/sathyam/media/media_files/2025/12/21/sreenivasan-10-2025-12-21-20-04-50.jpg)
മലയാളസിനിമക്കും കേരള രാഷ്ട്രീയത്തിനും ഒട്ടനവധി സന്ദേശങ്ങൾ എറിഞ്ഞുകൊടുത്ത ആ പാവം പാവം രാജകുമാരൻ അങ്ങോട്ട് പോയിരിക്കുന്നു.
അദ്ദേഹത്തിന്റെയൊപ്പം മലയാളിയെ ചിരിപ്പിച്ചു ചിന്തിപ്പിച്ച, സന്തോഷിപ്പിച്ച മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ, ഫിലോമിന, സുകുമാരി, ക്യാപ്റ്റൻ രാജു, പപ്പു, മാള, തിലകൻ, മണി, ഹനീഫ, ശങ്കരാടി, സൈനുദ്ദീൻ, കൽപ്പന തുടങ്ങിയവർ തമാശകളുമായി ആർത്തുല്ലസിച്ചു നടക്കുന്നിടത്തേക്ക് ശ്രീനിയും എത്തി !
താൻ ഇഷ്ടപ്പെട്ടിരുന്ന രാഷ്ട്രീയ പ്രസ്ഥാനവും താൻ ഇഷ്ടപ്പെട്ടിരുന്ന സിനിമാക്കാരും അവസരവാദ നയങ്ങളിലേക്ക് നീങ്ങുന്നത് അവസാന കാലഘട്ടത്തിൽ അനുഭവിച്ചപ്പോൾ അവരെയൊക്കെ തിരുത്തുവാൻ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല, ആ വേദനയിൽ നമ്മുടെ ദാസൻ നന്മയുള്ളിടത്തേക്ക് യാത്രയായി !
കുനുഷ്ട് എന്ന സാധനം കണ്ടുപിടിച്ചത് തന്നെ അദ്ദേഹമായിരുന്നു. കുനുഷ്ടിലൂടെയായിരുന്നു ഓരോരോ കഥകളും പറഞ്ഞുപോയിരുന്നത്.
കഷ്ടപ്പാടുകളും പഞ്ഞവും കടക്കെണികളും ഒളിച്ചോട്ടവും തൊഴിലില്ലായ്മയും ഇത്രയും നന്നായി കാണിച്ചുതന്ന ഒരു കഥാകൃത്ത് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
/filters:format(webp)/sathyam/media/media_files/2025/12/21/sreenivasan-11-2025-12-21-20-14-14.jpg)
സർദാർ കോമക്കുറുപ്പും സർദാർ കേളുക്കുറുപ്പും കുറച്ചൊന്നുമല്ല മലയാളിയെ ചിരിപ്പിച്ചത്. ബോയിങ് ബോയിങ്ങും മുത്താരംകുന്ന് പിഒ യും ടിപി ബാലഗോപാലനും നമ്മെ ഏറെ സന്തോഷിപ്പിച്ചു.
മമ്മുട്ടി - മോഹൻലാൽ - ഐവി ശശി - സീമ - കൊച്ചുമോൻ എന്നിവർ ചേർന്ന് ആരംഭിച്ച കാസിനോ പ്രൊഡക്ഷൻസ് നിർമ്മിച്ച ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് നമ്മെ ഏറെ ചിരിപ്പിച്ചു അത്രയും വേദനിപ്പിക്കുകയും ചെയ്തു.
ശരിക്കും ''ദാസനും വിജയനും'' എന്ന രണ്ടുപേരെ കണ്ടെത്തിയത് ശ്രീനിവാസൻ ആയിരുന്നില്ല എന്നതുകൊണ്ട് ആ ക്രെഡിറ്റ് നാം സംവിധായകൻ സിദ്ധിഖിന് സമർപ്പിക്കുന്നു.
കാസിനോ പ്രൊഡക്ഷൻസിന്റെ ഡ്യൂപ്പർ സൂപ്പർ ഹിറ്റ് ആയി മാറിയ നാടോടിക്കാറ്റിന്റെ കഥ എഴുതിയത് സിദ്ധിഖും ലാലും ചേർന്നാണ്.
