/sathyam/media/media_files/2025/04/10/yrLp9qwcet9btrMorTFK.jpg)
മുൻപൊക്കെ കേരളത്തിലെ മന്ത്രിമാരുടെ പേരുകൾ നമ്മുക്കൊക്കെ കാണാപ്പാഠമായിരുന്നു. അവരുടെ വകുപ്പുകൾ അവർ പ്രതിനിധാനം ചെയുന്ന മണ്ഡലങ്ങൾ എല്ലാം.
പക്ഷെ ഈ ഒരു മന്ത്രിസഭയിലെ മന്ത്രിമാരിൽ പലരുടെയും പേരുകൾ നാം കേൾക്കുന്നുപോലുമില്ല. അപ്പോൾ നമ്മൾ കരുതും അവരെല്ലാം മാധ്യമങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി അവരവരുടെ വകുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കേരളത്തെ ഉദ്ധരിക്കുകയാണെന്ന്.
ഓരോരുത്തരുടെ പേരുകൾ എടുത്തു പരിശോധിച്ചാൽ ഇത്രയും കഴിവുകെട്ട അല്ലെങ്കിൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ ആളുകളാണ് നമ്മുടെ മന്ത്രിസഭയിൽ ഉള്ളത് എന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാൻ സാധിക്കും.
എൺപതുകളിലെ കരുണാകരൻ, നായനാർ മന്ത്രിസഭയിലെ വയലാർരവിയും ആർ ബാലകൃഷ്ണപിള്ളയും കെഎം മാണിയും ടിഎം ജേക്കബും കെ ആർ ഗൗരിയമ്മയും ടികെ രാമകൃഷ്ണനും പിജെ ജോസഫും ആര്യാടൻ മുഹമ്മദും വക്കം പുരുഷോത്തമനും ബേബിജോണും സിഎച് മുഹമ്മദ് കോയയും ഇ അഹമ്മദും യുഎ ബീരാനും ഉമ്മൻചാണ്ടിയും
കെകെ ബാലകൃഷ്ണനും അവുക്കാദർ കുട്ടി നഹയും കെ ശങ്കരനാരായണും കെ പങ്കജാക്ഷനും പികെ രാഘവനും പിഎസ് ശ്രീനിവാസനും ടിവി തോമസും കെഎം ജോർജ്ജും ലോനപ്പൻ നമ്പാടനും എസി ഷൺമുഖദാസും സിഎം സുന്ദരവും സീതിഹാജി, തച്ചടി പ്രഭാകരനും, വിഎം സുധീരനും ശിവദാസ് മേനോനും വിശ്വനാഥമേനോനും വിവി രാഘവനും വികെ രാജനും എംപി വീരേന്ദ്രകുമാറും നീലലോഹിതദാസൻനാടാരും ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും സിവി പത്മരാജനും എംവി രാഘവനും ടി എച് മുസ്തഫയും വിസി കബീറും കോടിയേരിയും ജയരാജനും പിന്നെ കഴിഞ്ഞ മന്ത്രിസഭകളിലെ എല്ലാ മന്ത്രിമാരുടെ പേരുകളും കാണാപ്പാഠമായിരുന്നു.
