ഒരു തയ്യല്‍ പീടികയില്‍ നിന്നും അച്യുതമേനോനോടും കരുണാകരനോടും ആന്റണിയോടും പിണറായിയോടുമൊക്കെ പടവെട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രി വരെയായ വിഎസിന്‍റെ ബുദ്ധിയും തന്ത്രവും കേരളത്തില്‍ വേറൊരു രാഷ്ട്രീയ നേതാവിനും വശമില്ല. അതിനായുള്ള പോരാട്ടത്തിനിടെ സ്വന്തം പാര്‍ട്ടിക്കും സംസ്ഥാന രാഷ്ട്രീയത്തിനുംവരെ പോറലും പൊള്ളലും ഏറ്റു. വിഎസ് കണ്ണും കരളുമായപ്പോള്‍ മറ്റു പല രാഷ്ട്രീയക്കാരും വെറുക്കപ്പെട്ടവരായി മാറി. അപ്പോഴും വിഎസ് സ്വന്തം വഴിക്ക് സഞ്ചരിച്ചു - ദാസനും വിജയനും

വെട്ടിനിരത്തൽ സമരവുമായി രംഗത്തെത്തിയപ്പോൾ, മധ്യ തിരുവിതാംകൂറിലെ ഒട്ടുമിക്ക പാർട്ടി ഓഫീസുകളും സഖാക്കളുടെ മാളികകളും നിലം നികത്തിയ സ്ഥലത്താണ് ഉണ്ടാക്കിയതെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടായപ്പോൾ വെട്ടിനിരത്തൽ സഖാവിനെ അവർ വെട്ടിനിരത്തി. 

New Update
vs achuthanandan
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണേ കരളേ വിഎസ്സേ ! കേരളത്തിന്റെ സ്വന്തം സഖാവ് നമ്മെ വേർപെട്ട് പോയിരിക്കുന്നു. സ്വർഗ്ഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയാണെന്ന് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അനുയായി ആയതിനാൽ സ്വർഗ്ഗവും നരകവും ഇവിടെ വെച്ചുതന്നെ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. 

Advertisment

വാർദ്ധക്യ സഹജമായ അസുഖം മൂലം കിടപ്പിൽ ആയിരുന്നുവെങ്കിലും ഏറ്റവുമധികം നരകയാതന അനുഭവിച്ചത് ബക്കറ്റും വെള്ളവും തിരമാലയും ഒക്കെ ഉണ്ടായ കാലഘട്ടത്തിൽ ആയിരുന്നിരിക്കാം. അത്രക്ക് ആ മനുഷ്യനെ കടുംവെട്ട് കൂടെയുള്ളവർ വെട്ടിയെങ്കിലും തന്റെ സ്വതസിദ്ധമായ ആർജ്ജവം അദ്ദേഹത്തെ ഉന്നതിയിൽ ഇരുത്തുകയും ചെയ്തു.


കേരളത്തിൽ പഴയ അഞ്ചാം ക്‌ളാസും ഗുസ്തിയും കഴിഞ്ഞു ഒരു തയ്യൽപീടികയിൽ ജോലിക്ക് കയറി അവിടെ വരയൻ വള്ളി നിക്കർ തയ്ക്കുന്നതിന്റെ സ്പെഷ്യലിസ്റ്റ് ആയി മാറി ഒപ്പം വിപ്ലവവും നെഞ്ചിലേറ്റി എല്ലാ ഭാഗത്തുനിന്നുമുള്ള എതിർപ്പുകളെയും നെഞ്ചിലേറ്റി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ അഞ്ചുകൊല്ലം പൂർത്തിയാക്കുവാൻ സാധിച്ചതിൽ വിഎസ് അച്യുതാനന്ദൻ എന്ന വ്യക്തിയുടെ ബുദ്ധി കേരളത്തിലെ രാഷ്ട്രീയക്കാരുടെ ബുദ്ധിയിലും ദീര്‍ഘവീക്ഷണത്തിലും അദ്ദേഹത്തെ ഒന്നാമതാക്കി മാറ്റിയിരുന്നു. 


