Advertisment

ആരൊക്കെ അഹങ്കരിച്ചോ അവര്‍ക്കൊക്കെ മറുപടി കിട്ടി. രമ്യയ്ക്ക് ഉള്‍പ്പെടെ ! അഹങ്കാരം വെടിഞ്ഞപ്പോള്‍ സുരേഷ് ഗോപിയും 'ഇന്‍'. സാരി കണ്ടാല്‍ പിന്നാലെ പോകുന്ന രേവണ്ണ മുതല്‍ ജഗനു വരെ ഇനി ജയില്‍ കാലം. കമല്‍നാഥിനും ഫട്നാവിസിനും കണക്കിന് കിട്ടിയപ്പോള്‍ ശരിക്കും ഞെട്ടിച്ചത് വാരണാസി ! കേരളത്തിലെ സിപിഎമ്മിന് ഇനി ബംഗാള്‍ സ്മരണയാകാം - ജനവിധി നല്‍കുന്ന പാഠങ്ങള്‍ - ദാസനും വിജയനും

New Update
political carikatures

ഇന്ത്യൻ ജനതയിൽ അത്യാവശ്യം നന്മ ബാക്കിയുള്ളതുകൊണ്ട് അവരെ കൈവിടുവാൻ ഒരു രാമനും കൃഷ്ണനും മറ്റുള്ള ദൈവങ്ങൾക്കും ആകില്ല എന്ന മുന്നറിയിപ്പാണ് 2024 തിരഞ്ഞെടുപ്പ് ഫലം നമ്മെ പഠിപ്പിക്കുന്നത് . ദൈവങ്ങൾക്ക് ഒരു കനിവ് ഇപ്പോഴും ഇന്ത്യയിലും ഇന്ത്യക്കാരനിലും ബാക്കി നിൽക്കുന്നു എന്നുവേണം കരുതുവാൻ.

Advertisment

യൂറോപ്പും ആഫ്രിക്കൻ രാജ്യങ്ങളും ചില അറബ് രാജ്യങ്ങളും വടക്കേ അമേരിക്കൻ രാജ്യങ്ങളും നമ്മുടെ അയൽ രാജ്യങ്ങളും അവരവരുടെ  ഭരണാധികൾ വരുത്തിവെച്ച വിനകളിൽ കുടുങ്ങി ജീവിതം ഹോമിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാരെ ദൈവം കാത്തു എന്നതിൽ നമ്മുക്ക് സന്തോഷിക്കാം.

അഹങ്കാരികൾ എന്നും നാടിനാപത്തുതന്നെയാണ്. അഹങ്കാരികളായ ഭരണാധിപന്മാർ അവരുടെ ജനങ്ങളെ കഷ്ടത്തിലേക്ക് തള്ളിവിടുന്നു. അധികാരം പിടിച്ചു നിർത്തുവാൻ അവർ ആരെയും കൂട്ടുപിടിക്കുന്നു. അതിന്നായി കൂടെയുള്ളവരെ തമ്മിൽ തെറ്റിക്കുന്നു. കുടുംബവഴക്കുകൾ പടച്ചുവിടുന്നു. സൗഹൃദങ്ങൾ തമ്മിൽ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്നു.


ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിൽ തുടങ്ങാം . 2019 ൽ ജനം ഏറ്റെടുത്തുകൊണ്ട് പാട്ടും പാടി വിജയിച്ച രമ്യയെ കുറിച്ച് കോൺഗ്രസ്സ് നിരീക്ഷകൻ കനഗുലു കൊടുത്ത റിപ്പോർട്ട് കെപിസിസി നേതൃത്വം കാര്യമായി എടുത്തില്ല. 


അഹങ്കാരത്തിന്‍റെ തുടക്കം രമ്യയില്‍നിന്നാകാം 

remya haridas

രമ്യ ഹരിദാസ് തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ നീക്കിയിരുന്നത് എന്നും കൂടെയുള്ള ഒന്നുരണ്ടുപേർ എംപിയെ  മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടത്രെ. ന്യൂനപക്ഷ പിന്തുണ യുഡിഎഫില്‍  ആര്‍ക്കെല്ലാം ലഭിച്ചാലും രമ്യയ്ക്ക് ലഭിക്കാന്‍ ഇടയില്ലെന്നും നിരീക്ഷണം ഉണ്ടായിരുന്നു.

ആലപ്പുഴയിൽ 2019 ൽ ഷാനിമോൾ ഉസ്മാന് സംഭവിച്ചത് 2014 ൽ കാസർഗോട് സീറ്റ് കൊടുത്തിട്ട് സ്വീകരിക്കാത്ത അഹങ്കാരത്തിന് യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകർ കൊടുത്ത മറുപടിയാണ്. അതുപോലെ മണ്ഡലത്തിൽ ശ്രദ്ധിക്കാത്തതിന് കോൺഗ്രസുകാർ തന്നെയാണ് രമ്യയെ മാറ്റി നിർത്തിയതും. ഇനി നന്നായാൽ ചേലക്കര വേണേൽ പിടിച്ചെടുക്കാം.


