വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ധര്‍മ്മവും നീതിയും സംസ്കാരവും പാലിക്കാന്‍വേണ്ടിയുള്ളതാണ്. പക്ഷേ വ്യാപവും ധര്‍മ്മസ്ഥലവുമൊക്കെ നമ്മളെ പിന്നെയും ഞെട്ടിക്കുകയാണ്. ആരൊക്കെ അവിടെയൊക്കെ കൊലചെയ്യപ്പെട്ടു എന്നത് ഒരാള്‍ക്കും നിശ്ചയമില്ല. ഇനിയും ധർമ്മസ്ഥലയിലെ ഒരു വില്ലനെയും ആ ഗ്രാമം വിടാൻ അനുവദിക്കരുത് - ദാസനും വിജയനും

നൂറിലധികം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശവങ്ങൾ കുഴിച്ചു വച്ചിട്ടുണ്ട്. ചിലർ ബലാത്സംഗത്തിനിരയായി,ചിലര്‍ കഴുത്തറ്റു മരിച്ചവര്‍, മറ്റ് ചിലര്‍ ആസിഡ് ആക്രമണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ക്ക് ഇരകളായവര്‍.

New Update
dharmasthala and vyapam case
Listen to this article
0.75x 1x 1.5x
00:00 / 00:00

ധർമ്മസ്ഥല: ധർമ്മം വാരിച്ചൊരിയുന്ന സ്ഥലം എന്നൊക്കെയാണ് കരുതിയതെങ്കിലും അവിടെ അങ്ങനൊരു സംഭവം ഇല്ലാതായിട്ട് നാളുകൾ ഏറെ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും അവിടെ മാത്രം യാതൊരു വിധ ധർമ്മവും നീതിയും നിയമവും പുലർത്തിയിരുന്നില്ല എന്നതാണ് സത്യാവസ്ഥകൾ.

Advertisment

“ധര്‍മസ്ഥല ഒരു വിശ്വാസത്തിന്റെ കേന്ദ്രമാണ്. ന്യായപരമായ അന്വേഷണം നടക്കട്ടെ,” എന്നാണ് അവിടത്തെ ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം. ക്ഷേത്രം ഈ വിഷയത്തിൽ നിരപരാധിത്വം നിലനിർത്തികൊണ്ട്, സത്യാന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.


കർണ്ണാടകയിലെ പ്രശസ്തമായ തീർഥകേന്ദ്രമായ ധര്‍മസ്ഥലയിൽ  നൂറുകണക്കിന് മനുഷ്യശരീരങ്ങൾ രഹസ്യമായി കുഴിച്ചുവെച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാനം അമ്പരപ്പിലാണ്. ഒരു മുൻ ശുചീകരണ തൊഴിലാളിയാണ് ഈ ഭീകര ആരോപണങ്ങൾ ഉയർത്തിയത്.


48 വയസ്സുള്ള മുൻ ശുചീകരണ തൊഴിലാളിയായ ദളിത് യുവാവ്, 1995 മുതൽ 2014 വരെ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ആളാണ്. 2025-ലെ ജൂൺ-ജൂലൈ മാസങ്ങളിൽ, അദ്ദേഹം പൊലീസിനോട് പറയുന്നത് ഇങ്ങനെ: 

''നൂറിലധികം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശവങ്ങൾ കുഴിച്ചു വച്ചിട്ടുണ്ട്. ചിലർ ബലാത്സംഗത്തിനിരയായി,ചിലര്‍ കഴുത്തറ്റു മരിച്ചവര്‍, മറ്റ് ചിലര്‍ ആസിഡ് ആക്രമണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ക്ക് ഇരകളായവര്‍. അവരെന്നെ കൊല്ലുന്നതിന് മുന്നേ ഞാൻ എല്ലാം വെളിപ്പെടുത്തുന്നു”


കേസിന്റെ പ്രധാന വിവരങ്ങൾ: 1995–2014 കാലയളവിലാണ് ഇത് നടന്നതെന്ന് ആക്ഷേപം. മുറിച്ച കഴുത്ത്, പൊള്ളലുകൾ, ആസിഡ് ആക്രമണം തുടങ്ങിയ ലക്ഷണങ്ങളുള്ള ശരീരങ്ങൾ. 367-ഓളം അപ്രകൃത മരണങ്ങൾ ഒക്കെ ഇവിടെ ബന്ധപ്പെട്ടിരിക്കാമെന്നു അഭിഭാഷകൻ എസ്. ബാലൻ കോടതിയെ അറിയിച്ചു. 


