Advertisment

ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്‌സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും

ഭർത്താവിന്റെ മരണശേഷം രണ്ടറ്റങ്ങൾ കൂട്ടിമുട്ടിച്ചുകൊണ്ട് ജീവിച്ചുപോയിരുന്ന ഞങ്ങളുടെ ജീവിതത്തിൽ താങ്കളുടെ ആപ്പ് വലിയ ദുരന്തങ്ങളാണ് സമ്മാനിച്ചത്. ദൈവം തന്ന ബുദ്ധിയും പഠിപ്പും ഒക്കെ മതി എന്ന് മക്കൾ പറയുമ്പോൾ അവർക്കായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതന താങ്കൾ കണ്ടില്ലെന്ന് നടിക്കരുത്.

New Update
byjus app

പ്രിയപ്പെട്ട ബൈജുവിന്, 

Advertisment

ഞാൻ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ വള്ളിവട്ടം എന്ന ഗ്രാമത്തിൽ നിന്നാണ് ഈ കത്തെഴുതുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് സൗദിയിൽ വെച്ച് ഒരു അപകടത്തിൽ ഞങ്ങളെ തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞു. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും മാത്രമാണ് എന്റെ കൈമുതലായുള്ളത്. വീട്ടിലിരുന്ന് തയ്യൽ ജോലികൾ ചെയ്തുകൊണ്ടാണ് ഞാൻ ഇവരെ പഠിപ്പിക്കുന്നത്. 

കഷ്ടപ്പാടുകളെ തരണം ചെയ്തുകൊണ്ട് മൂന്നു പേരും നല്ല രീതിയിൽ പഠിക്കുന്നതുകൊണ്ടാണ് എനിക്ക് നന്നായൊന്ന് ഉറങ്ങുവാൻ സാധിക്കുന്നത്. ആയിടക്ക് കോവിഡ് വന്ന് നമ്മുടെ നാടിന്റെ വിദ്യാഭ്യസ സമ്പ്രദായത്തെ ആകെ മൊത്തം അട്ടിമറിച്ചുവെങ്കിലും അവരെ വീട്ടിലിരുത്തി നന്നായി പഠിപ്പിക്കുവാനും ലോക വിവരം മനസ്സിലാക്കി കൊടുക്കുവാനും ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു.

മൂത്ത മകളാണ് താങ്കളുടെ വിദ്യാഭ്യാസ ആപ്പ്ളിക്കേഷനെ കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. ആദ്യമൊന്നും എനിക്ക് ഒന്നുംതന്നെ മനസിലായതേ ഇല്ല. പിന്നീട് നാട്ടിലെ ഒരു വാർഡ് മെമ്പർ കൃഷ്ണൻ ആണ് കൂടുതൽ കാര്യങ്ങൾ മനസിലാക്കി തന്നത്. അദ്ദേഹവും മക്കൾക്കായി പണം അടച്ചിരുന്ന കാര്യവും സൂചിപ്പിച്ചിരുന്നു.

സർവീസ് സഹകരണ ബാങ്കിൽ ഒരു ലോണിനുവേണ്ടി സമീപിച്ചുവെങ്കിലും ധാരാളം ഒഴിവുകഴിവുകൾ പറഞ്ഞതിനാൽ മരിച്ചുപോയ ഭർത്താവിന്റെ സഹോദരിയിൽ നിന്നും കുറച്ചുപണം കടമായി വാങ്ങി മൂത്തമകളെ താങ്കളുടെ വിദ്യാഭ്യാസ സംരംഭത്തിൽ ഓൺലൈൻ ക്‌ളാസിനായി ചേർത്തു.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ മറ്റു രണ്ടു കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ താങ്കളുടെ കമ്പനിയുടെ ആളുകൾ വരുകയും കുട്ടികൾക്കായി ഒരു ബുദ്ധി പരീക്ഷ നടത്തുകയും ചെയ്തു. തൊണ്ണൂറു ശതമാനം കുട്ടികളും ബുദ്ധിയുള്ളവർ ആണെന്നും അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നുമൊക്കെ ക്ലസ്സെടുത്തു. 

