Advertisment

തൊപ്പിയും തൊട്ടിയും ചെകുത്താനും വരെ യുട്യൂബ് രാജാക്കന്മാരാകുന്ന കാലം. വാർത്തയെന്ന പേരിൽ നടക്കുന്നതോ തെറിവിളി. ചില വിവാഹങ്ങളിൽ പങ്കെടുക്കാൻ പോലും പറ്റാതെ മടങ്ങിപോകേണ്ടി വരുന്ന ഗസ്റ്റുകൾ. ഈ ഗതികെട്ട യുട്യൂബ് കാലത്തിനെന്നറുതി വരും ? - ദാസനും വിജയനും

തൊണ്ണൂറു ശതമാനം യുട്യൂബർമാരും പണം വാങ്ങിയും ഫീസ് വാങ്ങിയും ഒന്നും കിട്ടിയില്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറുനിറച്ചു കഴിച്ചും ആണ് വിഡിയോകൾ പടച്ചു വിടുന്നത്. എല്ലായിടത്തും ഒരേ ഭാഷ.. ഒരേ ടേസ്റ്റ്.. ഒരേ ശൈലി. എല്ലാവരെയും അല്ല ഉദ്ദേശിച്ചത്, ചിലരെ മാത്രം. 

New Update
youtuber

ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപമായി മാറുകയാണ് ചെകുത്താന്മാരായ യുട്യൂബർമാർ എന്നാണ് നാടിന്റെ പൊതുവികാരം. അവർ സമൂഹത്തിനും പ്രകൃതിക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നിസ്സാരമായി കാണാനാകില്ല'.

Advertisment

അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലും പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്കുള്ള യുട്യൂബർമാരുടെ ഒഴുക്കിനെ നിയമം കൊണ്ട് തടയിടുകയാണ് പ്രകൃതി സ്നേഹികൾ. വളരെ ലോലമായ പല ഭൂപ്രദേശങ്ങളും യുട്യൂബർമാരുടെ അനാവശ്യ പ്രചാരണം മൂലം നശിപ്പിക്കപ്പെട്ടതായി ലോക സംഘടനകൾ കണ്ടെത്തിയിരിക്കുന്നു. 

നമ്മുടെ കൊച്ചു കേരളത്തിനെ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും ദുരിതം നേരിട്ടുകൊണ്ടിരിക്കുന്നത് കൊല്ലങ്കോട്ടുകാർ ആണ് .

ഈയിടെ ഏറ്റവും മികച്ച പ്രകൃതി സൗന്ദര്യത്തിന് കൊല്ലങ്കോടിനെ തിരഞ്ഞെടുത്ത വാർത്ത വന്നത് മുതൽ യുട്യൂബർമാർ ഒന്നടങ്കം അങ്ങോട്ട് കുത്തൊഴുക്കായി.

അവരുടെ ഓഞ്ഞ വീഡിയോകൾ കണ്ടുകൊണ്ട് സാധാരണ കുടുംബങ്ങൾ അങ്ങോട്ട് തിക്കി കയറുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറുകയാണ് കൊല്ലങ്കോട്.

സോഷ്യൽ മീഡിയ തുടങ്ങിയപ്പോൾ തന്നെ കൊല്ലങ്കോട്ടെ കുറെ നല്ല ഫോട്ടോ ഗ്രാഫർമാർ പോസ്റ്റ് ചെയ്ത ചിത്രങ്ങളും നല്ല മെലഡി ഗാനങ്ങളുടെ അകമ്പടിയോടെ പോസ്റ്റ് ചെയ്ത റീൽസും ഒക്കെയാണ് കൊല്ലങ്ങോടിനെ ആഗോള ശ്രദ്ധയാകർഷിക്കാൻ സഹായകമായത്. ആ നന്മയെ ഇന്നിപ്പോൾ യുട്യൂബർമാർ നശിപ്പിച്ചു പണ്ടാരമടങ്ങുന്നു . 

യുട്യൂബർ കയറിയ ഹോട്ടലുകൾക്ക് കഷ്ടം ! 

