ഇത്രയും രഹസ്യ അജണ്ടകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പ്രസ്താവനകൾ പടച്ചുവിടാനുള്ള കുനുഷ്ടു ബുദ്ധി കേരളത്തിൽ നടേശന്‍ മുതലാളിക്കല്ലാതെ മറ്റാര്‍ക്കും കാണില്ല. ഏറ്റവുമധികം വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകള്‍ പിറക്കുന്നത് ആ വഴിക്കാണ്. അതിലെല്ലാം ഓരോ അജണ്ടകളും ഒളിഞ്ഞിരിപ്പുണ്ടാകും. പണ്ട് കുമാരനാശാൻ ഇരുന്ന കസേരയിലാണിരിക്കുന്നതെന്ന ഓര്‍മ ഈ ബാർ മുതലാളിക്ക് ലവലേശമില്ല - ദാസനും വിജയനും

എമ്പുരാൻ സിനിമക്ക് ചങ്കൂറ്റത്തോടെ എഴുപത് കോടി എടുത്തു വീശിയ ഗോകുലം ഗോപാലൻ എന്ന മഹദ്‌വ്യക്തി മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന അസ്വസ്ഥതയാണ് ഓരോരോ പ്രസ്താവനകളുമായി രംഗത്തു വരുവാൻ പ്രേരിപ്പിക്കുന്നത്. 

author-image
ദാസനും വിജയനും
Updated On
New Update
vellappally nadesan
Listen to this article
0.75x 1x 1.5x
00:00 / 00:00

നടേശൻ മുതലാളിയെ കുറിച്ച് എഴുതി എഴുതി ആർക്കും വേണ്ടാത്ത ഒരാളെ കൂടുതൽ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കേണ്ട എന്ന് കരുതിയതാണ്. അബ്ദുൽ നാസർ മദനി കഴിഞ്ഞാൽ ഒരു പക്ഷെ അങ്ങേരാണ് കേരളത്തിൽ ഏറ്റവുമധികം വർഗീയ വിഷം ചീറ്റിയിട്ടുള്ളത് എന്നതാണ് കണക്ക്.

Advertisment

ഇത്രേം അജണ്ടകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പ്രസ്താവനകൾ പടച്ചുവിടുന്ന കുനുഷ്ടു ബുദ്ധി പണ്ട്  ഇഎംഎസ്സിനെ ഉണ്ടായിരുന്നുള്ളൂ. അങ്ങേര് ഒന്ന് പറഞ്ഞാൽ അതിൽ പത്തോ അതിലധികമോ അർത്ഥം ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഇത്ര നീചനായിരുന്നില്ല എന്നതും സത്യം.


ഓരോ തിരഞ്ഞെടുപ്പ് അടുക്കുംതോറും ഓരോ രീതിയിൽ വിഷം ചീറ്റിക്കൊണ്ടുതന്നെയാണ് നടേശൻ മുതലാളി ജീവിതം തള്ളിനീക്കിയിരുന്നത്. ആദ്യമൊക്കെ ജനങ്ങൾ കരുതിയത് ഇയാളൊരു പൊട്ടനാകാം എന്നാണ്. കറുത്ത ജൂതൻ എന്ന് പറയുന്നതുപോലെ ഇങ്ങേര്‌ അതിനേക്കാൾ മുകളിൽ ആയിരുന്നു. 


ഒരു കച്ചവടക്കാരൻ അല്ലെങ്കിൽ ഒരു ബാർ മുതലാളി അല്ലെങ്കിൽ ഒരു കോൺട്രാക്ടർ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അവർ എന്താണ് പറയുന്നത് എന്നതും അവരെന്താണ് ചെയുവാൻ പോകുന്നത് എന്നതും മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ ട്രമ്പണ്ണനെ വീക്ഷിച്ചാൽ മതിയാകും.

പണ്ട് കുമാരനാശാൻ ഇരുന്ന കസേരയിൽ, പിന്നീട് ഡോക്ടർ കെകെ രാഹുലൻ ഇരുന്ന കസേരയിൽ ഇരിക്കുവാൻ അവസരം കിട്ടിയിട്ടും ഭൂലോക പരട്ട വർത്തമാനങ്ങളും പ്രസ്താവനകളുമായി നീങ്ങുമ്പോൾ ആണ് ദൈവം ഓരോരോ പരീക്ഷണങ്ങൾ തലയിൽ അടിച്ചേൽപ്പിക്കുന്നത്.

thushar vellappally


പുന്നാര മകൻ തുഷാർ വെള്ളാപ്പള്ളി യുഎഇ ജയിലിൽ പോകേണ്ടി വരുമെന്ന് ഈ മനുഷ്യൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. അതും ഒരു തൃശൂർകാരൻ പയ്യനുമായി അങ്കം വെട്ടി മുട്ടുമടക്കിയപ്പോൾ അവിടെ രക്ഷകനായത് മറ്റൊരു തൃശൂർക്കാരൻ. ഓരോ സമയത്തും ഓരോ ക്വട്ടേഷനുമായാണ് ഇങ്ങേരു രംഗത്തുവരുന്നത് എന്നത് എതിരാളികൾ മനസ്സിലാക്കിയാൽ നന്നായിരുന്നു.