പിന്നീട് അജയ്, രേഖ എന്നീ പേരുകളുള്ള രണ്ടുപേർ ഞങ്ങളുടെ വീട്ടിൽ എത്തുകയും രണ്ടു ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ തരികയും ചെയ്തു. ആസമയത്ത് മൂത്ത മകൾ എന്നെ ഉപദേശിച്ചു, ‘’എല്ലാം ആലോചിച്ചു മാത്രം മതിയെന്ന് ‘’. പുള്ളിക്കാരിക്ക് എല്ലാം മതിയായി തുടങ്ങിയിരുന്നു എന്നതാണ് സത്യം. രണ്ടു ലാപ്പ് ടോപ്പുകൾക്ക് ഇരുപതിനായിരം ആദ്യം വേണമെന്നും പിന്നീട് ഘട്ടം ഘട്ടമായി തന്നാൽ മതിയെന്നും പറഞ്ഞു.

അങ്ങനെ താലിമാലയുടെ താലി മാത്രം മാറ്റിവെച്ചുകൊണ്ട് മാല പണയം വെച്ച് ആ പണം ഒപ്പിച്ചുകൊടുത്തു. ടാബ് കിട്ടിയ നേരത്തുള്ള ശുഷ്‌കാന്തി മക്കളിൽ നിന്നും മാഞ്ഞുകൊണ്ടിരുന്നു, ഒപ്പം ഓൺലൈൺ ക്‌ളാസുകാരുടെ ആത്മാർത്ഥതയും. ഇൻസ്റ്റാൾമെന്റിനായി അവർ മുറവിളി കൂട്ടി. 

നാത്തൂൻ കടമായി തന്ന പണത്തിനായി വിളികൾ തുടങ്ങി, പരമാവധി നാറ്റിക്കാവുന്ന ഇടത്തൊക്കെ നാറ്റിക്കാനും ശ്രമിച്ചു, ഇനിയിപ്പോൾ ക്‌ളാസും വേണ്ട ലാപ്പ് ടോപ്പും വേണ്ട എന്ന തീരുമാനത്തിൽ ഞാനും മക്കളും എത്തിച്ചേർന്നു. എങ്ങനെയെങ്കിലും അവരുടെ പണം തിരികെ കൊടുക്കണം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. 

വാർഡ് മെമ്പറുമായി ഞങ്ങൾ കൂർക്കഞ്ചേരിയിലെ ഓഫീസിൽ എത്തിച്ചേർന്നപ്പോൾ അവർ ആദ്യം കൈമലർത്തി. പിന്നീട് ഭീഷണിയുടെ സ്വരമായപ്പോൾ ഞങ്ങൾ പേടിച്ചുപിന്മാറി. പോയതുപോയി ഇനി പോകാതെ നോക്കുവാൻ അയൽവക്കക്കാർ ഉപദേശിച്ചു. 

ഭർത്താവിന്റെ മരണശേഷം രണ്ടറ്റങ്ങൾ കൂട്ടിമുട്ടിച്ചുകൊണ്ട് ജീവിച്ചുപോയിരുന്ന ഞങ്ങളുടെ ജീവിതത്തിൽ താങ്കളുടെ ആപ്പ് വലിയ ദുരന്തങ്ങളാണ് സമ്മാനിച്ചത്. ദൈവം തന്ന ബുദ്ധിയും പഠിപ്പും ഒക്കെ മതി എന്ന് മക്കൾ പറയുമ്പോൾ അവർക്കായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതന താങ്കൾ കണ്ടില്ലെന്ന് നടിക്കരുത്. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളാണ് താങ്കളുടെ കമ്പനിയുടെ മാസ്മരിക വലയത്തിൽ പെട്ട് കണ്ണുനീർ കുടിക്കുന്നത് എന്നറിഞ്ഞു.

താങ്കൾ ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ താങ്കളുടെ വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്‌സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. 

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെട്ടാൽ പിന്നെന്ത് പ്രയോജനം എന്ന് വള്ളിവട്ടം പള്ളിയിലെ ചുമരിൽ വായിച്ചപ്പോൾ താങ്കളെ ഓർമ്മയിൽ വന്നു. താങ്കളുടെ വിജയം ഓരോരോ മലയാളിയുടെയും വിജയമാണ്. പക്ഷെ മറ്റുള്ളവരുടെ ചുമലിൽ ചവുട്ടിയുള്ള വിജയം ഏത് സമയവും തരിപ്പണമായേക്കാം. 

എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നേ പറ്റൂ:

സ്നേഹത്തോടെ  ഒട്ടേറെ വിഷമത്തോടെ മിസിസ് ദാസനും 

ഇങ്ങനെയൊന്നും ആരോടും ചെയ്യല്ലേ എന്ന ഉപദേശത്തിൽ മിസിസ് വിജയനും

Advertisment