മണ്ണും വായുവും കൂടിയേ ഇനി അദാനിയ്ക്ക് പണയം വയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. അരവല്ലി മലനിരകളില്‍ അദാനി തുരക്കാന്‍ തുടങ്ങുമ്പോള്‍ ഡല്‍ഹിയുടെ ജീവവായുവാണ് കൈമോശം വരുന്നത്. മനുഷ്യന്‍ ശ്വാസത്തിനായി യാചിക്കുന്ന കാഴ്ചകള്‍ നമുക്കന്യമല്ലാതാകും - ദാസനും വിജയനും

അരവല്ലി ഇല്ലാതാകുമ്പോൾ, വായു തടഞ്ഞുനിൽക്കും, ചൂട് അടിഞ്ഞുകൂടും, ജീവൻ ശ്വാസത്തിനായി യാചിക്കും. ഇത് മുന്നറിയിപ്പല്ല - അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ട് അരവല്ലി സംരക്ഷണം ഒരു പരിസ്ഥിതി ആവശ്യമല്ല.

author-image
ദാസനും വിജയനും
Updated On
New Update
aravalli range
Listen to this article
0.75x1x1.5x
00:00/ 00:00

നമ്മുടെ തലസ്ഥാന നഗരി ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏതൊരു നഗരത്തെക്കാളും പച്ചപ്പ് നിറഞ്ഞ ദൽഹി നഗരത്തിൽ പുകമഞ്ഞുകൊണ്ടും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കൊണ്ടും നാശമായിക്കൊണ്ടിരിക്കുകയാണ്. 

Advertisment

ഞങ്ങൾ അധികാരത്തിൽ കയറിയാൽ കേവലം മാസങ്ങൾ കൊണ്ട് ഡൽഹിയിലെ മൊത്തം അന്തരീക്ഷത്തെ മാറ്റിമറിക്കുമെന്ന് പറഞ്ഞവർ ഗംഗാനദി ശുദ്ധീകരിച്ചതുപോലെ തന്നെ, അല്ലെങ്കിൽ സ്വച്ച് ഭാരത് എന്ന പേരിൽ റോഡിലെ ചവറുകൾ അടിച്ചുകളയുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുപോലെ
വീണ്ടും വീണ്ടും കണ്ണിൽ പൊടിയിട്ട് കൊണ്ടിരിക്കുകയാണ്.


ഇവരൊക്കെ അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ആകെമൊത്തം മുഖച്ഛായ മാറുമെന്ന് കരുതി വോട്ട് ചെയ്തു ജയിപ്പിച്ചവർക്ക്  അവരവരുടെ സ്വന്തം മുഖച്ഛായ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് !


അന്തരീക്ഷത്തിലെ മലിനീകരണം തുടച്ചുമാറ്റിയില്ലെങ്കിലും വിരോധമില്ലായിരുന്നു, പക്ഷെ മലിനീകരണത്തെ ഏറെക്കുറെയൊക്കെ നിയന്ത്രിച്ചിരുന്ന പ്രകൃതിദത്തമായ ചില മലനിരകളെ ഇടിച്ചുനിരത്തുവാൻ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു.

അതെ - ഡൽഹിയിലെ വായുമലിനീകരണത്തിന്റെ മൗനകാരണം അരവല്ലിയുടെ നാശമാണ്. അരവല്ലി മലനിരകൾ വടക്കേ ഇന്ത്യയുടെ ശ്വാസകോശമായിരുന്നു;

delhi air pollution


മരുഭൂമിയുടെ ചൂടിനും ധൂളിക്കും എതിരായ പ്രകൃതിയുടെ അവസാന പ്രതിരോധമതിൽ. ആയിരക്കണക്കിന് വർഷങ്ങൾ ഈ മലനിരകൾ വായുവിനെ ശുദ്ധീകരിച്ചു, ജലത്തെ സംരക്ഷിച്ചു, മനുഷ്യവാസത്തിന് അനുയോജ്യമായ കാലാവസ്ഥ നിലനിർത്തി. ആ മഹത്തായ സമത്വം മനുഷ്യന്റെ ലാഭലോഭത്തിന്റെ കയ്യിൽ തകർന്നുവീഴുകയാണ്.


കുന്നുകൾ പൊളിക്കപ്പെട്ടു, കാടുകൾ ഇല്ലാതാക്കി, ഭൂമി ചരക്കാക്കി. ഖനനവും നിർമാണവും “വികസനം” എന്ന പേരിൽ അരവല്ലിയെ വിറ്റുതിന്നു. 

