/sathyam/media/media_files/2025/07/18/oommen-chandy-remembrance-2-2025-07-18-14-55-19.jpg)
കോരിച്ചൊരിയുന്ന പെരുമഴക്കാലത്ത് കേരളത്തിൽ ഒരു പച്ചയായ മനുഷ്യന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള യാത്രക്ക് പുലർച്ചെ മൂന്നുമണിക്കും ജനങ്ങൾ തെരുവിൽ ഇറങ്ങി പൊട്ടിക്കരഞ്ഞപ്പോൾ ഏറ്റവുമധികം വേദനിച്ചത് അദ്ദേഹത്തിന്റെ നെഞ്ചത്തേക്ക് കല്ലെറിഞ്ഞവനും അവനെക്കൊണ്ട് കല്ലെറിയിപ്പിക്കുവാൻ ആഹ്വാനം ചെയ്തവനും ആ കല്ലെറിയുവാൻ കാരണമായ ആ അപവാദപ്രചാരണങ്ങൾ അഴിച്ചുവിട്ടവനും ഒക്കെയായിരുന്നു.
കേരളമെന്ന ഭൂപ്രദേശത്തിൽ ലേശം നന്മയുള്ളവർ ഇനിയും ബാക്കിയുണ്ടെന്ന് തെളിയിക്കപ്പെട്ട ഒരു മഹായാത്രയായിരുന്നു അന്ന് നമ്മൾ കണ്ടത്.
ഒരു മധ്യവയസ്‌കൻ തന്റെ മകനുമായി ഒന്നരകിലോമീറ്ററോളം ആ ബസിന്റെ പിന്നാലെയും വശത്തുകൂടിയും ഓടിയോടി അവസാനം ആ ബസിന്റെ വാതിൽ തുറക്കപ്പെട്ട് അവസാന നോക്ക് കാണുന്ന ആ രംഗം കണ്ടപ്പോൾ ഗൾഫിലെ ഒരു രാജകുടുംബത്തിലെ അംഗം പൊട്ടിക്കരഞ്ഞത് ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല.
ഇങ്ങനേയും മനുഷ്യർ ഈ ലോകത്ത് ഇപ്പോഴും ജീവിച്ചിരുന്നിരുന്നോ എന്നാണ് അദ്ദേഹം കരഞ്ഞു കൊണ്ട് ചോദിച്ചത്. കേരളത്തിന്റെ തലസ്ഥാനം മുതൽ കുഞ്ഞൂഞ്ഞിന്റെ തലസ്ഥാനമായ പുതുപ്പള്ളി വരെ റോഡ് കാണുവാൻ സാധിച്ചില്ല എന്ന് ആ ബസ്സിന്റെ ഡ്രൈവർ പറഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ അണ്ണാദുരൈ, എംജിആർ, ആന്ധ്രയിലെ വൈഎസ്ആർ, ശിഹാബ് തങ്ങൾ ശ്രേണിയിലേക്കാണ് കുഞ്ഞൂഞ്ഞ് സ്ഥാനം പിടിച്ചത്.
തന്നെ കല്ലെറിഞ്ഞ ദിവസം അദ്ദേഹം മൂന്നു ഫയലുകളിൽ ഒപ്പുവെച്ചിരുന്നു. അതിൽ ഒരു ഫയൽ കാസർഗോട്ടെ ഒരു രോഗിയുടെ വൃക്ക മാറ്റിവെക്കൽ സംബന്ധമായത് ആയിരുന്നു. ആ മനുഷ്യന്റെ ഭാര്യയും മക്കളും പുതുപ്പള്ളിയിൽ എത്തുകയും എത്ര ദിവസം വൈകിയാലും ആ മഹാ മനസ്കനെ അവസാനമായി ഒരു നോക്ക് കണ്ടുമാത്രമേ തിരിച്ചുപോകൂ എന്ന് പറയുന്നതും നാം കേട്ടതും കണ്ടതുമാണ്.
മലയാളിയുടെ മനസ്സിലെ നന്മ വറ്റാത്ത കാഴ്ചകളായിരുന്നു നാം റോഡുനീളെ കണ്ടത്. കൊച്ചുകുട്ടികൾ പ്ലക്കാർഡുകളുമായി രാത്രിയും പുലർച്ചെയും കാത്തു നിൽക്കുന്ന കാഴ്ചകൾ അദ്ദേഹത്തെ കല്ലെറിഞ്ഞു അധികാരത്തിൽ എത്തിയവർക്ക് ഉള്ളിന്റെയുള്ളിൽ വരെ വേദനയുളവാക്കി, ഒപ്പം ലേശം വീണ്ടുവിചാരവും.
തൊണ്ണൂറുകളിൽ കേരളത്തിൽ അരങ്ങേറിയ ചാരക്കേസിന്റെ പിന്നിൽ നാമെല്ലാം അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും ആ അന്ത്യയാത്ര കണ്ടപ്പോൾ അതിലെ ജനക്കൂട്ടം കണ്ടപ്പോൾ ദൈവം അദ്ദേഹത്തിന്റെ കൂടെ തന്നെയാണെന്ന് ഏവർക്കും മനസ്സിലാക്കുവാൻ സാധിച്ചു.
