Advertisment

പൊക്കിയെടുത്തുകൊണ്ടുപോയ പോലീസുകാരെ നോക്കി 'ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ...' എന്നു ചോദിക്കുന്ന ഡിസിസി പ്രസിഡന്‍റ് ഷിയാസാണിപ്പോള്‍ കോണ്‍ഗ്രസിലെ താരം. തലസ്ഥാനത്ത് 'ജനഗണമംഗളം' പാടിയ പാലോട് രവിയും ആവണക്കെണ്ണകൊണ്ട് എങ്ങാണ്ടൊക്കെ കഴുകിയപോലത്തെ നിലപാടുള്ള ജോസ് വള്ളൂരും പുലിപോലെ വന്ന് എലിപോലായ നാട്ടകം സുരേഷുമൊക്കെ പ്രവര്‍ത്തകരുടെ ട്രോളുകള്‍ക്കിരയാകുമ്പോള്‍ ഷിയാസിനെയും ജോയിയേയുമൊക്കെപോലെ പുലിക്കുട്ടികളുണ്ട് കോണ്‍ഗ്രസില്‍. അവരിലാണ് പ്രതീക്ഷ - ദാസനും വിജയനും

New Update
muhammad shiyas arrest

''ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ, പോയി സഖാക്കന്മാരെ കൂട്ടിയിട്ട് വാടാ '' എന്ന് കേരളാ പോലീസിന്റെ മുഖത്ത് നോക്കി വിരൽചൂണ്ടാൻ സാക്ഷാൽ ജയരാജന്മാർക്കോ സുധാകരന്മാർക്കോ സാധിച്ചിട്ടില്ല.

Advertisment

അവിടെയാണ് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഹരം പകർന്നുകൊണ്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് ഷിയാസ് പൊരുതിയപ്പോൾ തല കുനിക്കേണ്ടത് ''ജനഗണ മംഗളം'' പാടിയ തലസ്ഥാനത്തെ പാലോട് രവിയെ പോലുള്ളവരും ''ആവണക്കിന്റെ എണ്ണ കൊണ്ട് ചന്തി കഴുകിയ'' പോലെ കാര്യങ്ങൾ തീരുമാനിക്കുന്ന തൃശൂരിന്റെ ജോസ് വള്ളൂരും ''പുലിപോലെവന്നു എലിപോലെയായ'' നാട്ടകം സുരേഷുമൊക്കെയാണ്. 


ഒരു ഭാഗത്ത് പാവം രാഹുൽഗാന്ധി ഇന്ത്യ മുഴുവൻ നടന്നും അല്ലാതെയും സഞ്ചരിച്ചുകൊണ്ട് ജനങ്ങളെ നേരിട്ട് കണ്ടുകൊണ്ട് പാർട്ടിയെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ, ഖാർഗെ ഇന്ത്യമുന്നണിക്കായി പ്രായം മറന്നുകൊണ്ട് ഓടിനടക്കുമ്പോൾ, അസുഖം മാറ്റിവെച്ചുകൊണ്ട് കെപിസിസി പ്രസിഡന്റും, തിരക്കുകൾ മാറ്റിവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവും സമരാഗ്നിയുടെ ആവേശവുമായി കേരളം കറങ്ങുമ്പോൾ അതിലൊക്കെ ആവേശം ഉൾക്കൊണ്ടുകൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി പരിപോഷിപ്പിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകേണ്ട ഡിസിസി പ്രസിഡന്റുമാർ അനാവശ്യ ഈഗോയും വിവരക്കേടും ഗ്രൂപ്പ് സിദ്ധാന്തവുമൊക്കെ വെച്ചുകൊണ്ട് നടന്നാൽ അണികൾ കയ്യേറ്റം ചെയ്‌താൽ അത്ഭുതപ്പെടേണ്ടതില്ല. 


തുടർഭരണം ലഭിക്കാതെ വരികയും കോൺഗ്രസ്സ് അണികളിൽ നിരാശ പടരുകയും ചെയ്ത അവസ്ഥയിലാണ് പ്രതിപക്ഷ നേതാവായി ഉശിരുള്ള വിഡി സതീശനും കെപിസിസി പ്രസിഡണ്ടായി കണ്ണൂരിന്റെ സിംഹം കെ സുധാകരനും പാർട്ടിയെ ഏറ്റെടുക്കുന്നത്.

