Advertisment

അനാവശ്യ കളികള്‍ അവസാനിപ്പിച്ച് അണികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ ബെന്നി ബെഹനാന് ഇത്തവണ ഭൂരിപക്ഷം 50,000 മുട്ടിക്കാം; ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യരെത്തിയാല്‍ തോല്‍പിക്കേണ്ട ചുമതല ദിലീപ് ഏറ്റെടുത്തോളും- ദാസനും വിജയനും

ചാലക്കുടി ആയപ്പോൾ 2009 തിരഞ്ഞെടുപ്പിൽ കെപി ധനപാലനും 2014 ൽ മമ്മുട്ടിയുടെ നോമിനി ഇന്നസെന്റും ചാലക്കുടിയുടെ വക്താക്കളായി. ഇന്നസെന്റ് മത്സരിച്ച വര്‍ഷം അദ്ദേഹം തോൽപ്പിച്ചത് അവസരവാദിയെന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച പിസി ചാക്കോയെയാണ്. 

New Update
innocent manju warrier benny bahanan

മുകുന്ദപുരമായിരുന്ന ചാലക്കുടി: മുകുന്ദപുരം എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ അങ്ങനെ ഒരു സ്ഥലം വേളൂക്കര പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും മുകുന്ദപുരം താലൂക്ക് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ സ്ഥലം. ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ മുകുന്ദപുരത്തെ നിഷ്കാസനം ചെയ്തുകൊണ്ട് ചാലക്കുടി മുന്നിലെത്തി. പഴയ മുകുന്ദപുരത്തിൽ ഇരിങ്ങാലക്കുട മണ്ഡലം ഉൾപ്പെട്ടിരുന്നു എങ്കിലും ചാലക്കുടി ആയപ്പോൾ ഇരിങ്ങാലക്കുട ഇല്ലാതായി.

Advertisment

പണ്ട് കോൺഗ്രസ്സ് കുത്തക മണ്ഡലങ്ങൾ ആയിരുന്ന മാള, അങ്കമാലി, ചാലക്കുടി, പെരുമ്പാവൂർ പിന്നെ ഇടത് ആഭിമുഖ്യമുള്ള ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും, വടക്കേക്കരയും ഉൾപ്പെട്ട മുകുന്ദപുരത്തുനിന്നും ഇരിങ്ങാലക്കുടയും വടക്കേക്കരയും കുന്നത്തുനാടും അടർത്തിമാറ്റി കൈപ്പമംഗലവും ആലുവയും കയറ്റി രൂപപ്പെടുത്തിയ ചാലക്കുടി കെപി ധനപാലനിൽ നിന്നും കേവലം പൈനായിരം വോട്ടിന് ഇന്നസെന്റ് പിടിച്ചെടുക്കുകയും പിന്നീട് ഒന്നരലക്ഷം വോട്ടുകൾക്ക് ബെന്നി ബെഹനാൻ തിരിച്ചു പിടിക്കുകയും ചെയ്തു. 

1957 ൽ സിപിഐയിലെ നാരായണൻകുട്ടി മേനോനും 62 ലും 67 ലും പനമ്പിള്ളി ഗോവിന്ദമേനോനും 71 ലും 77 ലും ഏസി ജോർജ്ജും 1980 ൽ സിപിഎമ്മിലെ ബാലാനന്ദനും 84 ൽ കേരളാകോൺഗ്രസ് ജോസഫിന്റെ അല്ലെങ്കിൽ ലീഡർ കെ കരുണാകരന്റെ നോമിനി കെ മോഹൻദാസും, 89 ലും 91 ലും ലീഡറുടെ തന്നെ സാവിത്രി ലക്ഷ്മണനും 96 ൽ പിസി ചാക്കോയും 98 ൽ എസി ജോസും 99 ൽ സാക്ഷാൽ ലീഡർ കെ കരുണാകരനും 2004 ൽ സിപിഎമ്മിന്റെ ലോനപ്പൻ നമ്പാടനും മുകുന്ദപുരത്തെ നയിച്ചു. 

ചാലക്കുടി ആയപ്പോൾ 2009 തിരഞ്ഞെടുപ്പിൽ കെപി ധനപാലനും 2014 ൽ മമ്മൂട്ടിയുടെ നോമിനി ഇന്നസെന്റും ചാലക്കുടിയുടെ വക്താക്കളായി. ഇന്നസെന്റ് മത്സരിച്ച വര്‍ഷം അദ്ദേഹം തോൽപ്പിച്ചത് അവസരവാദിയെന്ന് കോണ്‍ഗ്രസുകാര്‍ വിളിച്ച പിസി ചാക്കോയെയാണ്. 