പ്രകൃതിയെ സംരക്ഷിക്കേണ്ടവർ തന്നെ നശിപ്പിക്കുമ്പോൾ, ധൂളിയും ചൂടും തടസ്സമില്ലാതെ ഡൽഹിയിലേക്കൊഴുകി. വായു ഭാരമായി; ശ്വാസം ബുദ്ധിമുട്ടായി; കുട്ടികളും വയോധികരും രോഗത്തിന്റെ ഇരകളായി. 


ഡൽഹിയിലെ മലിനീകരണം വാഹനങ്ങളിലോ ചിമ്മിണികളിലോ ഒതുങ്ങുന്നില്ല. അവയെ നിയന്ത്രിച്ചു നിർത്തിയിരുന്ന പ്രകൃതിദത്ത മതിൽ തകർന്നതോടെയാണ് പുകമഞ്ഞ് നഗരത്തെ പിടിച്ചുകെട്ടിയത്. 


അരവല്ലി ഇല്ലാതാകുമ്പോൾ, വായു തടഞ്ഞുനിൽക്കും, ചൂട് അടിഞ്ഞുകൂടും, ജീവൻ ശ്വാസത്തിനായി യാചിക്കും. ഇത് മുന്നറിയിപ്പല്ല - അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ട് അരവല്ലി സംരക്ഷണം ഒരു പരിസ്ഥിതി ആവശ്യമല്ല.

ഹൈദരാബാദിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം ഏക്കർ വരുന്ന ഒരു കുന്നിടിച്ചുകൊണ്ട് മരങ്ങൾ വെട്ടിമാറ്റി പണി തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ കൊണ്ട് ആ പ്രോജക്ട് തന്നെ പിൻവലിച്ചിരിക്കുന്നു. 

hydrabad project

എന്നാൽ അരവല്ലി മലനിരകൾ ഇന്ത്യയിലെ വടക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന, ഭൂമിയുടെ ഏറ്റവും പ്രാചീനമായ മലനിരകളിലൊന്നാണ്. ഏകദേശം 692 കിലോമീറ്റർ നീളം വ്യാപിച്ചുകിടക്കുന്ന ഈ മലനിരകൾ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ, ദെൽഹി മേഖലകളിൽ ഉൾപ്പെടുന്നു. 


പരമാവധി ഉയരം ഏകദേശം 1,700 മീറ്റർ വരെയുണ്ട്, കുറഞ്ഞ ഉയരം ഏകദേശം 100 മീറ്റർ. പ്രകൃതിദത്ത തടയണിയായി നിലകൊണ്ടിരിക്കുന്ന അരവല്ലി, മരുഭൂമിയുടെ വ്യാപനം തടയുകയും, ജലസംരക്ഷണത്തിൽ സഹായിക്കുകയും, കാലാവസ്ഥയെ നിയന്ത്രിക്കുകയും, വായു ശുദ്ധിയും ഹരിത പരിസരവും നിലനിർ‍ത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു.


അതിനാൽ ഈ മലനിരകളുടെ സംരക്ഷണം, ഭാവി തലമുറകളുടെ ജീവനും ഭൂമിയുടെ സമത്വവും സംരക്ഷിക്കുന്നതിനു സമാനമാണ്.

ഇന്ത്യയിൽ എന്തൊക്കെ അട്ടിമറികൾ നടത്തിയാലും, എന്തൊക്കെ വിറ്റുതുലച്ചാലും, എന്തൊക്കെ മലകൾ ഇടിച്ചുനിരത്തിയാലും നമ്മുടെ ചാനലുകൾ അവയെയൊന്നും കണ്ടില്ലെന്ന് നടിക്കണമെന്ന് മേധാവികൾ അരുളി ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ജനാധിപത്യം വരെ വളരെ ഭംഗിയായി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ഈ കലികാലത്തിൽ തിരഞ്ഞെടുപ്പുകൾ വരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചാനലുകളുടെ ഈ മൗനം അപകടമാണെന്ന് അവർക്കറിയാം.

aravalli mountain rajasthan

പക്ഷെ ചാനലുകൾ നിലനിർത്തുവാൻ പണമെറിഞ്ഞവന് ഇതൊക്കെയെന്ത് ? എൻഡിടിവി ആയിരുന്നു ലേശമൊക്കെ നന്മക്കായി പടപൊരുതിയിരുന്നത്.