ഈ തീരുമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ കേരളജനത ഈ പിണറായിവിജയനെക്കൊണ്ടും സഖാക്കളെ കൊണ്ടും പൊറുതി മുട്ടില്ലായിരുന്നു. അന്ന് ഗ്രൂപ്പ് മാനദണ്ഡങ്ങളും ജാതി സമവാക്യങ്ങളും മുന്നിൽവെച്ചുകൊണ്ട് നേതൃത്വം തീരുമാനങ്ങൾ എടുത്തപ്പോൾ കൈവെള്ളയിൽ കിട്ടേണ്ടിയിരുന്ന ഭരണം ഇല്ലാതെ പോയി.


ഇനി കേരള ഭരണം  തിരിച്ചുപിടിക്കുവാൻ കെപിസിസിയും ഡിസിസിയും തീരുമാനിച്ചാൽ മാത്രമേ എന്തെങ്കിലും നടക്കൂ.


palod ravi

തലസ്ഥാനത്തെ ഡിസിസി പ്രസിഡണ്ട് കോൺഗ്രസ്സുകാരുടെ മാനം കപ്പൽ കയറ്റിക്കൊണ്ട് താളം പിടിച്ചും ലൈന്‍ തെറ്റിച്ചുമുള്ള ദേശീയഗാനം പാടിയത് ഇപ്പോഴും കമ്മി-സങ്കി ഗ്രൂപ്പുകാർ കൊങ്ങികൾക്കെതിരെ ആഘോഷമാക്കുകയാണ്.

ഒരു ഡിസിസി പ്രസിഡന്റ് തന്റെ സ്ഥാനം മറന്നുകൊണ്ട് മൈക്ക് കണ്ടപ്പോൾ ഒരു മാതിരി ലോക്കൽ കളി കളിച്ചത് ലോകം മുഴുവൻ കണ്ടതാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ വന്നു നിൽക്കേ ഈ വക പൊട്ടത്തരങ്ങൾ പാലോട് രവിമാർ ചെയുമ്പോൾ അണികൾ മറ്റുള്ള പാർട്ടികളിലേക്ക് കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം നേതൃത്വം മനസിലാക്കിയാൽ നന്നായിരുന്നു.

കെ റെയിൽ എന്ന തട്ടിപ്പിനെ ഇല്ലാതാക്കിയതിൽ ഒരു വലിയ പങ്കുവഹിച്ചത് എറണാകുളം, മലപ്പുറം, കണ്ണൂർ ഡിസിസികളുടെ ഒറ്റക്കെട്ടായ പ്രതിഷേധങ്ങളിലൂടെയാണ് എന്ന് കേരളത്തിൽ ഏവർക്കും അറിയാം.

കെ റെയിൽ സമര സമയത്താണ് കോട്ടയത്തിന്റെ നാട്ടകം സുരേഷ് എന്ന ഡിസിസി പ്രസിഡണ്ട് തന്റെ ഗ്രൂപ്പ് മനസ്സ് പുറത്തുകൊണ്ടുവന്നത്. ഒരുമാതിരി ആവറേജ് കമ്മ്യുണിസ്റ്റുകൾ കളിക്കുന്നതിനേക്കാൾ മോശമായാണ് അന്നദ്ദേഹം പാർട്ടിക്കെതിരെ കളിതുടങ്ങിയത്.

പിന്നീട് വന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എല്ലാം ഡിസിസി പ്രസിഡണ്ടിനെ മാറ്റിനിർത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതൃത്വം പുതുപ്പള്ളിയിൽ പോയി കിടന്നുകൊണ്ട് പ്രവർത്തിച്ചതുകൊണ്ടാണ് അവിടെ ജയിക്കുവാൻ സാധിച്ചത്.

puthuppally election


ഉമ്മൻചാണ്ടിയുടെ മണ്ഡലം ആയതുകൊണ്ട് മാത്രം ജയിച്ചുകയറാൻ മാത്രം പാർട്ടി അവിടെ ശക്തമായിരുന്നില്ല. ബൂത്ത് കമ്മറ്റികൾ വരെ അവിടെ ഇല്ലായിരുന്നു. അവിടെ നേതൃത്വമാണ് എല്ലാം സെറ്റപ്പ് ചെയ്തുകൊണ്ട് പാർട്ടിയെ ജയിപ്പിച്ചത്.


