ലാതെ വേറെയൊന്നും നമ്മുക്ക് പറയുവാനില്ല. കോടിക്കണക്കിന് പണം ചിലവാക്കി മകൻ റിസോർട്ട് പണിതപ്പോൾ അമ്മക്ക് കിട്ടിയ പെൻഷൻ തുകയാണെന്ന് പറയുന്ന ഈ കാലഘട്ടത്തിൽ മകളുടെ കംപ്യുട്ടർ കമ്പനിയും അമ്മമാരുടെ പെൻഷനിൽ കെട്ടിവെക്കുവാൻ കാണിക്കുന്ന വ്യഗ്രത ആർക്കും മനസിലാകുന്നില്ല എന്ന് കരുതരുത്.


ചെറുപ്പക്കാരെ ബാധിക്കുന്ന വിഷയങ്ങളായ പിഎസ്‌സി ടെസ്റ്റുകളും, പരീക്ഷ മാർക്ക് തട്ടിപ്പ് കേസുകൾ കൊടുമ്പിരി കൊള്ളുമ്പോൾ ഇല്ലാത്ത കേസ് എതിർപാർട്ടി നേതാവിന്റെ പേരിൽ കെട്ടിവെച്ചുകൊണ്ട് അണികളിൽ കൺവിൻസിങ് അഥവാ കൺഫ്യൂസിങ് തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ പ്രത്യേക നൈപുണ്യവുമൊക്കെയാണ്‌ ഇവർക്കുള്ളത്.

ഞങ്ങൾ മാത്രമല്ല നിങ്ങളും പ്രശ്നക്കാരാണ് എന്നുള്ള ചിന്താഗതി വളർത്തിയെടുക്കുന്നതിൽ ഒന്നാമതാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രതിപക്ഷ നേതാവിന്റെ കെ-റെയിൽ വകയായ നൂറ്റിഅൻപത് കോടി.

സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആകെ മൊത്തം വിജിലൻസും ഇ.ഡിയും കേന്ദ്ര അന്വേഷണ ഏജൻസികളും കെടി ജലീലിനെയും ശ്രീരാമകൃഷ്ണനെയും ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ സെക്രറ്ററിയെയും വട്ടമിട്ട് പറക്കുന്ന സമയത്താണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റാകുന്നത്. 


അങ്ങേർക്ക് മോൺസൺ മാവുങ്കാലിനെ കൊണ്ട് എട്ടിന്റെ പണി കൊടുത്തപ്പോൾ കമ്യൂണിസ്റ്റ് അണികൾ ആനന്ദ നൃത്തം ചവുട്ടി. രമേശ് ചെന്നിത്തലയുടെ മെക്കിട്ട് കയറിയതുപോലെ ഇനി ലക്‌ഷ്യം പ്രതിപക്ഷ നേതാവ് തന്നെ. ഇടക്കിടക്ക് ഓരോരോ വണ്ടികൾ ബംഗളുരുവിൽ നിന്നും പണവുമായി ചേറ്റുവ കടപ്പുറത്തേക്ക് പ്രതീക്ഷിക്കാം.


കെ കരുണാകരൻ വളരെ നന്നായി ഭരിക്കുമ്പോൾ പാമോയിലിൽ മുക്കി അങ്ങേരെ ഒതുക്കാൻ ശ്രമിച്ചു. പിന്നീട് ഇല്ലാത്ത ചാരക്കേസിൽ പെടുത്തി. ആന്റണിയെ പഞ്ചസാരയിൽ വീഴ്ത്തുവാൻ ശ്രമിച്ചു. പാവം ഉമ്മൻചാണ്ടിയെ സരിതയിൽ ഇല്ലാതാക്കി. 

ഈ പാപങ്ങൾ ഒന്നും പെട്ടെന്നൊന്നും ആ പാർട്ടിയെയും പാർട്ടി നേതാക്കളെയും വിട്ടു മാറില്ല. വാളെടുത്തവൻ വാളാൽ എന്നതുപോലെ പുത്ര ദുഃഖത്താലും പുത്രി ദുഖത്താലും എല്ലാവരും അനുഭവിച്ചേ മടങ്ങൂ. കോടിയേരി സത്യം. ആ പാവപ്പെട്ടവന്റെ മയ്യത്ത് തലസ്ഥാനത്ത് എത്തിക്കുവാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ അത് നടത്തിയില്ല.


ക്യാപ്റ്റന്‍ ഇന്നിപ്പോൾ എസ്എഫ്ഐ എന്ന് കേൾക്കുമ്പോൾ ഞെട്ടിത്തരിക്കുകയാണ്. ഒരൊറ്റ കുട്ടിപ്പട്ടാളക്കാരെയും തന്റെ ക്യാബിനിലേക്കോ ക്ലിഫ് കൊട്ടാരത്തിലേക്കോ കടത്തിവിടരുത് എന്ന് ആജ്ഞാപിച്ചിരിക്കുന്നു. ' സീരിയസ് ഫ്രോഡ് ഇൻവെസ്റിഗേറ്റർ' എന്ന പേര് കേട്ട അന്ന് മുതൽ അങ്ങേരിപ്പോൾ ഈ കുട്ടികളെയും വെറുത്തുതുടങ്ങി. 


കസ്റ്റംസ് - സിബിഐ - എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് - എന്നിങ്ങനെ കുറെയധികം ഡിപ്പാർട്‌മെന്റുകളെ കേരളത്തിന് പരിചയപ്പെടുത്തിയ അല്ലെങ്കിൽ അവരെ കേരളത്തിലേക്ക് ക്ഷണിച്ച പിണറായി തന്നെ എസ്എഫ്ഐയെയും കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഇന്നിപ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടി മുന്നെങ്ങുമില്ലാത്തവിധം ഉൾപ്പാർട്ടി വിഭാഗീയതയിൽ ഞെരിപിരി കൊള്ളുകയാണ്. ആ വിഷയത്തിന്റെ പുകമറയാണ് ഗവർണർ അനുഭവിക്കുന്നത്. പിസി ജോർജിന്റെ മകന്റെ കൂടെ വേറൊരു ഉന്നതന്‍റെ മകനും കൂടി ബിജെപിയിൽ പോയാൽ കേരളം ഞെട്ടേണ്ടതില്ല. പലതും അവിടെ നടക്കുന്നുണ്ട്, അന്വേഷിച്ചാൽ കണ്ടെത്താം. ഞെട്ടാന്‍ പോകുന്നത് ഇടതുപക്ഷം ആയിരിയ്ക്കുമോ ?

അൻവറിനോട് സഹതാപവുമായി സഖാവ് ദാസനും

കേസ് കൊടുക്കരുത് എന്ന അപേക്ഷയുമായി പെന്‍ഷണര്‍ വിജയനും

Advertisment