Advertisment

ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ബിജെപിയില്‍ ഒരു ശുദ്ധികലശം ഉറപ്പ്. കഴിഞ്ഞ തവണ പിടിച്ചതിനേക്കാള്‍ കുറവ് വോട്ട് വാങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് പണി ഉറപ്പ്. നേതൃതലത്തിലും അഴിച്ചുപണിയുണ്ടാകും. പ്രധാനമന്ത്രി വരെ രംഗത്തിറങ്ങിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കേരളത്തില്‍ നിന്നും പാര്‍ട്ടിയിലേയ്ക്കുള്ള ഒഴുക്കും നിലയ്ക്കും. രണ്ടും കല്പിച്ച് ദേശീയ നേതൃത്വം - ദാസനും വിജയനും

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത തരത്തിലുള്ള ചിലരെയൊക്കെ വെട്ടി വെയിലത്ത് വെക്കുവാൻ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഇപ്പോൾ അവരത് ചെയ്തില്ലെങ്കിൽ ആജീവനാന്തം ആ കുരിശുകൾ ചുമക്കേണ്ടി വരികയും ചെയ്യും.

author-image
ദാസനും വിജയനും
Updated On
New Update
v muraleedharan narendra modi k surendran sobha surendran

തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണ്ണം ആണെങ്കിലും നമ്മുടെ കേരളത്തിലെ ബിജെപിയെ സംബന്ധിടത്തോളം ഒരു ശുദ്ധികലശത്തിനുള്ള സമയമായാണ് അവർ വിലയിരുത്തപ്പെടുന്നത്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത തരത്തിലുള്ള ചിലരെയൊക്കെ വെട്ടി വെയിലത്ത് വെക്കുവാൻ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഇപ്പോൾ അവരത് ചെയ്തില്ലെങ്കിൽ ആജീവനാന്തം ആ കുരിശുകൾ ചുമക്കേണ്ടി വരികയും ചെയ്യും.

Advertisment

നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു ലോട്ടറിയാണ്. അന്ന് 2001 ലെ റിപ്പബ്ലിക്ക് ദിനത്തിന്റെ പുലർച്ചയിൽ ഗുജറാത്തിലെ ഭുജിലും പരിസരങ്ങളിലും 7.6 തീവ്രതയിൽ നടനമാടിയ ഭൂകമ്പത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലും നരേന്ദ്രമോദിയും ഡൽഹിയിൽ ആയിരുന്നു. ഗുജറാത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്ന മോദിജി ഒരു ഗുജറാത്തി കൂട്ടുകാരന്റെ സ്വകാര്യ വിമാനത്തിൽ അഹമ്മദാബാദിൽ പറന്നിറങ്ങുമ്പോൾ മുഖ്യമന്ത്രി ആയിരുന്ന കേശുഭായ് പട്ടേൽ ഒരു ദിവസം കഴിഞ്ഞാണ് ഗുജറാത്തിൽ എത്തിയത്. 


ആ ഒരൊറ്റ കാരണത്താൽ ബിജെപി നേതൃത്വം പ്രത്യേകിച്ച് അന്നത്തെ പുലിയായിരുന്ന അദ്വാനിജി മോദിജിയെ മുഖ്യമന്ത്രിയായി അവരോധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വന്നപ്പോൾ അരങ്ങേറിയ വിവാദമായ ഗുജറാത്ത് കലാപത്തിനുശേഷം മോദിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിൽ ജയം മാത്രം കൈമുതലായ മോദിജിയുടെ ഏറ്റവും വലിയ സ്വപ്നം തനിക്ക് വിലക്ക് ഏർപ്പെടുത്തിയ അമേരിക്കക്ക് പറക്കുക എന്നതായിരുന്നു.

പ്രധാനമന്ത്രി എന്നുള്ളത് അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. അമേരിക്കക്ക് പറക്കുവാനുള്ള പിആർ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രമോദ് മഹാജൻ കൊല്ലപ്പെടുകയും അവിചാരിതമായി നിതിൻ ഗഡ്കരി തലപ്പത്തേക്ക് വരികയും അണ്ണാ ഹസാരെ അരവിന്ദ് കേജരിവാൾ നിർഭയ സമരങ്ങളും യുപിഎയുടെ ക്ഷീണവും ബിജെപി നേതൃത്വത്തിലേക്ക് ഗുജറാത്തികളായ മോദിയെയും അമിത്ഷായെയും നിതിൻ ഗഡ്കരി കണ്ടെത്തുകയും ചെയ്തതോടെ ഇന്ത്യ മഹാരാജ്യത്തിന്റെ ഭാവി മാറ്റിയെഴുതപ്പെട്ടു.