ഒരു കാലത്ത് കോൺഗ്രസ്സ് കുത്തക ജില്ലകളായിരുന്ന കോട്ടയവും തൃശൂരും ഒക്കെ ഇങ്ങനെ കൈവിട്ടു പോകുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുവെന്ന് അണികൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ചെയുന്നു.

തൃശൂർ ജില്ലയിലെ പഴയ മാള മണ്ഡലമായ കൊടുങ്ങല്ലൂരിലെ പല മണ്ഡലം കമ്മറ്റികളും ഇപ്പോഴും കമ്മറ്റികൾ ഉണ്ടാക്കാതെ ഡിസിസി ചുമ്മാ പിരിവുകളുമായി മുന്നോട്ട് പോകുന്നുവെന്ന് കെപിസിസിക്ക് കത്തെഴുതുകയാണ് അവർ.

ഒരുഭാഗത്ത് നിന്ന് എംപിയും മറ്റൊരുഭാഗത്ത് ഡിസിസിയും അണികളിൽ സംശയമുളവാക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴച്ചു മറിക്കുമ്പോൾ പാർട്ടിയുടെ ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പോലും വിള്ളലുകൾ നേരിടുന്നു. എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് കൊണ്ടുപോകേണ്ട നേതാക്കന്മാർ തീരുമാനങ്ങൾ എടുക്കുന്നതിൽ ശക്തമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു.

vs joy

മലപ്പുറത്ത് വിഎസ് ജോയി കാര്യങ്ങൾ പ്രാപ്തിയോടെ കൈകാര്യം ചെയുമ്പോൾ ഇടുക്കിയിലും ഡിസിസി പ്രവർത്തനം മോശമല്ലാത്ത രീതിയിൽ നടക്കുന്നുണ്ട്. 

കൊല്ലത്തെ പ്രസിഡണ്ടിന് പ്രായം ഒരു പ്രശ്നമായി കാണുന്നു എങ്കിലും വലിയ മോശമല്ലാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ആലപ്പുഴയിലും പത്തനംതിട്ടയിലും ഡിസിസി പ്രസിഡന്റുമാരെ കുറിച്ചൊന്നും കേൾക്കുന്നില്ല എങ്കിലും കാസർഗോട്ടെ പ്രസിഡണ്ടും എംപിയും തമ്മിൽ എന്തൊക്കെയോ ശീതസമരങ്ങൾ നടക്കുന്നു എന്നാണറിവ്.

പാലക്കാട്ടും കണ്ണൂരും എംഎൽഎമാരും എംപിയും ഒക്കെ ആവേശമുള്ളവരായതുകൊണ്ട് കാര്യങ്ങൾ ഭംഗിയായി നീങ്ങുന്നു. വയനാടും കോഴിക്കോട്ടും പ്രാദേശികമായി  നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നാണ് അണികളിൽ നിന്നും അറിയുവാൻ കഴിയുന്നത്. 

ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചുകയറുവാൻ ആയില്ലെങ്കിൽ ഇന്ത്യ മഹാരാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നു ആരും വ്യാമോഹിക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പെന്ന് മറക്കരുത്. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. ആയതുകൊണ്ട് നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ പാർട്ടിയെയും അണികളെയും നിങ്ങൾക്ക് തിരിച്ചുകിട്ടുമെന്ന് വിശ്വസിക്കാം. ഇന്ത്യയെ ജയിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ് !!! 

നേതാക്കൾ അണികളിൽ വിശ്വാസം വരുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പുത്തൻചിറയിൽ നിന്നും ദാസനും

ഞങ്ങൾക്ക് വലുത് പാർട്ടിയാണ് എന്ന ദൃഢനിശ്ചയത്തിൽ വെള്ളാങ്കല്ലൂരിൽ നിന്നും വിജയനും 

Advertisment