'അടി തെറ്റിയാൽ മോഡിയും വീഴും ' എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ കിടപ്പ് : ശരിക്കും പറഞ്ഞാൽ അയോദ്ധ്യയിലെ അമ്പലം തുറന്നു കൊടുക്കുവാൻ പാടില്ലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി അമ്പലത്തിൽ രാമ പ്രതിഷ്ഠ അനുവദിക്കാം, പക്ഷെ ദർശനവും ആഘോഷങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞു മതിയാരുന്നു.
രാമക്ഷേത്ര നിർമ്മാണത്തിനായി തങ്ങൾ അധികാരത്തിലേറ്റിയ ഭരണകൂടം അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. അതിന്റെ കാരണക്കാരനായ ലാൽ കൃഷ്ണ അദ്വാനിയെ ഭാരതരത്നം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇനി ജനത്തിന് വേറെന്ത് വേണം ?
'' താൻ ഒരിക്കലും ദൈവ വിശ്വാസി ആയിരുന്നില്ല '' എന്നുറക്കെ പ്രഖ്യാപിച്ച അദ്വാനി നടത്തിയ രഥയാത്ര, തുടർന്ന് മുരളി മനോഹർ ജോഷിയുടെ യാത്ര.
1949 നെഹ്രുവിന്റെ കാലത്ത് ഫൈസാബാദ് കളക്ടർ ആയിരുന്ന തൃശൂർക്കാരൻ കെകെ നായർ എന്ന കടങ്കലത്തിൽ കരുണാകരൻ നായരും 1986 -1989 കാലഘട്ടത്തിൽ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അരുൺ നെഹ്രുവും എല്ലാംകൂടി രാജീവ് ഗാന്ധിക്കെതിരായി വിപി സിങ്ങിനെ അധികാരത്തിലേക്ക് എത്തിക്കുവാൻ കണ്ടുപിടിച്ച വളഞ്ഞ വഴിയായിരുന്നു അയോദ്ധ്യ.
അതിന്റെ ഗുണഭോക്താക്കളായി മാറിയത് എ.ബി വാജ്‌പേയിയും പിന്നെ നരേന്ദ്രമോദിയും അമിത്ഷായുമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഒന്ന് കണ്ണടച്ചു കൊടുത്തപ്പോൾ യുപി മുഖ്യനായിരുന്ന കല്യാൺസിംഗിന്റെ അറിവോടെ ഉമാഭാരതി ചെയ്തുകൊടുത്ത ഒത്താശയിൽ പ്രോവല്യൂഷനറി ആംഡ് കോൺസ്റ്റാബുലറിയുടെ മുന്നിൽ വച്ച് കർസേവകർ ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൾ തകർത്തത്തിനു പിന്നാലെ ബഹുമാനപ്പെട്ട സുപ്രീം കോടതി അമ്പലം പണിയുവാൻ അവകാശം കൊടുത്തപ്പോൾ ആ ദൗത്യം ആർഎസ്എസ് ഏറ്റെടുത്തു.
1998 ൽ വാജ്‌പേയി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അമ്പലം പണിയുമെന്ന് കരുതിയിരുന്ന ആർഎസ്എസിന് നിരാശയാണ് വാജ്‌പേയി സർക്കാർ സമ്മാനിച്ചത്.
ഒരു തവണ കൂടി അധികാരം തന്നാൽ ഇന്ത്യയെ തിളങ്ങി കാണിക്കാം എന്ന് പറഞ്ഞെങ്കിലും ഒരു രാഷ്ട്രീയ നിരീക്ഷകനും ഒരു രാഷ്ട്രീയ നേതാവും ഒരു മാധ്യമ പ്രവർത്തകനും ഒരു സർവേക്കാരനും ഒരു പ്രവാചകനും പ്രതീക്ഷിക്കാതെ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സഖ്യം അധികാരം പിടിച്ചെടുത്തപ്പോൾ ബിജെപിയും ആർഎസ്എസ് നേതൃത്വവും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ഇന്നത്തേക്കാളും കോൺഗ്രസ്സ് മെലിഞ്ഞ അവസ്ഥയിലായിരുന്നു അക്കാലത്ത് എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത് .