എമ്പുരാൻ സിനിമക്ക് ചങ്കൂറ്റത്തോടെ എഴുപത് കോടി എടുത്തു വീശിയ ഗോകുലം ഗോപാലൻ എന്ന മഹദ്‌വ്യക്തി മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന അസ്വസ്ഥതയാണ് ഓരോരോ പ്രസ്താവനകളുമായി രംഗത്തു വരുവാൻ പ്രേരിപ്പിക്കുന്നത്. 

ഗോകുലം പഴശ്ശി രാജയെടുത്തുകൊണ്ട് കേരളത്തിലെ ഒന്നാം നമ്പർ നിർമ്മാതായപ്പോൾ, പിന്നീട് വെള്ളാപ്പള്ളി തറവാട് ഗോകുലത്തിന്റെ കൈകളിൽ എത്തിയപ്പോൾ ഇതുപോലെയുള്ള ചീഞ്ഞ പ്രസ്താവനകൾ കേരളത്തിന് സമ്മാനിച്ചതും ഓർമ്മകളിൽ വരുന്നു. 

gokulam gopalan

ഒരു ക്വട്ടേഷൻ കളിക്കാരന് ഇതിലപ്പുറം ജനനന്മക്ക് എന്തെങ്കിലുമൊക്കെ ചെയുവാൻ കൈകൾ സമ്മതിക്കില്ല. അവർ എന്നും കടലാമയുടെ കുഞ്ഞുങ്ങളെ പോലെ കടലിലേക്കേ പോകൂ. നന്മ ചെയ്യുവാൻ അവസരം ദൈവം കൊടുക്കില്ല എന്നതാണ് ശാസ്ത്ര സത്യം.


കേരളത്തിലെ ഈഴവർ, അഥവാ തിയ്യർ, അല്ലെങ്കിൽ ചോവോൻമാർ രാഷ്ട്രീയപരമായി ഇടതു അനുഭാവികൾ ആണെങ്കിലും ലേശം സമ്പത്തും പേരും വന്നുചേരുമ്പോൾ പത്തോളം ശതമാനം ആളുകൾ കോൺഗ്രസ്സ് അനുഭാവികളുമായി മാറിയിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു. 


അന്നൊക്കെ ഇദ്ദേഹം കൊങ്കണിൽ തീവണ്ടി ഓടിക്കുവാനുള്ള പാലം പണികളും ആ പണം കൊണ്ട് ബാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലും ആയിരുന്നു. ശ്രീ നാരായണഗുരുവും, സി കൃഷ്ണനും, കെ അയ്യപ്പനും, ആർ ശങ്കറും, കുമാരനാശാനും, ചന്ദ്രിക കേശവൻ വൈദ്യരും, ഡോ. കെകെ രാഹുലനും വളരെ മാന്യമായി ഇരുന്നിരുന്ന ആ സീറ്റിൽ ഇങ്ങേരു വന്നതിൽ പിന്നെ അതിന്‍റെ നിലവാരം കളഞ്ഞെന്ന് മാത്രമല്ല, കേരളത്തിലെ നല്ലവരായ ഓരോരോ ഈഴവനും ദുഖിക്കുന്നു എന്നത് ഒരു സത്യമാണ്.

എതിർക്കുന്നവരുടെ നേരെ എന്തും ചെയ്യാൻ മടികാണിക്കാത്തയാള്‍. ആലുവയിലെ സ്വാമിയുടെ അവസ്ഥ കേരളത്തിലെ ജനങ്ങൾക്കറിയാം. ഇതൊക്കെ വെച്ചു പേടിപ്പിച്ചുകൊണ്ടാണ് ഇടതും തീവ്ര വലതും ഒക്കെ അങ്ങേരെ വിലപേശിക്കൊണ്ടിരിക്കുന്നത് എന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങൾ. 