കേരളത്തിൽ ഏറ്റവും വലിയ അഹങ്കാരത്തിനേറ്റ തിരിച്ചടി ആണ് വടകരയിലെ ടീച്ചറമ്മയുടെ ദയനീയ തോൽവി. ആരോഗ്യപരിപാലനത്തിൽ വര്ഷങ്ങളായി മുന്നിൽ നിൽക്കുന്ന കേരളത്തെ ടീച്ചറമ്മ സ്വന്തം പ്രശസ്തിക്കായി ദുരുപയോഗം ചെയ്തു. 


പതിറ്റാണ്ടുകളായി മുന്നിൽ നിൽക്കുന്ന ഗുജറാത്തിനെ മോദിയും അമിത്ഷായും ഹൈജാക്ക് ചെയ്തത് പോലെ ഇപ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഹൈജാക്ക് ചെയ്തതുപോലെ ടീച്ചറമ്മ കേരളത്തിലെ ആരോഗ്യത്തെ ഹൈജാക്ക് ചെയ്യുകയും സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചു വെക്കുകയും ചെയ്തു .

ടി.പി ഇപ്പോഴും ഫാക്ടര്‍ 

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന അവർ  ടിപിയെ തള്ളിപ്പറഞ്ഞതും, കുഞ്ഞനന്തനെ പുണ്യാളൻ ആക്കിയതും വോട്ടർമാരെ കാഫിർ ആക്കിയതും എതിർ സ്ഥാനാർത്ഥിയെ ബ്ലൂഫിലിമിന്റെ പേരുപറഞ്ഞുകൊണ്ട് സ്ഥിരം കമ്മ്യുണിസ്റ്റ് ഇടപാട് ചെയുവാൻ ശ്രമിച്ചതും ഒരു ലക്ഷത്തിനപ്പുറം വോട്ടിന് ദയനീയ പരാജയം ഏറ്റെടുക്കേണ്ടി വന്നു.

അഹങ്കാരം വെടിഞ്ഞപ്പോള്‍ ഗോപി ഇന്‍ 

suresh gopi-5

കേരളത്തിലെ കോൺഗ്രസ്സ് കോട്ടയായിരുന്ന തൃശൂർ ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ അഹങ്കാരത്തിനും കെടുകാര്യസ്ഥതക്കും ഏറ്റ തിരിച്ചടിയാണ് സുരേഷ്‌ഗോപിയുടെ മിന്നുന്ന വിജയം. 2019 തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി മത്സരിക്കുവാൻ വന്നപ്പോൾ ഒരു അഹങ്കാരി ആയിട്ടാണ് തൃശൂരിൽ വണ്ടിയിറങ്ങിയത്. 


തൃശൂർ ഞാനങ്ങെടുക്കും എന്ന്  വീമ്പിളക്കിയത് തൃശൂർക്കാർക്ക് ഇഷ്ടമായില്ല. പിന്നീട് അദ്ദേഹം അഞ്ചുകൊല്ലം തൃശൂർ കേന്ദ്രീകരിച്ചുകൊണ്ട് അധ്വാനിച്ചപ്പോൾ അഹങ്കാരം മാറ്റിവെച്ചപ്പോൾ അദ്ദേഹത്തിന് അത് സാധിച്ചു. തൃശൂരിന്റെ മുൻ എംപിയും ഡിസിസി പ്രസിഡണ്ടും ഒന്നും സംഭവിക്കില്ലെന്ന മട്ടിൽ കാര്യങ്ങൾ ഈസിയായി വിട്ടപ്പോൾ സുരേഷ്‌ഗോപി കയറി ഗോളടിച്ചു. 


കൂടാതെ കേരളത്തിൽ ബിജെപിക്ക് ആകെയുണ്ടായിരുന്ന നേമം സീറ്റ് ഇല്ലാതാക്കുന്നതിൽ മുരളീധരൻ വഹിച്ച പങ്കും ബിജെപിക്കാരിൽ വൈരാഗ്യം ഉണർത്തി.

കൂടാതെ കരുവന്നൂർ ബാങ്കിൽ സിപിഎം നേതാക്കൾ കാണിച്ചുകൂട്ടിയ അഹങ്കാരത്തിനുംകൂടിയേറ്റ ആകെത്തുകയാണ് ആ വിജയം. ഇതൊന്നുമല്ലാതെ മറ്റൊരു ഘടകമായത് ബിജെപി സംസ്ഥാന നേതാക്കളെ തൃശൂർ ഏൽപ്പിക്കാതെ തൃശൂരിലെ തന്നെ ചേർപ്പ് സ്വദേശിയായ അരവിന്ദ് മേനോനെ തൃശൂർ ഏൽപ്പിച്ചു.