അന്നത്തെ അച്യുതമേനോൻ, കെ കരുണാകരൻ, എകെ ആന്റണി എന്നിവരേക്കാൾ ഒന്നാമൻ അദ്ദേഹം തന്നെയായിരുന്നു. ശശി തരൂരും രമേശ് ചെന്നിത്തലയും ഒക്കെ ഈ മനുഷ്യനെ കണ്ടു പഠിക്കണമായിരുന്നു.

vs achuthanandan-8

ഒന്ന് രണ്ട് വേദനകളോടെയായിരുന്നു സഖാവ് ലോകത്തോട് വിട പറഞ്ഞത്. ഒന്നാമതായി ആ കെ കരുണാകരനെ ഒരു ദിവസം പോലും അകത്തിടുവാൻ കഴിയാത്തതിലും കോപ്പിയടിക്കാരായ മലപ്പുറത്തുകാരുടെ കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടിയെ കയ്യാമം വെച്ച് നടത്താൻ ആകാത്തതിലും. 

ലീഡർ കെ കരുണാകരൻ മരണക്കിടക്കയിൽ കിടക്കുമ്പോഴും പാമോയിൽ കേസ് കുത്തിപ്പൊക്കി ഒരു നാൾ എങ്കിലും അകത്തിടുവാൻ ശ്രമം നടത്തി നോക്കിയിരുന്നു. അക്കാര്യം ലീഡര്‍ മരിച്ചപ്പോള്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ചാനലുകളില്‍ വന്നു പറയുകയും ചെയ്തു.

കുഞ്ഞാലിക്കുട്ടിയെ കയ്യാമം വെക്കുവാൻ കോടിയേരി - പിണറായി സഖ്യം സമ്മതിച്ചില്ല. വിഎസ് മുഖ്യമന്ത്രി ആകുമെന്ന് മനസ്സിലാക്കിയ കോടിയേരി പെട്ടെന്ന് ആഭ്യന്തരവകുപ്പ് തട്ടിയെടുത്തുകൊണ്ട് കുഞ്ഞാപ്പയെ സഹായിച്ചു. അവസാനം ബാലകൃഷ്ണപിള്ള മാത്രം അഴിയെണ്ണേണ്ടി വന്നു.


നിയമസഭയിൽ ഉമ്മൻചാണ്ടിയെയും മകളെയും പരസ്യമായി അവഹേളിച്ചതിന് പകരമായി ഉമ്മൻ‌ചാണ്ടി മധുരമായി പകരം വീട്ടി. വിഎസ്സിന്റെ മകൻ അരുൺകുമാറിന് എതിരായി നിയമസഭാ കമ്മറ്റിയിൽ വിഡി സതീശൻ ഉണ്ടാക്കിയ നിയമസഭകമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചുകൊണ്ട് വിഎസ് അല്ല ഉമ്മൻ‌ചാണ്ടി എന്ന് തെളിയിച്ചു. അതാണ് ഉമ്മന്‍ ചാണ്ടി സ്റ്റൈല്‍.


oommen chandy-6

അക്കാര്യത്തിൽ വിഡി സതീശന് ഉമ്മൻചാണ്ടിയോട് നേരിയ നീരസം ഉണ്ടായിരുന്നു. മുള്ളിനെ മുള്ളു കൊണ്ടാണ് എടുക്കേണ്ടത് എന്നതായിരുന്നു വിഡിയുടെ വാദം. ശരിക്കും പറഞ്ഞാൽ കേരള രാഷ്ട്രീയം 'മലീമസ'മാക്കിയതിൽ വിഎസിന്റെ പങ്ക് നിസ്സാരമായി തള്ളിക്കളയുവാനാകില്ല.

