വേണ്ടാത്ത കളികൾക്ക് ഇറങ്ങുംമുൻപ് തരൂർ കോൺഗ്രസിന്റെ സമീപകാല ചരിത്രമൊന്ന് പഠിക്കണം. കോണ്‍ഗ്രസിന്‍റെ പാലം വലിച്ചിട്ടുപോയ ശരത് പവാര്‍, അര്‍ജുന്‍ സിങ്, തിവാരി, കുമാരമംഗലം പോലുള്ളവരുടെ ഗതി എന്തായി. ശത്രുക്കൾക്ക് ആവശ്യം കോൺഗ്രസിന്റെ തകർച്ചയാണ്, തരൂരിന്റെ ഉയർച്ചയല്ല. അതുകഴിഞ്ഞാൽ അവർ വലിച്ചെറിയും. അതിനായി അഭയമേകിയ പാർട്ടിയെ ഒറ്റുകൊടുക്കണോ എന്ന് തരൂര്‍ ആലോചിക്കണം. തരൂരിനായി അല്പം ചരിത്രം- ദാസനും വിജയനും

ശശി തരൂർ ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ ചിലയിടത്തെങ്കിലും കോൺഗ്രസ്സിന് ക്ഷീണം പറ്റിയേക്കാം എന്നൊരു തോന്നലിന്റെ ഭാഗമായി ആർഎസ്എസ് ഉപദേശകർ തരൂരിന്റെ പിന്നിലുണ്ട്.

New Update
r kumaramangalam sharad pawar sasi tharoor arjun singh nd tiwari
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തടയിടുവാൻ അല്ലെങ്കിൽ കോൺഗ്രസ്സ് മുക്തഭാരതം എന്ന ആശയം നടപ്പിലാക്കുവാൻ നാഗ്പൂരിലെ പാർട്ടി ഓഫീസിൽ വെച്ച് ആർഎസ്എസ് ഉപദേശകനും അന്നത്തെ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന നിതിൻ ഗഡ്കരി ആസൂത്രണം ചെയ്ത ഫോർമുലയായിരുന്നു പാർട്ടിയെ ഭിന്നിപ്പിക്കുക എന്ന തന്ത്രം. 

Advertisment

മഹാരാഷ്ട്രയിൽ ശരത്പവാറിനെ പോലെയുള്ള ഒരു അതികായൻ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ഉള്ളിടത്തോളം കാലം കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഗഡ്കരി സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധവും അഹമ്മദ് പട്ടേലിനോടുള്ള വിശ്വാസവും പെരുപ്പിച്ചുകാണിച്ചുകൊണ്ട് ദൂതന്മാരെ പവാറിന്റെ അടുത്തേക്ക് പറഞ്ഞയച്ചുകൊണ്ട് മാനസാന്തരപ്പെടുത്തി പവറിനെക്കൊണ്ട് എൻസിപി എന്ന ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കുവാൻ പ്രേരിപ്പിച്ചു. 


nithin gadkari11

അന്ന് പവാർ ആ മണ്ടൻ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ഒരു തവണയെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാമായിരുന്നു. ഇന്നിപ്പോൾ അക്കാര്യം ഓർത്ത് വിങ്ങുന്നുണ്ടാകാം !

മമതാ ബാനർജിപോലുള്ള ഒരാൾ യൂത്ത് കോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും തലപ്പത്ത് വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം വിവിധ തരത്തിലുള്ള ദൂതന്മാരെയും എന്തിനധികം പറയുന്നു കോൺഗ്രസ്സ് നേതാക്കളെ വരെ ഉപയോഗിച്ചുകൊണ്ട് മമതയെയും സോണിയ ഗാന്ധിയെയും രണ്ടു ധ്രുവങ്ങളിൽ ആക്കുകയും പിന്നീട് മമത ഇന്നത്തെ ശശി തരൂരിന്റെ മാതൃകയിൽ പാർട്ടിയിലെ വിമതയാകുകയും ചെയ്തു. 


കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായപ്പോൾ ഒടുവിൽ കോൺഗ്രസ്സ് പാർട്ടിക്ക് മമതയോട് മുഖം കറുപ്പിക്കേണ്ടി വന്നു. അവസാനം തൃണമൂൽ കോൺഗ്രസ്സ് എന്ന പ്രാദേശിക പാർട്ടിയുണ്ടാക്കി മമത ബംഗാളിനെ വെട്ടിപ്പിടിക്കുകയും ചെയ്തു. മമത കോൺഗ്രസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ ഒരു മോഡിയും ഷായും മുന്നിലേക്ക് വരില്ലായിരുന്നു, വരുത്തില്ലായിരുന്നു !


mamatha banarji-2

ഏറ്റവുമധികം സീറ്റുകൾ ലഭിച്ചുകൊണ്ട് കോൺഗ്രസ്സിനെ എന്നും പിടിച്ചുയർത്തിയിരുന്ന തമിഴ്‌നാട്ടിലും അക്കാലയളവിൽ ഇതേ അടവ് നയം പ്രയോഗിച്ചു. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു സീറ്റുകൾ ദ്രാവിഡ കക്ഷികൾക്കും മൂന്നിൽ ഒന്ന് കോൺഗ്രസ്സിനുമാണ് വീതം വെച്ചിരുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു കോൺഗ്രസിനും ബാക്കി ദ്രാവിഡകക്ഷികൾക്കും ഒഴിച്ചിട്ടിരുന്നു. തമിഴ്‌നാട്ടിലെ കോൺഗ്രസ്സിന്റെ ആധിപത്യം തകർക്കുവാനായി ഗവർണമാരെ കയ്യിലെടുത്തകൊണ്ടായിരുന്നു കളികൾ ആരംഭിച്ചത്. 

അന്ന് ജികെ മൂപ്പനാർ തമിഴ് മാനില കോൺഗ്രസ്സ് എന്ന പാർട്ടിക്ക് രൂപം കൊടുത്തു എങ്കിലും പിന്നീട് ആ പാർട്ടിക്ക് തമിഴ്‌നാട്ടിൽ പിടിച്ചു നിൽക്കുവാനായില്ല. എല്ലാം മതിയാക്കി കോൺഗ്രസിലേക്ക് തിരുമ്പി വന്താച്. 


അത് കഴിഞ്ഞു മകനായ ജികെ വാസനും അച്ഛന്റെ പാത പിന്തുടർന്നു വീണ്ടും 'തമിഴ് മനില കോൺഗ്രസ്സ്' പുനരുജ്ജീവിപ്പിച്ചു എങ്കിലും എവിടെയുമെത്തിയില്ല. പോണ്ടിച്ചേരിയിലെ കണ്ണൻ ഇടക്കിടക്ക് വേറെ പാർട്ടിയുണ്ടാക്കി കളിച്ചുകൊണ്ടിരിക്കുന്നു ! ഇന്നിപ്പോൾ വിജയ് പ്രഖ്യാപിച്ച പാർട്ടിയും ലക്ഷ്യമിടുന്നത് കോൺഗ്രസ്സ് വോട്ടുകൾ തന്നെയെന്ന് മനസ്സിലാക്കാം !


vijay

ശരിക്കും ഈ തന്ത്രം പയറ്റുവാൻ പ്രചോദനമായത് യുപിയിലെയും ബീഹാറിലെയും യാദവന്മാർ ആരംഭിച്ച പ്രാദേശിക പാർട്ടികളാണ്. ഒരു കാലത്ത് യുപിയും ബീഹാറും അടക്കി വാണിരുന്നത് കോൺഗ്രസ്സ് പാർട്ടിയായിരുന്നു.