ഇന്ത്യയിലെ ചില ഭരണമാറ്റങ്ങൾ ഏവരെയും ചിന്തിപ്പിക്കാറുണ്ട്, സവാളയുടെ വിലക്കയറ്റത്തിൽ ഡൽഹിയിലെ മദൻ ലാൽ ഖുറാന എന്ന വടവൃക്ഷത്തെ കടപുഴക്കി എറിഞ്ഞു. വളർത്തുമകന്റെ കല്യാണത്തിന്റെ പേരിൽ ജയലളിതയെന്ന രാജ്ഞിയെ ഒരു സീറ്റിൽ ഒതുക്കി.
നഗര വികസനം മാത്രം പറഞ്ഞുകൊണ്ട് ഭരണം നടത്തിയ ചന്ദ്രബാബുനായിഡുവിനെ തകർത്തെറിഞ്ഞു ആന്ധ്രയിലെ ഗ്രാമീണർ. ശരത് പവാറും ലാലുപ്രസാദും മുലായവും മായാവതിയും ഈ ദുരന്തങ്ങൾ അറിഞ്ഞവരാണ്. ഏറ്റവും വിഷമിക്കുന്ന ദുരന്തം നേരിട്ടത് കമ്മ്യുണിസ്റ്റ് പാർട്ടികൾക്കാണ്. മുപ്പത്തിയെട്ടും നാൽപ്പതും വർഷങ്ങൾ എതിരാളികളില്ലാതെ അടക്കി വാണിരുന്ന ബംഗാളും തൃപുരയും അവരെ എന്നേക്കുമായി നിഷ്കാസനം ചെയ്തു.
മണ്ഡൽ കമ്മീഷൻ വിഷയം പറഞ്ഞുകൊണ്ട് ആളുകളെ പെട്രോളിൽ മുക്കി കൊന്നുകളഞ്ഞ പ്രക്ഷോഭങ്ങൾക്കൊടുവിൽ വിപി സിങ്ങും കൂട്ടരും വൻ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ്ഗാന്ധി സർക്കാരിനെ അട്ടിമറിച്ചെങ്കിലും വീണ്ടും വീണ്ടും ആ മണ്ഡൽ കമ്മീഷൻ ഇറക്കാൻ നോക്കിയെങ്കിലും ലക്‌ഷ്യം കണ്ടില്ല.
ആന്ധ്ര വിഭജിച്ചുകൊണ്ട് തെലങ്കാന വേണമെന്ന് നിർബന്ധം പിടിച്ചു ഭരണം കയ്യടക്കിയ ചന്ദ്രശേഖര റാവുവിനെ തെലങ്കാനയിലെ മക്കൾ ചവറ്റുകൊട്ടയിൽ എറിഞ്ഞതും നാം കണ്ടു. ജനങ്ങൾ അത്രക്ക് മണ്ടന്മാർ ഒന്നുമല്ല. അത് വടക്കേ ഇന്ത്യയിൽ ആയാലും തെക്കേ ഇന്ത്യയിൽ ആയാലും. അടിയന്താവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയെ പാഠം പഠിപ്പിച്ചവരാണവർ.
ഇന്നിപ്പോൾ ബിജെപി അസ്വസ്ഥരാണ്. പറയുവാൻ ഒന്നുമില്ല കയ്യിൽ. അയോദ്ധ്യ അടഞ്ഞ അദ്ധ്യായമായി മാറിക്കഴിഞ്ഞു. ഓരോ ഹിന്ദുവിന്റെയും മനസ്സിൽ അമ്പലം പണി കഴിഞ്ഞിരിക്കുന്നു. ഏൽപ്പിച്ചുകൊടുത്ത അധികാരം നരേന്ദ്ര മോദിയും അമിത്ഷായും വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നതാണ് അവരുടെ മനസ്സിൽ.
