പോറ്റിയെ.. കേറ്റിയെ..എന്ന പാട്ടിനേക്കാൾ വലിയ മുന്നറിയിപ്പാണ് സിപിഎമ്മിന് മറ്റത്തൂർ ! സാജനെയും നവീൻ ബാബുവിനെയും വേളിയിലെ സുരേഷിനെയും പോലെ നിങ്ങളെ പേടിച്ച് ആത്മഹത്യ ചെയ്യാൻ തയാറാകാതിരുന്ന ഒരു ചെറുപ്പക്കാരനുണ്ട് മറ്റത്തൂരിൽ - അതുൽ കൃഷ്ണ. അവനാണ് ആ കഥയിലെ നായകൻ. പിന്നെ കോൺഗ്രസിന് പറ്റിയത് പഴം വിഴുങ്ങികളായ ഡിസിസി നേതൃത്വങ്ങളുടെ കൈയ്യിലിരിപ്പും - ദാസനും വിജയനും

അതുൽ കൃഷ്ണ എന്ന ഒരു പയ്യൻ ആറ്റുനോറ്റ് സ്ഥാപിച്ച ഒരു ഹോളോബ്രിക്സ് ഫാക്ടറിയെ ഇല്ലാതാക്കുവാൻ അവിടത്തെ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി കളിച്ചപ്പോൾ ആ പ്രസിഡണ്ടിനെതിരെ തിരിച്ചു കളിച്ചതാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

New Update
athul krishna naveen babu sajan
Listen to this article
0.75x1x1.5x
00:00/ 00:00

'മറ്റത്തൂർ' അടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങളിൽ നിറഞ്ഞൊഴുകുവാൻ പോവുകയാണ്. ചിലപ്പോൾ ഇളയരാജ മുതൽ എ ആർ റഹ്മാൻ വരെ സംഗീതം നിർവഹിച്ചേക്കാം !

Advertisment

വിപ്ലവഗാനങ്ങൾ കൊണ്ടും നാടകഗാനങ്ങൾ കൊണ്ടും കഥാപ്രസംഗങ്ങൾ കൊണ്ടും കേരളത്തിൽ വേരൂന്നിയ ഒരു പ്രസ്ഥാനത്തെ കേവലം ഒരു കുഞ്ഞബ്ദുള്ള ഖത്തറിൽ നിന്നും ഇറക്കിവിട്ട ഒരു പാട്ടിനാൽ നിലംപരിശാക്കി വിട്ടപ്പോൾ ഇനിയുള്ള നാളുകൾ പാട്ടുകൾ കൊണ്ട് കേരളം നിറയും എന്നതിൽ സംശയമില്ല !

അതിനായുള്ള മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കേരളയാത്ര ഒരിക്കൽ കൂടി കേരളത്തിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ ബോറൻ പ്രസംഗികർക്ക് പകരമായി ഇനി നല്ല പാട്ടുകൾക്ക് നൃത്തം വെക്കുവാനാകും !

530 ൽ പരം പഞ്ചായത്തുകളിൽ പ്രതിപക്ഷത്തിന്റെ പ്രസിഡണ്ടുമാർ തിരഞ്ഞെടുക്കപ്പെട്ട ആ നല്ല സുദിനത്തിൽ ആ വിഷമം സഹിക്കവയ്യാതെ പെട്ടെന്ന് മൂന്ന് വാർത്തകൾ കേരളത്തിൽ കുത്തിനിറക്കുവാൻ പി ആർ പണം കൈപ്പറ്റിയ ചാനലുകാർക്കും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കും സാധിച്ചു എന്നതിൽ അവർക്കും അഭിമാനിക്കാം.


അവർ ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നു എന്ന് അവർക്ക് അവകാശപ്പെടാം. ആദ്യത്തേത് മറ്റത്തൂർ വിഷയവും, രണ്ടാമത്തേത് എംഎൽഎ ഓഫീസ് വിഷയവും മൂന്നാമത്തേത് ബെംഗളൂരുവിലെ കുടി ഒഴിപ്പിക്കലും.


തക്ക സമയത്ത് ഇങ്ങനെ ഓരോരോ വിഷയങ്ങളെ വീണുകിട്ടിയതിൽ തളർന്നു വീട്ടിലിരുന്നിരുന്ന അണികളിൽ ആവേശം പകർത്തുവാൻ സാധിച്ചു, ഇതാണ് രാഷ്ട്രീയം !

