അമിതാവേശത്താൽ ഹരിയാനയും ആവേശമില്ലായ്മയിൽ മഹാരാഷ്ട്രയും നഷ്ടപ്പെട്ടുവെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കിട്ടുന്നതൊക്കെ ലാഭം തന്നെയാണ്.
2014 ലും 2019 ലും വൻ തകർച്ച നേരിട്ട കോൺഗ്രസ്സിന് കാവലാളായത് തെക്കേ അറ്റത്തുകിടക്കുന്ന ഈ കൊച്ചു കേരളം തന്നെയാണ്.
ആ കേരളത്തിൽ നിന്ന് തന്നെ കോൺഗ്രസ് പാർട്ടി ഇന്ത്യ മുഴുവൻ വീണ്ടും വ്യാപിക്കുമെന്ന ഭയവും എതിരാളികൾക്ക് ഇല്ലാതെയില്ല.
സോഷ്യൽ മീഡിയ കമന്റുകളിലൂടെയും, വാർത്ത മാധ്യമങ്ങളിലൂടെയും, ട്രോളുകളിലൂടെയും, പ്രസ്താവനകളിലൂടെയും ഇന്നും കേരളത്തിലെ കോൺഗ്രസുകാർ കേന്ദ്രത്തെ ഇപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ശരിക്കും പറഞ്ഞാൽ ഇക്കഴിഞ്ഞ കേരളഭരണം കപ്പിനും ചുണ്ടിനുമിടക്കാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്.
അതിന്റെ മുഖ്യ കാരണമായത് ഉമ്മൻചാണ്ടിയുടെ അനാരോഗ്യവും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ പ്രതിപക്ഷത്തിന്‍റെ കെടുകാര്യസ്ഥതയുമാണ് എന്നത് നമ്മുക്ക് മനസിലാക്കുവാൻ സാധിക്കും.
അത്രക്ക് കൊള്ളയും അഴിമതികളും തട്ടിപ്പും അന്നത്തെ പിണറായി വിജയൻ സർക്കാർ ചെയ്തുകൂട്ടിയിട്ടും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വരെ സഹായകമായിട്ടും രമേശ് ചെന്നിത്തലയുടെ സെൽഫിഷ് സ്വഭാവത്താൽ ഒന്നും ഏശാതെ പോയി.
ഉദാഹരണമായി പറഞ്ഞാൽ ഓരോരോ വിഷയങ്ങളും ഓരോരോ നേതാക്കളെ കൊണ്ട് പറയിപ്പിക്കണമായിരുന്നു.
പണ്ട് കരുണാകരൻ ടി എച്ച് മുസ്തഫയെയും ടിഎം ജേക്കബിനെയും ബാലകൃഷ്ണപിള്ളയെയും ഒക്കെ അദ്ദേഹത്തിന്റെ നാവായി പ്രയോഗിച്ചിരുന്നു. ഉമ്മൻചാണ്ടി ആര്യാടൻ മുഹമ്മദിനെയും കെസി ജോസഫിനെയും ബെന്നിബെഹന്നാനെയും ഒക്കെ തന്റെ നാവായി ഉപയോഗിച്ചിരുന്നു.
പിണറായി വിജയൻ എം.എം മണിയേയും എ.കെ ബാലനെയും എന്തിനധികം പറയുന്നു പിവി അൻവറിനെ വരെ ഉപയോഗിച്ചിരുന്നു. എ.കെ ആന്റണി ആണെങ്കിൽ വിഎം സുധീരനെയും ഉമ്മൻ ചാണ്ടിയെയും എംഎം ഹസ്സനെയുമൊക്കെ തന്റെ നാവായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
രമേശ് ചെന്നിത്തല സ്വർണ്ണക്കടത്തുകൾ സ്വന്തം പ്രസ് കോൺഫറൻസിലും കടലിനെ ബാധിക്കുന്ന വിഷയങ്ങൾ ടിഎൻ പ്രതാപനെക്കൊണ്ടും സ്പ്രിംഗ്ലർ പോലുള്ള വിഷയങ്ങൾ വിഡി സതീശനെക്കൊണ്ടും വോട്ടർലിസ്റ്റ് തട്ടിപ്പുകൾ കെ സുധാകരനെക്കൊണ്ടും ഒക്കെ ജനങ്ങളിൽ എത്തിച്ചിരുന്നുവെങ്കിൽ പലവഴിക്കുള്ള അറ്റാക്കിൽ പിണറായി വിജയൻ കിടുങ്ങിയേനെ.
കൂടാതെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഓഫീസ് എന്നല്ലാതെ മുഖ്യമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ചിരുന്നില്ല.
ഒരു തെറ്റും ചെയ്യാതിരുന്ന ഉമ്മൻചാണ്ടിയെ നേരിട്ട് പെണ്ണുകേസിൽ പെടുത്തി കടന്നാക്രമിച്ച കമ്മ്യുണിസ്റ്റ് പാർട്ടിക്കാരോട് മൃദുസമീപനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല.
കൂടാതെ അഞ്ചുകൊല്ലം പ്രതിപക്ഷത്തുണ്ടായിരുന്നിട്ടും കേരളത്തിലെ ജയസാധ്യതയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് കേവലം ദിവസങ്ങൾക്ക് മുന്നെയാണ്.