1984 ൽ യുപിയിലെ 80 ലോക്സഭാ സീറ്റുകളും കോൺഗ്രസ്സ് നേടിയിരുന്നു. ബീഹാറിൽ 54 ൽ 48 എണ്ണവും കോൺഗ്രസ്സ് നേടിയിരുന്നു. ഈ ശക്തി അവസാനിച്ചത് മുലായവും ലാലുവും സ്വന്തം പാർട്ടികൾ രൂപീകരിച്ചപ്പോൾ കോൺഗ്രസ്സിന് കുത്തകയുണ്ടായിരുന്ന യാദവ വോട്ടുകൾ അവർ വീതം വെച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ശവമടപ്പ് അവർ നടത്തി. 

mulayam singh yadav lalu prasad yadav

അവരെല്ലാവരും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആകുകയും ചെയ്തു. കൂടാതെ അവിടെ എൻഡി തിവാരിയും, അർജുൻ സിങ്ങും, നട്വർസിങ്ങും, രംഗരാജൻ കുമാരമംഗലവും ചേർന്നുകൊണ്ട് 'ഓൾ ഇന്ത്യ ഇന്ദിര കോൺഗ്രസ്സ് തിവാരി' എന്ന കക്ഷിക്ക് രൂപം കൊടുക്കുകയും കോൺഗ്രസിനുണ്ടായിരുന്ന ഉള്ള വോട്ടും കുളമാക്കിക്കൊണ്ട് പിന്നീട് കോൺഗ്രസ്സിൽ ലയിക്കുകയും ചെയ്തു.


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും കോൺഗ്രസ്സിന്റെ കുത്തക വോട്ട് ബാങ്കുകളായിരുന്നു. എതിരാളികൾ ഇല്ലാതെ വരെ അവിടെ കോൺഗ്രസ്സ് ജയിച്ചുപോന്നിരുന്നു. അവിടേക്ക് പിഎ സഗ്മ പോലെയൊരാളെ കുത്തിക്കയറ്റിക്കൊണ്ടു അവിടെയും കോൺഗ്രസ്സിനെ തകർക്കുവാൻ സാധിച്ചു.


എല്ലാം ഇതേ കാലയളവിൽ ആണെന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത്. അതുപോലെ ഹിമാചലിൽ കോൺഗ്രസ്സിന്റെ ശക്തിയായിരുന്ന സുഖ്‌റാമിനെ വിഘടിപ്പിച്ചുകൊണ്ട് ഹിമാചൽ വികാസ് കോൺഗ്രസിന്  രൂപം കൊടുത്തു . അവിടെയും കോൺഗ്രസ്സ് തകർന്നടിഞ്ഞു. പിന്നീട് കോൺഗ്രസ്സിൽ ലയിക്കുകയു ചെയ്തു . 

അതുപോലെ അരുണാചൽ പ്രദേശിൽ ഗിഗോങ് അപാങ് അരുണാചൽ കോൺഗ്രസ്സിന് രൂപം കൊടുക്കുകയും അവസാനം ഗർ വാപസി പോലെ കോൺഗസ്സിലേക്ക് തിരിച്ചുവരികയും ചെയ്തു .

മണിപ്പൂരിൽ വാഹങ് ബാൻ നിപമഞ്ച സിങ് 'മണിപ്പൂർ കോൺഗ്രസ്സ് പാർട്ടി ' രൂപീകരിക്കുകയും പിന്നീട് അർജെഡിയിൽ ലയിക്കുകയും ചെയ്തു. നാഗാലാൻഡിൽ ന്യുഫിയോ റിയോ 'നാഗാലാ‌ൻഡ് പ്യൂപ്പിൾ ഫ്രണ്ട് ' ഉണ്ടാക്കിക്കൊണ്ട് പിടിച്ചുനിൽക്കുന്നു.

bangarappa


കോൺഗ്രസ്സിന്റെ പേരിൽ മുഖ്യമന്ത്രിയായി വിലസിയ ബംഗാരപ്പ രണ്ടുതവണ സ്വന്തം പാർട്ടിക്ക് രൂപം കൊടുക്കുകയും ആ കർണാടക കോൺഗ്രസ്സ് പാർട്ടി വീണ്ടും വീണ്ടും സ്വന്തം പാളയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. 