അരവിന്ദ് മേനോനാണ് പത്മജയെ മറുകണ്ടം ചാടിച്ചതും കൃസ്ത്യൻ വോട്ടുകൾക്ക് വലവീശിയതും എന്നത് ആരും ശ്രദ്ധിക്കപ്പെടാതെ പോയ വസ്തുതയാണ് . അരവിന്ദ് മേനോൻ ഗുരുവായൂരിൽ തമ്പടിച്ചുകൊണ്ട് ഉണ്ടാക്കിയ സമവാക്യങ്ങളാണ് സുരേഷ്‌ഗോപിക്ക് ഏറെ തുണയായത്. 


വായ് പോയ കോടാലി

annamalai

തെക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അഹങ്കാരിയും തന്നിഷ്ടക്കാരനും ആയ അണ്ണാമലയെ സ്റ്റാലിൻ മൂക്കുകയറിട്ട് കെട്ടിയിട്ടു. എവിടെന്നോ പെട്ടെന്ന് പൊട്ടിമുളച്ച സിവിൽ സർവീസുകാരൻ വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നനിലയിലായിരുന്നു പ്രസംഗങ്ങൾ വെച്ചുകാച്ചിയത്. ജാതിയും വർഗീയതയും പച്ചക്ക് പറഞ്ഞുകൊണ്ട് ദ്രാവിഡ മനസുകളിൽ വിള്ളലുകൾ വീഴ്ത്താൻ ശ്രമിച്ച അണ്ണാമലൈ ഇന്നിപ്പോൾ മൗനത്തിലാണ്.

അത്രമാത്രം മനുഷ്യൻ തമിഴനെ തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കുടിയേറി പാർത്തിട്ടുള്ള കുറെ മലയാളികൾ ജയ് വിളിച്ചപ്പോൾ അണ്ണാമലൈ കരുതി തമിഴൻ ഒന്നടങ്കം ബിജെപിയിലേക്ക് കുടിയേറിയെന്ന്. 'തമിഴൻ എന്ന് സൊല്ലടാ തമ നിമിർന്തു നില്ലെടാ' എന്ന ആപ്തവാക്യത്തിൽ തമിഴൻ ഉറച്ചു നിന്നപ്പോൾ നാല്പ്പത് സീറ്റുകളിലും ദ്രാവിഡ കക്ഷി വെന്നിക്കൊടി നാട്ടി.

സാരി കണ്ടാല്‍ വിടാത്തവനെ ജനം പുറത്താക്കി 

prajwal revanna1

കർണ്ണാടകത്തിൽ ഗൗഢമാരുടെ അഹങ്കാരം ഇല്ലാതാക്കുവാൻ പ്രജുൽ രേവണ്ണക്ക് സാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത.


ഹസനിലെ എംപി ആയതിനുശേഷം സ്ത്രീകളുമായി ലൈംഗിക ബന്ധവും ബലാൽസംഘവും നടത്തി സ്വന്തം അപ്പൂപ്പന് ഭക്ഷണം ഉണ്ടാക്കി കൊടുത്ത അറുപതുകാരിയുടെ വരെ നഗ്ന ചിത്രങ്ങൾ പകർത്തി ആനന്ദം കണ്ടെത്തിയ പ്രജ്വൽ രേവണ്ണ 45000 വോട്ടുകൾക്ക് തറ പറ്റിയെങ്കിലും ആ വീഴ്ച മോഡിക്ക് ഏറ്റ ഏറ്റവും വലിയ ക്ഷീണവുമായിരുന്നു. 


കർണ്ണാടകത്തിൽ ഗൗഢമാരെ സംബന്ധിച്ചിടത്തോളം അമ്മയും പെങ്ങളും മകളും അമ്മൂമ്മയും എന്നൊന്നുമില്ല. എല്ലാം അവർക്ക് ആനന്ദോപാദികളാണ് എന്നത് ഇല്ലാതാക്കുവാൻ പ്രജ്വലിന്റെ അറസ്റ്റോടെ സാധിച്ചു.

ഇനി ജഗന്‍റെ ജയില്‍കാലം 

സർക്കാ‍ർ അനുമതിയില്ലാതെ സിബിഐ റെയ്‍ഡ് നടത്തരുത്: ഉത്തരവ് റദ്ദാക്കി ജഗൻ മോഹൻ റെഡ്ഡി

സ്വന്തം അച്ഛനെ ഇല്ലായ്മ ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ച വൈഎസ്ആർ കോൺഗ്രസ്സ് നേതാവായ ജഗൻ മോഹൻ റെഡ്ഢിക്ക് കിട്ടിയ ഏറ്റവും വലിയ ശാപമാണ് ഈ  തകർച്ച . രാഷ്ട്രീയ എതിരാളിയെ 39 ദിവസം ജയിലിൽ അടച്ചതിന്റെ തീരാത്ത പക വീട്ടുവാൻ ചന്ദ്രബാബു നായിഡുവിന് ലഭിച്ച മഹനീയ അവസരം . 