2025 ജൂലൈ 4-ന് ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജൂലൈ 11-ന് ശാസ്ത്രീയ തെളിവുകളായ അസ്ഥികളുമായി ഫോറെൻസിക് പരിശോധനയ്ക്ക് വേണ്ടി കോടതി മുന്നിൽ ഹാജരായി. ജൂലൈ 21-ന് കർണ്ണാടക സർക്കാർ വിശേഷ അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.

dharmasthala mass burial

അന്വേഷണത്തിന്റെ ദിശ, ശവങ്ങൾ കുഴിച്ചിട്ടു എന്ന് ആരോപിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവ ശാസ്ത്രീയമായി പരിശോധിക്കപ്പെടും. സന്ദേഹാസ്പദമായി കാണാതായവരുടെ കേസുകൾ വീണ്ടും തുറക്കുന്നു.


അന്വേഷണ സംഘത്തിന് ഐ.പി.എസ്. ഉദ്യോഗസ്ഥൻ പ്രണബ് മോഹന്തി നേതൃത്വം നൽകുന്നു. അതിന്നിടയിൽ അന്വേഷണത്തിൽ നിന്നും
ഡിസിപി സൗമ്യലതയെ ആരോ ഭീഷണിപ്പെടുത്തി അവരിപ്പോൾ പിന്മാറിയിരിക്കുന്നു.


അന്വേഷണം മരവിപ്പിക്കുവാൻ കേന്ദ്രത്തിൽ ആരൊക്കെയോ സമ്മർദ്ദം ചെലുത്തുന്നു. നാട്ടുകാരെ പലരും ഭീഷണിപ്പെടുത്തുന്നു. പലരും ഈ കേസിനെ തേച്ചുമാച്ചു കളയുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു. 

എംഎൽഎ മാരെ സ്വാധീനിച്ചുകൊണ്ട് ഭരണത്തെ ഭീഷണിപ്പെടുത്തുന്നു. മന്ത്രിമാർക്ക് കോടികൾ വാഗ്ദാനം നൽകുന്നു. അജ്ഞാത ടെലഫോൺ കോളുകൾ കൊണ്ട് പോലീസുകാരിൽ സമ്മർദ്ദം ഏറുന്നു.


മംഗലാപുരത്തുനിന്നും കേരളത്തിൽ നിന്നും ഒട്ടനവധി പെൺകുട്ടികളാണ് ഇക്കാലയളവിൽ കാണാതായിരിക്കുന്നത്. നമ്മുടെ നാട്ടിലെ ജസ്നയെപ്പോലെ മലബാർ മേഖലയിലെ ധാരാളം പെൺകുട്ടികൾ മംഗലാപുരത്തേക്ക് ജോലിക്കും അതുപോലെ മസാജ് പാർലറുകളിലേക്കും മംഗലാപുരത്തെ ചുവന്ന തെരുവിലേക്കും ഒക്കെ വണ്ടി കയറിയവരാണ്.


അവരിൽ കുറെ പേരൊക്കെ എവിടെയാണാവോ എന്നാണ് കൂടുബാംഗങ്ങളും കണക്കാക്കുന്നത്. എന്തായാലും എല്ലാ കുടുംബങ്ങളും അന്വേഷിക്കുന്നത് നല്ലതാണ്. കാരണം അത്രയധികം ആളുകളെയാണ് അവിടത്തെ കാട്ടാളന്മാർ കുഴിച്ചുമൂടിയിരിക്കുന്നത്.

dharmasthala mass burial case

അത് ചിലപ്പോൾ ബലി ആകാം ചിലപ്പോൾ അതവർക്ക് ഒരു സുഖമാകാം. എന്തായാലും മനുഷ്യജീവൻ വെച്ചുള്ള കളികൾ ഐഎസ് ഐഎസ് മാത്രമല്ല നമ്മുടെ നാട്ടിലും നടക്കുന്നു എന്നത് ആര് മൂടിക്കെട്ടുവാൻ ശ്രമിച്ചാലും ദൈവം പുറത്തുകൊണ്ടുവരും !