അന്നദ്ദേഹം അത്തരം കുനുഷ്ടുകൾ ചെയ്തിരുന്നുവെങ്കിൽ ഇത്രയും മഹത്തായ സ്വീകാര്യത ലഭിക്കില്ലായിരുന്നു എന്നത് മറ്റുള്ള നേതാക്കളുടെ അവസാന നിമിഷങ്ങൾ നിരീക്ഷിച്ചാൽ സാധ്യമാകും.
തന്റെ കുടുംബത്തെ ഒന്നടങ്കം നിയമസഭയിൽ വലിച്ചുകീറി ചുമരിൽ ഒട്ടിച്ചപ്പോഴും അത് ചെയ്തയാളിന്റെ മകന്‍റെ വഴിവിട്ട യാത്രകളുടെ നിയമസഭാ കമ്മറ്റി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കാതെ തറവാടിത്തം കാണിക്കാനും അദ്ദേഹം മടിച്ചില്ല.
കേരളത്തിൽ ധാരാളം സമരങ്ങളും ബന്ദുകളും ഹർത്താലുകളും ലാത്തിചാർജുകളും രാഷ്ട്രീയപാർട്ടികളുടെ അക്രമങ്ങളും വെടിവെപ്പുകളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടിക്ക് വേണ്ടിയായിരുന്നു കേരളത്തിൽ നടന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധങ്ങൾ.
ഉമ്മൻചാണ്ടിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും ഉമ്മൻചാണ്ടി നിരാഹാര സത്യാഗ്രഹം ഇരുന്നപ്പോഴുമായിരുന്നു കേരളം കലുഷിതമായത്. സാധാരണയായി ഇടതുപാർട്ടികൾ ഉണ്ടാക്കുന്ന എല്ലാ സമരങ്ങളും വളരെ ആലോചിച്ചും ആസൂത്രണം ചെയ്തും ഉണ്ടാക്കുന്നവയായിരുന്നു.
പക്ഷെ ഉമ്മൻചാണ്ടിക്ക് വേണ്ടി കേരളം കലുഷിതമായത് ജനമനസ്സുകളിൽ നിന്നുമായിരുന്നു. കാസർഗോട്ട് മുതൽ തലസ്ഥാനം വരെ അന്ന് പ്രക്ഷുബ്ധമായിരുന്നു. ഇടത് സർക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ പ്രക്ഷോഭങ്ങൾ.
കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ ഉമ്മൻചാണ്ടിയെ അന്നത്തെ പ്രതിപക്ഷക്കാർ കളിയാക്കിയിരുന്നു. ആരെങ്കിലും ഒരു എംഎൽഎ മൂത്രമൊഴിക്കാൻ പോയാൽ വീഴാവുന്ന സർക്കാർ എന്നൊക്കെ പറഞ്ഞുകൊണ്ട്. പക്ഷെ അതിനൊന്നും ചെവി കൊടുക്കാതെ ആറു മാസത്തിനുള്ളിൽ നെയ്യാറ്റിൻകര എംഎൽഎയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് പ്രതിപക്ഷത്തെ ഞെട്ടിച്ചു.
കൂടാതെ അസ്വസ്ഥരായ കൂടുതൽ ഇടത് എംഎൽഎ മാരെ തന്റെ വരുതിയിൽ വരുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ജനസമ്പർക്ക യാത്ര ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ ആന്ധ്രയിലെ വൈഎസ്ആർ പോലെ ആകുമെന്ന് ഇടതുപക്ഷം മനസ്സിലാക്കുകയും അതിന്റെ ജനപ്രീതി കുറയ്ക്കുവാൻ സോളാർ എന്ന ആ തട്ടിപ്പുകാരിയെ അദ്ദേഹത്തിൽ ചാർത്തുകയും ചെയ്തു.
അതിന് കൂട്ട് നിന്ന സ്വന്തം പാർട്ടി നേതാവും ചാനൽ മുതലാളിയും ഇന്നിപ്പോൾ കേരളത്തിൽ അനാഥ പ്രേതം പോലെ മരം വെട്ടും മേജർ കളികളുമായി അലയുന്നു.
സ്വന്തം വീട്ടിൽ വീട്ടുകാരേക്കാൾ നാട്ടുകാർ കയറിയിറങ്ങിയപ്പോൾ അദ്ദേഹത്തിന് അക്കാര്യത്തിൽ അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് വീട്ടുകാർക്കും മനസിലായത് അദ്ദേഹമായിരുന്നു ശരി എന്ന്. ശരിക്കും അദ്ദേഹമായിരുന്നു ശരി.
കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ സ്മൃതികളിൽ ദാസനും ഇനിയും ഇതുപോലെ നേതാക്കന്മാർ വരണമെന്ന അത്യാഗ്രഹത്തോടെ വിജയനും