അമേരിക്കയിലേക്ക് പറക്കുവാനുള്ള മോഹം പ്രധാനമന്ത്രിയായതിലൂടെ പൂവണിയിച്ചപ്പോൾ പിന്നത്തെ മോഹം ഇന്ത്യയെ വെട്ടിപ്പിടിക്കലായിരുന്നു. എൺപത് ശതമാനം വിജയിച്ചുവെങ്കിലും കേരളവും തമിഴ്‌നാടും ആ സ്വപ്നത്തെ കരിയിച്ചു കളഞ്ഞു. ഇന്നാരെങ്കിലും ആ ഗുജറാത്തികളോട് ചോദിക്കുകയാണെങ്കിൽ അവർ ഒറ്റയടിക്ക് പറയും, അവരുടെ ഏറ്റവും വലിയ മോഹം ''കേരളം കീഴടക്കുക'' എന്നതാണെന്ന്.


അതിന്നായി കഴിഞ്ഞ പത്തു കൊല്ലമായി കോടികളും ബുദ്ധികളും കെട്ടിയിറക്കപ്പെടുന്നു. ഓരോരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും വോട്ട് ശതമാനം വർധിപ്പിക്കുവാൻ സാധിക്കുന്നുണ്ട് എങ്കിലും സീറ്റുകൾ നേടുവാനാകുന്നില്ല. അതിന്റെ കാരണങ്ങൾ അന്വേഷിച്ചപ്പോൾ മനസിലാക്കുവാൻ സാധിച്ചത് ജനകീയരായ നേതാക്കന്മാരുടെ അഭാവം കൊണ്ടും, ഇപ്പോഴുള്ള നേതാക്കളുടെ കുതികാൽ വെട്ടുംകൊണ്ടും മാത്രമാണെന്നാണ്.


ബിജെപി ദേശീയ നേതാക്കൾ വമ്പൻ സ്രാവുകളെയും പാർട്ടിയിലേക്ക് കൊണ്ടുവരുവാൻ ശ്രമിച്ചെങ്കിലും കേരളത്തിലെ നേതൃത്വം പോരാ എന്നുള്ളതുകൊണ്ടും അവരുടെ പിടിപ്പുകേടുകൾ കൊണ്ടും ആരെയും ആകർഷി ക്കുവാനാകുന്നില്ല. ആയതിനാൽ ഈ തിരഞ്ഞെടുപ്പോടെ നേതൃത്വത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുവാൻ വേണ്ടി തന്നെയാണ് ഇത്തവണത്തെ സീറ്റ് വിഭജനം എന്ന് മനസിലാക്കാം.

ഉദാഹരണമായി കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയവും ജയസാധ്യതയുള്ള മണ്ഡലങ്ങളും ഏറ്റവും മോശം മണ്ഡലങ്ങളും എടുത്തു നോക്കിയാൽ മനസ്സിലാക്കാം, കേരളത്തിലെ നേതൃത്വം ഒരു വിഭാഗത്തെ അരിഞ്ഞു വീഴ്ത്തുവാൻ മണ്ഡലങ്ങൾ വെച്ച് മാറ്റിയപ്പോൾ കേന്ദ്ര നേതൃത്വം കേരള നേതൃത്വത്തെ ഇല്ലാതാക്കുവാൻ സ്ഥാനാർത്ഥി നിർണ്ണയം നടത്തി എന്ന്.

ഉദാഹരണമായി കഴിഞ്ഞ തവണ 248081 വോട്ടുകൾ നേടിയ വിവാദനായിക ശോഭ സുരേന്ദ്രന്റെ ശോഭ കെടുത്തുവാൻ ആലപ്പുഴയിലേക്ക്‌ മാറ്റിയത് ഒതുക്കലിന്റെ ഭാഗമായിട്ട് തന്നെയാണ്. ഇനിയിപ്പോൾ ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന് ശോഭ പിടിച്ച വോട്ടുകൾ പിടിക്കുവാൻ പറ്റിയില്ലെങ്കിൽ വി മുരളീധരന്റെ രാഷ്ട്രീയഭാവി മിസോറാമിൽ ഒതുങ്ങിയേക്കാം.


കഴിഞ്ഞ തവണ കെ സുരേന്ദ്രൻ 297396 വോട്ടുകൾ പിടിച്ചുകൊണ്ട് കടുത്ത മത്സരം കാഴ്ച്ചവെച്ച പത്തനംതിട്ടയിൽ ആർക്കും വേണ്ടാത്ത ഒരാളെ കേന്ദ്ര നേതൃത്വം സ്ഥാനാര്ഥിയാക്കിയപ്പോൾ അവരുടെ മനസ്സിൽ അച്ചന്മാർ ഒന്നടങ്കം മാറ്റിക്കുത്തും എന്നുതന്നെയാണ്. അച്ചന്മാർക്കും ബിജെപിക്കും ഇടയിൽ പാലം പണിയുവാൻ വന്നവനിപ്പോൾ സന്തോഷ് പണ്ഡിറ്റിനും രാഹുൽ ഈശ്വറിനും ശ്രീകാന്തിനും രഞ്ജിനിക്കും ഒക്കെ മലയാളികൾ കൊടുക്കുന്ന സ്ഥാനത്തുനിന്നും ലേശം മുന്നോട്ട് പോകുവാൻ സാധിച്ചിട്ടില്ല എന്നത് പാർട്ടി നേതൃത്വത്തെ കുഴക്കുന്നു.