വ്യാപം അഴിമതിയെക്കുറിച്ചു നാമെല്ലാം മറന്നിരിക്കുന്ന കാലഘട്ടത്തിലാണ് ധർമ്മസ്ഥല കയറിവന്നിരിക്കുന്നത്.


ഭീകരതയുടെ പേരായ ‘വ്യാപം’ കേസ്: പരീക്ഷാ തട്ടിപ്പും സംശയാസ്പദ മരണങ്ങളും മധ്യപ്രദേശ് സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിയുടെയും അനുബന്ധ കൊലപാതകങ്ങളുടെയും പേരാണ് "വ്യാപം" കേസ്. 


‘വ്യവസായികപരിശീലന ബോർഡ്’ (Vyavsayik Pariksha Mandal) എന്നതാണ് ഇതിന്റെ മുഴുവൻ രൂപം - അതാണ് “VYAPAM”. വ്യാപം വഴി മെഡിക്കൽ പ്രവേശനം, സർക്കാർ ജോലി എന്നിവയ്ക്കുള്ള പരീക്ഷകളിൽ വലിയ തോതിലുള്ള തട്ടിപ്പ് നടന്നു.

vyapam case

അതിനൊപ്പം സാക്ഷികൾ, അന്വേഷണക്കാർ, പത്രപ്രവർത്തകർ വരെ സംശയാസ്പദമായി മരണപ്പെട്ടത് ഈ കേസിന് ഒരു ക്രൂര രൂപം നൽകി. മധ്യപ്രദേശിലെ ഏറ്റവും വലിയ അഴിമതിയായാണ് വ്യാപം അറിയപ്പെടുന്നത്.

2009-ൽ മുതൽ തന്നെ ഫോൺ ടാപ്പുകൾ, ചോദ്യപേപ്പർ ലീക്ക്, മാറ്റിസ്ഥാപിത പരീക്ഷാർത്ഥികൾ തുടങ്ങിയവയെക്കുറിച്ച് പരാതി ഉയർന്നു. എന്നാൽ 2013-ൽ ഒരു ചികിത്സകന്റെ അറസ്റ്റിന് ശേഷം കേസ് വലിയതായിത്തന്നെ പുറത്തുവന്നു.

അന്വേഷണം ആരംഭിച്ചതോടെ, തട്ടിപ്പ് ശൃംഖല, ഫെയ്ക്ക് കാൻഡിഡേറ്റുകൾ, ലഭ്യമാക്കപ്പെടുന്ന അഡ്മിഷനുകൾ തുടങ്ങിയവ വെളിപ്പെട്ടു.


''തട്ടിപ്പിന്റെ രീതികൾ: അസലായ വിദ്യാർത്ഥിയുടെ പകരം വ്യാജ വ്യക്തികൾ പരീക്ഷ എഴുതുന്നത്, ചോദ്യപേപ്പറുകൾ മുൻകൂട്ടി ലഭിക്കുക, മധ്യസ്ഥർ വഴി പണം വാങ്ങി അഡ്മിഷൻ ഉറപ്പാക്കുക, അധ്യക്ഷൻമാരുടെ സമ്മതത്തോടെ റാങ്ക് പട്ടിക തയാറാക്കുക, എന്നിങ്ങനെയായിരുന്നു''.


ഔദ്യോഗികമായി അൻപതോളം പേര് കൊല്ലപ്പെട്ട ഈ കേസിൽ ഏകദേശം ഇരുന്നൂറോളം പേര് കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം.

നമ്രത ദാമോർ - 2012 -ൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനി. റെയിൽവേ പാളത്തിൽ കണ്ടെത്തിയ മൃതദേഹം ആദ്യം ആത്മഹത്യയെന്ന് പറഞ്ഞു; പിന്നീട് പിതാവ് ആരോപിച്ചത് കൊലപാതകമാണെന്ന്.