2009 സെപ്തംബർ രണ്ടിന് ശേഷം സോണിയഗാന്ധി കൂടിക്കാഴ്ചക്ക് അവസരം നൽകാത്ത നേതാവാണ് ജഗൻ മോഹൻ . അന്നത്തെ ഹെലികോപ്റ്റർ ദുരന്തത്തിലെ സംശയങ്ങളാണ് സോണിയാഗാന്ധി ജഗനെ മാറ്റി നിർത്തുന്നതിന്റെ കാരണം . 

അഴിമതിയുടെ പേരിലാണ് അങ്ങനെ ചെയ്യുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ജയിലിൽ പോയ ലാലുപ്രസാദിനെ വരെ ആലിംഗനം ചെയ്യുവാൻ സോണിയ മടി കാണിച്ചിട്ടില്ല. ജഗന്റെ കാര്യത്തിൽ ഒരു തീരുമാനം ചന്ദ്രബാബു നടത്തിയേക്കും .

കമല്‍നാഥ് വെറും പടക്കം 

kamal

ഹൈക്കമാന്റിനെ ധിക്കരിച്ചുകൊണ്ട് സ്വന്തം തൻ പ്രമാണിത്തം കാണിക്കുവാൻ ശ്രമിച്ച കമൽനാഥ്‌ എന്ന രാജാവിന് ജനങ്ങൾ കൊടുത്ത മറുപടിയാണ് നിയമസഭാ തിരഞ്ഞെടുപ്പും ഇപ്പോഴത്തെ ലോക്സഭാ തിരഞ്ഞെടുപ്പും.  


സ്വന്തം മകനെ മത്സരിപ്പിച്ചുവെങ്കിലും തോറ്റു തുന്നം പാടിയത് കൂടാതെ പാർട്ടിയെ ആ സംസ്ഥാനത്തിൽ കെട്ടുകെട്ടിച്ചത്  കമൽനാഥിന്റെ അഹങ്കാരം കൊണ്ടുമാത്രമാണ്. 


 വ്യാപം പോലുള്ള വമ്പൻ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയിട്ടും ഒരു സീറ്റിൽ വരെ പാർട്ടിയെ ജയിപ്പിക്കാനാകാത്തത് കമൽനാഥിനോടുള്ള ജനങ്ങളുടെ വൈരാഗ്യം ഒന്നുകൊണ്ടുമാത്രമാണ് .

അട്ടിമറിക്കാരനുള്ള മറുപടി 

devendra fadnavis

ബിജെപിയുടെ വളർച്ചക്ക് കാരണമായിരുന്ന പോഷകസംഘടനകളായ ശിവസേനയെയും ഹിന്ദുമുന്നണിയെയും ബജ്‌റംഗ്ദളിനെയും വിശ്വ ഹിന്ദു പരിഷത്തിനെയും വേരോടെ ഇല്ലാതാക്കി അധികാരം തട്ടിയെടുത്ത ദേവേന്ദ്ര ഫഡ്നാവിസിന് മുഖത്തേറ്റ പ്രഹരമായിരുന്നു മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. 


ശിവസേനയെ തുണ്ടം തുണ്ടമാക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുവാൻ കുടുംബവഴക്കുകളും മറ്റും ഉണ്ടാക്കി ഭരണം പിടിച്ചെടുത്ത് ഉപമുഖ്യമന്ത്രി പദത്തിലെത്തിയ ഫഡ്‌നാവിസ് സ്വന്തം പാർട്ടിയുടെ ബുദ്ധികേന്ദ്രമായ നിതിൻ ഗഡ്കരിയെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മറുപടിയാണ് മറാഠികൾ ഫഡ്നാവിസിന് സമ്മാനിച്ചത്.


രാജസ്ഥാനിലെയും ഉത്തർപ്രദേശത്തിലെയും രാജ്പുത്ര വിഭാഗത്തെ ഒന്നടങ്കം കരിവാരിത്തേച്ച പുരുഷോത്തം രൂപാലക്ക് കിട്ടിയ തിരിച്ചടിയാണ്  രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പരാജയം. 

