Advertisment

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയും കോൺഗ്രസിന് കരുത്താകും. 'കടക്കൂ പുറത്തേക്ക് ’ കേട്ട് ശീലിച്ച മാധ്യമ സുഹൃത്തുക്കൾ യാഥാർത്ഥ ‘ക്യാപ്റ്റനെ’ കണ്ടെത്തി. പാഞ്ഞുപോകുന്ന എസ്‌കോർട്ട് വാഹനങ്ങളുടെ പുറകെ പായാതെ ഇഴഞ്ഞുനീങ്ങിയ ആ കെഎസ്ആർടിസി ബസിനൊപ്പം അവർ മെല്ലെ നടന്നു. ആ വിലാപയാത്രയിൽ താരതമ്യം ചെയ്തത് മുൻ മുഖ്യമന്ത്രിയെയും നിലവിലെ മുഖ്യമന്ത്രിയെയും. ഉമ്മൻ ചാണ്ടി കടന്നുപോകുമ്പോൾ - ദാസനും വിജയനും

എന്തൊക്കെയാണ് ആ മൂന്നു ദിനങ്ങളിൽ സംഭവിച്ചത് എന്നത് ഓർക്കുമ്പോൾ മലയാളിയോട് അഭിമാനം തോന്നിപ്പോകുന്നു. ഇപ്പോൾ അധികാരം കയ്യാളുന്നവരുടെ കണ്ണ് തുറപ്പിച്ച മൂന്നു ദിനരാത്രങ്ങൾ. അവർ ചെയ്യുന്നതൊക്കെ എന്തോ പെരുമ ആണെന്ന് കരുതിയവർക്ക് തെറ്റു പറ്റിയ രണ്ടു പകലും ഒരു രാത്രിയും. 

New Update
pinarai vijayan oommen chandy

മലയാളി നശിച്ചു, മലയാള മനസ്സ് കല്ലുപോലെയായി, നന്ദിയില്ലാത്ത വർഗ്ഗം, വിശ്വസിക്കാൻ കൊള്ളൂല, ആകെ മൊത്തം പാരയാണ്,

അസൂയ കുശുമ്പ് കൈമുതലായുള്ളവർ, സ്നേഹമറിയാത്തവർ, പെട്ടെന്ന് പറ്റിക്കപ്പെടുന്നവർ, പരസ്പരസഹായമില്ലാത്തവർ എന്നൊക്കെ നാം കുറെ നാളുകളായി അടക്കി പറയുകയും സിനിമകളിലൂടെയും മറ്റുള്ള സോഷ്യൽ മീഡിയകളിലൂടെയും നേരിട്ട് പറയുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി തന്റെ പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയിൽ മലയാളിയുടെ നന്മ മനസ്സുകളെ വീണ്ടെടുത്തിരിക്കുകയാണ് . 

Advertisment

ഇക്കാര്യത്തിൽ ഏറ്റവും അരിശം കൊള്ളുന്നതും നഷ്ടം സംഭവിച്ചിരിക്കുന്നതും ഭരണത്തിലുള്ള ചിലർക്കൊക്കെ ആണ്. ജനം ഉമ്മൻ ചാണ്ടിയെയും പിന്നെയുള്ളവരെയും താരതമ്യം ചെയ്തുതുടങ്ങി. അതിനാൽ തന്നെ അവർക്ക് ഇനിയെങ്കിലും തങ്ങളുടെ പ്രവർത്തന ശൈലികൾ തിരുത്താതിരിക്കാൻ കഴിയാതായിരിക്കുന്നു. ലോകം എന്നും അങ്ങനെയാണ്.