തമിഴ്‌നാട്ടിൽ മൂപ്പനാർക്ക് പിറകെ വാഴപ്പാടി രാമമൂർത്തിയും രണ്ടു തവണ 'തമിഴക രാജീവ് കോൺഗ്രസ്സ് 'എന്ന പേരിലും 'തമിഴക മക്കൾ കോൺഗ്രസ്സ് 'എന്നപേരിലും  പാർട്ടികൾ ഉണ്ടാക്കിയെങ്കിലും ഗതികെട്ട് തിരുപ്പി വന്തിട്ടേൻ . 

അവിടെ പണ്ട് ശിവാജി ഗണേശനും തമിഴക മുന്നേറ്റ മുന്നണിക്ക് രൂപം കൊടുക്കുകയും പിന്നീടത് ജനത ദളിൽ ലയിക്കുകയും ചെയ്തു. ഗോവ രാജീവ് കോൺഗ്രസ്സ് പാർട്ടി എന്ന പേരിൽ ഫ്രാൻസിസ് ഡിസൂസ ഒരു പാർട്ടി ഉണ്ടാക്കി നോക്കി, ക്ലച്ച് പിടിക്കാതെ എൻസിപിയിൽ കൊണ്ട് കെട്ടി. 

അതുപോലെ മറ്റൊരുത്തൻ ഫ്രാൻസിസ്‌കോ സർദീഞ്ഞ ഗോവ പ്യൂപ്പിൾസ് കോൺഗ്രസ്സ് ഉണ്ടാക്കി നോക്കി അവസാനം തിരിച്ചു പോന്നു. ഷെയ്ഖ് ഹസ്സൻ എന്നൊരുത്തൻ ' ഐഎൻസി ഷെയ്ഖ് ഹസ്സൻ ' എന്ന പാർട്ടിയുണ്ടാക്കി അവസാനം ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു !

ജമ്മു കാശ്മീരിൽ മുഫ്തി മുഹമ്മദ് സഈദ് 'പ്യൂപ്പിൾ ഡെമോക്രാറ്റിക് പാർട്ടി ' ഉണ്ടാക്കി അതിപ്പോഴും പടപൊരുതി പിടിച്ചു നിൽക്കുന്നു. 

gulam nabi azad-5


എന്നാൽ ഗുലാം നബി ആസാദ് എന്ന അവസരവാദി കോൺഗ്രസ്സിൽ നിന്നും കിട്ടാവുന്നതെല്ലാം നേടിയെടുത്തുകൊണ്ട് അവസാനം ഒറ്റുകാരന്റെ വേഷത്തിൽ എത്തുകയും സ്വന്തമായി ഡെമോക്രാറ്റിക് കോൺഗ്രസ്സ് ആസാദ് പാർട്ടി ഉണ്ടാക്കുകയും ചെയ്തു എങ്കിലും ഒരു ഗതിയും പരഗതിയും കിട്ടാതെ ഇപ്പോൾ അതിലെ പലരും ഗർവാപ്പസിക്കായി മുറവിളി കൂട്ടികൊണ്ടിരിക്കുന്നു. 


അതിന്നിടയിൽ മധ്യപ്രദേശിലെ രാജാവ്  മാധവ റാവു സിന്ധ്യ ' മധ്യപ്രദേശ് വികാസ് കോൺഗ്രസ് ' ഉണ്ടാക്കുകയും എല്ലാം മതിയാക്കി മാതൃസംഘടനയിലേക്ക് പോകുകയും ചെയ്തു.