രാജസ്ഥാനില്‍ വസുന്ധരാശാപം 

Vasundhara Raje Scindia

അതുപോലെ രാജസ്ഥാനുവേണ്ടി അഹോരാത്രം പണിയെടുത്ത വസുന്ധര രാജ്യസിന്ധ്യ പോലുള്ള ഉന്നത നേതാക്കളെ അടുക്കളയിൽ ഇരുത്തിക്കൊണ്ട് ഒരു മനുഷ്യൻ കേൾക്കാത്ത പേരുള്ള ആളുകളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെട്ടിയിറക്കിയപ്പോൾ സംഭവിച്ച ദുരന്തമാണ് രാജസ്ഥാനിൽ സംഭവിച്ചത്.


പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മേലേക്ക് വണ്ടി കയറ്റിയും വെടിയുണ്ട പായിച്ചും കൊല്ലാൻ ശ്രമിച്ചവർക്ക് കിട്ടിയ മുഖത്തടിയാണ്  അവിടത്തെ റിസൾട്ടുകൾ. 


ഇന്ത്യയുടെ ജീവനാഡികളായ കർഷകരെ അപമാനിച്ചവർക്ക് കർഷകർതന്നെ ചുട്ട മറുപടി നൽകിയപ്പോൾ ഇന്ത്യ കണ്ട അഹങ്കാരിയായ സിനിമാനടി കങ്കണ റാവത്തിന്റെ മുഖത്തടിച്ച കർഷകപുത്രിയുടെ വീര്യം മൊഹാലി വിമാനത്താവളത്തിൽ നാം കണ്ടു.


ഇനിയെങ്കിലും കർഷകരുടെ അവകാശങ്ങൾ നിറവേറ്റിയില്ലെങ്കിൽ ആ കർഷകസമരം ആയിരിക്കും ഇന്ത്യാമഹാരാജ്യത്ത് ബിജെപി എന്ന പാർട്ടിയുടെ അന്ത്യകൂദാശ നടത്തുവാൻ പോകുന്നത് എന്നത് തിരിച്ചറിയുക.


കേരളം പഴയ ബംഗാള്‍ ഓര്‍മയില്‍ 

pinarai vijayan-9

കേരളത്തിൽ പിണറായിയുടെ കുടുംബവാഴ്ചക്കും കണ്ണൂർ ലോബിയുടെ അഹങ്കാരത്തിനും  കിറ്റുകൾ വാങ്ങി വോട്ടു ചെയ്ത് വിജയിപ്പിച്ച ജനത്തിനോട് ചെയ്ത വഞ്ചനക്കും മധുരപ്രതികരമാണ് ഒരു സീറ്റിൽ പാർട്ടിയെ കൊണ്ടെത്തിച്ചത്. 

പാർട്ടിയുടെ പൊന്നാപുരം കോട്ടകളിൽ ഒരു ലക്ഷവും ഒന്നരലക്ഷവും വോട്ടുകൾക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ജയിച്ചുകയറിയപ്പോൾ മുഖ്യമന്ത്രിയുടെയും മറ്റുള്ള മന്ത്രിമാരുടെയും ബൂത്തുകളിലും എതിരാളികൾ വെന്നിക്കൊടി പാറിച്ചു. 


മകളെ രക്ഷിക്കുവാൻ മാത്രമായി ഒരു പാർട്ടിയെ ഒന്നടങ്കം ഒറ്റുകൊടുത്തപ്പോൾ 111 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ്സും മന്ത്രിമാരുടേതടക്കം 11 മണ്ഡലങ്ങളിൽ ബിജെപിയും മുന്നിൽ വന്നതും മുമ്പേ മനസിലാക്കിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുകൾക്കിടയിൽ കുടുംബവുമായി വിദേശയാത്ര നടത്തിയതും അഹങ്കാരത്തിന്റെ മൂർത്തീഭാവത്തിൽ തന്നേയായിരുന്നു. 


ശിക്ഷ കര്‍ഷകര്‍ വക

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ സർക്കാർ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്ക് ഹാജർ നൽകില്ലെന്ന് യുപി സർക്കാർ

ബുൾഡോസർ ഉപയോഗിച്ചുകൊണ്ട് തങ്ങൾക്ക് ഇഷ്ടമല്ലാത്തവരുടെ വീടുകൾ ഇടിച്ചുപൊളിക്കുകയും, തിരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളികളെ കുടുംബസമേതം വെടിവെച്ചു വീഴ്ത്തുകയും, കർഷകസമരങ്ങൾക്ക് ഇടയിലേക്ക് വാഹനമോടിച്ചു കയറ്റി കൊല്ലുകയും അഗ്നിവീർ പോലുള്ള കിരാത നിയമങ്ങളിലൂടെ ചെറുപ്പക്കാരെ വേദനിപ്പിക്കുകയും ചെയ്ത യോഗി ആദിത്യനാഥിനും അമിത്ഷാക്കും കിട്ടിയ തിരിച്ചടികളാണ് ഉത്തർ പ്രദേശത്തിൽ നാം കണ്ടത്. 