ബാലികേറാമലയായിരുന്ന കരുനാഗപ്പള്ളിയിൽ സിആർ മഹേഷ് കുത്തിയിരുന്ന് പണിയെടുത്തപ്പോൾ വൻ ഭൂരിപക്ഷത്തിൽ ജയം നൽകിയ കേരളത്തിൽ കൊടുങ്ങല്ലൂർ പോലുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥി വന്നത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ രമേശ് ചെന്നിത്തലക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതുമില്ല, 5 കൊല്ലം മാറിമാറി ഭരണം വരുമെന്ന അമിതാത്മവിശ്വാസവും സോഷ്യൽ മീഡിയയിൽ ഒരു മില്യൺ ഫോളോവർ ഉണ്ടെന്ന മണ്ടൻ വിശ്വാസവുമൊക്കെ ഭരണവും ഇല്ലാതാക്കി.
അതുപോലെ പഞ്ചായത്ത് മുൻസിപ്പൽ, കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളും ഒരു പരിധിവരെ കോൺഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു. അതുകൊണ്ടായിരിക്കാം ലീഡർ കരുണാകരൻ ഏകദേശം ഇരുപതോളം കൊല്ലം ഈ തിരഞ്ഞെടുപ്പുകൾ നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോയത്.
തദ്ദേശ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഓരോരോ ഭാഗത്തും കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തലപൊക്കുകയും പരസ്പരം കാലുവാരുകയും ചെയ്യുന്നു. കൂടാതെ മുന്നണിയിൽ ലീഗുമായും അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു. അതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയും ചെയ്യും.
അതുകൊണ്ട് ഏത് വിധേനയും തദ്ദേശ തിരഞ്ഞെടുപ്പുകൾ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ആക്കാമെങ്കിൽ കോൺഗ്രസ് സാദ്ധ്യതകൾ വർധിക്കും.
കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ നേതാക്കളുടെ ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുകയാണ്. പലരും മനസ്സിനുള്ളിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വെച്ചിരിക്കുകയാണ്.
പക്ഷെ ഇപ്പോഴത്തെ കെപിസിസി പ്രസിഡണ്ടിനെയും മൂന്നില്‍ രണ്ട് ഡിസിസി പ്രഡിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെയും മാറ്റാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വീണ്ടും തോൽവി ഏറ്റുവാങ്ങേണ്ടി വരും.
കമ്മ്യുണിസ്റ്റ് പാർട്ടി മണ്ഡലം തരംതിരിച്ചപ്പോൾ 55-60 മണ്ഡലങ്ങളിൽ അവര്‍ക്ക് ഈസി വാക്കോവർ പോലെയാണ് ചെയ്തുവെച്ചിരിക്കുന്നത്.
അവയെ മറികടക്കണമെങ്കിൽ തൃക്കാക്കര - പുതുപ്പള്ളി - പാലക്കാട് ഇലക്ഷൻ മാനേജ്‌മെന്റ് ചെയ്തില്ലെങ്കിൽ ജയസാധ്യതകൾ കഷ്ടം തന്നെ.
കെപിസിസി പ്രസിഡന്റായി റോജി എം ജോണിനെയോ, മാത്യു കുഴൽനാടനെയോ, വിടി ബൽറാമിനെയോ, ഡീന്‍ കുര്യാക്കോസിനെയോ ആക്കിയാൽ സംഗതി ആകപ്പാടെ കലങ്ങി മറിയും.
കമ്മ്യുണിസ്റ്റ് പാർട്ടിയിലെ ജീർണിച്ച ചെറുപ്പമുള്ള നേതാക്കളെയും കോൺഗ്രസ്സിലെ എംഎം ഹസ്സൻ പോലുള്ള അനാവശ്യങ്ങളെയും ഞെട്ടിക്കുവാൻ ഈ ഒരു തീരുമാനം ഹൈക്കമാന്റ് എടുത്താൽ വേറൊന്നും പറയുവാനില്ല.
യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ടി സിദ്ധിക്ക്, ഷാഫി പറമ്പിൽ പോലുള്ളവരും വളരെയധികം ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നവരാണ്.
ഇങ്ങനെയൊരു ഞെട്ടിക്കൽ തീരുമാനം നേതാക്കന്മാർക്ക് എടുക്കുവാൻ സാധിച്ചാൽ കോൺഗ്രസ്സിന് ഉയിർത്തെഴുന്നേൽക്കാം.
അല്ലെങ്കിൽ ഹരിയാന രാജസ്ഥാൻ മധ്യപ്രദേശ് പോലെ തകർന്നു തരിപ്പണമാകുന്നതും നമ്മുക്ക് കാണാം.
റോജി എം ജോണ്‍ കെപിസിസി പ്രസിഡന്റായാൽ ഞാൻ ഇറങ്ങി പ്രവർത്തിക്കും എന്ന ഉറപ്പിൽ ദാസനും വിടി ബൽറാം ആയാൽ ഞാൻ കോൺഗ്രസ്സിൽ ചേരുമെന്ന ഉറപ്പിൽ സഖാവ് വിജയനും.