/sathyam/media/media_files/2025/11/21/women-reservation-2025-11-21-19-02-56.jpg)
''മുട്ടടയിൽ കമ്മ്യുണിസ്റ്റിന്റെ മുട്ടിടിച്ചു'' എന്നൊക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിനു മുന്നേ തന്നെ അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആ പെൺകുട്ടി വിജയിച്ചിരിക്കുന്നു എന്നാണ് മുൻഷിയുടെ ഭാഷ്യം.
എന്തായാലും ചരിത്രത്തിൽ ഇതുവരെ കാണാത്ത അത്രേം വീറും വാശിയിലുമാണ് കാര്യങ്ങൾ പോകുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ വനിതാ സംവരണത്തെ കുറിച്ച് പറയാതെ വയ്യ.
രാജീവ്ഗാന്ധി നടപ്പാക്കിയ പഞ്ചായത്തീരാജ് നഗരപാലിക ബില്ലിൽ ഇവിടെ വളരെ ഉന്നതി നേടേണ്ടതായിരുന്നു. പക്ഷെ ശരിക്കും കേരളത്തെ പിന്നോട്ടടിക്കുന്നതിൽ ഈ വനിതാ സംവരണം ഒരളവുവരെ ബാധിച്ചിരിക്കുന്നു എന്ന് വേണം കരുതുവാൻ !
വനിതാ സംവരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ കോർപ്പറേഷനിൽ മേയർ സ്ഥാനം വഹിച്ചിരുന്ന ആ ചെറുപ്പം പെൺകുട്ടിയുടെ കാര്യം തന്നെ എടുത്താൽ കേരളത്തിൽ ഏറ്റവുമധികം വിവരക്കേടുകൾ കാണിച്ചുകൊണ്ടും അത്തരം പ്രവർത്തികൾ ചെയ്തുകൊണ്ടും ഒരു നഗരത്തെ പിന്നോക്ക അവസ്ഥയിലേക്ക് തള്ളിവിട്ടതിൽ ആ മേയർക്ക് അഭിമാനിക്കാം.
അതിന്റെ പ്രായശ്ചിത്തമെന്നോണം ഇത്തവണ സീറ്റ് കൊടുക്കാതെ മാറ്റിനിർത്തി എങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിലേക്ക് കയറ്റി അയച്ചുകൊണ്ട് ടീച്ചറമ്മക്ക് തടയിടും എന്നാണ് അറിയുവാൻ കഴിയുന്നത്.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒട്ടനവധി മെമ്പര്‍മാരെയാണ് വെറും സംവരണത്തിന്റെ പേരിൽ മേയറും ചെയർപേഴ്സണും പ്രസിഡണ്ടും ഒക്കെ ആക്കേണ്ടി വരുന്നത്.
സി.പി.എം എന്നാൽ അതിന്റെ പൂർണ്ണരൂപം അറിയാത്തവരും ഐ.എൻ.സി എന്നാലോ ഐ.യു.എം.എൽ എന്നാലോ എന്തെന്ന് അറിയാത്തവരുമായ ഒട്ടനവധി കുടുംബിനികളെയാണ് സംവരണത്തിന്റെ പേരിൽ പാർട്ടിക്കാർ വേട്ടയാടി കണ്ടുപിടിച്ചുകൊണ്ടുവരുന്നത്.
അവരെങ്ങാനും ജയിച്ചുകയറിയാൽ പിന്നെ കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ആദ്യം കെട്ടിയോനെയും അവരുടെ കുടുംബക്കാരെയും ബോധിക്കാത്ത അവസ്ഥയിലേക്ക് പ്രവർത്തികൾ തുടങ്ങിവെക്കുകയും പിന്നീട് സ്വന്തം പാർട്ടി നേതാക്കൾ വരെ പറഞ്ഞാൽ കൂട്ടാക്കാത്ത നിലയിലേക്ക് പര്യവസാനമാക്കും.
/filters:format(webp)/sathyam/media/media_files/2025/11/21/woman-election-campign-2025-11-21-19-17-14.jpg)
അത് കഴിഞ്ഞാൽ പിന്നെ മറുകണ്ടം ചാടൽ നയം സ്വീകരിക്കും. അധികാരം ഇല്ലെങ്കിൽ വീട്ടിൽ കയറാൻ പറ്റില്ലെന്ന രീതിയിലാണ് അവരുടെയൊക്കെ ജീവിത ചര്യകൾ. അതുപോലെ പലരും പല അവിഹിതങ്ങളിലും തലവെച്ചുകൊണ്ട് കുടുംബജീവിതം വരെ കുട്ടിച്ചോറായ ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുക്ക് ചുറ്റിലും കാണാം !
ഈ പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പതിവിനു വിപരീതമായി ഒട്ടനവധി ആളുകളാണ് മറുകണ്ടം ചാടിക്കൊണ്ടിരിക്കുന്നത്. സാധാരണമായി യുഡിഎഫിനാണ് ഏറ്റവും അധികം നഷ്ടങ്ങൾ സംഭവിക്കാറുള്ളത്.
