Advertisment

രാജ്യത്തിന്‍റെ ജനാധിപത്യ ഉത്സവത്തിന് തുടക്കമിടുമ്പോള്‍ അങ്ങ് ജയിലില്‍ കിടക്കുന്ന കെജരിവാള്‍ മുതല്‍ തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ - തരൂര്‍ പോര് വരെ ചര്‍ച്ചയാവുകയാണ്. ഇന്ത്യ മുന്നണിയെ രാഹുലിനൊപ്പം സച്ചിന്‍ പൈലറ്റും ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും അഖിലേഷും തലകുത്തി നിന്ന് നയിക്കുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും മുഖ്യമന്ത്രിമാരുടെ പേരിനുപോലും പ്രശസ്തിയില്ല. എല്ലാം മോദി ഗ്യാരണ്ടിയില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറിമായങ്ങള്‍ സംഭവിക്കാം - ദാസനും വിജയനും

ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ബിജെപി ആയിരിക്കുമെങ്കിലും ഭരണം പിടിക്കുവാൻ നന്നേ വിയർക്കേണ്ടി വരും. ഇനിയും കൂടുതൽ ഇലക്ട്രല്‍ ബോണ്ടുകൾ ഇറക്കേണ്ടിയും വരും. 

author-image
ദാസനും വിജയനും
Updated On
New Update
sasanum vijayanum loksabha election

അങ്ങനെ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാവി കുറിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായി . ഇതുവരെയുള്ള നീക്കങ്ങളും ചലനങ്ങളും വെച്ച് നോക്കുമ്പോൾ 1996 ആവർത്തിക്കുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. ബിജെപിക്ക് മുൻതൂക്കമുള്ള ഈ തിരഞ്ഞെടുപ്പിൽ പല കോട്ടകളും കൊട്ടകങ്ങളും ഇളക്കിയേക്കാം. 

Advertisment

ഇസ്രായേൽ പലസ്തീൻ പോരാട്ടങ്ങളും ചൈനയുടെ കൈകടത്തലുകളും നമ്മുടെ തിരഞ്ഞെടുപ്പിനെ നേരിട്ടല്ലാതെ ബാധിച്ചേക്കാം. 

സോമാലിയ മുതൽ അമേരിക്ക വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളെയും രാഷ്ട്രത്തലവന്മാരെയും നിയന്ത്രിക്കുമെന്ന് അവകാശപ്പെടുന്ന ഇസ്രയേലിന്റെ പ്രധാനമന്ത്രി സ്വന്തം സീറ്റുറപ്പിക്കുവാൻ കാണിച്ചുകൂട്ടുന്ന വെപ്രാളത്തിൽ അവർ തത്കാലം ഇന്ത്യയെ ഒക്കെ മറന്നേക്കാം.

ഇക്കഴിഞ്ഞ പത്തു നാളുകളിൽ ഇന്ത്യയിലെ അമ്പതോളം ലോക്സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ കാര്യങ്ങൾ ആർക്കും അത്ര ഈസിയല്ല എന്നാണ് മനസിലാക്കുവാൻ സാധിച്ചത് . സർവേകൾ എല്ലാം കിലുക്കിക്കുത്തുകൾ മാത്രമാണ് എന്ന് ജൂൺ നാലിന് ഉറപ്പിക്കാം. 

ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ബിജെപി ആയിരിക്കുമെങ്കിലും ഭരണം പിടിക്കുവാൻ നന്നേ വിയർക്കേണ്ടി വരും. ഇനിയും കൂടുതൽ ഇലക്ട്രല്‍ ബോണ്ടുകൾ ഇറക്കേണ്ടിയും വരും. 


മുഖ്യ എതിരാളിയായ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്സ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നം നുള്ളിക്കളഞ്ഞതിൽ അഭിമാനിക്കാം. ഒരു സീറ്റ് കൂടുതൽ ലഭിച്ചാൽ അത് അവർക്ക് നേട്ടം തന്നെ എന്നുള്ളതുകൊണ്ട് രാഹുൽ ബ്രിഗേഡിന് ആശ്വാസമായേക്കാം.


ഇപ്പോൾ വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ രണ്ടെണ്ണമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിൽ തമിഴകം ഉറ്റുനോക്കുന്നത്

കോയമ്പത്തൂർ സീറ്റ് തന്നെ. 

അവിടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഏതാണ്ട് വിജയമുറപ്പിക്കുമെന്നായപ്പോൾ ഡിഎംകെ മുന്നണി വോട്ടുകൾ മറിച്ചുകൊണ്ട് അണ്ണാ ഡി എം കെ സ്ഥാനാർത്ഥിയെ ജയിപ്പിക്കുമെന്നാണ് പുതിയ നീക്കമെന്നാണ് ആരോപണം. 

അതുപോലെ തേനി പോലുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ഡി എം കെ മുന്നണി അണ്ണാ ഡി എം കെ സഹായിച്ചുകൊണ്ട് അഥവാ ഇന്ത്യ സഖ്യം ഭരണത്തിൽ എത്തിയാൽ അണ്ണാ ഡി എം കെ യെ മുന്നണിയിൽ എടുക്കുവാനുള്ള ധാരണകളും ചെന്നൈയിൽ നടക്കുന്നുണ്ട്. എന്ത് വില കൊടുത്തും ബിജെപിയെ തമിഴക മണ്ണിൽ പച്ച തൊടീക്കില്ല എന്നാണ് സ്റ്റാലിന്റെ ശപഥം.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടി നേരിടുവാൻ പോകുന്നത് സ്വന്തം തട്ടകമായ ഉത്തർ പ്രദേശിൽ തന്നെയായിരിക്കും എന്നാണ് നിരീക്ഷണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കർണാടകത്തിൽ യെദ്യുരപ്പയും, മധ്യപ്രദേശത്തിൽ പൃഥ്വിരാജ് ചൗഹാനും രാജസ്ഥാനിൽ വസുന്ധരരാജ് സിന്ധ്യയും ഹരിയാനയിൽ ഘട്ടാറും ഒക്കെ ദേശീയ നേതൃത്വത്തിന് ഒപ്പം നിന്ന് പൊരുതിയപ്പോഴാണ് നേട്ടമുണ്ടാക്കുവാൻ സാധിച്ചത്. 

ഇക്കഴിഞ്ഞ ഭരണത്തിൽ ദേശീയ നേതൃത്വത്തിന് വന്നുകയറിയ അഹങ്കാരത്തിൽ അവിടത്തെ എല്ലാ മുഖ്യമന്ത്രിമാരെയും മാറ്റി പുതിയ മുഖങ്ങളെ സൃഷ്ടിച്ചത് അടുത്ത പ്രധാനമന്ത്രി കുപ്പായമണിഞ്ഞു കാത്തിരിക്കുന്ന യോഗി ആദിത്യ നാഥ്‌ പോലുള്ള പ്രാദേശിക നേതാക്കളിൽ അസ്വസ്ഥതയും വിശ്വാസക്കുറവും ഉണ്ടാക്കിയിട്ടുണ്ട്. 

അതിന്റെ പ്രതികരണമെന്നോണം ബിജെപിയെ യുപിയിൽ 35 മുതൽ 40 സീറ്റുകളിൽ വരെ ഒതുക്കിയേക്കാം.


അസമയത്തുള്ള അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ദേശീയ നേതാക്കളുടെ അനാരോഗ്യവും ധൃതിപ്പെട്ട് ഉത്‌ഘാടനം നടത്തിയ രാമക്ഷേത്രവും സുപ്രീംകോടതി വിധികളും ഇലക്ഷൻ കമ്മീഷണർമാരുടെ രാജികളും കച്ചവട കുടുംബങ്ങളുടെ എതിർപ്പുകളും ഒരു പരിധിവരെ എൻഡിഎ മുന്നണിയുടെ തേരോട്ടത്തിൽ വിഘ്‌നം സംഭവിച്ചേക്കാം എന്നാണ് അതാത് സംസ്ഥാനങ്ങളിലെ ബിജെപി അനുഭാവികളുടെ അടക്കം പറച്ചിൽ.


കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം സീറ്റുമോഹികൂട്ടങ്ങൾ ഒന്നടങ്കം പാർട്ടി മാറിപ്പോയതും, രാഹുൽഗാന്ധിയുടെ രണ്ടു യാത്രകളും ഡികെ ശിവകുമാർ, രേവന്ത്‌ റെഡ്ഢി, സച്ചിൻ പൈലറ്റ്, കെസി വേണുഗോപാൽ എന്നിവരുടെ പരിശ്രമങ്ങളും ഗുണം കിട്ടിയേക്കാം എന്നാണ് സർവേ ഫലങ്ങളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്.

