Advertisment

മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ !  ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു

New Update
dasanum vijayanum

ഇപ്പോൾ മത്സരം മണിപ്പൂരും കേരളവും തമ്മിലാണെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റു പറയുവാനാകില്ല. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നു, അവരുടെ തലയിൽ കല്ലുകൊണ്ടിടിക്കുന്നു, കേരളത്തിലാണെങ്കിൽ അതേ കല്ലുകൾ കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തു ഇടിക്കുന്നു, അവരുടെ ശരീരം ഒടിച്ചു നുറുക്കുന്നു.

Advertisment

വളർത്തി വലുതാക്കിയ മുത്തച്ഛനേയും മുത്തശ്ശിയേയും വെട്ടി കൊല്ലുന്നു, ബൈക്കിടിപ്പിച്ചുകൊണ്ട് പെൺകുട്ടികളെ കൊല്ലുന്നു, ജ്യൂസിൽ വിഷം കലർത്തി കാമുകനെ ഇല്ലാതാക്കുന്നു, വിനോദയാത്ര വേളയിൽ കൊക്കയിലേക്ക് തള്ളിയിട്ട് ഭാര്യ ഭർത്താവിനെ കൊല്ലുന്നു, ഭർത്താവ് ഭാര്യയെ കൊല്ലുന്നു, ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു ഇല്ലാതാക്കുന്നു, മരിക്കാത്ത ഭർത്താവിനെ കൊന്നു എന്ന് പോലീസുകാർ പേടിപ്പിച്ചു പറയിപ്പിക്കുന്നു ... അങ്ങനെ അങ്ങനെ പോകുന്നു കേരളം !

വാളയാറിലും വണ്ടിപ്പെരിയാറിലും കുഞ്ഞു പൈതങ്ങളെ കൊന്നു കെട്ടിത്തൂക്കിയപ്പോൾ അവരെ സംരക്ഷിക്കുവാൻ ഭരണാധികാരികൾ മുതിർന്നപ്പോൾ ആ ഭരണാധികാരികൾക്ക് മഹാഭൂരിപക്ഷം നൽകി രണ്ടാമതും വിജയിപ്പിച്ചപ്പോഴൊക്കെ ഓർക്കണമായിരുന്നു ഈ വക ദുരന്തങ്ങൾ പിന്നാലെ വരുമെന്ന്. 

കേവലം ഇരുപത് ലോകസഭാ മണ്ഡലങ്ങൾ മാത്രമുള്ള കേരളത്തിൽ ഇത്രയും അരാജകത്വങ്ങൾ അരങ്ങേറുമ്പോഴും എൺപതും അൻപതും ലോക്സഭാ മണ്ഡലങ്ങൾ ഉള്ള ഉത്തർ പ്രദേശിലേക്കും ബീഹാറിലേക്കും കണ്ണും നട്ടിരിക്കുന്ന മാധ്യമങ്ങളും സാംസ്‌കാരിക പ്രവർത്തകർ എന്ന് പറയപ്പെടുന്നവരും യുവജന പ്രസ്ഥാനങ്ങളും ഇനിയെങ്കിലും ഓർത്തോളൂ, ഈ പോക്ക് പോകുകയാണെങ്കിൽ നിങ്ങളെ ജനങ്ങൾ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ചകൾ. കഴിഞ്ഞ ദിവസം ആലുവയിൽ ജനം അതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു.

പാർട്ടി ഓഫീസുകളിൽ ഒളികാമറ വെച്ച് കളികൾ കാണുന്നവരും, പാർട്ടിയിലെ നേതാക്കന്മാരുടെ മക്കളെയും ഭാര്യമാരെയും പീഡിപ്പിക്കുവാൻ ശ്രമിക്കുന്നവരും ഭരണ സിരാകേന്ദ്രങ്ങളിൽ എത്തുമ്പോൾ അവർക്കിഷ്ടപെട്ട പൊലീസുകാരെ അവർ അവരോധിക്കുമ്പോഴും ഇവിടെ നഷ്ടപ്പെടുന്നത് ഒരു സംസ്കാരമാണ്. ഇക്കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി നാം ഒരിക്കലും കേട്ടുകേൾവിയില്ലാത്ത കൊലപാതകങ്ങളും അതുപോലെയുള്ള പീഡനങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു.