പക്ഷേ ഇപ്പോള്‍ പതിവിനു വിപരീതമായി ഏറ്റവും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് എൽഡിഎഫിനാണ്. അതുപോലെ ചരിത്രത്തിലാദ്യമായി ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ തീരുമാനിച്ചതും യുഡിഎഫാണ് എന്നതും മഹാത്ഭുതം തന്നെ.
അതിപ്പോൾ ഇലക്ഷൻ മാനേജ്‌മെന്റിന്റെ കഴിവാണോ അതാത് ഡിസിസികളുടെ കഴിവാണോ എന്നറിയില്ല. തൃശൂർ കോർപ്പറേഷനിൽ അഞ്ചോളം പേരാണ് യുഡിഎഫ് വിട്ടത് എന്നതും അവിടത്തെ ഡിസിസി മുതലാളിമാരുടെ കയ്യിലിരുപ്പായി കണക്കാക്കാം.
തൃശൂരിലെ രണ്ടോ മൂന്നോ പേരെ വരാണാസിയിലേക്ക് നാട് കടത്താതെ മറ്റു മാർഗങ്ങൾ ഇല്ല എന്നാണ് കെപിസിസി മനസിലാക്കിയിട്ടുള്ളത്.
പാലക്കാട്ട് കാര്യങ്ങൾ അകെ മൊത്തം അഴകൊഴമ്പൻ അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് - എൽഡിഎഫ് - എൻഡിഎ, മൂന്നു പാർട്ടികളിലും പ്രശ്നങ്ങളുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്.
എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന ആൾ എന്ന് പറഞ്ഞുകൊണ്ട് ബിജെപിക്കാർ വരെ കളിയാക്കുന്ന ആൾ ഇത്തവണ കാര്യങ്ങളുടെ ചുക്കാൻ സഹധർമ്മിണിയെ ഏൽപ്പിച്ചപ്പോൾ ഒറിജിനൽ ചെയർപേഴ്സണ് സീറ്റ് കൊടുക്കാതെ ബിജെപിയുടെ സാധ്യതക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നു.
അവരെ യുഡിഎഫ് റാഞ്ചുന്നുണ്ട് എന്നാണ് അറിഞ്ഞത്. കോഴിക്കോട് ഡിസിസി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു നല്ല സംവിധായകനെ രംഗത്തിറക്കിയപ്പോൾ എൽഡിഎഫ് അവരുടെ തനതായ ഇലക്ഷൻ മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം വോട്ടു പട്ടികയിൽ നിന്നും പേരെടുത്തുകളഞ്ഞുകൊണ്ട് ആ സ്വപ്നം തകർത്തു. പകരം അതിനേക്കാൾ മേലെ ഒരാളെ ഇറക്കുമെന്നു ഡിസിസിയും വാശിയാക്കി എടുത്തിരിക്കുയാണ്.
കൊച്ചിയിൽ ഇത്തവണ പെണ്ണാണ് മേയറായി വരുന്നത് എന്നതുകൊണ്ട് ഇരുകൂട്ടരും തീപാറുന്ന ആളുകളെയാണ് ഇറക്കിയിരിക്കുന്നത്. വൈപ്പിൻ പ്രക്ഷോഭക്കാരുടെ നേതാവിന് സീറ്റ് കൊടുത്തുകൊണ്ട് യുഡിഎഫ് കാര്യങ്ങൾ കയ്യിലെടുത്തപ്പോൾ പഴയ താപ്പാനകൾ ഒക്കെ മുട്ടുമടക്കി.
കൊല്ലത്തും കണ്ണൂരും നല്ല സ്ഥാനാർത്ഥികളെ അതും പേരുള്ള നല്ല ചെറുപ്പക്കാരെ രംഗത്തിറക്കിയാണ് ഈ തിരഞെടുപ്പിനെ യുഡിഎഫ് നേരിടുവാൻ സജ്ജമാക്കിയിട്ടുള്ളത്.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു ജീവന്മരണ പോരാട്ടമാണ്. ഇടതിന് ആകെ മൊത്തം പത്തുകൊല്ലത്തെ ക്ഷീണം ബാധിച്ചിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതെയില്ല. എൻഡിഎ ആണെങ്കിൽ പുതിയ പ്രസിഡണ്ട് വന്നതിൽ പിന്നെ പഴയ കുത്തിത്തിരിപ്പുകാരുടെ കെണിയിൽ നിന്നും മോചിതമായിട്ടില്ല !
എന്തായാലും ഈ തിരഞ്ഞെടുപ്പിന്റെ വിധിയായായിരിക്കും അടുത്ത നിയമസഭാതിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുക എന്നത് നഗ്നസത്യം !!!
ആ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഡിസിസിയോട് അഭ്യർത്ഥിച്ചുകൊണ്ട് ദാസനും കാലുമാറ്റക്കാരെ കാലുമടക്കി അടിക്കണമെന്ന ആവശ്യവുമായി വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us