/sathyam/media/media_files/hqL2MkJGxZrw0ANQvNSN.jpg)
ഇന്നിപ്പോൾ ഇന്ത്യയിൽ സംഭവിക്കുവാൻ പോകുന്നത് 'ബട്ടർ ഫ്ലൈ എഫക്ട് ' ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . ഒരു നേരിയ അനക്കം കൊടുങ്കാറ്റായി രൂപം കൊള്ളുന്ന സിദ്ധാന്തമാണ് നാം ഈ ജൂൺ നാലിന് അനുഭവിച്ചറിയുവാൻ പോകുന്നത്.
ഒരു വ്യക്തിയെ പിന്നാലെ കൂടി വ്യക്തിഹത്യ ചെയുകയും അവരുടെ മേൽ കേസുകൾ അടിച്ചേൽപ്പിക്കുകയും താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടുകയും ജനങ്ങൾ ലക്ഷക്കണക്കിന് വോട്ടു ചെയ്ത് വിജയിപ്പിച്ച് ഏൽപ്പിച്ച സ്ഥാനമാനങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ഒരു സമൂഹം വിധിയെഴുതുന്നത് അനുഭവിച്ചറിയാനാകും.
തെക്കേ ഇന്ത്യയിൽ നിന്നും ചില ചെറുപ്പക്കാർ തുടങ്ങിവെച്ച പോരാട്ടം ഇന്ത്യയുടെ തന്നെ ഭാവി മാറ്റി മറിക്കുന്നതായിരുന്നു. ലേശം നന്മ ഇന്ത്യയിൽ അവശേഷിക്കുന്നു എന്ന് വേണം മനസിലാക്കുവാൻ !!!
രജനീകാന്തിനെ വീട്ടില്‍ കയറ്റിയ പയ്യന്‍ !
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജീവിതാവശ്യങ്ങൾക്കായി സമരം ചെയ്ത ജനങ്ങൾക്ക് നേരെ ഭരണകൂടം വെടിവെച്ചപ്പോൾ, ആശുപത്രിയിൽ പരിക്കേറ്റവരെ കാണുവാനായി സ്റ്റൈൽ മന്നൻ രജനീകാന്ത് തൂത്തുക്കുടിയിലേക്ക് പുറപ്പെട്ടു.
ആശുപത്രിയിൽ ഓരോരുത്തരെയും നേരിട്ട് കണ്ടുവരുന്നതിനിടക്ക് സന്തോഷ് എന്നൊരു 21 വയസുകാരൻ കാബാലിയെ തടുത്തുനിർത്തിക്കൊണ്ട് ചോദിച്ചു ''നീങ്കെ യാര് ?, നീങ്കെ ഇത്രേം നാൾ എവിടെയായിരുന്നു ?" ഈ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ ചിരികൊണ്ട് മറുപടി നൽകിയെങ്കിലും രജനിയുടെ ജീവിതം തന്നെ മാറ്റി മറിച്ച ചോദ്യങ്ങളായിരുന്നു ആ പയ്യൻ ചോദിച്ചത്.
ഒരു അടിയിൽ നൂറു പേരെ വീഴ്‌ത്തുന്ന ബാഷ, ആകാശത്തുകൂടി പോകുന്ന ബോംബുകൾ പറന്നു പിടിച്ചുകൊണ്ട് തിരിച്ചറിയുന്ന മന്നാടി മന്നൻ, ഒരു വെടിയുണ്ട കൊണ്ട് രണ്ടോ മൂന്നോ പേരെ വെടിവെച്ചു വീഴ്‌ത്തുന്ന വീരാളി മന്നൻ, ജപ്പാനിലും ചൈനയിലും യൂറോപ്പിലും അമേരിക്കയിലും ആരാധകരുള്ള മെഗാസ്റ്റാറിനെ മുന്നിൽ നിർത്തിക്കൊണ്ട് തമിഴ്നാട് പിടിച്ചടക്കുവാൻ പുറപ്പെട്ട ബിജെപിക്കേറ്റ ഏറ്റവും ആദ്യത്തെ തിരിച്ചടിയാണ് തൂത്തുക്കുടിയിലെ സന്തോഷ് നൽകിയത്.
രജനീകാന്തിനെ മുന്നിൽ നിർത്തി അണ്ണാമലയെക്കൊണ്ട് തേര് തെളിയിക്കുവാൻ പ്ലാനുകൾ ചെയ്ത അമിത്ഷാ മോഡി ടീമിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞത് 21 വയസുകാരനായ ആ തെക്കേ ഇന്ത്യൻ ചെറുപ്പക്കാരൻ തന്നെയാണ്.
