/sathyam/media/media_files/2025/08/15/coolie-6-2025-08-15-15-41-55.jpg)
നമ്മുടെ ദളപതി, നമ്മുടെ മനിതൻ, നമ്മുടെ ബാഷ, നമ്മുടെ മന്നൻ, നമ്മുടെ യജമാൻ, നമ്മുടെ മുത്തു, നമ്മുടെ അരുണാചലം, നമ്മുടെ അണ്ണാമലൈ, നമ്മുടെ ഉഴൈപ്പാളി, നമ്മുടെ പണക്കാരൻ, നമ്മുടെ ശിവജി, നമ്മുടെ കൊച്ചടിയാൻ, നമ്മുടെ കബാലി, നമ്മുടെ വേട്ടയൻ, നമ്മുടെ തലൈവർ, നമ്മുടെ കൂലി.. ഇപ്പോൾ അമ്പത് സ്റ്റൈൽ വർഷങ്ങളും 170 സ്റ്റൈൽ സിനിമകളും പൂർത്തിയാക്കിക്കൊണ്ട് ഇനിയും സിനിമകൾക്കായി വെമ്പൽ കൊള്ളുകയാണ്.
അന്ന് മമ്മുട്ടി ദളപതിയിൽ പറഞ്ഞത് ഓർമ്മ വരുന്നു, ''രമണന്ക്ക് ഏതാവത് ആച്ചനാൽ ഇന്ത സൂര്യ ഇരുക്കമാട്ടേൻ'' അന്ന് തിയറ്ററുകളിൽ കയ്യടി വാങ്ങിയ ആ കാഴ്ചക്ക് ശേഷം ഇന്നിപ്പോൾ കൂലിയിൽ കൊച്ചിക്കാരനായ സൗബിൻ ഷാഹിർ രജനിക്കൊപ്പം തകർത്തഭിനയിച്ചിരിക്കുന്നു.
അന്നത്തെ മമ്മുട്ടിയുടെ പേരായ ദേവ ഇന്നത്തെ കൂലിയിൽ രജനീകാന്തിന് നൽകിയപ്പോൾ സൗബിൻ പറയുന്ന ''ദേവക്ക് ഏതാവത് ആച്‌നാ നീ ഇരുക്കമാട്ടേൻ'' എന്ന ഡയലോഗ് കേട്ടപ്പോൾ ദളപതിയെ ഓർമിച്ചുപോയി.
എന്തായാലും കൂലി ഒരു ഭയങ്കര സിനിമ അല്ലെങ്കിലും അത്യാവശ്യം നടന്മാരെ നിറച്ചുകൊണ്ട് ജനങ്ങളിൽ കൗതുകമുയർത്തുവാൻ സാധിച്ചിട്ടുണ്ട്.
രജനികാന്തിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പഴയ ഫാൻസിനെ സുഖിപ്പിക്കുവാനുള്ള എല്ലാ ചേരുവകളും കുത്തിനിറക്കുവാൻ സംവിധായകൻ ലോകേഷ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇടവേളക്കുശേഷം ഒരു തീവണ്ടിയും അതിനു പിന്നാലെയുള്ള ഓട്ടങ്ങളും കണ്ടപ്പോൾ ഷാജി കൈലാസ് നമ്മെ വട്ടുപിടിപ്പിച്ച രുദ്രാക്ഷം സിനിമ ഓർമ്മയിൽ വന്നു.
കൂടാതെ മഴുകൊണ്ട് രജനികാന്തിനെ വെട്ടിയിട്ടും പിന്നീട് അവിടെ എന്ത് സംഭവിച്ചു എന്നത് ഒരു ലോകാത്ഭുതമാക്കി മാറ്റുവാനും സംവിധായകന് സാധിച്ചു.
പക്ഷെ തിയറ്ററിൽ കയ്യടി കിട്ടിയ രംഗം, നാഗാർജുനയുടെ സൈമൺ സേവിയർ രുചിതയെന്ന കല്യാണിയെ കഴുത്തിൽ കമ്പികയറ്റി കൊന്നുകളഞ്ഞപ്പോഴായിരുന്നു. വിശ്വസിക്കുന്ന ചതികൾക്കെതിരെയാണ് ഈ സിനിമ. എമ്പുരാനിലെ മുന്നയെപോലെയുള്ള ആളുകളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, സാധാരണ ഇങ്ങനെയുള്ള സ്വർണ്ണം, മയക്കുമരുന്നു, ആഡംബര വാച്ചുകൾ കള്ളക്കടത്തിന് വരുന്ന മെയിൻ വില്ലന്മാരുടെ പേരുകൾ മിക്കവാറും ജഹാൻഗീർ ഖാൻ, ജബ്ബാർ ഭായ് എന്നിങ്ങനെയൊക്കെയുള്ള മുസ്ലിം നാമധാരികൾ ആയിരുന്നു.
ഒരു കാലഘട്ടത്തിൽ ഷാജി കൈലാസ് മുതൽ റാം ഗോപാൽ വർമ്മ വരെയുള്ള സംവിധായകർ പരീക്ഷിച്ചു വിജയിച്ച ആ തന്ത്രം ഇന്നിപ്പോൾ ലോകേഷ് എന്ന സംവിധായകൻ ''സൈമൺ സേവിയർ'' എന്ന ഒരു ക്രിസ്ത്യൻ നാമധാരിക്ക് അടിച്ചേൽപ്പിച്ചു. ചിലപ്പോൾ അതും ഒരു കച്ചവട തന്ത്രത്തിന്റെ ഭാഗമായിരിക്കാം.