ഇന്നിപ്പോൾ ജനങ്ങളുടെ ഇടയിലെ അഭിപ്രായം ‘’ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ യുട്യൂബർ കയറാത്ത ഹോട്ടലുകളിൽ കയറിയാൽ മതി‘’ എന്നായിരിക്കുന്നു. ഒരു യുട്യൂബർ എത്രത്തോളം ഒരു ഹോട്ടലിനെയോ തട്ടുകടയെയോ പൊക്കി പൊക്കി അലക്കുകയാണെങ്കിൽ അത്രേം അവിടത്തെ ഭക്ഷണം അലമ്പായിരിക്കും എന്നാണ് പൊതുരീതി.

തൊണ്ണൂറു ശതമാനം യുട്യൂബർമാരും പണം വാങ്ങിയും ഫീസ് വാങ്ങിയും ഒന്നും കിട്ടിയില്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറുനിറച്ചു കഴിച്ചും ആണ് വിഡിയോകൾ പടച്ചു വിടുന്നത്. എല്ലായിടത്തും ഒരേ ഭാഷ.. ഒരേ ടേസ്റ്റ്.. ഒരേ ശൈലി. എല്ലാവരെയും അല്ല ഉദ്ദേശിച്ചത്, ചിലരെ മാത്രം. 

തൊപ്പിയും തൊട്ടിയും ചെകുത്താനും വരെ  

സമൂഹത്തിൽ വളരെ താഴെക്കിടയിൽ കിടന്ന് കഷ്ടപ്പാടുകളും ജോലി നഷ്ടങ്ങളും ഒക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ലോട്ടറിയടിച്ച പോലെ കോവിഡ് വന്നു തകർത്താടിയപ്പോൾ മുളച്ചു പൊന്തിയ ഒട്ടനവധി യുട്യൂബർമാർ അവർ ചെയുന്നത് എന്താണെന്നോ അവർ പറയുന്നത് എന്താണെന്നോ അറിയാതെ വിളിച്ചുകൂവുകയാണ്.

അതിപ്പോൾ കേരളത്തിലെ ഒന്നാംകിട ആണെന്ന് അവകാശപ്പെട്ടിരുന്ന യുട്യൂബ് മുതലാളി മുതൽ വളിപാട്ട്  കൊണ്ട് പോലീസ് പിടിച്ച തൊപ്പിയും ചെകുത്താനും വരെ എത്തിനിൽക്കുന്നു. ഒരു മൈക്കും ഒരു ക്യാമറയും ഉണ്ടെങ്കിൽ എന്തും എങ്ങനെയും ആരെ പറ്റിയും വിളിച്ചു പറയാമെന്നുള്ള അവരുടെ വിവരമില്ലായ്മക്ക് ഇന്നിപ്പോൾ കൂച്ചുവിലങ്ങുകൾ വന്നു തുടങ്ങിയിരിക്കുന്നു. 

നിയന്ത്രണമില്ലാതെ യുട്യൂബ് 

ഇക്കാര്യത്തിൽ സർക്കാരും ഗൂഗിൾ കമ്പനിയും ചില മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. ആർക്കും എന്ത് തോന്ന്യാസങ്ങളും വിളിച്ചു പറയാവുന്ന ഒരു വേദിയാകരുത് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ. ഈ പോക്ക് പോയാൽ യുട്യൂബർ പറയുന്ന അവർ നല്ലതെന്നു പറയുന്ന ഭക്ഷണമോ വസ്തുക്കളോ വാങ്ങുവാൻ ആളില്ലാതെയാകും.