ബീഹാറിൽ ജഗന്നാഥ് മിശ്ര ഭാരതീയ ജൻ കോൺഗ്രസ്സ് ഉണ്ടാക്കുകയും എൻസിപിയിലേക്ക് ചേക്കേറുകയും ചെയ്തു. ഹരിയാനയിൽ കുൽദീപ് ബിഷ്‌ണോയി ഹരിയാന ജനഹിത കോൺഗ്രസ്സ് ഉണ്ടാക്കി നോക്കി തിരിച്ചു പോയി. 

ഗുജറാത്തിൽ ചാബിദാസ് മേത്ത ഗുജറാത്ത് ജനത കോൺഗ്രസ്സ് ഉണ്ടാക്കി അവസാനം മതിയാക്കി പോയി. രാജസ്ഥാനിൽ രാം ഓല ' ആൾ ഇന്ത്യ ഇന്ദിര കോൺഗ്രസ്സ് ഉണ്ടാക്കി, അതും പാളി  !

jagan mohan reddy


വിദേശ ശക്തികളുടെയും ഇന്ത്യൻ കുത്തകകളുടെയും സഹായത്താൽ സ്വന്തം അച്ഛനെ ഇല്ലാതാക്കിക്കൊണ്ട് മാതൃസംഘടനയെ പിളർത്തി സ്വന്തം പാർട്ടിയുണ്ടാക്കിയ ആന്ധ്രയുടെ ജഗൻ മോഹൻ റെഡ്ഢിയുമായി ഒരു കൂടിക്കാഴ്ചക്ക് ഇതുവരെ സമയം കൊടുക്കാതിരുന്നതിന്റെ കാരണം എന്തായിരിക്കും ? 


വൈഎസ്ആർ കോൺഗ്രസ്സ് എന്ന പേരിൽ പാർട്ടിയുണ്ടാക്കിയെങ്കിലും അച്ഛന്റെ ദുരൂഹമരണത്തിന്റെ പിന്നിലുള്ള കറുത്ത കൈകൾ ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു . 

അധികാരത്തിനും പണത്തിനും വേണ്ടി ഒരു മകൻ എന്തും ചെയ്യും എന്ന് ജനത്തിന് കാണിച്ചുകൊടുത്ത ജഗന്റെ ഇപ്പോഴത്തെ സ്ഥിതി ഏറെ പരിതാപകരമാണ്. കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയായിരുന്ന ആന്ധ്രായിൽ കോൺഗ്രസ്സിനെ ഇല്ലാതാക്കുവാൻ എതിരാളികൾ കളിച്ച കളികൾ വിജയം കണ്ടു.

 2004 ല്‍ കോൺഗ്രസിനെ തിരിച്ചു കൊണ്ടുവന്ന ആന്ധ്രയെ കോൺഗ്രസ്സിന് എന്നെന്നേക്കുമായി നഷ്ടപ്പെടുവാൻ ജഗൻ കരണഭൂതനായി !

suresh kalmadi

ഭൂലോക കള്ളനായിരുന്ന പുണെക്കാരൻ സുരേഷ് കൽമാഡിയും ഇതേ പരീക്ഷണം തുടർന്നു. മഹാരാഷ്ട്ര വികാസ് അഗാഡിയുണ്ടാക്കി അവസാനം ഗതികെട്ട്  പഴയ താവളത്തിലേക്ക് തിരിച്ചു പോകേണ്ടിവന്നു. 


ജീവിച്ചിരിക്കുന്നവരിൽ അതിബുദ്ധിമാനായ പി ചിദംബരവും വേറെ പാർട്ടിയുണ്ടാക്കി നോക്കി. ''കോൺഗ്രസ്സ് ജനനായക പേരവൈ '' എന്നാദ്യം പേരിട്ടുവെങ്കിലും പിന്നീട് അതിനെ പിരിച്ചുവിട്ട് ടിഎംസി ജെപി എന്ന പേരിൽ ശ്രമിച്ചു നോക്കിയെങ്കിലും ബുദ്ധിയല്ല പ്രധാനം അണികൾ ആണെന്ന തിരിച്ചറിവിൽ സ്വന്തം പാർട്ടിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. 


p chidambaram

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ കരുണാകരൻ വരെ ആരുടെയൊക്കെയോ ഉപദേശങ്ങളിൽ മയങ്ങി 'ഡിഐസി' അഥവാ 'ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്സ് ' എന്ന പേരിൽ  ഒരു പ്രാദേശിക പാർട്ടി ഉണ്ടാക്കിയെങ്കിലും അതും ഡിഐസി (ദിശ ഇല്ലാതെ ചാടിയവർ) ആയി മാറുകയായിരുന്നു . 

