/sathyam/media/media_files/2025/03/03/MofnjQ2tnoWmJIC7Y7Bd.jpg)
കോൺഗ്രസ്സുകാർ പ്രസിണ്ടന്റിനെ തിരഞ്ഞെടുക്കുന്ന വാർത്തകൾ ചൂട് പിടിക്കുന്നതിന്നിടയിൽ, അതിനായുള്ള വാർത്തകൾ ചാനലുകൾ പടച്ചു വിടുന്നതിനിടയിൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നടക്കുന്ന മരുമകൻ - കണ്ണൂർ ലോബി അസ്വാരസ്യങ്ങൾ, മകളുടെ കരിമണൽ ഖനനം, പരമ്പരയാകുന്ന അതിക്രൂരമായ കൊലപാതകങ്ങൾ, കെ സുരേന്ദ്രനെ തെറിപ്പിക്കാൻ ബിജെപിക്കാർ കാണിച്ചുകൂട്ടുന്ന കുതന്ത്രങ്ങൾ ഒന്നും ആരും കാണുന്നില്ല.
കോൺഗ്രസുകാർ പറയുന്നത് ഞങ്ങൾ ഇതുവരെ ഒരാളെയും തീരുമാനിച്ചിട്ടില്ല എന്നാണെങ്കിലും അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിൽ ചാനലുകാർ വിജയിച്ചു പോകുന്നുമുണ്ട്.
കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം പോലെ ഞെട്ടിക്കുന്ന വാർത്തകൾക്കാണ് കാതോർക്കുന്നത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് അതറിയുകയും ചെയ്യാം. അണികളുടെ പ്രതീക്ഷകളും അദ്ദേഹത്തിലാണ്.
76 കാരനായ സുധാകരനെ മാറ്റി 1952 ല്‍ ജനിച്ച 73 കാരായ ബെന്നി ബഹനാനെയും അടൂർ പ്രകാശിനെയും 72 കാരനായ സണ്ണി ജോസഫിനെയും ഒന്നും ആ സ്ഥാനത്തേക്ക് അദ്ദേഹം ഒരിക്കലും നിർദ്ദേശിക്കില്ല എന്ന് ഉത്തമവിശ്വാസം അണികൾക്കുണ്ട്.
ഇടതുപക്ഷത്തിനും അവരുടെ പങ്കാളികളായ ബിജെപിക്കും ഒക്കെ ആവശ്യം ബെന്നിയെയും അടൂരിനെയും ഒക്കെ ആ സ്ഥാനത്തേക്ക് ഇരുത്തുവാനാണ്. എങ്കിൽ മാത്രമേ അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുവാനാകൂ. മാണി കോൺഗ്രസിനെയും അതുപോലെ മാറിനിൽക്കുന്ന അണികളെയും തിരിച്ചുകൊണ്ടുവരുവാൻ ഇവർക്കൊന്നും ആകില്ലെന്ന് സിപിഎമ്മിന് നന്നായറിയാം.
46 കാരായ പിസി വിഷ്ണുനാഥിന്‍റെയോ, വിടി ബൽറാമിന്‍റെയോ 41 കാരനായ റോജി എം ജോണിന്‍റെയോ ഒക്കെ പേരുപറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത് അവരൊക്കെ കുട്ടികളല്ലെ എന്നാണ്. 32 വയസുള്ളപ്പോള്‍ കെപിസിസി പ്രസിഡന്‍റും 37 വയസായപ്പോള്‍ മുഖ്യമന്ത്രിയും ആയ എകെ ആന്‍റണിക്കുപോലും ഈ കുട്ടികളുടെ മഞ്ഞളിപ്പ് മാറിയ കാര്യം അറിയില്ലത്രേ.
ആ നിരയില്‍ ഉള്ള യുവജന നേതാക്കള്‍ കളത്തിലിറങ്ങിയാല്‍ കോണ്‍ഗ്രസില്‍ ആവേശം വർദ്ധിക്കും എന്ന പൂർണ്ണവിശ്വാസം ഉള്ളവര്‍ സിപിഎഎമ്മുകാരാണ്. വടകരയിലെ ഷാഫിയുടെ വരവോടെ അവര്‍ക്കത് ബോധ്യപ്പെട്ടതാണ്. ആയതിനാൽ കോണ്‍ഗ്രസിലെ ചെറുപ്പക്കാരുടെ കാര്യത്തിൽ സിപിഎമ്മിനാണ് ആശങ്ക. അവരുടെ 10 റഹീമുമാര്‍ വന്നാലും അര ഷാഫി ആകില്ലെന്ന് അവര്‍ക്കറിയാം.