എതിർപാർട്ടികളിലെ നേതാക്കളെ ഒന്നടങ്കം ഭീഷണിയിലൂടെ വിലക്കുവാങ്ങുകയും അവരെ ഇല്ലാതാക്കുവാൻ ശ്രമിച്ചതിനും അമിത്ഷാക്കുള്ള മറുപടികൂടിയാണ് ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തിലെ നല്ലവരായ വോട്ടർമാർ നൽകിയ പാഠം.

ഷെയർമാർക്കറ്റ് കളികളും സകലമാന കമ്പനികളിൽ പാർട്ണർഷിപ്പും കൊണ്ട് ഇന്ത്യകണ്ട ഏറ്റവും വലിയ കോടീശ്വരൻ ആയി മാറിയ അമിത്ഷായുമായി പാർട്ടിയിലെ യോഗിയും ഗഡ്കരിയും രാജ്‌നാഥ്‌ സിങ്ങും മിണ്ടിയിട്ട് തന്നെ വർഷങ്ങളായി. 

അവരുടെയൊക്കെ വേദനതിരഞ്ഞെടുപ്പിൽ എതിരായി വന്നപ്പോൾ ആർഎസ്എസ് എന്ന പോഷകസംഘടന നൽകിയ മുന്നറിയിപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 


അദാനിക്കായി ഇന്ത്യയെയും ഇന്ത്യയിലെ സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിറ്റുതുലച്ചപ്പോൾ ഇങ്ങനയൊക്കെ ജനം മറുപടി പറയുമെന്ന് ഈ അഹങ്കാരികൾ കരുതിക്കാണില്ല. കൂടാതെ ഇഡിയെ കാണിച്ചു പേടിപ്പിച്ച് കാലുമാറ്റിയ ഒട്ടുമിക്കവരും എട്ടുനിലയിൽ പൊട്ടിയതും ഒരു തിരിച്ചടി കൂടിയാണ്.


സ്മൃതിക്ക് സ്മരണ വേണം 

smrithi

ഈ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും അവരുടെ ഏറ്റവും അഹങ്കാരിയും മോശവുമായ നേതാവ് സ്മൃതി ഇറാനിയെന്ന സീരിയൽ നടിയുടെ അമേഠിയിലെ ദയനീയ തോൽ‌വിയിൽ ഇന്ത്യൻ ജനത വളരെയേറെ സന്തോഷിച്ചു കൊണ്ടിരിക്കുന്നു.

കേവലം സാധാരണക്കാരനായ കിഷോരിലാൽ എന്ന ഒരാളുടെ മുന്നിൽ സ്മൃതി ഇറാനി കാലിടറി വീണപ്പോൾ ബിജെപിയിലെ തന്നെ ഒട്ടേറെ ആളുകൾ കൈകൊട്ടി ചിരിക്കുന്നത് കാണാമായിരുന്നു. അത്രയേറെ ട്രോളുകളും വാർത്തകളും വിമർശനങ്ങളുമാണ് അവർ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. 

രാമനും കൈവിട്ടു 

സാക്ഷാൽ ശ്രീരാമനെ ഹൈജാക്ക് ചെയ്തുകൊണ്ട് നടത്തിയ നാടകങ്ങൾക്ക് ശ്രീരാമൻ തന്നെ മറുപടി നൽകിയപ്പോൾ അയോദ്ധ്യ എന്ന പുണ്യഭൂമി ഉൾപ്പെടുന്ന ഫൈസാബാദിൽ  നരേന്ദ്രമോഡിക്കേറ്റ തിരിച്ചടിയാണ് അവിടത്തെ വമ്പൻ തോൽവി. 

ആ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥി ഒന്നാമതെത്തിയപ്പോൾ മോഡിജി തലകുനിക്കുകയായിരുന്നു. 

ഞെട്ടിച്ചത് വാരണാസി 

സ്വയം പ്രഖ്യാപിത ദൈവപുത്രനായി അവരോധിച്ച നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരണാസിയിൽ വോട്ടെണ്ണി തുടങ്ങിയ രണ്ടു മണിക്കൂറുകളിൽ പതിനായിരത്തിനും ആറായിരത്തിനും വോട്ടുകൾക്ക് പിറകിലായപ്പോൾ തന്നെ ഇന്ത്യയിലെ 58 ശതമാനം ജനങ്ങളും ദൈവത്തിന് നന്ദി പറഞ്ഞു. നരേന്ദ്രമോഡിയെന്ന ഏകാധിപതിക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു വാരണാസിയിലെ വോട്ടെണ്ണൽ.