ബാലകൃഷ്ണപിള്ളയെ പോലെ അഴിമതികളുടെ പേരിലായാലും, കുഞ്ഞാലിക്കുട്ടിയെ പോലെ വിവാദങ്ങളുടെ പേരിലായാലും, സുധീരനെപോലെ ആദർശത്തിന്റെ പേരിലായാലും, ആര്യാടൻ മുഹമ്മദ് പോലെ ആണത്തത്തിന്റെ പേരിലായാലും, നീല ലോഹിതദാസൻ നാടാരെപോലെ തോണ്ടലുകളുടെ പേരിലായാലും, സിഎച്ച് മുഹമ്മദ്‌കോയ പോലെ വ്യക്തിത്വത്തിന്റെ പേരിലായാലും, എംപി വീരേന്ദ്രകുമാർ പോലെ അവസരവാദത്തിന്റെ പേരിലായാലും, കെഎം മാണിയെ പോലെ സൂത്രപ്പണികളുടെ കാര്യത്തിലായാലും, ടിഎം ജേക്കബിനെ പോലെ ബുദ്ധി കൂർമതയുടെ പേരിലായാലും സീതിഹാജി പോലെ തമാശകളുടെ പേരിലായാലും, ഉമ്മൻചാണ്ടി പോലെ നന്മകളുടെ പേരിലായാലും, കോടിയേരി പോലെ വ്യക്തിബന്ധങ്ങളുടെ പേരിലായാലും, എംവി രാഘവനെ പോലെ വീര പരാക്രമങ്ങളുടെ പേരിലായാലും എല്ലാവരെയും എല്ലാവര്ക്കും അറിയാമായിരുന്നു.
ഇന്നത്തെ ഈ മന്ത്രിസഭയിലെ പട്ടികജാതി വികസനമന്ത്രി ഓ ആർ കേളു, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി, ഭക്ഷ്യമന്ത്രി ജിആർ അനിൽ, വൈദുതി മന്ത്രി കെ കൃഷ്ണൻകുട്ടി, റവന്യു മന്ത്രി ആർ രാജൻ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വനംമന്ത്രി എകെ ശശീന്ദ്രൻ, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, ഇവരൊക്കെ ഈ മന്ത്രിസഭയിലെ അംഗങ്ങൾ തന്നെയാണോ എന്ന് ലിസ്റ്റ് നോക്കുമ്പോഴാണ് മാനസിലാകുന്നത്.
ഘടകകക്ഷിയിലെ ശശീന്ദ്രനും, കൃഷ്‌ണൻകുട്ടിയും, അബ്ദുറഹ്മാനും, കടന്നപ്പള്ളിയും ഒക്കെ അവരുടെ ഈർക്കിൽ പാർട്ടിക്കുള്ളിലെ പോരിൽ മാത്രമാണ് പേരുകൾ നാം കേൾക്കുന്നത്. സിപിഐ മന്ത്രിമാർ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയിലൂടെ ജീവിതം തള്ളിനീക്കുന്നു.
പിണറായി വിജയൻ ഏറെ പ്രതീക്ഷകളോടെ, കുനുഷ്ട് ബുദ്ധിയിലൂടെ മന്ത്രിയാക്കിയ മൂന്നു പേരായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ്ജും, ഉന്നത വിദ്യ മന്ത്രി ആർ ബിന്ദുവും, പിന്നെ മകളുടെ ഭർത്താവ് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും.
ഇവരെ ആക്കിയതോടെ പിണറായിക്ക് ഒരു കാര്യം പിടുത്തം കിട്ടി. ചാനലിലിരുന്ന് വീമ്പിളക്കുന്ന ആളുകൾ എല്ലാം പേടുകൾ ആണെന്ന വസ്തുത. അവിടെ കയറിയിരുന്നു അവർക്ക് ആരെയും വിമർശിക്കാം, കുറ്റം പറയാം, മെക്കട്ട് കയറാം, അവർക്കെതിരെ വിധി പറയാം.
കാര്യത്തോട് അടുത്താൽ ഇവരൊക്കെ ഡയലോഗ് മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കിയ പിണറായി വിജയൻ ബ്രിട്ടാസിനെ രാജ്യസഭയിലേക്കും നികേഷിനെ പാർട്ടിയുടെ ചാവേറായും നിയമിച്ചു.
പിന്നെ മുഹമ്മദ് റിയാസും ആർ ബിന്ദുവും, വി ശിവൻകുട്ടിയും. റിയാസ് ഇടക്ക് ഇടക്ക് വട്ടപ്പാറ വളവ് ഗഡ്കരി നിവർത്തിയതിന്റെ ഫോട്ടോകൾ ഇട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പിണറായി ഉദ്ദേശിച്ച വിളവ് കൊയ്യാനായില്ല.