മിക്കവാറും തട്ടുപൊളിപ്പൻ സിനിമകളിലെപ്പോലെ, നമ്മുടെ എമ്പുരാനിലെ പോലെ ഒരു പ്രൈവറ്റ് ജെറ്റും ഹെലികോപ്റ്ററും കുറെ സിക്സ് പാക്ക് വെള്ളക്കാരും എല്ലാം ഒരുമിച്ചുകൊണ്ട് അമീർഖാൻ വന്നു എന്നതും സിനിമക്ക് ആശ്വാസമായി.
അദ്ദേഹത്തിനും കൂടുതലായൊന്നും അഭിനയിക്കുവാൻ ഉണ്ടായിരുന്നില്ല എന്നതും അദ്ദേഹത്തിന് ആശ്വസിക്കാം. കാരണം അഭിനയത്തിന്റെ സകലമാന ക്രെഡിറ്റുകളും കൊച്ചിയിലെ സൗബിൻ ഷാഹിറിൽ ഒതുങ്ങി.
ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹസൻ എന്നിവർ അവരെക്കൊണ്ടായ രീതിയിൽ ജനങ്ങളെ ബോറടിപ്പിക്കാതെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു.
മദ്യത്തിനും മയക്കുമരുന്നിനും നൂറു ശതമാനം എതിരായിരുന്നു ഈ സിനിമ എന്നതിൽ സംവിധായകനും അഭിനയിച്ചവർക്കും ആശ്വസിക്കാം.
ആദ്യത്തെ സീനുകളിൽ മുതൽ മദ്യത്തിന് എതിരാണെന്നുള്ള ഒരു സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കും എതിരായാണ് സിനിമയുടെ തിരക്കഥ കൊണ്ടുപോയിരുന്നത്.
സ്ഥിരം സിനിമകളിൽ കണ്ടു മതിയായ സ്വർണ്ണക്കടത്തിനും മയക്കുമരുന്ന് കടത്തിനും ബദലായി മനുഷ്യന്റെ ഹൃദയകച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലും ലേശം പുതുമ അവകാശപ്പെടാം.
മുതലക്കുളത്തിലും, യന്ത്രങ്ങളിലും അല്ലാതെയും മനുഷ്യനെ ഇല്ലാതാക്കിയിരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മനുഷ്യനെ ഭസ്മമാക്കുന്ന രീതി ഇന്ത്യയിൽ പലയിടത്തും നടക്കുന്നതുകൊണ്ട് അതും ജനങ്ങൾക്ക് മനസിലാക്കാം.
വിശാഖപട്ടണം പോർട്ടാണ് സിനിമയിൽ കാണിക്കുന്നത് എങ്കിലും സിനിമയിലെ പോലെ സംഭവികാസങ്ങൾ അരങ്ങേറിയത് ഗുജറാത്തിലെ മുദ്ര പോർട്ടിൽ ആയിരുന്നു എന്ന് മാത്രം.
എമ്പുരാന് ശേഷം ഗുജറാത്തിൽ തൊടുവാൻ പേടിച്ചിട്ടാകാം സൺ പിക്ചർസും, രജനിയും, ലോകേഷും എല്ലാം വിശാഖപട്ടണം പോർട്ടിലാക്കിയത്.
മുദ്ര പോർട്ടിലായിരുന്നു നാലായിരം കോടിയുടെ സ്വർണ്ണം സ്ക്രാപ്പിന്റെ മറവിൽ ഇറങ്ങിയതും. 2021 സെപ്റ്റംബർ മാസത്തിൽ ഗുജറാത്തിലെ മുൻഡ്ര പോർട്ടിൽ വെച്ച് നടന്ന ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി-കടത്തൽ കേസാണ് രാജ്യത്തെ നടുക്കിയത്.
"താൽക്ക് സ്റ്റോൺ" എന്ന് പ്രഖ്യാപിച്ചുമുള്ള കണ്ടെയ്‌നറിൽ നിന്നാണ് ഏകദേശം 2,988.21 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. വിപണിമൂല്യം 21,000 കോടി രൂപയ്ക്കുമുകളിൽ വിലയിടുന്ന ഈ ലഹരി ചരക്ക്, കേരളത്തിലേക്ക് വരവാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി ഡൽഹിയിലെ വ്യാപാരിയായ ഹർപ്രീത് സിംഗ് തൽവറിനെയും 2022 ആഗസ്തിൽ അറസ്റ്റ് ചെയ്തിരുന്നു.
എന്തായാലും ഇങ്ങനെയുള്ള സിനിമകളിൽ കൂടി ഇതുപോലെയുള്ള വിമാനത്താവളം, തുറമുഖം മൂലമുള്ള കള്ളക്കടത്തുകളും മനുഷ്യ കടത്തുകളും അവസാനിപ്പിക്കുവാനാവില്ലെങ്കിലും ജനങ്ങളിൽ ഒരു അവബോധം സൃഷ്ടിക്കുന്നതിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുന്നു എന്നതിൽ നമ്മുക്ക് സമാശ്വസിക്കാം !!!
സൗബിൻ ഷാഹിറിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് മട്ടാഞ്ചേരി ദാസനും രജിനികാന്തിന് അമ്പത് വർഷങ്ങളുടെ നന്മകൾ നേർന്നുകൊണ്ട് കേരളത്തിലെ രജനി ഫാൻസ് വിജയനും