2009 ൽ തൃശൂർ എംപി ആയതിനുശേഷം മണ്ഡലത്തെ തിരിഞ്ഞുനോക്കാതെ ഡൽഹിയിൽ കച്ചവടങ്ങൾ പൊടിപൊടിച്ചപ്പോൾ തൃശൂർക്കാർ ചാക്കോയെ ചാലക്കുടിക്ക് പണയം വെച്ചു. പകരം ധനപാലനെ അങ്ങോട്ട് മേടിച്ചു. രണ്ടെണ്ണവും തോൽവിയുടെ രുചിയറിഞ്ഞപ്പോൾ കോൺഗ്രസ്സിന് നഷ്ടമായത് രണ്ടു കുത്തക മണ്ഡലങ്ങളാണ്.


ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹനാൻ ചാലക്കുടി തിരിച്ചു പിടിച്ചപ്പോൾ 132274 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആ വോട്ടുകൾ കോൺഗ്രസ്സ് അനുഭാവ വോട്ടുകൾ ആയിരുന്നുവെങ്കിലും രാഹുൽഗാന്ധിക്ക് കിട്ടിയ പിന്തുണയാണ് ഏറെയും.

ബെന്നി ബെഹനാൻ എന്ന നേതാവിന് പരമാവധി 20000 വോട്ടുകൾ മാത്രമാണ് ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്നത്. കേരളരാഷ്ട്രീയത്തിൽ പലമുഖ പ്രതിഭയായ അദ്ദേഹമാണ് യുഡിഎഫിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചു കളഞ്ഞത്. ജോസ്‌കെ മാണിയെ പുറത്താക്കിയതെല്ലാം ഓരോരോ അജണ്ടകൾ പ്രകാരമായിരുന്നു.

അതുപോലെ ഉമ്മൻചാണ്ടിയുടെ വലംകൈ സ്ഥാനത്തിരുന്നുകൊണ്ട് സോളാർകേസിൽ എടുത്ത തീരുമാനങ്ങൾ എല്ലാം പാർട്ടിക്ക് ദോഷം വരുത്തുന്നവ ആയിരുന്നു. 


പിന്നെ അനാവശ്യമായ ഗ്രൂപ്പ് സംസ്കാരങ്ങളും ഈഗോയും വെച്ചുപുലർത്തിക്കൊണ്ട് പാർട്ടിക്ക് ക്ഷീണം സംഭവിക്കുന്ന പ്രവർത്തികൾ ഇന്നിപ്പോൾ ചാലക്കുടി മണ്ഡലത്തിലെ ഓരോരോ ബൂത്ത് കമ്മറ്റികളിലും അനാവശ്യ ഇടപെടലുകൾ നടത്തിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. 


ഈ വക കളികൾ എല്ലാം അവസാനിപ്പിച്ചുകൊണ്ട് അണികളെ ഏകോപിപ്പിച്ചു പ്രവർത്തിച്ചാൽ വേണമെങ്കിൽ ഇത്തവണ ഭൂരിപക്ഷം അമ്പതിനായിരം മുട്ടിക്കാം.

ഇടത് സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നത് നടി മഞ്ജുവാര്യരുടെ പേരാണ്. മഞ്ജുവാണെങ്കിൽ തോൽപ്പിക്കേണ്ട ചുമതല ദിലീപ് ഏറ്റെടുത്തുകൊള്ളും. ബെന്നിക്ക് ഏറ്റവും നല്ല സംഭാവന ദിലീപ് നൽകിയേക്കാം. 

ഇന്നസെന്റ് ജയിക്കുവാൻ കാരണമായത് അന്നത്തെ എഎപി സ്ഥാനാർത്ഥിയും എസ്ഡിപിഐ സ്ഥാനാർത്ഥിയും ചേർന്ന് പിടിച്ച വോട്ടുകൾ അമ്പതിനായിരത്തിനു മേലെയായിരുന്നു എന്നതിനാലാണല്ലോ. ഇന്നസെന്റിനു കിട്ടിയ ഭൂരിപക്ഷം പതിനായിരത്തോളവും. 

ആ പരിപ്പ് ഇത്തവണ വേവണമെന്നില്ല. പിന്നെ ചരിത്രത്തിൽ ഏറ്റവും പേരുമോശം കിട്ടിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ആ നിഷേധ വോട്ടുകൾ മഞ്ജുവാര്യരെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചേക്കാം എന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. ബാക്കിയൊക്കെ ചാലക്കുടിക്കാര്‍ തീരുമാനിക്കും.

ആര് വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ !!!

ലേശം കഞ്ഞിയെടുക്കട്ടെ എന്ന് ചോദിച്ചുകൊണ്ട് മിസിസ് ദാസനും

ബെന്നിച്ചേട്ടൻ കളികൾ നിർത്തിയാൽ പാട്ടും പാടി ജയിക്കുമെന്ന ഉറപ്പിന്മേൽ വിജയനും

 

Advertisment