നിലവാരമില്ലാത്ത വസ്തുക്കൾ വിറ്റഴിക്കുവാൻ സഹായിക്കുന്നതിന് യുട്യൂബിനെതിരെ കേസുകൾ ഫയൽ ചെയ്യേണ്ടി വന്നേക്കും. നിലവാരമില്ലാത്ത ഭാഷാപ്രയോഗങ്ങളും അവിശ്വസനീയമായ സംഭവങ്ങളും സത്യമല്ലാത്ത വാർത്തകളും റിപ്പോർട്ടുകളും കുത്തിനിറച്ചുകൊണ്ട് ചെയ്തുകൂട്ടുന്ന ഇത്തരം കോപ്രായങ്ങൾ മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. പല യുട്യൂബർമാരും എല്ലാം തുടങ്ങിവെച്ചിട്ട് ക്ലച്ച് പിടിക്കാതെ വന്നപ്പോൾ കളം വിട്ടതായും കാണുന്നു.

 തെറിപ്പാട്ടല്ല  വാർത്ത !

വാർത്താ ചാനലുകൾ എന്ന പേരിൽ അവർ പറയുന്നതെന്തെന്ന് അറിയാതെ കാള പെറ്റു എന്ന് കേട്ടപ്പോൾ  കയറുമായി പോയി കുടുങ്ങിയ കാഴ്ചകളും കാണാം. വർഗീയതയും വിഭാഗീയതയും കൈമുതലാക്കി ഇവന്മാർ ലൈക്കുകൾ വാങ്ങി കൂട്ടി.

ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ അതിന്റെ പേരിൽ ക്വട്ടേഷനുകൾക്ക് വരെ കേരളം സാക്ഷിയായി. കേരളത്തിൽ ചില വിവാഹ മോചനങ്ങൾക്കുപോലും കാരണമായത് യുട്യൂബർമാരുടെ ലീലാ വിലാസങ്ങളാണ്. പല പീഡനങ്ങളും പോക്സോ കേസുകളും തട്ടിക്കൊണ്ടുപോകലുകളും ഇതിന്റെ പേരിൽ അരങ്ങേറുന്നു. 

വിവാഹങ്ങളിലെ യുട്യൂബ് മാമാങ്കം 

ഈയിടെ ഗൾഫിൽ നടന്ന ഒരു വിവാഹമാമാങ്കത്തിൽ ഇന്ത്യയിലെ  ഒന്നടങ്കം യുട്യൂബർമാർ പങ്കെടുത്തിരുന്നു. കല്യാണത്തിൽ പങ്കെടുത്ത മറ്റുള്ള വിഐപികൾക്കും ബന്ധുക്കൾക്കും യുട്യൂബർമാരെക്കൊണ്ടുള്ള ശല്യം സഹിക്കാനാവാതെ വന്നപാടെ സ്ഥലം കാലിയാക്കി. ഒടുവിൽ പെണ്ണിന്റെ വീട്ടുകാർക്ക് ചെറുക്കന്റെ വീട്ടുകാരോട് കയർത്തു സംസാരിക്കേണ്ടിവന്നു.

ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഇത് എല്ലാവരെയും കുറിച്ചല്ല. ചിലരാണ് പ്രശ്നം. സമൂഹത്തിനോട് നന്മ ചെയ്യാൻ ആവശ്യപ്പെടുന്ന വിഡിയോകൾ, ഇഷ്ടംപോലെ സഹായങ്ങൾ  ചെയ്തുകൊണ്ടുള്ള സംഭവങ്ങൾ ഒന്നും ആരും മറക്കുന്നില്ല. പക്ഷെ ഒന്നുകൂടി ജനകീയമാകുവാൻ ശ്രമിക്കുക 

 

വീണ്ടും എഴുതുന്നു, എല്ലാവരെയും ഉദ്ദേശിച്ചല്ല ഈ എഴുത്ത്, മാറ്റം ആവശ്യമാണല്ലോ എന്ന് കരുതി മാത്രം ?

 

നിങ്ങൾ എന്തുവേണേലും ചെയ്തോളൂ, പ്രകൃതിയെ മാത്രം നശിപ്പിക്കരുത് എന്നഭ്യർത്ഥനയുമായി പ്രൊഫസർ ദാസനും                                      

നല്ല ഭക്ഷണത്തെ മാത്രം നല്ലതുപറയു എന്ന അഭ്യർത്ഥനയിൽ വിജയൻ മാഷും

 

 





Advertisment