/filters:format(webp)/sathyam/media/media_files/2025/12/21/dasanum-vijayanum-2025-12-21-20-15-22.jpg)
ആ കഥ ശ്രീനിവാസനെ കേൾപ്പിച്ചപ്പോൾ അതത്ര കാര്യമായി ഗൗനിച്ചില്ലെങ്കിലും ആ കഥയെ ആസ്പദമാക്കി നാടോടിക്കാറ്റിന്റെ തിരക്കഥ തയാറാക്കി സത്യൻ അന്തിക്കാടുമായി സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ സിദ്ധിഖ് ലാലുമാർ
അവരുടെ മനോവിഷമം ഫാസിലിനെ അറിയിക്കുകയും ഫാസിൽ സത്യൻ അന്തിക്കാടിനോട് കോമ്പ്രമൈസ് ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ സിനിമയുടെ തുടക്കത്തിൽ സ്റ്റോറി ഐഡിയ സിദ്ധിഖ് ലാൽ എന്ന് എഴുതി കാണിക്കുകയും അവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികമായി കൊടുക്കുകയും ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/21/dasanum-vijayanum-3-2025-12-21-20-17-04.jpg)
നാടോടിക്കാറ്റിൽ വിജയനെന്ന മോഹൻലാൽ ദാസനെന്ന ശ്രീനിവാസനെ ഏതുനേരവും ഇകഴ്ത്തിക്കൊണ്ടും, പുച്ഛിച്ചും, വേദനിപ്പിച്ചും തമിഴിലെ സെന്തിൽ കൗണ്ടമണി രീതിയിൽ തമാശകൾ പറഞ്ഞു വിജയിപ്പിച്ചപ്പോൾ പിന്നീട് വന്ന ''മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ''എന്ന സിനിമയിൽ ശ്രീനി തിരിച്ചും പണികൊടുക്കുവാൻ ശ്രമിച്ചു.
നല്ലവനായ മോഹൻലാലിന്റെ മുകുന്ദന്റെ മേൽ തട്ടിപ്പുകാരനായ വിശ്വനാഥ് കൂടുതൽ സ്വാതന്ത്ര്യം എടുത്തുകൊണ്ട് തിരക്കഥയിൽ മോഹൻലാലിനേക്കാൾ മേലെ വരുവാൻ ശ്രീനിവാസൻ ശ്രമിച്ചപ്പോൾ ദാസനും വിജയനും തമ്മിലുള്ള ബന്ധത്തിൽ ലേശം വിള്ളലുകൾ വീണു തുടങ്ങിയിരുന്നു.
അഥവാ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ രണ്ടു കഷണങ്ങൾ ആക്കുവാൻ ലാലേട്ടന്റെ തിരുവനന്തപുരം ലോബിക്ക് ഭംഗിയായി സാധിച്ചു. പിന്നീട് അവരുടെ സമവാക്യങ്ങളിലുള്ള സിനിമകൾ കുറഞ്ഞു !
ആ ഗ്യാപ്പിനിടയിൽ മമ്മുട്ടിയുമായി കൈകോർത്തുകൊണ്ട് ഗോളാന്തരവാർത്തയും, മഴയെത്തും മുൻപേയും അഴകിയ രാവണനും ഒരു മറവത്തൂർ കനവും കഥപറയുമ്പോൾ പോലുള്ള സിനിമകൾ എടുത്തു വിജയിപ്പിച്ചെങ്കിലും ഭാർഗവ ചരിതം മൂന്നാം ഖണ്ഡം എന്ന സിനിമ എങ്ങനെ സംഭവിച്ചു എന്നതും ശ്രദ്ധേയമാണ്.
/filters:format(webp)/sathyam/media/media_files/2025/12/21/sreenivasan-12-2025-12-21-20-22-50.jpg)
ഈ സമയങ്ങളിൽ സ്വന്തമായി സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാളിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുവാനും ശ്രീനി മറന്നില്ല. വടക്കുനോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും അങ്ങനെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
ഒട്ടനവധി ദേശീയ സംസ്ഥാന ക്രിട്ടിക്ക് അവാർഡുകൾ നേടിയെടുക്കുവാനും സാധിച്ചു. വരവേൽപ്പും, വെള്ളാനകളുടെ നാടും, മിഥുനവും, ചമ്പക്കുളം തച്ചനും, കിളിച്ചുണ്ടൻ മാമ്പഴവും ഇന്നും നമ്മുടെ മനസ്സിലുണ്ട് !
ഉദയനാണ് താരം എന്ന ഒറ്റസിനിമയാൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനെ മലയാളത്തിലെ ഒന്നാം നിരയിൽ എത്തിച്ചു. അതുപോലെ ലാൽ ജോസും സിബിമലയിലും ആ ഭാഗ്യം സിദ്ധിച്ചവരാണ്. റോഷൻ ആൻഡ്രൂസിന്റെ കാസനോവ ഷൂട്ടിങ് ദുബായിൽ നടക്കുന്നതിനിടയിൽ സംവിധായകനും നിർമ്മാതാവും തമ്മിൽ അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായി.
/filters:format(webp)/sathyam/media/media_files/2025/12/21/sreenivasan-13-2025-12-21-20-24-00.jpg)
ഈ അവസരം മുതലെടുത്തുകൊണ്ട് മലയാള സിനിമയിലെ ഒന്ന് രണ്ടു പേര് നിർമ്മാതാവിന്റെ കൂടെ കൂടുകയും പ്രശ്നം വഷളാക്കുവാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു.