അവിടെ സുരേന്ദ്രൻ തന്നെ മത്സരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കടുത്ത മത്സരം കാഴ്ചവെക്കാമായിരുന്നു. സുരേന്ദ്രനോടുള്ള കേന്ദ്ര നീരസം വ്യക്തമാക്കുന്ന നടപടിയാണിത്.

അല്ലെങ്കിൽ സുരേന്ദ്രനെ തലസ്ഥാനത്ത് ശശി തരൂരിനെതിരെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ നമ്മുക്ക് കേന്ദ്ര നേതൃത്വത്തിന്റെ ആത്മാർത്ഥത മനസിലാക്കാം. അവിടെ കുമ്മനം രാജശേഖരൻ 316142 വോട്ടുകൾ പിടിച്ചു രണ്ടാം സ്ഥാനത്ത് വന്നപ്പോൾ അവിടേക്ക് മണ്ഡലത്തിൽ വേരോട്ടമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കെട്ടിയിറക്കി. കെ സുരേന്ദ്രനെ കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ഉറച്ച മണ്ഡലമായ വയനാട്ടിലേക്ക് നാടും കടത്തി.

ഇനിയിപ്പോൾ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളി പിടിച്ച 78816 വോട്ടുകൾ പിടിക്കുവാൻ ആയില്ലെങ്കിൽ അക്കാരണത്താൽ പ്രസിഡന്റ് സ്ഥാനവും സ്വാഹാ ആകും. ഇത്തവണ രാഹുൽഗാന്ധി കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ പിടിക്കുമോ എന്ന ആശങ്ക വേറെയും.


ബിജെപി വളരെ കാലമായി വിജയമുറപ്പിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന തൃശൂർ സീറ്റിൽ വിജയം ഡീലാക്കുകയും പകരം തങ്ങളുടെ ആജന്മ ശത്രുവായ കെ മുരളീധരനെ (നേമം ദേഷ്യം) വടകരയിൽ തോൽപ്പിക്കുവാൻ ചിലർ കൈ കൊടുക്കുകയും ചെയ്തപ്പോൾ ഇതെല്ലാം മണത്തറിഞ്ഞ കോൺഗ്രസ്സ് സുരേഷ് ഗോപിയെയും ശൈലജ ടീച്ചറെയും ഉറക്കം കെടുത്തിക്കൊണ്ട് ഉണ്ടാക്കിയ തീരുമാനം ഇന്നിപ്പോൾ ബിജെപിയുടെ ഏക മോഹവും പൂവണിയാതെ കരിഞ്ഞുണങ്ങും എന്ന അവസ്ഥയിലാക്കി.


സ്ഥിരം ടീമംഗളായ എ എൻ രാധാകൃഷ്ണൻ, കൃഷ്ണദാസ്, സികെ പത്മനാഭൻ തുടങ്ങിയവരെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് വന്നെങ്കിലും ജനകീയനായ ആരും തന്നെ പകരക്കാരായി വന്നിട്ടില്ല എന്നത് പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യും. കഴിഞ്ഞ തവണ നേടിയ വോട്ടുകൾ ഇത്തവണ നേടുവാനായില്ലെങ്കിൽ കേരളത്തിൽ നിന്നും പാർട്ടിയിലേയ്ക്കുള്ള ഒഴുക്ക് കുറയും. എന്തൊക്കെയായാലും ഒരിക്കൽ ബിജെപിയെ പറ്റിച്ചുപോയ ആ പിസി ജോർജിന്നിട്ട് ബിജെപി കൊടുത്ത പണി പെരുത്തിഷ്ടപ്പെട്ടു. 



ജയിച്ചില്ലെങ്കിലും സ്ഥാനാർത്ഥിയായി ഫണ്ട് കിട്ടിയാൽ മതിയെന്ന ആവശ്യവുമായി സ്ഥാനമോഹി ദാസനും

തോൽക്കാൻ മാത്രം എന്തിനീ കുരിശു ചുമക്കുന്നത് എന്ന വിഷമത്തിൽ സ്ഥാനാർത്ഥി വിജയനും 

Advertisment