എതിരാളികളെ അവഹേളിച്ചും പച്ചക്ക് വർഗീയത ഇളക്കിയും പ്രസംഗത്തിൽ പച്ചക്ക് വിമര്‍ശിച്ചും ഒക്കെ അദ്ദേഹം മലയാളിയുടെ മനസ്സ് കവർന്നു. അങ്ങനെയാണ് കണ്ണും കരളും ഒക്കെ ആയി മാറിയത്.

വെട്ടിനിരത്തൽ സമരവുമായി രംഗത്തെത്തിയപ്പോൾ, മധ്യ തിരുവിതാംകൂറിലെ ഒട്ടുമിക്ക പാർട്ടി ഓഫീസുകളും സഖാക്കളുടെ മാളികകളും നിലം നികത്തിയ സ്ഥലത്താണ് ഉണ്ടാക്കിയതെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടായപ്പോൾ വെട്ടിനിരത്തൽ സഖാവിനെ അവർ വെട്ടിനിരത്തി. 

vs moonnar

പിന്നീട് മൂന്നാർ ദൗത്യവുമായി കുറെ പൂച്ചക്കുട്ടികളെ രംഗത്തിറക്കുകയും കണ്ണിൽ കണ്ടതെല്ലാം ജെസിബി ഉപയോഗിച്ച് യുപിമോഡൽ തകർക്കലുകൾ ആരംഭിച്ചു. 


എങ്കിലും അത് പാലമഠം എസ്റേറ്റിലേക്ക് എത്തുമെന്നായപ്പോൾ വിഎസ് വെറുക്കപ്പെട്ടവനും, പാലമഠം മുതലാളിയും, പാർട്ടിയിലെ അദ്ദേഹത്തിന്റെ മുഖ്യ ശത്രുവും ബെംഗളൂരുവിലെ ലീല ഹോട്ടലിൽ ഇരുന്നുള്ള ഗൂഢാലോചനയിൽ എല്ലാം നിർത്തിവെപ്പിച്ചു. അതിന്നായി ഉപയോഗിച്ച പൂച്ചകളെയെല്ലാം വിഎസ് വഴിയാധാരമാക്കുകയും ചെയ്തു.


1996 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുമെന്നും വിഎസ് തോൽക്കുമെന്നും നമ്മളും പറഞ്ഞിരുന്നു . വിഎസിന്റെ മാരാരിക്കുളത്തെ ബാലറ്റ് പേപ്പറുകൾ ട്രാൻസ്‌പോർട്ട് ബസിലും ആറ്റിങ്ങലും ഒക്കെ കണ്ടെത്തിയപ്പോൾ മണ്ണും ചാരി നിന്ന നായനാർ സഖാവ് ഇഎംഎസ് ന്റെ കുനുഷ്ട് സമ്മതത്തോടെ മുഖ്യമന്ത്രി ആവുകയായിരുന്നു.

 ആരോടും അധികം സ്നേഹം പ്രകടിപ്പിക്കാതിരുന്ന സഖാവ് വിഎസ് മകനെ നല്ലപോലെ സ്നേഹിച്ചിരുന്നു. കേരളം ഒട്ടേറെ പിറകോട്ട് അടിച്ച അഞ്ചു കൊല്ലം എന്നൊക്കെ പ്രതിപക്ഷം വിഎസ് ഭരണത്തെ കുറിച്ച് പറയുമെങ്കിലും സ്മാർട്ട് സിറ്റി തീരുമാനത്തിൽ നാമെല്ലാം കണ്ടതാണ്.

എന്ത് കാരണത്താലാണ് സഖാവിനെ ഇത്രേം നാൾ കിടത്തിയത് എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹമാണ് ശരി.

സഖാവിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് മാരാരി ദാസനും, സഖാവായിരുന്നു എല്ലാം എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് മലമ്പുഴ വിജയനും

Advertisment