ആ പയ്യന്റെ ഒരൊറ്റ ചോദ്യത്തിൽ സാക്ഷാൽ രജനീകാന്ത് തന്റെ രാഷ്ട്രീയസ്വപ്നങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. അല്ലെങ്കിൽ തന്റെ ഭാര്യയുടെ സ്വപ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. ഇല്ലാതിരുന്നുവെങ്കിൽ രജനീകാന്തും അണ്ണാമലയും ചേർന്നുകൊണ്ട് തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ 39 ഉം ബിജെപിക്ക് നേടിക്കൊടുക്കുമായിരുന്നു. ദ്രാവിഡ കക്ഷികളും കോൺഗ്രസും എന്നെന്നേക്കുമായി തമിഴ്‌നാട്ടിൽ നിന്നും തൂത്തെറിയുമായിരുന്നു.
ധ്രുവ് റാത്തിയുടെ യുദ്ധം !
ലോകത്ത് ഏറ്റവുമധികം ഇൻഫ്ളുവൻസേഴ്സിനെ വളർത്തുന്നത് കേരളത്തിലെ യുവജനത ആണെന്ന് യുട്യൂബും, മെറ്റായും ഒക്കെ അടിവരയിട്ട് സമ്മതിച്ചേക്കാം. ജോലിയുള്ളവരും ജോലി ഇല്ലാത്തവരും ചുമ്മാ ഇരുന്നുകൊണ്ട് കാണുന്ന ഓരോരോ റീൽസും ഓരോരോ യുട്യൂബ് വീഡിയോയും ആയിരക്കണക്കിന് ഇൻഫ്ളുവൻസിനെയാണ് ലോകത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. അതുപോലെ രാഷ്ട്രീയക്കാർക്കെതിരെ എറിയപ്പെടുന്ന ഓരോരോ ട്രോളുകളും ഏൽപ്പിക്കുന്ന മുറിവുകളും നിസ്സാരമല്ല. കേരളത്തിൽ ഇരുന്നുകൊണ്ട് മലയാളത്തിൽ ചെയ്യുന്ന ട്രോളുകൾ ഉത്തരേന്ത്യയിലും ഏറ്റെടുക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അതുപോലെ മലയാള സിനിമകൾക്കും ഉത്തരേന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണം അങ്ങേയറ്റം മേലെ തട്ടിൽ തന്നെയാണ്.
ധ്രുവ് റാത്തീ എന്നപേരിലുള്ള കേവലം 20 വയസ്സ് മാത്രം ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ 2014 -ൽ തുടങ്ങിവെച്ച മോഡി വിരുദ്ധ വീഡിയോകൾ ആർഎസ്എസ് ക്യാമ്പുകളിലും, വാട്സാപ്പ് യുണിവേഴ്സിറ്റികളും ഏറെ ചർച്ച ചെയ്യപ്പെട്ടു.
ആദ്യം കേരളത്തിൽ നിന്നാണെന്ന് കരുതിയെങ്കിലും പിന്നീട് പാക്കിസ്ഥാന്റെയും ദാവൂദിന്റെയും ഒക്കെ പേരിൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. പക്ഷെ ഓരോരോ വർഷങ്ങൾ ചെല്ലുന്തോറും ധ്രുവ റാത്തീ വളർന്നു വളർന്നു പന്തലിക്കുന്നത് മനസിലാക്കുവാൻ അമിത്ഷാ മോഡി ബുദ്ധി കേന്ദ്രങ്ങൾക്കായില്ല എന്നത് അവരെയിപ്പോൾ നിരാശപ്പെടുത്തുന്നു.
ശരിക്കും പറഞ്ഞാൽ ധ്രുവ് റാത്തീയെ ഇത്രയും വളർത്തിയതിൽ മലയാളിക്കുള്ള പങ്ക് നിസ്സാരമല്ല. ഏറ്റവുമധികം കാഴ്ചക്കാരെ സംഭാവന ചെയ്തത് കേരളത്തിലും ദുബായിലും അമേരിക്കയിലും ജർമ്മനിയിലും ഓസ്‌ട്രേലിയയിലും ലണ്ടനിലും ഒക്കെയുള്ള മലയാളികൾ ആണെന്നുള്ളതിൽ ധ്രുവും സന്തോഷിക്കുന്നു.
തെക്കേ ഇന്ത്യയിലെ വയനാട്ടിൽ മത്സരിച്ചു എന്ന ഒറ്റക്കാരണത്താൽ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങിയ ഒരു നല്ല മനുഷ്യനാണ് ശ്രീ രാഹുൽഗാന്ധി.
ഇന്ത്യയിലെ ഓരോ പൗരനും ഇന്ത്യയിൽ എവിടെ വേണമെങ്കിലും മത്സരിക്കാമെന്നിരിക്കെ വയനാടിനെ പാകിസ്ഥാനായി ചിത്രീകരിച്ചുകൊണ്ട് ഉത്തരേന്ത്യയിൽ വോട്ട് അടിച്ചുമാറ്റിയ അതേ നേതാവ് തന്നെയാണ് കേരളത്തിലെ ജനങ്ങളെ സോമാലിയൻ കടൽ കൊള്ളക്കാർ ആക്കുവാൻ കിണഞ്ഞു പരിശ്രമിച്ചത്.