ഇനിയിപ്പോൾ അയോദ്ധ്യ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇന്ത്യയിലെ വോട്ടർമാരിൽ വെറും 31 ശതമാനം വോട്ടുകൾ മാത്രമേ അവർ നരേന്ദ്രമോദിക്ക് നൽകിയിട്ടുള്ളൂ. നല്ല ഹിന്ദുക്കൾക്ക് ആര് വന്നാലും വിരോധമില്ല. മൻമോഹൻ സിങ്ങാണ് ഇന്ത്യയുടെ സമ്പദ്ഘടനയെ മുന്നിലെത്തിച്ചത് എന്നത് ബാക്കിയുള്ള 69 ശതമാനം വോട്ടര്‍മാര്‍ക്കും അറിയാം.
അമിത് ഷായെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഗുജറാത്ത് വംശഹത്യയുടെ പേരിൽ തൊണ്ണൂറുനാൾ ജയിലിൽ കിടത്തിയതിന് പകരമായി പി ചിദംബരത്തെ 106 ദിവസം ജയിലിൽ കിടത്തി പകരം വീട്ടി. കാർത്തി ചിദംബരത്തിന് കിട്ടിയ മുൻതൂക്കം ജയ് ഷാക്ക് കൊടുത്തുകൊണ്ട് അങ്ങനെയും പകരത്തിന് പകരം ചെയ്തു.
അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശനത്തിന് ചുക്കാൻ പിടിച്ച ഡികെ ശിവകുമാറിനെയും അമിത് ഷാ ജയിൽ കാണിച്ചുകൊടുത്തു. അധികാരക്കളി കളിച്ചുകൊണ്ട് ബിജെപിയെ വെട്ടിലാക്കിയ ശിവസേനയെയും എൻസിപിയെയും തുണ്ടം തുണ്ടമാക്കി. മായാവതിയെ ഒരു മൂലയ്ക്കിരുത്തി. സമാജ്‍വാദിക്കാരെ ഒന്നടങ്കം ബിജെപിയിലേക്കെത്തിച്ചു. കേരളത്തിലും തമിഴ്‍നാട്ടിലും മാത്രം ഒരു കളിയും നടന്നില്ല എങ്കിലും തമിഴ്‍നാടിനെ രണ്ടാക്കി മുറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും തൊണ്ണൂറു ശതമാനം ആഗ്രഹങ്ങളും ഈ പത്തുകൊല്ലക്കാലത്തിൽ നിറവേറ്റി കഴിഞ്ഞിരിക്കുന്നു. ബാക്കി പത്ത് കേരളവും തമിഴ്‍നാടും ഡൽഹിയും മാത്രം. ഡൽഹിയിൽ കെജ്രിവാൾ ജയിലിന്റെ വാതിൽക്കൽ എത്തിനിൽക്കുന്നു. അവസരവാദികളെ ഒന്നടങ്കം പാർട്ടിയിലേക്ക് എത്തിച്ചുകഴിഞ്ഞു.
കൂടെ സഹായിച്ച ഗുജറാത്തികൾ ആയിരം കോടിയിൽ നിന്നും ലക്ഷം കോടിയിൽ എത്തിനിൽക്കുന്നു. കാണാവുന്ന രാജ്യങ്ങളൊക്കെ മോഡിജി കണ്ടുകഴിഞ്ഞു. ഇടാവുന്ന വസ്ത്രങ്ങൾ ഒക്കെ ഇട്ടുകഴിഞ്ഞു. എടുക്കാവുന്ന സെൽഫികൾ ഒക്കെ എടുത്തുകഴിഞ്ഞു. മോഡിജിക്ക് ഇഷ്ടം ഒരു സന്യാസിവര്യൻ ആകുക എന്നത് മാത്രമായി അവശേഷിക്കുന്നു. അതിന്നായി അമ്പലവും പണിത് കഴിഞ്ഞു.
ബിജെപി ബുദ്ധിജീവികളുടെ അഭിപ്രായപ്രകാരം രാമക്ഷേത്ര ഉദ്‌ഘാടനം ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ നടത്തേണ്ടിയിരുന്നത്. ധൃതി പിടിച്ചുകൊണ്ട് പണിതീരാത്ത അമ്പലത്തിന്റെ ഉദ്‌ഘാടനം നടത്തിയപ്പോൾ അത് വോട്ടുബാങ്കിനെ ബാധിക്കുമെന്നാണ് കണ്ടെത്തലുകൾ.
