Advertisment

കേരളത്തില്‍ കോണ്‍ഗ്രസ് ആകെ തോറ്റ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ 'ഒന്നര'യും തൃശൂര്‍ ജില്ലയിലാണ്. അതിലൊന്ന് ബിജെപിക്കും കൊടുത്തു മറ്റൊന്ന് സിപിഎമ്മിനും പോയി. ഡിസിസി പ്രസി‍ഡന്‍റിനാനന്ദിക്കാന്‍ ഇനിയെന്തു വേണം ! ഇമ്മാതിരി പുഴുക്കുത്തുകള്‍ നേതൃത്വത്തിലിരുന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുണ്ടാകും. നിക്കണോ...? പോണോ...! എന്ന് ഇനിയും വള്ളൂരാന് സംശയം ഉണ്ടോ ആവോ ? - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update
remya haridas k muralidharan jose valloor

2019 ഇൽ 20 ലോക്സഭാ മണ്ഡലങ്ങളിൽ 19 എണ്ണത്തിലും യുഡിഎഫ് ജയിച്ചുകയറിയപ്പോൾ അബദ്ധവശാൽ തോറ്റുപോയ ഷാനിമോൾ ഉസ്മാന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അന്നത്തെ ആലപ്പുഴ ജില്ലാ കമ്മറ്റി അദ്ധ്യക്ഷൻ രാജിവെച്ചൊഴിഞ്ഞുകൊണ്ട് ഒരു മാതൃക കേരളത്തിലെ കോൺഗ്രസ്സുകാർക്കിടയിൽ കാണിച്ചുതന്നിരുന്നു.

Advertisment

ഇന്നിപ്പോൾ തൃശൂർ ജില്ലയിലുൾപ്പെടുന്ന രണ്ടു സീറ്റുകളിൽ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനായ ജോസ് വള്ളൂർ രാജിവെക്കാതെ ഒളിച്ചുകളിക്കുകയാണ്. കേരളത്തില്‍ യുഡിഎഫ് ആകെ തോറ്റ രണ്ട് മണ്ഡലങ്ങളും ഈ ജില്ലയിലാണ്.


കോൺഗ്രസ്സ് പാർട്ടിക്ക് ഏറ്റവും തേരോട്ടമുള്ള മണ്ണായ തൃശൂരിൽ സിഎൻ ബാലകൃഷ്ണന് ശേഷം നല്ലൊരു ഡിസിസി പ്രസിഡന്റിനെ കിട്ടിയിട്ടില്ല. അലസനായി നടന്ന ഒരാളായിരുന്നു ഇതിന് മുന്നത്തെ പ്രസിഡന്റ്. അങ്ങേരെ മാറ്റി ഇങ്ങേരെ കൊണ്ടുവന്നപ്പോൾ എല്ലാവരും കരുതി എന്തെങ്കിലുമൊക്കെ നടക്കുമെന്ന്. പക്ഷെ ഒരു വസ്തുവിനും കൊള്ളാത്തവനായി തൃശൂരിലെ പ്രസിഡന്റ് മാറിയെന്നാണ് കൂട്ടുകാര്‍ പറയുന്നത്.

അതിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ വേഗം പോയി കെപിസിസി പ്രസിഡന്റിന്റെ കാൽക്കൽ വീണു അങ്ങേരുടെ അനുയായിയായി. ഇന്നിപ്പോൾ അങ്ങേർക്കും നാണക്കേട് കൊടുത്തിരിക്കുകയാണ് മിസ്റ്റർ വള്ളൂരാൻ.

സിഎൻ ബാലകൃഷ്ണൻ ഉണ്ടായിരുന്ന സമയത്തൊക്കെ പാർട്ടിക്ക് 14 -ൽ 14 ഉം 13 ഉം ഒക്കെ നേടിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ വടക്കാഞ്ചേരിയിലെ മാത്രം ഭൂരിപക്ഷം 25000 നു മുകളിലും ആയിരുന്നു.

പിന്നീട് വി ബൽറാമും പിഎ മാധവനും എംപി ഭാസ്ക്കരൻ നായരും പിഎ മാധവനും ഒക്കെ വന്നപ്പോഴും പാർട്ടിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നു.