37 വയസിനുള്ളില്‍ കേരളത്തിന്‍റെ പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും 53 -ാം വയസില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുംവരെയായ എകെ ആന്റണിയും, 26 -ാം വയസില്‍ എംഎല്‍എയും 34 -ാം വയസില്‍ മന്ത്രിയുമൊക്കെയായ ആയ ഉമ്മന്‍ ചാണ്ടിയും, 29 വയസ്സിൽ മന്ത്രിക്കുപ്പായം അണിഞ്ഞ രമേശ് ചെന്നിത്തലയുമൊക്കെ വിലസിയിരുന്ന കാലം കോൺഗ്രസുകാർ മറന്നുകാണുമെങ്കിലും കമ്മ്യുണിസ്റ്റ്കാർക്ക് അക്കാര്യത്തിൽ പേടി ഇല്ലാതില്ല.
അല്ലെങ്കില്‍ പണ്ടേ കേരളം ബംഗാള്‍പോലെ കമ്യൂണിസ്റ്റ് ഭരണത്തില്‍ ആകുമായിരുന്നു, അങ്ങനെ നമ്മളൊക്കെ ഇപ്പോള്‍ തമിഴ്നാട്ടില്‍ പെറോട്ട അടിക്കുന്നവരാകുമായിരുന്നു.
സച്ചിൻ പൈലറ്റും ജ്യോതിരാഹിത്യ സിന്ധ്യയും കേന്ദ്രമന്ത്രിമാരായത് മുപ്പതുകളിലാണ്. ബെന്നിയും അടൂരും ഒക്കെ അത്യാവശ്യം കോൺഗ്രസ് പാർട്ടിയിൽ നിന്നും എത്തേണ്ടിടത്ത് എത്തിയവരാണ്. അവരൊക്കെ പാര്‍ട്ടിയെക്കൊണ്ട് നേടി, തിരിച്ചവര്‍ പാര്‍ട്ടിക്കെന്ത് കൊടുത്തു എന്നാണ് ആലോചിക്കേണ്ടത്.
വെറും 48 -ാം വയസില്‍ ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായി. 56 വയസുള്ളപ്പോള്‍ അദ്ദേഹം രണ്ടു തവണ ആ കസേരയില്‍ ഇരുന്ന ശേഷം ഭരണ രംഗത്തുനിന്നും വിരമിച്ചു.
അപ്പോഴും 46 കാരായ വിഷ്ണുവും ബലറാമുമൊക്കെ നമുക്ക് പിള്ളേരാണത്രേ, 41 കാരനായ റോജി വെറും പയ്യന്‍. ജസീന്തയെ ന്യൂസിലന്റുകാർ പ്രധാനമന്ത്രിയാക്കിയത് 37 വയസ്സുള്ളപ്പോഴാണ്. അപ്പോൾ വയസ്സ് ഒന്നിനും ഒരു മാനദന്ധമല്ല എന്നിരിക്കേ എന്തിനാണ് ചില കടുംപിടുത്തങ്ങൾ.
മലയാള സിനിമയിൽ ഒരു കാലത്ത് താടി നരച്ചു അൻപത് വയസ്സ് കഴിഞ്ഞാലേ ഒരാളെ സ്വതന്ത്ര സംവിധായകനായി അംഗീകരിച്ചിരുന്നുള്ളൂ. കാലം മാറിയപ്പോൾ ഇന്നത്തെ ബമ്പർ ഹിറ്റ് സിനിമകൾ കൈകാര്യം ചെയ്യുന്നത് മുഴുവൻ 20 നും മുപ്പതിനും ഇടയിലുള്ള സംവിധായകരാണ്. ന്യു ജെനറേഷൻ ഇതെല്ലാം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പേരിന് മമ്മുട്ടിയും മോഹൻലാലും ഒക്കെയുണ്ടെങ്കിലും ചെറുപ്പക്കാരുടെ സിനിമകളാണ് കയറി കൊളുത്തുന്നത്.
കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ എംഎം ഹസ്സനെ പോലുള്ള 78 കാരനായ ഒരു മണവും ഗുണവും ഇല്ലാത്ത ഒരാൾ ഇപ്പോഴും യുഡിഎഫ് കൺവീനറായി ഇരിക്കുന്നത് തന്നെ ഒരു ഗതികേട് മാത്രമായി കണ്ടാൽ മതി.
അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് ഒരു ചാനലോ പത്രമോ ഇല്ലാതിരുന്നിട്ടും കേരളത്തിൽ ജയ്‌ഹിന്ദ് എന്ന ചാനൽ കൊണ്ടുനടക്കുവാൻ കഴിയാത്ത ഹസ്സനെ പോലെയുള്ളവരെ മാറ്റിനിർത്തി അവരെയൊക്കെ പാർട്ടിയുടെ ഉപദേശക സമിതിയിലോ മറ്റോ ഉൾപ്പെടുത്തി എല്ലാ പാർട്ടിക്കാർക്കും സ്വീകാര്യരായ നല്ല ചെറുപ്പക്കാർക്ക് അംഗീകാരം കൊടുക്കാത്തത് വളരെ ക്ഷീണമാണ്.
ആ ചാനലിന്റെ തലപ്പത്തേക്ക് വിടി ബലറാം പോലെയുള്ളവരോ മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ, ജ്യോതി വിജയകുമാർ, വീണ നായർ പോലുള്ള ചെറുപ്പക്കാർക്ക് അവസരം കൊടുത്തുനോക്കൂ. ജയ്‌ഹിന്ദ് ചാനലിനെ ഒരു ദേശീയ ചാനൽ ആക്കുവാൻ സാധിച്ചാൽ ആ പേരുതന്നെ പാർട്ടിക്ക് ഒരു മുതൽക്കൂട്ടാകും.
രാഹുൽ ഗാന്ധിയെ സംബന്ധിടത്തോളം അദ്ദേഹം ഓടിയോടി തളർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിവ് തെളിയിച്ചെങ്കിലും പിന്നീട് നടന്ന ഹരിയാന - മഹാരാഷ്ട്ര - ഡൽഹി തിരഞ്ഞെടുപ്പുകളിൽ എതിരാളികളുടെ കളികൾക്ക് മുന്നിൽ പതറിയ അവസ്ഥയിലാണ്.
അദ്ദേഹം ചെയ്യേണ്ടത് ബെംഗളൂരു പോലെയുള്ള സിറ്റിയിൽ ചെറുപ്പക്കാരെ ആകർഷിക്കുവാനുള്ള ഏതെങ്കിലും കർമ്മ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് പുതുതലമുറയിൽ പെട്ടവരെ സ്വാധീനിക്കുവാൻ ശ്രമിക്കണം.
ബെംഗളൂരു സിറ്റി എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും വന്നുചേർന്നിട്ടുള്ള ബുദ്ധിയും ബോധവുമുള്ള ചെറുപ്പക്കാരാണ്. പണ്ടൊക്കെ ബെംഗളൂരു എന്നാൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സിറ്റിയായിരുന്നു. ഇന്നിപ്പോൾ ട്രാഫിക്ക് ജാമിൽ അകപ്പെട്ട് ജനങ്ങൾ ഒന്നടങ്കം ആ സിറ്റിയെ ശപിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ലോക പ്രശസ്തരായ 'കോൾഡ്പ്ളേ' സംഗീത നിശ അരങ്ങേറുകയുണ്ടായി. ഇന്ത്യയിൽ എമ്പാടുമുള്ള ഒരു ലക്ഷത്തോളം സംഗീത പ്രേമികൾ അവിടേക്ക് ഒഴുകിയെത്തി.
ആ ചെറുപ്പക്കാരുടെ മനസ്സിൽ നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതിനാലാണ് അങ്ങനെയൊരു സംഗീത പരിപാടി ഇന്ത്യയിലേക്ക് എത്തിയതെന്നാണ് അവരുടെയൊക്കെ പെരുമാറ്റങ്ങളിൽ നിന്നും മനസിലാക്കുവാൻ സാധിച്ചത്.
നാടോടുമ്പോൾ നടുവേ ഓടണമെന്ന സിദ്ധാന്തം കോൺഗ്രസ്സ് പാർട്ടിയും പ്രത്യേകിച്ച് രാഹുലും പ്രിയങ്കയുമൊക്കെ മനസ്സിലാക്കിയാൽ ചെറുപ്പക്കാരുടെ മനസ്സിൽ ഇടം പിടിക്കുവാനാകും. അങ്ങനെയൊക്കെ നടക്കണമെങ്കിൽ ചെറുപ്പക്കാരായ നേതാക്കൾ മുന്നിലേക്ക് എത്താതെ സാധ്യമല്ല.
നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് !!
ഇനിയും ഒരു പിണറായി ഭരണം സഹിക്കാനാവില്ലെന്ന വിഷമത്താൽ ആശാവർക്കർ ദാസനും എല്ലാം കാത്തിരുന്ന് കാണാമെന്ന വിശ്വാസത്തിൽ ഡിസിസി വിജയനും