വിശപ്പുമായി അലഞ്ഞുനടന്ന ഒരു ആദിവാസി യുവാവിനെ ഇല്ലായ്മ ചെയ്തവർ, വിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയെ ഇല്ലായ്മ ചെയ്തവർ, അഭിമന്യുവിനെ ഇല്ലായ്മ ചെയ്തവർ, ആംബുലൻസിൽ കോവിഡ് രോഗിയെ ബലാൽസംഘം ചെയ്തവർ, ഐസിയുവിൽ രോഗിയെ പീഡിപ്പിച്ചവർ,  ശവ ശരീരത്തെ വരെ വെറുതെ വിടാത്തവർ ആണിന്നിപ്പോൾ കേരളത്തിന്റെ ശാപം . 

ഭരണത്തിനെതിരെ പൊതുവികാരം ശക്തിപ്പെടുമ്പോൾ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, എതിരാളികളെ ഇല്ലായ്മ ചെയ്ത് അവരുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വേറെ രാഷ്ട്രീയ പാർട്ടിക്കാരുടെ ഓഫീസുകളിൽ കൊണ്ടിടുന്ന തട്ടിപ്പുകൾ, എതിരാളിയെ 52 വെട്ടുകൾ വെട്ടി കാറിൽ മറ്റുമതക്കാരുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്ന കുബുദ്ധികൾ, അതുപോലെ എത്രയെത്ര വാഹനാപകടങ്ങൾ എത്രയെത്ര ഭക്ഷ്യ വിഷബാധകൾ, എത്രയെത്ര ആത്മഹത്യാ പ്രേരണകൾ ഇതെല്ലാം കൊണ്ട് കേരളമിപ്പോൾ മണിപ്പൂരിനെയും യുപിയെയും ബീഹാറിനെയും കവച്ചു വെച്ചുകൊണ്ടിരിക്കുകയാണ്. 

ആമസോൺ കാടുകളിൽ തീ കത്തിക്കയറിയപ്പോൾ പ്രതികരിച്ചവർ, ഇറാഖിൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ ഹർത്താൽ നടത്തിയവർ, മെക്സിക്കോയിലെ കൂട്ട ബലാൽസംഘത്തിൽ മെഴുകുതിരി തെളിയിച്ചവർ, വിയറ്റനാമിലെ അക്രമങ്ങളിൽ തെരുവ് നാടകം കളിച്ചവർ, യുപിയിലെ പീഡനങ്ങളിൽ മുതലക്കണ്ണീർ ഒഴുക്കിയവർ എല്ലാം ഇന്ന് ഭരണത്തിന്റെ തിരക്കിലാണ്. 

അവർക്കിപ്പോൾ സമയം തീരെയില്ല, മന്ത്രിമാർക്ക് എല്ലായിടത്തും എത്താനാകില്ലല്ലോ, അവരൊക്കെ ഓരോരോ തിരക്കുകളിലാണ്, ആയതുകൊണ്ട് ക്ഷമിക്കുക,

എല്ലാം ശരിയാകും :

മുൻ മുഖ്യമന്ത്രിയുടെ മരണശേഷമാണ് മലയാളിയുടെ മനസാക്ഷി മരിച്ചിട്ടില്ല എന്ന് ബോധ്യമായതെന്ന് ദാസപ്പനും 

ഈ പോക്ക് പോയാൽ എല്ലാം ഉടനെ തന്നെ ശരിയാകും എന്ന വിശ്വാസത്തിൽ സഖാവ് വിജയനും

Advertisment