കോഴിക്കോട്ടെയും കണ്ണൂരിലെയും മുസ്ലിം ചെറുപ്പക്കാർ ഒന്നടങ്കം റിയാസിന്റെ പിന്നിൽ കൂടുമെന്നും വോട്ടുബാങ്ക് സൃഷ്ടിക്കാമെന്നും കരുതി അവസാനം എംകെ രാഘവന് രണ്ട് ലക്ഷത്തോളവും, കെ സുധാകരനും ഷാഫിക്കും ഉണ്ണിത്താനും ശ്രീകണ്ഠനും ഒരു ലക്ഷവും ഭൂരിപക്ഷം കിട്ടിയപ്പോൾ കാലിന്റെ അടിയിലെ മണ്ണ് ചോർച്ച മനസിലായി തുടങ്ങി.
കോഴിക്കോട് അങ്ങാടിയിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ സ്നേഹിച്ചിരുന്ന മുസ്ലിം ചെറുപ്പക്കാർ ഒന്നടങ്കം ഇപ്പോൾ മുഹമ്മദ് റിയാസിന് എതിരാകുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയതല്ല.
ബിന്ദുവിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ ശാപമുണ്ടെന്നു തോന്നും വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിൽ പാർട്ടിക്ക് ഏറ്റ ക്ഷീണം നിസ്സാരമായി കണക്കാക്കുവാൻ സാധ്യമല്ല.
അതുപോലെ അവരെടുക്കുന്ന ഓരോരോ തീരുമാനങ്ങളും വളരെ മോശം ആയാണ് പരിണമിക്കുന്നത്. ഈ മന്ത്രി യുഡിഎഫിൽ ആയിരുന്നെങ്കിൽ എസ്എഫ്ഐ ക്കാർ സമരം ചെയ്തു വട്ടായേനെ. അത്രേം മോശമാണ് കാര്യങ്ങളുടെ കിടപ്പ്. ശിവൻകുട്ടി പാവം. അങ്ങേർക്കു തന്നെ അറിയില്ല ഏതാണ് വകുപ്പ് എന്നും എന്താണ് ചെയേണ്ടത് എന്നും എന്താണ് പറയേണ്ടത് എന്നും.
അദ്ദേഹത്തെ കാണുമ്പൊൾ പണ്ടത്തെ ചെങ്കൽച്ചൂളയിലെ ആ സ്റ്റേജിലെ വഴക്കും തെറി വിളികളും, പിന്നെ നിയമസഭയിലെ തേർവാഴ്ചകളും ഓർമ്മയിൽ വരുന്നു. പിണറായി വിജയൻ അദ്ദേഹത്തെ ഒതുക്കിയതാണ് വിദ്യാഭ്യസ വകുപ്പിലൂടെ !!!
എംബി രാജേഷും, പി രാജീവും കടിച്ചാൽ പൊട്ടാത്ത, വീണ്ടും വീണ്ടും കേട്ടാൽ അവർക്ക് തന്നെ മനസിലാകാത്ത ഭാഷകളിൽ പ്രസംഗിച്ചും ക്ലസ്സെടുത്തും വ്യവസായങ്ങൾക്കെതിരെ സമരം ചെയ്തും കുറ്റം പറഞ്ഞും അവസാനം ദൈവം കൊടുത്ത ശിക്ഷയാണ് ആ മന്ത്രിസ്ഥാനങ്ങൾ.