modi Untitled.k.jpg


2019 തിരഞ്ഞെടുപ്പിൽ 479505 വോട്ടുകൾക്ക് ജയിച്ചുകയറിയ നരേന്ദ്രമോദിയെ ഇത്തവണ 152513 വോട്ടുകളുടെ മാർജിനിൽ എത്തിച്ച അജയ് റായ് തന്നെയാണ് യഥാർത്ഥത്തിൽ അവിടെ ജയിച്ചുകയറിയത് . 58 ശതമാനം വോട്ടുകൾ എതിരായി വന്നതും  കേവലഭൂരിപക്ഷത്തിൽ എത്താതെ വന്നതും നരേന്ദ്രമോദിയെന്ന ഏകാധിപതി ആദ്യം തുറന്നുവിട്ട 400 സീറ്റുകൾ എന്ന വിടുവായത്തം ഒന്നുകൊണ്ടു മാത്രമാണ്.


കരകയറ്റം കഷ്ടിച്ച് 

എത്ര വലിയ ഏകാധിപതിക്കും അഹങ്കാരിക്കും അവരുടെ വായയും പ്രവർത്തികളും ബുമറാങ് ആയി ഭവിക്കും എന്നതിന്റെ തെളിവുകൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് റിസൾട്ടുകൾ. നരേന്ദ്ര മോഡി പ്രസംഗിച്ച മഹാരാഷ്ട്രയിലെ എല്ലാ മണ്ഡലങ്ങളിലും എതിരാളികൾ ജയിച്ചു കയറിയത് അദ്ദേഹം ഇനിയെങ്കിലും മനസിലാക്കിയാൽ നന്നായിരുന്നു.


ഇത്തവണ ബിജെപി ജയിച്ചുകയറിയ മുപ്പതോളം സീറ്റുകളിൽ പാർട്ടിക്ക് 500 ൽ താഴെയേ ഭൂതിപക്ഷമുള്ളൂ, നൂറോളം മണ്ഡലങ്ങളിൽ 1000 വോട്ടുകൾക്ക് താഴെയും. പ്രതിപക്ഷ കക്ഷികൾ ഒന്നുകൂടി മെനക്കെട്ടിരുന്നുവെങ്കിൽ 100 സീറ്റുകൾ അനായാസം ജയിച്ചുകയറാമായിരുന്നു എന്ന് പകൽവെളിച്ചം പോലെ വ്യക്തം.


അങ്ങനെയങ്കിൽ 240 എന്നത് 140 ആകുമായിരുന്നു എന്നത് നരേന്ദ്രമോഡിയെ ഇന്ത്യയുടെ രക്ഷകൻ എന്നും ദൈവപുത്രനെന്നും കണക്കാക്കി ആരാധിക്കുന്ന ഒട്ടേറെ ബുദ്ധിജീവികൾ എന്ന് സ്വയം നടിക്കുന്ന ആളുകൾ മനസിലാക്കിയാൽ കൊള്ളാം. 

നമ്മുടെ നാടിന്റെ പണം ധൂർത്തടിച്ചുകൊണ്ട് അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും കറങ്ങിയടിച്ചുകൊണ്ട് അവിടെയൊക്കെ ഡീലുകൾ ചെയ്തുവന്നിരുന്ന നരേന്ദ്രമോദിയാണത്രെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇന്ത്യ രാജ്യത്തിൻറെ യശസ്സ് ഉയർത്തിയതെന്ന് അവകാശപെടുന്നവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ 2024 റിസൾട്ട്.

ഇതാണ് ശിക്ഷ 

ഒരു ഏകാധിപതിയെ  സംബന്ധിടത്തോളം അവരുടെ ഏറ്റവും വലിയ വിഷമമാണ് അവർ വെറുക്കുന്നവരുമായുള്ള കൂട്ടുകെട്ടും അവരുടെ സഹായത്താൽ ഭരിക്കേണ്ടി വരുമെന്നുള്ള വിധിയെഴുത്തും . അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 

ഒരിക്കലും ഇഷ്ടപ്പെടാത്ത ആളുകളെ അപ്പുറത്തും ഇപ്പുറത്തും ഇരുത്തിയുള്ള ഒരു ഭരണത്തിനേക്കാൾ നല്ലത് അദ്ദേഹം ഒരു ദിവസത്തേക്ക് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരമേൽക്കുകയും തനിക്കായി വോട്ടു ചെയ്ത ജനങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട്  സ്വയം രാജിവെച്ച് അടുത്ത അവകാശപ്പെട്ട നിതിൻ ഗഡ്കരി പോലുള്ള യഥാർത്ഥ രാഷ്ട്രീയക്കാർക്ക് സ്ഥാനം ഒഴിഞ്ഞു നൽകിയാൽ ജനം അദ്ദേഹത്തെ വീണ്ടും ബഹുമാനിക്കും . ഇല്ലെങ്കിൽ അതും ഒരു ദുരന്തമായി അവസാനിച്ചേക്കാം !!!