ആ റിപ്പോർട്ടുകൾ പ്രകാരമാണ് അണികളെ പിടിച്ചുനിറുത്തുവാൻ ഗ്യാൻവ്യാപിയും മഥുരയും താജ്മഹലുമൊക്കെ പൊക്കി കൊണ്ടുവരുന്നത്. രാജസ്ഥാനും മധ്യപ്രദേശവും ഛത്തീസ്ഘഡും കയ്യിൽ നിന്നും പോയപ്പോൾ കോൺഗ്രസ്സും സഖ്യകക്ഷികൾക്കിടയിൽ മൃദുസമീപനം നടത്തി തുടങ്ങി. രാഹുൽഗാന്ധിയുടെ യാത്ര അസമയത്താണെങ്കിലും ചില ഓളങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്നുമുണ്ട്.
എന്തായാലും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വാക്കോവർ ആണെന്നുള്ള പ്രചാരണം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ, 2014 ൽ കോൺഗ്രസ്സിന് 115 സീറ്റുകൾ നഷ്ടപ്പെടുത്തിയത് ആംആദ്മി പാർട്ടിയും ഉവൈസിയും ചേർന്നാണ്. അതിന്റെ ഉദാഹരണമാണ് കേരളത്തില്‍ ചാലക്കുടി സീറ്റും തൃശൂർ സീറ്റും കോൺഗ്രസിന് നഷ്ടമായത്.
പിന്നെ സോണിയാഗാന്ധിയുടെയും മന്മോഹന്റെയും അസുഖങ്ങൾ, ബുദ്ധിജീവിയായ പ്രണബ് മുഖർജിയുടെ പ്രസിഡന്റ് പദവി, എല്ലാം പാർട്ടിയെ ക്ഷീണിപ്പിച്ചിരുന്നു. 2019 ൽ കോൺഗ്രസിലെ കിളവന്മാർ കൂടെ നിന്ന് രാഹുൽഗാന്ധിയെ പാലം വലിച്ചിരുന്നതും ഒരു കാരണമായി.
ഇന്നിപ്പോൾ മാറ്റി നിർത്തേണ്ടവരെയെല്ലാം മാറ്റി നിർത്തികൊണ്ടിരിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയങ്ങൾ കർണ്ണാടക - തെലങ്കാന മോഡൽ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നു.
ബിജെപിയുടെ വജ്രായുധം പണമാണ്. പണം വീശിക്കൊണ്ടാണ് തിരഞ്ഞെടുപ്പുകൾ നേരിടുന്നത്. അതിപ്പോൾ തൃശൂരിൽ മുതൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പകരത്തിനു പകരമായി കോൺഗ്രസ്സ് പ്രസിഡണ്ടും ഡികെയും ചിദംബരവും കമൽനാഥും ഗെഹ്‌ലോട്ടും ഒക്കെ പണം വീശിത്തുടങ്ങി. സ്റ്റാലിൻ മുതൽ എല്ലാ സഖ്യകക്ഷികളും പണം എറിഞ്ഞു തുടങ്ങി.
ഇനിയൊരു ഭരണം മോഡിക്ക് ലഭിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകൾ വരെ ഇല്ലാതായേക്കാം എന്ന ഭീതി എല്ലാ കക്ഷികൾക്കും നേതാക്കൾക്കും വന്നു തുടങ്ങിയിരിക്കുന്നു. ശരിക്കും ജീവൻ മരണ പോരാട്ടമാണ് വരാനിരിക്കുന്നത്. പത്തുകൊല്ലങ്ങൾക്ക് മേലെ ആര് ഭരിച്ചാലും ആ രാജ്യം കുട്ടിച്ചോറാകുമെന്ന് യൂറോപ്പ് നമ്മെ പഠിപ്പിക്കുന്നു.
എല്ലാം ഇവിഎം സാക്ഷി :
ഇത്തവണ എന്റെ വോട്ട് മതേതര കക്ഷികൾക്ക് എന്ന പ്രതിജ്ഞയാൽ കാര്യവാഹ് ദാസനും
ഒത്തുപിടിച്ചാൽ മലയും പറിക്കാം എന്ന പരിപൂർണ്ണ വിശ്വാസത്താൽ സഖാവ് വിജയനും