എത്ര സാത്താന്മാർ കീഴടക്കാൻ ശ്രമിച്ചാലും ചില നന്മയുള്ള മാലാഖമാരും പ്രവാചകന്മാരും അവതരിക്കുന്നു. കുറച്ചു നാളത്തേക്കെങ്കിലും ലേശം നന്മകൾ കാണുവാനും അനുഭവിക്കുവാനും ഇക്കൂട്ടർ നമുക്ക് സാഹചര്യങ്ങൾ ഒരുക്കുന്നു. പിന്നെയും സാത്താന്മാർ അവരെ തുരത്തുന്നു. അതിന്നായി അപവാദങ്ങളും അക്രമങ്ങളും അവർ അഴിച്ചുവിടുന്നു. ഇത് നൂറ്റാണ്ടുകളായി  നാം അനുഭവിച്ചുവരുന്ന ചില സത്യങ്ങൾ മാത്രം. 

oommen chandy vilapa yathra

മരണമെത്തുന്നതിന് മുന്നേ അഗ്നിശുദ്ധി വരുത്തി മരണത്തെ വളരെ ലാഘവത്തോടെ ഏറ്റുവാങ്ങി ജനമനസുകളിൽ ആരാധനയുടെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് ബംഗളുരുവിൽ നിന്നും തുടങ്ങി തലസ്ഥാനത്തെത്തി അവിടെ നിന്നും ജനിച്ച മണ്ണിലേയ്ക്ക് ആ മനുഷ്യൻ നീങ്ങിയപ്പോൾ കേരളത്തിന്റെ നന്മ ജനങ്ങളുടെ നന്മ എല്ലാം അണപൊട്ടിയൊഴുകി 

എന്തൊക്കെയാണ് ആ മൂന്നു ദിനങ്ങളിൽ സംഭവിച്ചത് എന്നത് ഓർക്കുമ്പോൾ മലയാളിയോട് അഭിമാനം തോന്നിപ്പോകുന്നു. ഇപ്പോൾ അധികാരം കയ്യാളുന്നവരുടെ കണ്ണ് തുറപ്പിച്ച മൂന്നു ദിനരാത്രങ്ങൾ. അവർ ചെയ്യുന്നതൊക്കെ എന്തോ പെരുമ ആണെന്ന് കരുതിയവർക്ക് തെറ്റു പറ്റിയ രണ്ടു പകലും ഒരു രാത്രിയും. 

ഇന്ത്യ എന്ന പേരിൽ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയ അന്ന് രാത്രി ഇന്ത്യയുടെ നന്മയും ഭാവിയും മുന്നിൽ കണ്ടുകൊണ്ട് ആ മഹാരഥൻ ഇഹലോകവാസം വെടിഞ്ഞപ്പോൾ ഇന്ത്യയിലെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന എല്ലാ നേതാക്കന്മാരും ഒരേ സമയം അദ്ദേഹത്തെ കാണുവാൻ എത്തിയത് തന്നെ ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവം തന്നെ. 

അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ശരി വെക്കുന്നതായിരുന്നു അന്നത്തെ ആ യാത്രയയപ്പ്. പിന്നീട് തലസ്ഥാനത്തെത്തിയപ്പോൾ മാധവൻകുട്ടി എന്ന ദേശാഭിമാനിക്കാരൻ ആദ്യ വെടി പൊട്ടിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ജനമനസുകളിലെ ഭൂരിപക്ഷം വർദ്ധിച്ചു. 

oommen chandy vilapa yathra-2

'കടക്കൂ പുറത്തേക്ക് ’ എന്ന് മാത്രം കേട്ട് ശീലിച്ച തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കൾ നന്മയെയും തിന്മയെയും വേർതിരിക്കുവാൻ പഠിച്ചതും ഇക്കഴിഞ്ഞ ആഴ്ചയിലാണ്. ലേശം വൈകിയാണെങ്കിലും യാഥാർത്ഥ ‘ക്യാപ്റ്റനെ’ അവർ കണ്ടെത്തിക്കൊണ്ട് ആ ക്യാപ്റ്റനെ അനുഗമിക്കുവാൻ തയാറായി. പാഞ്ഞുപോകുന്ന എസ്‌കോർട്ട് വാഹനങ്ങളുടെ കൂടെ പോകാതെ ഇഴഞ്ഞുനീങ്ങിയ ആ കെഎസ്ആർടിസി ബസിനൊപ്പം ഡ്രൈവർ ബാബുവിന്റെ ക്ഷമക്കൊപ്പം അവരും ഇഴഞ്ഞുനീങ്ങി. കറുത്ത കൊടിയും കറുത്ത ബാഡ്ജും കറുത്ത വസ്ത്രങ്ങളും അണിഞ്ഞ ജനതക്കൊപ്പം അവരും ആ യാത്രയുടെ ഭാഗഭാക്കായി. 