മറ്റത്തൂർ വിഷയത്തെ പറ്റി കൂലംകുഷമായി പഠിക്കുമ്പോൾ അത് തൃശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ എട്ടിന്റെ പണിയും അതിനു മറുപടിയായി മുട്ടൻ പണിയുമായിരുന്നു. വേണമെങ്കിൽ സിനിമയാക്കുവാൻ സാധിക്കാവുന്ന ഒരു മധുരപ്രതികാരത്തിന്റെ കഥ.

athul krishna

അതുൽ കൃഷ്ണ എന്ന ഒരു പയ്യൻ ആറ്റുനോറ്റ് സ്ഥാപിച്ച ഒരു ഹോളോബ്രിക്സ് ഫാക്ടറിയെ ഇല്ലാതാക്കുവാൻ അവിടത്തെ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി കളിച്ചപ്പോൾ ആ പ്രസിഡണ്ടിനെതിരെ തിരിച്ചു കളിച്ചതാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.


ആന്തൂരിലെ സാജനെതിരെ മുൻസിപ്പൽ ചെയർപേഴ്സൺ കളിച്ചപ്പോൾ ആ പാവം മനുഷ്യൻ ആത്മഹത്യ ചെയ്തു. അതുപോലെ എഡിഎം നവീൻ ബാബുവുനെതിരെ പിപി ദിവ്യ കളിച്ചപ്പോൾ ആ മനുഷ്യനും ആത്മഹത്യ ചെയ്തു. വേളിയിലെ സുരേഷും ആത്മഹത്യാ ചെയ്തു. പക്ഷെ തൃശൂർക്കാരൻ അതുൽ കൃഷ്ണ അക്കളികളെ ചങ്കൂറ്റത്തോടെ നേരിട്ടു.. മറ്റത്തൂർ എന്ന ഗ്രാമം ഇനി അറിയപ്പെടുക അതുലിന്റെ പേരിൽ !


കേരളത്തിൽ കാലുമാറ്റത്തിന്റെ അപ്പോസ്തലനായിരുന്ന ലോനപ്പൻ നമ്പാടന്റെ മണ്ണിൽ ഇതല്ല ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോനപ്പൻ നമ്പാടന് പകരക്കാരനായി കെആർ ഔസേപ്പ് വന്നു എന്ന് മാത്രം.

kr auseph

ബിജെപിയുടെ കോട്ടയായ കൊടകരയും പരിസര പ്രദേശങ്ങളിലും കോൺഗ്രസ്സിനും വിമതർക്കും കൂടി 10 സീറ്റുകൾ കിട്ടിയത് തന്നെ മഹാത്ഭുതം. അത്രമാത്രം ഭരണങ്ങളെ ജനം വെറുക്കുന്നു എന്ന് വേണം കരുതുവാൻ.


ഇവിടെ നൂറു ശതമാനവും തെറ്റുസംഭവിച്ചിരിക്കുന്നത് തൃശൂർ ഡിസിസിക്ക് മാത്രമാണ്. ഇത്രേം കഴിവുകെട്ട ഒരു ഡിസിസി കേരളത്തിൽ നിലവിലില്ല. ഗുജറാത്തും ബീഹാറും യുപിയിലും വരെ ഡിസിസികൾ നന്നായി വരുന്ന ഈ കാലഘട്ടത്തിൽ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് തൃശൂർ ഡിസിസിയെ നയിക്കുന്നത്.


ആദ്യം പടിയടച്ച് പിണ്ഡം വെക്കേണ്ടത് മുൻ ഡിസിസി പ്രസിഡന്റുമാരെയാണ്. ഇപ്പോഴത്തെ പ്രസിഡണ്ടിന് സുവിശേഷ പ്രാസംഗികൻ ആകുവാൻ കൊള്ളാം. പഴയവരെ ആ പരിസരത്ത് വരാതെ നിർത്തിയാൽ കേരളത്തിൽ ഏറ്റവും നല്ല കോൺഗ്രസ്സുകാർ ഏറ്റവും നല്ല റിസൾട്ടുകൾ നൽകുക തൃശൂർ ജില്ലയിലാണ്.