ആകാശ് യാദവ് - അന്വേഷണവുമായി ബന്ധപ്പെട്ട് പഠിക്കുന്ന വിദ്യാർത്ഥി, ഡോ. ശ്രീകാന്ത് - വെറുതെ പെട്ടെന്നുണ്ടായ ഹൃദയാഘാതം, ആനന്ദ് ദേവെ - ജഡ്ജ്, ഉദ്യോഗസ്ഥൻ, അതികൃത ആസൂത്രിത മരണം.

അക്ഷയ് സിംഗ് - എന്‍ഡിടിവി മാധ്യമപ്രവർത്തകൻ, അന്വേഷണം നടക്കുന്നതിനിടെ മരണം. ഹൃദയാഘാതമെന്ന് റിപ്പോർട്ട്. “എല്ലാവരും അത്രത്തോളം സ്വാഭാവികമായി മരിക്കുന്നുവോ ?” - എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.


2015 ൽ സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചിരുന്നില്ല. 2300-ത്തിലധികം അറസ്റ്റുകൾ, 500-ലധികം ജാമ്യങ്ങൾ, 50-ത്തോളം മരണം, ഇതുവരെ രേഖപ്പെടുത്തി.


രാഷ്ട്രീയ നേതാക്കളുടെ ബന്ധം കേസിനെ പലപ്പോഴും അട്ടിമറിച്ചെങ്കിലും ഭൂമിപാൽ സിംഗ്, ലക്ഷ്മികാന്ത് ശർമ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ചില ബിജെപി നേതാക്കൾക്കും നേരെ ആരോപണങ്ങൾ ഉയർന്നു.

ഇതുവരെ കേസിന്റെ അന്തിമ വിധി വരാനിരിക്കുന്നതാണ്. ചില പ്രതികൾ കുറ്റവിമുക്തരായിട്ടുണ്ട്; ചില കേസുകൾ ഇപ്പോഴും നീണ്ടുനിൽക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതി എന്ന പേരിൽ വ്യാപം ചരിത്രത്തിലേക്ക് കടന്നിരിക്കുന്നു.


വിദ്യാഭ്യാസം ഒരു സത്വമായ സംവിധാനമാണ്. അതിന്റെ വിശ്വാസം തകർക്കുന്നത് ഒരു രാജ്യത്തിന്റെ അടിസ്ഥാനം തകർക്കുന്നുപോലെയാണ്. നീതി എത്ര വൈകിയാലും, എത്തേണ്ടത് അതിന്റെ മുഴുവൻ ശക്തിയോടെയാണ് - എന്നതാണ് ഈ കേസിന്റെ ആകാംക്ഷയും പാഠവും.


എന്നതുപോലെ അമ്പലവും പള്ളികളും മറ്റു ആരാധനാലയങ്ങളും മനുഷ്യന്റെ നന്മക്കും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളേണ്ടവയാണ്. അവിടെയൊക്കെ ഭരണത്തിന്റെ തണലിൽ ചില തെമ്മാടികൾ കയറിയിരുന്ന് ചെയ്തുകൂട്ടുന്ന ഈ വക തെമ്മാടിത്തരങ്ങൾ ജനങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

ധർമ്മസ്ഥലയിലെ ഒരു വില്ലനെയും ആ ഗ്രാമം വിടുവാൻ അനുവദിക്കരുത്. അവരൊക്കെ ഇപ്പോൾ എത്തേണ്ടിടത്ത് എത്തിക്കാണും. എങ്കിലും പൊക്കണം, എവിടെ ആണെങ്കിലും !

ജസ്‌നയെ കുറിച്ച് ധർമ്മസ്ഥലയിലുംകൂടി അന്വേഷിച്ചുകൂടെ എന്ന അഭിപ്രായത്തിൽ ദാസനും ഒരുത്തനെയും വെറുതെ വിടരുത് എന്ന അഭിപ്രായത്തിൽ വിജയനും 

Advertisment