2004 ലോക്സഭയിൽ കോൺഗ്രസ്സ് പാർട്ടിയെ കേരളത്തിൽ നിലം തൊടാനാകാതെ തോൽപ്പിക്കുവാൻ ആയെങ്കിലും യഥാർത്ഥത്തിൽ അവിടെ തോറ്റത് ലീഡറും മകനുമാണ്. ലേശം മാസങ്ങൾ കൂടി ക്ഷമിച്ചിരുന്നുവെങ്കിൽ കെ മുരളീധരൻ കേരളം ഭരിച്ചിരുന്നേനെ !

k muraleedharan k karunakaran


കോൺഗ്രസ്സ് വിട്ടുപോയി ചുവരിൽ പന്തടിച്ചതുപോലെ തിരിച്ചുവരേണ്ടി വന്ന എകെ ആന്റണിയും പ്രണബ് മുഖർജിയുംപോലും ഇവരെ ഉപദേശിച്ചിരുന്നു എന്നതും സത്യം !


ഇത്രയും വിശദീകരിക്കുവാൻ കാരണം നമ്മുടെ വിശ്വപൗരന്റെ ഇന്നത്തെ അവസ്ഥയോർത്താണ്. അദ്ദേഹം ഒരിക്കലും ബിജെപിയിലേക്ക് പോകുമെന്ന് ആരും കരുതുന്നില്ല എങ്കിലും വേണെമെങ്കിൽ എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കാം എന്നൊരു തോന്നൽ ഇല്ലാതെയില്ല. 

ബിജെപിയെ സംബന്ധിച്ചിടത്തോളം  'ആങ്ങള മരിച്ചാലും വേണ്ടീല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി ' എന്ന കേരളതത്വമാണ്. പെട്ടെന്നൊന്നും കേരളത്തിൽ ഒരു ഭരണം പിടിക്കുവാനാകില്ല എന്നവർക്കറിയാം.


അവർക്ക് ആവശ്യം കേരളത്തിലെ കോൺഗ്രസ്സിനെ ഏങ്ങനെയെങ്കിലും  തകർക്കണം എന്നത് മാത്രം. കോൺഗ്രസ്സ് തകർന്നാൽ പിന്നെ കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർക്കാൻ ബിജെപിയുടെ പഴയ ഫയലുകൾ, ഇ ഡി - എൻഐഎ - സിബിഐ - എസ്എഫ്ഐഒ എന്നിവയൊക്കെ വീണ്ടും തുറന്നാൽ മതി.


sasi tharoor

ശശി തരൂർ ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ ചിലയിടത്തെങ്കിലും കോൺഗ്രസ്സിന് ക്ഷീണം പറ്റിയേക്കാം എന്നൊരു തോന്നലിന്റെ ഭാഗമായി ആർഎസ്എസ് ഉപദേശകർ തരൂരിന്റെ പിന്നിലുണ്ട്.

മഹാരാഷ്ട്രയിൽ ഹിന്ദുത്വ പാർട്ടിയായ ശിവസേനയെ ബിജെപി വിഴുങ്ങുമെന്ന് മനസിലാക്കിയപ്പോൾ ഉദ്ധവ് താക്കറെയും മകനും എതിർ പാളയത്തിലേക്ക് ചേക്കേറി ഭരണത്തിലെത്തിയെങ്കിലും ലേശം ജാഗ്രത കുറവിനാൽ ശിവസേനയുടെ അടിവേര് മാന്തിയെടുത്തുകൊണ്ട് ഷിൻഡെയെയും കൂട്ടരെയും ബിജെപി സ്വന്തമാക്കിയപ്പോൾ ശിവസേന പതറിപ്പോയി.