എല്ലാറ്റിനുമുപരി ഈ തിരഞ്ഞെടുപ്പ് ഫലം ഏറെ ബാധിച്ചത് ടെലിവിഷൻ ചാനലുകളെയും പത്രപ്രവർത്തകരെയും ഓൺലൈൻ ചാനലുകാരെയും തിരഞ്ഞെടുപ്പ് നിരീക്ഷകരെയുമാണ്. പ്രശാന്ത് കിഷോർ എന്നവന്റെ അവസാന പ്രവചനമാണ് ഇത്തവണത്തേത്. കോൺഗ്രസ്സിന് മൂന്നക്കം തികയില്ല എന്ന് പറഞ്ഞത് ആ മനുഷ്യൻ വിഴുങ്ങാതിരുന്നാൽ മതിയായിരുന്നു. 


എക്സിറ്റ് പോളുകള്‍ 'എക്സിറ്റ്' ആയി 

കർണാടക , ഹിമാചൽ , തെലങ്കാന പ്രവചനങ്ങളെ ഒന്നടങ്കം വിഴുങ്ങിയത് നാം ചാനൽ ഇന്റർവ്യൂവിൽ കണ്ടതാണ്. എന്ത് തന്നെ സംഭവിച്ചാലും ബിജെപി 340 സീറ്റിനു മേലെ പോകും എന്ന് ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിച്ചവന്റെ മുഖത്താണ് ആദ്യം അടിക്കേണ്ടത്. എക്സിറ്റ് ഫലത്തിന്റെ പേരിൽ ഇന്ത്യക്കാരുടെ മൊത്തം ഉറക്കം നഷ്ടപ്പെടുത്തിയ ചാനലുകാർ അവരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഒട്ടേറെ കഷ്ടപ്പെടേണ്ടി വരും.


വടക്കേ ഇന്ത്യയിലെ ചാനലുകൾ ഒന്നടങ്കം ഇന്ത്യയിലെ നല്ലവരായ ജനതയോട് മാപ്പ് പറഞ്ഞേ പറ്റൂ. അത്രമാത്രം അവർ ജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നു. കേരളത്തില്‍ മനോരമയും. 


ദൈവമാണ് രക്ഷപ്പെട്ടത് !

കർഷകസമരങ്ങളും , രാജ്പുട്ട് സമരങ്ങളും, അഗ്നിവീർ സമരങ്ങളും, ബീഹാറിലെ അധ്യാപക സമരങ്ങളും അവർ ജനങ്ങളിൽ എത്തിച്ചില്ല. മോഡി - അമിത് സ്തുതിപാഠകരായി അവർ സ്വമേധയാ അധഃപതിക്കുകയായിരുന്നു. റിപ്പബ്ലിക്ക് ചാനലുകാരനെ പണ്ടത്തെ പോലെ ഒന്നുകൂടി പൊക്കിയെടുത്തു അകത്തിട്ടാലെ ഇന്ത്യാരാജ്യം രക്ഷപെടുകയുള്ളൂ. 


എന്തിനധികം പറയുന്നു നമ്മുടെ സ്വന്തം മനോരമ ചാനൽ തോൽപ്പിച്ച ഷാഫിയും ശ്രീകണ്ഠനും സുരേഷ് ഗോപിയും അവരവരുടെ ഭൂരിപക്ഷത്താൽ മനോരമയുടെ അണ്ണാക്കിൽ പിണ്ണാക്ക് തള്ളി . കേരളത്തിൽ അത്യാവശ്യം മോശമല്ലാതെ കാര്യങ്ങൾ വിശദീകരിച്ച ഉണ്ണി ബാലകൃഷ്ണനാണ് ഇത്തവണത്തെ താരം.


മോഡിയാണ് ദൈവം എന്ന് കരുതിയവർക്കും പ്രചരിപ്പിച്ചവർക്കും ഇവിഎമ്മിലൂടെ മറുപടി കൊടുത്ത ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ഇനിയും വിവേകത്തോടെ വോട്ടുചെയ്താൽ നമ്മുക്ക് വർഗീയതയും തൻ പ്രമാണിത്തവും അവസാനിപ്പിക്കാം. നല്ലൊരു ഇന്ത്യക്കായി പ്രാർത്ഥിക്കാം !

സ്മൃതി ഇറാനിയുടെ തോൽ‌വിയിൽ മനം നൊന്ത് അടിച്ചുപൂസായിക്കൊണ്ട് കാര്യവാഹ് ദാസനും

കങ്കണ റാവത്തിന്റെ മോന്തക്കുറ്റിക്ക് പൊട്ടിച്ച ഉദ്യോഗസ്ഥയെ നമിച്ചുകൊണ്ട് സഖാവ് വിജയനും 

Advertisment