പണ്ട് നെഞ്ചത്തുകൂടി വിമാനം ഇറക്കണമെന്ന് വീരവാദം അടിച്ച എസ് ശർമ്മ മന്ത്രിയായതുപോലെ ഈ രണ്ടെണ്ണം ആകെ പെട്ടുകിടക്കുകയാണ്. ഒരു വശത്ത് സ്വന്തം പാർട്ടിക്കാർ വ്യവസായങ്ങളെ തല്ലി ഓടിക്കുമ്പോൾ, സംരംഭകരെ ആത്മഹത്യാ ചെയ്യിക്കുമ്പോൾ ഇപ്പുറത്ത് സംരംഭകരെ മാടി വിളിക്കുന്ന കാഴ്ചകൾ.
അവരുടെ പഴയ കാല പ്രവർത്തികൾ അവരെ വേട്ടയാടുന്നതും നമ്മുക്ക് കാണാം. പാലക്കാട്ടെ കള്ളു നിർമ്മാണ ശാല പോലെ പലതും അവർക്ക് തലകുനിച്ചുകൊണ്ട് പേപ്പറിൽ ഒപ്പിടേണ്ടിവരുന്ന നിസ്സഹായാവസ്ഥകൾ.
പിന്നെയുള്ളത് പാവപ്പെട്ട കെഎൻ ബാലഗോപാലനും, സജി ചെറിയാനും, വിഎൻ വാസവനും പിന്നെ ആർക്കും വേണ്ടാത്ത ഗണേഷ്‌കുമാറുമാണ്.
സരിത വിഷയത്തിൽ ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണ് സജി ചെറിയാന്റെ മന്ത്രിസ്ഥാനമെങ്കിൽ വിഎൻ വാസവൻ ആയത് കണ്ണൂരിലെ ചിലരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ്. പുരക്ക് മേലെ വളർന്നാൽ അത് ചന്ദനം ആയാലും വെട്ടിക്കളയണമെന്ന തത്വമാണ് അത്.
കേരളത്തിലെ പൊതുശല്യമായി പ്രഖ്യാപിക്കേണ്ട ഒരാളാണ് ഗണേഷ്‌കുമാർ. അവിടെയും പിണറായിക്ക് എന്തോ ശാപമുണ്ടെന്നു തോന്നുന്നു.
ഇവരെയൊക്കെ കൂടെ കൂട്ടേണ്ടിവന്നതിൽ അവർ മുൻപ് പറഞ്ഞതും നടത്തിയ സമരങ്ങളും ഒക്കെ തട്ടിപ്പായിരുന്നു എന്ന് അണികളിൽ ബോധ്യപ്പെടുത്താൻ ഗണേഷിന് മന്ത്രി സ്ഥാനം കൊടുത്തതിൽ അണികൾക്ക് ബോധ്യപ്പെട്ടു. ആ അണികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാർട്ടിക്കായി പൊരുതുന്നുമില്ല.
ഇനിയുള്ളത് നമ്മുടെ കേരളമുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രി ആയി ഇരിക്കുന്നത് നാടിനു വേണ്ടിയല്ല. അദ്ദേഹത്തിന്റെ പേരിലുള്ള ലാവ്‌ലിൻ കേസുകളും അദ്ദേഹത്തിന്റെ മകളുടെ പേരിലുള്ള എസ്എഫ്ഐഒ കേസുകളും ഏതു വിധേനയും ആരുടെ കാലുകൾ പിടിച്ചാണെങ്കിലും അത് നിർമ്മല സീതാരാമൻ ആയാലും നിതിൻ ഗഡ്കരിയുടെ ആയാലും തീര്‍ത്തെടുക്കണം !! അതിന്നായി ഇനി ബേബി പ്രവർത്തിച്ചുകൊള്ളും എന്നുറപ്പുണ്ട് !!!
അദൃശ്യനായ സൂപ്പർ മന്ത്രി പി ശശിക്ക് ചുകപ്പൻ അഭിവാദ്യങ്ങളുമായി പോരാളി ദാസനും കണ്ണൂരിലെ ആരാധ്യ പുരുഷൻ പി ജയരാജന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ചുവപ്പിന്റെ കാവലാൾ വിജയനും