ഇന്നിപ്പോൾ ആ ഷിൻഡെ തന്നെ നിലനിൽപ്പിനായി നെട്ടോട്ടമോടുകയാണ്. ഷിൻഡെയുടെ അണികളെയും നേതാക്കളെയും ബിജെപി ഏതാണ്ടൊക്കെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. അതേ അടവുനയമാണ് ബിജെപി കേരളത്തിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. 


Untitled

ബിജെപി ഏതാണ്ടൊക്കെ എൽഡിഎഫിനെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. ശശി തരൂരിലൂടെ കോൺഗ്രസ്സിലെ അസ്വസ്ഥ വിഭാഗത്തെ കൈക്കലാക്കി സിപിഎമ്മിന്റെ അനുഗ്രഹാശിസ്സോടെ ഭരണത്തിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ അതും പൊളിച്ചുകൊണ്ട് ഭരണത്തിലേക്ക് എത്താം എന്ന പ്ലാനിങ്ങും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമല്ലേ, എന്തും എപ്പോഴും എങ്ങനെയും സംഭവിക്കാം !!

പക്ഷെ തരൂർ ഈ ബുദ്ധി മൂന്ന് കൊല്ലം മുൻപായിരുന്നു ചിന്തിച്ചിരുന്നത് എങ്കിൽ കേരളത്തിലെ യുവാക്കൾ ഒന്നടങ്കം ഏറ്റെടുക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ നിലയിൽ ശശി തരൂർ എന്നയാൾക്ക്  തമ്പാനൂർ രവിയുടെ അത്രേം ജനസ്വീകാര്യത ഇല്ല എന്നതാണ് സത്യം.


അനവസരത്തിൽ നടത്തിയ ചില അനാവശ്യ എഴുത്തുകളും അഭിപ്രായങ്ങളും ശശി തരൂർ എന്ന വ്യക്തിയുടെ പ്രഭാവം എന്നെന്നേക്കുമായി മങ്ങുവാൻ കാരണമായി. വോട്ടു ചെയ്തു ജയിപ്പിച്ച പാർട്ടിക്കാരെയും പാർട്ടിയെയും പിന്നിൽ നിന്നും കുത്തിയെന്ന തോന്നലുകൾ അണികൾക്കിടയിൽ വ്യാപിച്ചു. 


sasi tharoor

അദ്ദേഹത്തിന് ഖൽബിനുള്ളിൽ സ്ഥാനം കൊടുത്തിരുന്ന ന്യുനപക്ഷങ്ങൾക്ക് അദ്ദേഹം അനഭിമതനായി. വിശ്വാസം കുറഞ്ഞു. ഈ ആഴ്ച ദുബായിൽ  വെച്ച് നടത്തിയ ഡയലോഗിൽ ആളുകളെ കിട്ടാതെ ഓടിച്ചിട്ട് പിടിക്കേണ്ട അവസ്ഥയിലായി. 

ശശി തരൂർ എങ്ങനെയെങ്കിലും കേന്ദ്രത്തെ പ്രീണിപ്പിച്ചുകൊണ്ട് മിസോറാം, നാഗാലാ‌ൻഡ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകുവാനായി പരിശ്രമിക്കുക !

കോൺഗ്രസ്സ് മുക്തഭാരത്തിനായി എന്തും ചെയ്യും എന്ന നിലപാടിൽ കാര്യവാഹ് ദാസനും വിഘടിപ്പിച്ചു ഭരിക്കുക എന്നത് പൂർവികരായ വെള്ളക്കാർ പഠിപ്പിച്ചു തന്നു എന്ന് ഷൂ നക്കിക്കൊണ്ട് വിജയനും

Advertisment