പക്ഷെ എല്ലാ കളികൾക്കും ചെറ്റത്തരങ്ങൾക്കും ഒരതിരുണ്ട് എന്നത് ഇവന്മാരൊക്കെ മനസിലാക്കിയാൽ നന്നായിരുന്നു. ജീവിതത്തിൽ കുറെ നാളുകൾ ജയിച്ചു ജയിച്ചു കയറാം. ഒരിക്കൽ വീഴും എന്നത് ലോകനിയമമാണ്. പാവപ്പെട്ടവന്റെ അദ്ധ്വാനം മൈക്രോ ഫൈനാൻസിലൂടെ എടുത്തു തിരിച്ചും മറിച്ചും കളിച്ചാലും ഒരു നാൾ വരും, തീർച്ച !!


ഇപ്പോൾ മലപ്പുറത്തെ ഈഴവന്റെ കാര്യങ്ങൾ പറഞ്ഞത് അബദ്ധമാണെന്ന് അങ്ങേർക്കും ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനു പകരം നാദാപുരത്തെയും കുറ്റിയാടിയിലേയുമൊക്ക ഈഴവരെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ലേശം സത്യം അവശേഷിക്കുന്നുണ്ടായിരുന്നു. 

vellappally nadesan malappuram statement

പാലേരിമാണിക്യം പോലെ അവിടെ ചില ജന്മികൾ ഈഴവരെ നല്ലതുപോലെ ഉപയോഗിച്ചിരുന്നു. മലപ്പുറത്തെ ഹിന്ദുക്കൾ വളരെ സമാധാനത്തോടെയും മാന്യതയോടെയുമാണ് ജീവിക്കുന്നത് എന്നത് ഏവർക്കും അറിയാവുന്ന കാര്യങ്ങളായതിനാലാണ് ഇന്നിപ്പോൾ അങ്ങേരു ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്. 


അവിടത്തെ മുസ്ലിങ്ങൾ ഇതിൽ കയറി തൂങ്ങാതെ ഇങ്ങേരെ ഒഴിവാക്കി വിടുന്നതാണ് നല്ലത്. ഇതെല്ലാം ഓരോ രാഷ്ട്രീയ പാർട്ടികളുടെയും നിഗൂഢ തന്ത്രങ്ങളാണ്. ഇക്കഴിഞ്ഞയാഴ്ച പലരും അങ്ങേരെ പോയി കണ്ടിരുന്നു. അതിന്റെയൊക്കെ തിക്ത ഫലങ്ങൾ ആണ് ഇങ്ങേരു തുപ്പുന്നത് !


വിഎസ് അച്യുതാന്ദന്റെ മന്ത്രിസഭയിൽ മുഖ്യമന്ത്രി അടക്കം എത്ര ഈഴവർ ഉണ്ടായിരുന്നു എന്നത് എണ്ണിനോക്കുവാൻ ആർക്കും സമയമില്ല. ഇന്നിപ്പോൾ ഈ രണ്ടു പിണറായി സർക്കാരുകളിലും എത്രയെത്ര ഈഴവർ മന്ത്രിമാരായിട്ടുണ്ട് എന്നത് ആർക്കും ചർച്ച ചെയ്യുവാൻ സമയമില്ല.

ഒരു അഞ്ചാം മന്ത്രി എന്ന പേരിൽ എത്രയെത്ര ചാനലുകാർ എത്രയെത്ര വെള്ളാപ്പള്ളിമാർ ഇവിടെ ചർച്ചചെയ്‌തുകൊണ്ട് വഷളാക്കി. നമ്മുടെ വിദ്യാഭ്യസ മന്ത്രി സൂപ്പിയെ എന്നും കളിയാക്കാൻ മാത്രമേ ഇവർക്ക് നേരമുണ്ടായിരുന്നുള്ളൂ. 

ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്തവിധം സംസാരിക്കുന്ന ഇപ്പോഴത്തെ വിദ്യാഭ്യസ മന്ത്രിയെ ആരും തൊടുന്നില്ല. അതൊക്കെയാണ് ശരിക്കും വർഗീയത എന്നത്. ഇനി ഇതുപോലെയുള്ള ആളുകളെ കേരളത്തിൽ വെച്ചുപൊറുപ്പിക്കരുത്.

കോൺഗ്രസ്സ് നേതാക്കൾ ഇവരുമായൊന്നും ഇനി കോംപ്രമൈസിന് പോകരുത്. ഇവരുടെ വോട്ടുകൾ വേണ്ടായെന്നു വെക്കണം. പറവൂരിൽ പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചതുപോലെ !

നമ്മുടെ ചുറ്റിനുമുള്ള നടേശൻമാരെ തിരിച്ചറിഞ്ഞാൽ കേരളം രക്ഷപ്പെടും എന്ന വിശ്വാസത്തിൽ ദാസനും നമ്മുടെ മുന്നിലുള്ള മുന്നാമാരെയാണ് ഏറെ സൂക്ഷിക്കേണ്ടത് എന്ന ഉപദേശത്തോടെ വിജയനും