വെറും പണത്തിനും കള്ളിനും വേണ്ടി മാത്രമായി ജീവിക്കുന്ന ഇത്തരക്കാരെ സ്ഥാനാർത്ഥി നിർണ്ണയത്തിലും ഭാരവാഹി നിർണ്ണയത്തിലും അടുപ്പിക്കാതെ മാറ്റി നിർത്തിയാൽ തൃശൂർ തിളങ്ങും.


കോൺഗ്രസ്സ് കുത്തകയായിരുന്ന തൃശൂർ സീറ്റിൽ പത്മജയെ കാലുവാരി തോൽപ്പിച്ചതിന് ശേഷം പിന്നീട് ആ പാർലമെന്റ് സീറ്റ് ബിജെപിക്ക് എഴുതികൊടുത്തതും എല്ലാം ഇവരുടെ കെടുകാര്യസ്ഥതയാണ്. മറ്റത്തൂർ പഞ്ചായത്തിലെ പോലെ തന്നെ ഒട്ടുമിക്ക പഞ്ചായത്തുകളിലും അവസ്ഥകൾ ഇതൊക്കെ തന്നെ.


padmaja venugopal

പഴയ മാളയായ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലും കാര്യങ്ങൾ മറ്റത്തൂരിനെക്കാൾ കഷ്ടമാണ്. കള്ളിനും കരിമീനിനും വേണ്ടി മാത്രം പാർട്ടിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ചിലരുടെ കൈകളിലാണ് പാർട്ടി.

ആത്മാർഥമായി പാർട്ടിയോട് കൂറുള്ളവരെ ഗ്രൂപ്പിന്റെ പേരിലും അല്ലാതെയും തിക്കിഞെരുക്കിക്കൊണ്ട് ഒരു മാതിരി അവിഞ്ഞ കളികളാണ് അവിടെ ഒക്കെ നടന്നുകൊണ്ടിരിക്കുന്നത്.


പ്രതിപക്ഷ നേതാവിന്റെ മൂക്കിന് താഴെയുള്ള ഈ പ്രദേശങ്ങളിൽ ലേശം ശ്രദ്ധിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മൂന്നു സീറ്റുകൾ നേടിയെടുക്കാം. ഇപ്പോഴത്തെ സ്ഥിതിയിൽ പാർട്ടി അവിടെ എട്ടുനിലയിൽ പൊട്ടും. കൈപ്പമംഗലം കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട ഒക്കെ വളരെ സാധ്യതയുള്ള മണ്ഡലങ്ങളാണ് !


ബിജെപിയെ സംബന്ധിച്ചിടത്തോളം ഐപിഎസ് കാരിയല്ല യഥാർത്ഥ മേയർ ആകേണ്ടത് എന്നത് ഒരൊറ്റ ദിവസത്തിൽ തന്നെ ശ്രീലേഖ തെളിയിച്ചു. അവരെങ്ങാനും മേയർ ആയിരുന്നെങ്കിൽ ആര്യയുടെ അമ്മൂമ്മയാകുമായിരുന്നു.

തിരുവനന്തപുരത്തുകാരുടെ ഭാഗ്യമാണ് അവരെ മേയറാക്കാതെ പുറത്തിരുത്തിയത്. അങ്ങനെ ആക്കിയിരുന്നുവെങ്കിൽ യുഡിഎഫ് നിയമസഭകൾ തൂത്തുവാരുമായിരുന്നു.

രാഷ്ട്രീയക്കാർ ഇവരെക്കാളൊക്കെ എത്രയോ ഭേദമെന്ന് എംഎൽഎ ഓഫീസ് വിഷയത്തിൽ കാണിച്ചുതന്നു. എല്ലാം കഴിഞ്ഞുള്ള ആ കെട്ടിപ്പിടുത്തമാണ് അവരെ ഒന്നുമല്ലാതാക്കിയത് !

ബെംഗളൂരുവിലെ ഭഭാബയുമായി നടക്കുന്ന നേതാക്കളെയോർത്ത് വേദനിച്ചുകൊണ്ട് ദാസനും മറ്റത്തൂരിലെ സംഭവവികസങ്ങളെ കാത്തിരുന്നുകൊണ്ട് സഖാവ് വിജയനും

Advertisment