കേരളത്തിൽ യുഡിഎഫ് തരംഗമാണെങ്കിൽ 20 -ൽ 20 ഉം ലഭിക്കുമെന്നാണ് എതിരാളികൾ വരെ കണക്കാക്കുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അപചയവും ബിജെപിയുടെ തൊഴുത്തിൽ കുത്തും ഒരു പരിധിവരെ യുഡിഎഫിന് ഗുണമായി ഭവിച്ചേക്കാം . ഉദാഹരണമായി കെ സുരേന്ദ്രന് ദേശീയ നേതൃത്വം സീറ്റ് കൊടുക്കാതിരുന്നാൽ പാർട്ടിക്ക് അത്രയും നന്നായിരുന്നു. 

ഇന്നിപ്പോൾ വിജയസാധ്യത കാണുന്ന ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ബിജെപിക്കാർ തന്നെ ബിജെപിയെ തിരിഞ്ഞുകുത്തും എന്നാണ് വിലയിരുത്തൽ. 

ശക്തമായ പോരാട്ടം നടക്കുന്ന വടകരയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് കൊടുക്കുമെന്ന തരത്തിലുള്ള ആരോപണം ഗോദയിലുണ്ട്. കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം എളുപ്പമാക്കുവാനുള്ള ബുദ്ധികൂടിയാണത്.


രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ബീഹാറിൽ ലല്ലുവിന്റെ മക്കളും കർണ്ണാടകത്തിൽ ഡികെയും തെലങ്കാനയിൽ രേവന്ത് റെഡ്ഢിയും യുപിയിൽ അഖിലേഷും തലകുത്തി നിന്നുകൊണ്ട് പ്രചാരണം നയിക്കുന്നതിനാൽ ഇന്ത്യ മുന്നണിക്ക് ആശ്വസിക്കാം. പക്ഷെ എൻഡിഎ മുന്നണിക്ക് അതുപോലെ പണിയെടുക്കുവാൻ രണ്ടാം നിരയിൽ ആളില്ലാത്തത് ഇപ്പോൾ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 


ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പേരോ, ഗുജറാത്തിലെയും മധ്യപ്രദേശത്തിലെയും ഹരിയാനയിലെയും ഛത്തീസ്‌ഗഡിലെയും മുഖ്യമന്ത്രിമാരുടെ പേരുകളോ ആരുടെയും ഓർമ്മകളിൽ വരുന്നില്ല എന്നത് പ്രാദേശിക തലത്തിൽ ബിജെപിക്ക് തിരിച്ചടികൾ സംഭവിച്ചേക്കാം. 

പശ്ചിമ ബംഗാളിൽ മമത ബാനർജി സകലമാന അടവുകളും പയറ്റിക്കൊണ്ട് സീറ്റുകൾ പിടിച്ചാൽ ആറു മാസമെങ്കിലും പ്രധാനമന്ത്രി കസേരയിൽ ഇരിക്കുവാൻ യോഗം കാണുന്നുമുണ്ട്.

ഇവിഎം അട്ടിമറികൾ ആരോപണങ്ങളായി ഉയരുന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കുവാൻ സാദ്ധ്യതകൾ കാണുന്നില്ല. ആടി നിൽക്കുന്ന നൂറോളം സീറ്റുകളിൽ മാത്രമാണ് ഇവിഎം കളികൾ പ്രതീക്ഷിക്കുന്നത് എന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നുണ്ടെങ്കിലും സുപ്രീം കോടതിയിലാണ് എല്ലാവരുടെയും പ്രതീക്ഷകൾ ചെന്നെത്തുന്നത്. 

ലോകത്തിലെ ഏറ്റവും സമ്പന്നവും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഈറ്റില്ലങ്ങളുമായ അമേരിക്കയിലും ജപ്പാനിലും എന്തുകൊണ്ട് ഇവിഎം പരീക്ഷിക്കുന്നില്ല എന്നതും സുപ്രധാനമായ കാര്യങ്ങളാണ്.

ഒരു വോട്ടും പാഴാവരുത് , പാഴാക്കരുത് !!!

എല്ലാം ദൈവത്തിൽ അർപ്പിച്ചുകൊണ്ട് ദാസനും

നല്ല ഒരിന്ത്യക്കായി പ്രാർത്ഥിച്ചുകൊണ്ട് വിജയനും

Advertisment