ഈ സമയത്ത് ഗദ്ദാമ എന്ന സിനിമയുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രീനിവാസൻ ഷാർജയിൽ ഉണ്ടായിരുന്നു. ഷൂട്ടിങ് നിർത്തിവെക്കുവാനുള്ള തീരുമാനങ്ങൾക്ക് മുൻപ് റോഷൻ ശ്രീനിവാസനെ ഫോണിൽ വിളിച്ചു.
ശ്രീനിവാസൻ പറഞ്ഞു, എന്ത് വിലകൊടുത്തും ഷൂട്ടിങ് നിർത്തിവെക്കരുത്. കേരളത്തിലെ സിനിമയിൽ നിന്നുള്ള ചില ഛിദ്ര ശക്തികളും ലാലേട്ടന്റെ വാലായി നടക്കുന്ന ചില ഏറാൻ മൂളികളും ഈ സിനിമയെ പിടിച്ചെടുത്തുകൊണ്ട് അവരുടെ പേരിലാക്കി ഇറക്കുവാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്.
അവരുടെ ഉദ്ദേശം ബെടക്കാക്കി തനിക്കാക്കുക എന്നതാണ്. പ്രശ്നം രൂക്ഷമാകുമ്പോൾ നിർമ്മാതാവ് സിനിമ ഇട്ടെറിഞ്ഞു പോകുകയും ഏതാണ്ട് എൺപത് ശതമാനവും പൂർത്തിയാക്കിയ സിനിമയിൽ ലേശം പണം ഇറക്കിക്കൊണ്ട് സിനിമ പൂർത്തീകരിക്കുകയുമാണ് അവരുടെ ലക്‌ഷ്യം.
ആയതിനാൽ എന്ത് വിലകൊടുത്തും നിർമ്മാതാവുമായി തെറ്റിപ്പിരിയരുത്. എങ്ങനെയങ്കിലും, ഒറ്റക്ക് പോയി കാലുപിടിച്ചിട്ടാണെങ്കിലും സിനിമയുമായി മുന്നോട്ട് പോകുവാൻ ഉപദേശിച്ചു. അങ്ങനെ ആ സിനിമ ഒരു വിധേന പൂർത്തിയാക്കി !
/filters:format(webp)/sathyam/media/media_files/2025/12/21/sreenivasan-sandesham-2025-12-21-20-25-37.jpg)
സന്ദേശം സിനിമ എന്നാൽ കേരളത്തിലെ ഓരോരോ വീട്ടിലെയും കാരണവന്മാർ വീഡിയോ കാസറ്റ് വാങ്ങിവെച്ചുകൊണ്ട് ഇടക്കിടക്ക് മക്കൾക്ക് ഇട്ടുകാണിച്ചു കൊടുത്തിരുന്ന ഏക സിനിമ.
ഇനി ഇതിനേക്കാൾ നന്നായി രാഷ്ട്രീയം പറയുവാൻ ഒരു സിനിമക്ക് ആകില്ല എന്ന് ഉറപ്പിച്ചു പറയാം. എങ്ങനെ ഇങ്ങനെയൊക്കെ എഴുതുവാൻ സാധിച്ചു എന്നത് ഒരു അനിശ്ചിതമായി നിലകൊള്ളുന്നു എന്ന് മമ്മുട്ടി ഇടക്ക് ഇടക്ക് പറയാറുണ്ട്.
അന്ന് മുതൽ ഇന്നുവരെ ഓരോരോ തിരഞ്ഞെടുപ്പിലും നമ്മൾ ശങ്കരാടിയെ കേൾക്കുന്നു. ജയറാമുമാരെ കാണുന്നു, ശ്രീനിവാസനെ കാണുന്നു.
ഓരോരോ വീട്ടിലെയും തിലകന്മാരും കവിയൂർ പൊന്നമ്മയും കെപിഎസിയും മാള അരവിന്ദനും ഇന്നും നമ്മുടെ വീട്ടുപടിക്കൽ കാണുന്നു.
സ്വർണ്ണം ചെമ്പാക്കിയ പാട്ടിനെതിരെ കേരളത്തിലെ പൊട്ടന്മാർ കേസ് എടുത്തപ്പോൾ പ്രതിപക്ഷ നേതാവ് പറഞ്ഞു, സന്ദേശം ഇപ്പോഴാണ് ഇറങ്ങിയിരുന്നത് എങ്കിൽ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും പോലീസ് പിടിച്ചേനെ എന്ന് !
എന്തായാലും നമ്മുടെ ശ്രീനിക്ക് അവിടെ ചെന്ന് കൂട്ടുകാരുമായി തമാശകൾ പറഞ്ഞുകൊണ്ട് ആർത്തുചിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ !
ബാർബർ ബാലന്റെ കടുക്കൻ മനസ്സിൽ ഓർത്തുകൊണ്ട് ദാസനും എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us