അവരെ ഒന്നടങ്കം അദാനിയെപ്പോലുള്ളവർ വിഴുങ്ങിയപ്പോൾ റിപ്പബ്ലിക്ക് ടിവിയുടെ അർണാബ് എന്തൊക്കെയോ ഒച്ചയും ബഹളവും കാണിച്ചുകൂട്ടുന്നുണ്ട്. അതിലും എന്തെങ്കിലും നാടകം കളിയുണ്ടോ എന്നാണ് എല്ലാവരുടെയും സംശയം !!


ചരിത്രത്തിൽ ആദ്യമായി അർണാബ് ഗോസാമി ഇന്ത്യക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ഒച്ചവെക്കുമ്പോൾ ജനത്തിന് ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് സത്യം. ആരെ വിശ്വസിക്കണം ആരെ ഭയക്കണം എന്നൊന്നും തിരിച്ചറിയുന്നില്ല.

arnab goswami

നരേന്ദ്രമോഡിക്കും അമിത്ഷാക്കും അദാനിക്കും എതിരായി അർണാബ് ശബ്ദമുയർത്തുമ്പോൾ എന്തുകൊണ്ടാണെന്ന് ചോദ്യങ്ങൾ ഉയരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റാണ് അർണാബിന്റെ പാർട്ണർ.


കൂടാതെ രാമദാസ് പൈയും രമാകാന്ത് പാണ്ഡേയും പോലുള്ളവർ പണമിറക്കിയിട്ടുമുണ്ട്.  സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടിരുന്ന എൻഡിടിവിയെ വിഴുങ്ങിയ അദാനി ഇന്ത്യയിലെ ഒട്ടുമിക്ക ചാനലുകൾക്കും വിലയിട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ റിപ്പബ്ലിക്ക് കയ്യിലാക്കുമോ എന്ന ഉൾഭയം അർണാബിനെ പിടികൂടി കാണും !!


എന്തൊക്കെത്തന്നെയായാലും ഇന്നിപ്പോൾ വികസനമെന്ന പേരിൽ നടക്കുന്ന ഈ തട്ടിപ്പ് പദ്ധതികൾ നമ്മുടെ ഇന്ത്യയെ ഒന്നടങ്കം വിഴുങ്ങുവാനുള്ള ആസൂത്രണങ്ങളാണ് എന്ന തിരിച്ചറിവ് ജനങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്നവർ എന്ന് ജനം വിശ്വസിച്ചിരുന്ന ആ രണ്ടു നേതാക്കളെ കുറിച്ച് ആളുകൾ അടക്കം പറച്ചിലുകൾ ആരംഭിച്ചു കഴിഞ്ഞു. അവരുടെ ആശീർവാദത്തോടെ വിമാനത്താവളങ്ങളും, തുറമുഖങ്ങളും, പെട്രോളിയം എനർജികളും, ഭൂസ്വത്തുക്കളും എല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ ഒരു മനുഷ്യനെ ഇൻഡിഗോ പ്രതിസന്ധിയിലൂടെ ഇടത്തരക്കാർക്ക് ഏതാണ്ടൊക്കെ പിടുത്തം കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ഈ പോക്ക് പോയാൽ ഇന്ത്യയിലെ കോടീശ്വരന്മാർ മാത്രമല്ല സാധാരണക്കാരും ഇന്ത്യ വിടുമെന്നതിൽ സംശയമില്ല !


ഡൽഹിയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടമാണ്. പുനർവനീകരണം, കർശന നിയമസംരക്ഷണം, ജനകീയ ജാഗ്രത - ഇവ ഒന്നിച്ചില്ലെങ്കിൽ ശുദ്ധവായു സ്വപ്നമായി മാറും.


അരവല്ലി വീണാൽ ഡൽഹിയും വീഴും; അരവല്ലി നിലനിൽക്കുമ്പോൾ മാത്രമാണ് മനുഷ്യനും നിലനിൽക്കുക.

ഇവരുടെയൊക്കെ തലയിൽ ഇടിത്തീ വീഴണേ എന്ന പ്രാർത്ഥനയോടെ പ്രകൃതിസ്നേഹി ദാസനും
എത്രയും നാൾ ഇനി ഇവരെയൊക്കെ സഹിക്കേണ്ടിവരുമെന്ന വേദനയാൽ വിജയനും 

Advertisment