അതിന്നായി ഏറ്റവും അധികം സംഭാവന നൽകിയത് മലയാളിയായ ബിജെപി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റിപ്പബ്‌ളിക് ചാനലിന്റെ അർണാബ് ഗോസാമിയെന്ന ഒരു തെമ്മാടിയുമാണ്.
തെക്കേ ഇന്ത്യക്കാരെ ഒന്നടങ്കം വടക്കേ ഇന്ത്യയിൽ കീറിമുറിച്ചുകൊണ്ട് പ്രസ്താവനകൾ ഇറക്കി വിടുകയും ഇന്ത്യയിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയും ചെയ്തുപോന്നിരുന്ന അമിത്ഷാ - മോഡി ടീമിന്റെ പപ്പുവിളികൾക്കുള്ള തിരിച്ചടിയാണ് ഭാരത് ജോഡോ യാത്രകളിലൂടെ രാഹുൽഗാന്ധി ഇന്ത്യൻ യുവാക്കളുടെയും യുവതികളുടെയും കണ്ണിലുണ്ണിയായി മാറുവാൻ ഇടയാക്കിയത്.
തെക്കേ ഇന്ത്യക്കാരെ ഒന്നടങ്കം ഒന്നിനും കൊള്ളാത്തവരായി മാത്രം കണ്ടിരുന്ന വടക്കേ ഇന്ത്യൻ ലോബി തീവ്രവാദം വരെ അടിച്ചേൽപ്പിക്കുവാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയെന്ന ആ മനുഷ്യൻ തെക്കേ ഇന്ത്യയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നേരിടുന്ന ഈ മഹായുദ്ധത്തിന് കാരണമായത് അദ്ദേഹത്തിനേറ്റ പീഡനങ്ങളും വ്യക്തിഹത്യയും അവഗണനകളും തിക്താനുഭവങ്ങളുമാണ്.
കോൺഗ്രസ്സ് മുക്തഭാരതം പ്രഖ്യാപിച്ച ബിജെപിക്ക് മുന്നിൽ ഒരു സീറ്റ് കൂടുതൽ നേടിയാലും അത് വലിയ അംഗീകാരം തന്നെയാണ്.
കേവലം ഒമ്പത് എംഎൽഎ മാരുമായി നിയമസഭയിൽ എത്തിയ കരുണാകരനെ ഒമ്പതുകളുടെ നേതാവ് എന്ന് കളിയാക്കിയ സഖാവ് ഇഎംഎസിന് മുന്നിലേക്ക് 111 എംഎൽഎ മാരെയും 20 എംപിമാരെയും ജയിപ്പിച്ചുകാണിച്ച കണ്ണോത്ത് കരുണാകരൻ, ഇല്ലാത്ത കുറ്റങ്ങൾക്കായി ഒട്ടേറെ നാളുകൾ ജയിലിലടക്കപ്പെട്ടയാൾ തിരിച്ചുവന്നുകൊണ്ട് ഒരു സംസ്ഥാനം തന്നെ തിരിച്ചുപിടിച്ച ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ, കേവലം ഒരു എംഎൽഎ യുമായി നിയമസഭയിൽ എത്തുകയും പിന്നീട് എഡിഎംകെക്ക് ഒരു എംഎൽഎ യെ മാത്രം നൽകുകയും ചെയ്ത മുത്തുവേൽ കരുണാനിധി, തകർന്നുപോയ കോൺഗ്രസ്സ് പാർട്ടിയെ തിരിച്ചുപിടിച്ച ആന്ധ്രയുടെ യെദുഗുരി സന്ധിണ്ടി രാജശേഖര റെഡ്ഢി എന്നിവരുടെ അനുയായികളായ തെക്കേ ഇന്ത്യക്കാർ ഇന്നിപ്പോൾ ഇന്ത്യയുടെ രക്ഷകരായി വരുന്നത് ഇന്ത്യയിലെ നന്മയുള്ള ജനതക്ക് ആശ്വാസം നൽകുന്നവയാണ്.
ഇന്നിപ്പോൾ തെക്കേ ഇന്ത്യയുടെ കാരുണ്യത്തിൽ മൂന്ന് ചെറുപ്പക്കാരാണ് നമ്മുടെ ഇന്ത്യയെ രക്ഷിക്കുവാൻ മുൻകൈ എടുത്തത് എന്നതിൽ അഭിമാനിക്കാം, അവർക്കായി പ്രാർത്ഥിക്കാം !!!
ധ്രുവ് റാത്തീയുടെ വീഡിയോ തർജ്ജമ ചെയ്തുകൊണ്ട് ദാസപ്പനും
ഇന്ത്യക്കായി പ്രാർത്ഥിച്ചുകൊണ്ട് വിജയനും