ഇടക്ക് വെച്ച് ബെന്നി ബെഹനാൻ ഡിസിസി നേതൃത്വം ഏറ്റെടുത്തതിന് ശേഷം പാർട്ടി പിന്നോട്ട് പോകുകയായിരുന്നു. ബെന്നി ഏറ്റെടുക്കുന്ന ചുമതലകളൊക്കെ കുളമാക്കുന്ന ആളാണ്. 2014 ഇൽ തൃശൂരും ചാലക്കുടിയും സീറ്റ് വെച്ച് മാറുകയും ധനപാലനും പിസി ചാക്കോയും ദയനീയമായി പരാജയപ്പെടുകയുമുണ്ടായി.


തേറമ്പിൽ രാമകൃഷ്ണൻ വര്ഷങ്ങളോളം ജയിച്ചുവന്ന ഒരു കുത്തക സീറ്റിൽ മത്സരിച്ച പത്മജയെ ഒരു മൂലക്കിരുത്തിയ അതേ നേതൃത്വം ഇന്നിപ്പോൾ കെ മുരളീധരനെയും ജയിപ്പിക്കുവാൻ ആർജ്ജവം കാണിച്ചില്ല എന്നുവേണം പറയുവാൻ.

തോൽപ്പിക്കുവാൻ ശ്രമിച്ചു എന്നല്ല ഉദ്ദേശിക്കുന്നത്. പക്ഷെ ജയിപ്പിക്കുവാൻ ശ്രമിച്ചില്ല എന്നുവേണം കരുതുവാൻ. കാരണം യാതൊരു തരത്തിലുമുള്ള നേതൃപാടവമോ കപ്പാസിറ്റിയോ ഇല്ലെന്നു മാത്രമല്ല അതിന്റെയിരട്ടി ഈഗോയുമായാണ് പാർട്ടി നേതാക്കള്‍ പ്രവർത്തനങ്ങളിൽ ഏര്പ്പെടുന്നത്.

കുറച്ചുനാൾ മുൻപ് തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂരിൽ അവിടത്തെ പാർട്ടി പ്രവർത്തകർ പണം സ്വരൂപിച്ചുകൊണ്ട് നിർമ്മിച്ച ഒരു പാർട്ടി ഓഫീസിന്റെ ഉത്‌ഘാടന ചടങ്ങിലേക്ക് ഡിസിസി പ്രസിഡന്റിനെ നേരിട്ട് പോയി ക്ഷണിച്ചുവെങ്കിലും അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല.


പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉത്‌ഘാടകനും, ചാലക്കുടി എംപി ബെന്നിബെഹനാൻ  ഓഫീസ് കെട്ടിട ഉത്ഘടനവും നിർവഹിച്ച ആ പരിപാടിയിൽ ചാലക്കുടി എംഎൽഎ ജെനീഷ് കുമാറിന്റെ പേരിന്റെ താഴെ തന്റെ പേര് വെച്ച് നോട്ടീസും പോസ്റ്ററും പ്രിന്റ് ചെയ്‌തു എന്ന ഒറ്റക്കാരണത്താൽ അവസാന നിമിഷം ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ പിന്മാറുകയായിരുന്നു.


ശരിക്കും പറഞ്ഞാൽ ഒരു കല്യാണ വീട്ടിലെ അമ്മാവനെ പോലെ ആ ഉത്‌ഘാടന സമയത്തുമുഴുവനും അവിടെ ഓടിനടന്നുകൊണ്ട് എല്ലാം ചെയ്യണ്ട ആളാണ് ഡിസിസി പ്രസിഡന്റ്.

കാരണം കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് പോലും സ്വന്തമായി ഒരു കെട്ടിടം ഇല്ലാത്ത ആ നാട്ടിൽ വളരെ നല്ല ഭംഗിയായാണ് ഈ കെട്ടിടം നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കൂടാതെ അവിടത്തെ തന്നെ ഒരു ചെറിയ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഡിസിസി അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.


കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിക്ക് എതിരായി പ്രവർത്തിക്കുകയും അധികാരം നഷ്ടപ്പെടുത്തുകയും പിന്നീട് സിപിഎമ്മിലും ബിജെപിയിലും പോയി അവിടെയും കുത്തിത്തിരിപ്പ് ഉണ്ടാക്കി തിരിച്ചുവന്ന ഒരാളെ പാർട്ടി പുറത്താക്കിയിട്ടും ഡിസിസി ഇതുവരെ കത്തുനൽകിയിട്ടില്ല. ആ വിഷയത്തിൽ ഒട്ടേറെ പേർ പാർട്ടിയുമായി ഇപ്പോഴും അകന്നു നിൽക്കുകയാണ്.


തോറ്റ തൃശൂരില്‍ ആലത്തൂരിന്‍റെ പകുതിയും

തൃശൂർ ജില്ലയിലെ മൂന്നു മണ്ഡലങ്ങൾ ആലത്തൂരിലുമുണ്ട് . അവിടെയും ഒരു നല്ല പ്രചാരണം ഉണ്ടാക്കുവാൻ ഡിസിസിക്കായിട്ടില്ല . ചെറുപ്പക്കാരായ നേതാക്കന്മാർ ഒന്നടങ്കം ഷാഫിക്കായി വടകരക്ക് പോയപ്പോൾ രമ്യക്കായി ഒരു നേതാവിനെയും പങ്കെടുപ്പിക്കുവാൻ ഡിസിസിക്കായില്ല .

രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ഒട്ടുമിക്ക ഉറച്ച മണ്ഡലങ്ങളിൽ എത്തിയിട്ടും അവരെ തൃശൂരിലോ ഗുരുവായൂരോ ആലത്തൂരോ എത്തിക്കുവാൻ ഡിസിസിക്കായില്ല. ഡിസിസി ഒന്നടങ്കം തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചുണ്ടാക്കുന്ന തിരക്കിൽ ആയിരുന്നത്രെ. ഈ തിരഞ്ഞെടുപ്പോടെ ബിജെപി നേതാക്കളുടെ ഫണ്ട് പിരിവ് കളികൾ പരീക്ഷിക്കുവാൻ ഡിസിസി യും നെട്ടോട്ടമോടി.

ഇപ്പോൾ തന്നെ യൂത്ത് കോൺഗ്രസ്സും പാർട്ടി പ്രവർത്തകരും പോസ്റ്ററും ബഹളവുമൊക്കെ തുടങ്ങിയ സ്ഥിതിക്ക് ഒന്നും ആലോചിക്കാതെ സ്ഥാനം രാജിവെച്ചുകൊണ്ട് നല്ല കഴിവുള്ളവരെ പാർട്ടി ഏൽപ്പിക്കുകയാണ് ചെയേണ്ടത്.  

ഈ വിവാദങ്ങളിൽ അകപ്പെട്ട പ്രതാപനോ അതുപോലുള്ളവരോ അല്ലാതെ വിടി ബൽറാം പോലെയോ എംപി ജാക്സൺ പോലെയോ ഒരാളെയാണ് ഇനിയുള്ള നാളുകളിൽ തൃശൂരിലെ കോൺഗ്രസ്സിനെ ഉയിർത്തെഴുന്നേൽപ്പിക്കുവാൻ ആവശ്യമായി വരുന്നത്.

ഒരു മാസം ഒന്നര ലക്ഷത്തോളം ചിലവ് വരുന്ന ഡിസിസി ഓഫീസിലേക്ക് ജാക്സൺ പോലുള്ള നേതാക്കളാണ് അകമഴിഞ്ഞ് സഹായിക്കുന്നത്.

ഇനിയും ഇതുപോലെയുള്ള പുഴുക്കുത്തുകൾ പാർട്ടിയുടെ നേതൃത്വത്തിൽ ഇരുന്നാൽ വരാൻപോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും അസംബ്ലികളിലും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് അണികളുടെ പേടി . ആയതിനാൽ ജോസ് വള്ളൂരിനെ മാറ്റിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ എന്നാണ് ആത്മാർത്ഥതയുള്ള പാർട്ടിപ്രവർത്തകരുടെ സ്വരം !!

രാജിവെച്ചു പൊയ്ക്കൂടേ എന്ന് ചോദിച്ചുകൊണ്ട് ഐഎൻടിയുസി നേതാവ് ദാസനും

ചവുട്ടി പുറത്താക്കണം എന്ന അഭ്യർത്ഥനയുമായി സേവാദൾ വിജയനും 

Advertisment