ആ മഹാമനസ്കനെ തലശ്ശേരിയിൽ വെച്ച് കല്ലെറിഞ്ഞു എന്നപേരിൽ ക്രൂശിക്കപ്പെട്ട സി ഓ ടി നസീർ ആ വാഹനത്തെ അനുഗമിച്ചുകൊണ്ട് പുതുപ്പള്ളിയിലേക്ക് നീങ്ങിയപ്പോൾ യഥാർത്ഥത്തിൽ കല്ലെറിയുവാൻ ആഹ്വാനം ചെയ്തവർ ടിവിയിൽ കേരളം കണ്ട ഏറ്റവും വലിയ അനുശോചന റാലിയെ നോക്കിക്കൊണ്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. 

ഇനി അടുത്ത ഇര ആര് എന്നതായിരുന്നു ശകുനിമാരുടെ തലയിൽ നിറയെ. ഇങ്ങനെ പോയാൽ നിലം തൊടില്ല എന്ന് മനസ്സിലാക്കിയവർ ഇനി വിജിലൻസിന്റെ ഉപദേശം തേടുവാൻ തീരുമാനിച്ചു. കമ്പിക്കഥ കമ്മീഷൻ മൂന്നു ദിവസം കൊണ്ട് രണ്ടുകുപ്പി റം അടിച്ചു തീർത്തു. കിട്ടിയ പണം പാവപ്പെട്ടവന് കൊടുക്കുവാൻ തീരുമാനിച്ചു .

ഈ മരണത്തിൽ ഏറ്റവും നഷ്ടം ഇന്നത്തെ മുഖ്യമന്ത്രിക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ ശൈലിയും സ്വഭാവവും ചർച്ച ചെയ്യപ്പെട്ടു, അത് ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യപ്പെട്ടു. രണ്ടാം ഭരണം തങ്ങളുടെ കഴിവിന്റെ ഫലമല്ല എന്നത് ബോധ്യപ്പെടുവാൻ മുൻ മുഖ്യമന്ത്രി മരണപ്പെടേണ്ടി വന്നു എന്നതാണ് യാഥാർഥ്യം.

കോവിഡും പ്രളയവും സഹായത്തിനെത്തിയപ്പോൾ ഒരു കിടുക്കികുത്തിന് ജയിച്ചു കയറിയതാണെന്ന്  അടിമക്കണ്ണുകൾക്കും മനസിലായി തുടങ്ങി. അതിന്റെ രോദനങ്ങൾ വിനായകനിലൂടെ വെളിയിലും വന്നു. 

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയും പാവപ്പെട്ടവന് ഒരാവേശമായി മാറി. അണികൾക്ക് നേതാവിനെ കാണുവാനുള്ള അവസരം രണ്ടു യാത്രകളിലും കണ്ടപ്പോൾ പാവപ്പെട്ടവന് പ്രതീക്ഷകൾ കൈവന്നു തുടങ്ങി. 



ഈ സ്നേഹവും ഈ കരുതലും ഈ നന്മയും ഇനിയും തുടർന്നാൽ ഇവിടം സ്വർഗ്ഗമാണ്,



ഈ ഒരു മരണം അഹങ്കാരിയുടെ കണ്ണുകൾ തുറപ്പിക്കട്ടെ എന്ന പ്രാർത്ഥനയിൽ സഖാവ് ദാസനും 

ജനമാണ് വലുത് .. മനസ്സാണ് വലുത് എന്നതിലുറച്ചു ബസ് ഡ്രൈവർ വിജയനും

Advertisment