/sathyam/media/media_files/2025/12/26/anil-ayroor-unni-balakrishnan-arnab-goswami-sreekandan-nair-sujaya-parvathi-sindhu-suryakumar-arun-kumar-2025-12-26-20-01-14.jpg)
എന്തുപറ്റി നമ്മുടെ ചാനൽ മുതലാളിമാർക്കും ചാനൽ തൊഴിലാളിമാർക്കും ? ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നവർ എന്ന് സ്വയം അഹങ്കരിച്ചുകൊണ്ട് വൈകുന്നേരങ്ങളിൽ ബഹളമുണ്ടാക്കിയിരുന്ന പല ഏറുപടക്കങ്ങൾക്കും മനസാന്തരമാണോ, അതോ അവരുടെ അടവുനയങ്ങളാണോ, തിരിച്ചറിവുകളാണോ, തിരിച്ചടികളാണോ, നേരിട്ട് കൊണ്ടിരിക്കുന്നത്.
പലരും 360 ഡിഗ്രിയിൽ മലക്കം മറിയുന്നത് കാണുമ്പോൾ മലയാളിക്ക് മാത്രമല്ല ദേശീയതലത്തിലും അന്തർദേശീയതലത്തിലും അതൊക്കെ ചർച്ചയാകുന്നത് കാണാം.
പഴയകാല മാധ്യമപ്രവർത്തനങ്ങളെ ഒന്നടങ്കം തകർത്തുകളഞ്ഞുകൊണ്ട് പുതിയൊരു മാധ്യമസംസ്കാരം വളർത്തുവാൻ ശ്രമിച്ചവർ ഇന്നിപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളാണോ നടത്തുന്നത് എന്നതും പറയാതെ വയ്യ !
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരേക്കാൾ പവറിൽ ചാനൽ വിചാരണ നടത്തിയിരുന്ന അർണാബ് ഗോസാമിയന്ന ആസാമി ഇന്നിപ്പോൾ പത്തിമടക്കിക്കൊണ്ട് ഇന്ത്യക്കുവേണ്ടിയും ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയും ശബ്ദിക്കുമ്പോൾ അതൊക്കെ തിരക്കഥയുടെ ഭാഗമാണോ അല്ലെങ്കിൽ നാടകം കളിയാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/22/arnab-goswami-2025-12-22-19-23-47.jpg)
കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി ഇന്ത്യഭരിക്കുന്നവരെ അവതാര പുരുഷന്മാരാക്കുവാൻ കരാറെടുത്തുകൊണ്ട് ഇന്ത്യൻ ജനതയെ ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് വൈകുന്നേരങ്ങളിൽ പട്ടി കുരക്കുന്നതുപോലെ ഒച്ചവെച്ചുകൊണ്ട് സ്വന്തം ബാർക്ക് നിലവാരം മെച്ചപ്പെടുത്തിപ്പോന്ന അർണാബ് ഇന്നിപ്പോൾ ആരവല്ലി എന്നപേരിൽ വളർത്തച്ഛന്മാരെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ്.
ഈ വളർത്തനച്ചന്മാരുടെ ധൈര്യത്തിൽ ഇന്ത്യയിലെ എല്ലാവരുടെയും നെഞ്ചത്ത് കയറി മേഞ്ഞിരുന്ന അർണാബിനെ ഒരൊറ്റ രാത്രിയിൽ താൻ വെറും ഒരു പേടിത്തൂറിയാണെന്ന് തെളിയിക്കുവാൻ മഹാരാഷ്ട്രയുടെ ഒറിജിനൽ പുലി ബാൽതാക്കറേയുടെ മകന് കഴിഞ്ഞു.
ചാനലിന്റെ ഓഫീസ് പണിത പണം കൊടുക്കാതെ പാവം കോൺട്രാക്ടർ ആത്മഹത്യ ചെയ്ത കേസ് പൊക്കിയെടുത്തു മഹാരാഷ്ട്ര പോലീസ് അര്ണാബിനെ അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ വീടിന്റെ മൂലയിൽ കുനിഞ്ഞുകൂടിയിരുക്കുന്ന അർണാബിനെ നാം കണ്ടു.
ആ മഹാ സംഭവത്തിന് ശേഷം മസിലുപോയ അര്ണാബിനെയാണ് നമ്മുക്ക് പിന്നീട് കാണുവാൻ സാധിച്ചിരുന്നത്. എന്തുകൊണ്ടായിരിക്കും അദാനിക്കെതിരെ ഇത്രയും ഉറക്കെ സംസാരിക്കുവാൻ ധൈര്യം കിട്ടിയത് എന്നത് മനസിലാകുന്നില്ല. ചിലപ്പോൾ മൂട്ടിൽ തീ പിടിച്ചുകാണും ! കാത്തിരുന്നു കാണാം !
/filters:format(webp)/sathyam/media/media_files/2025/05/14/CoBKiSh6VSXrBtf3eIhf.jpg)
ഇപ്പൊ ശരിയാക്കിത്തരാം... എന്ന മട്ടിൽ കേരളത്തിലെ ദൈവദൂതരായി പ്രത്യക്ഷപ്പെട്ട റിപ്പോർട്ടർ എന്ന ചാനലും അതിലെ ബുദ്ധിജീവിയായ ഡോക്ടർ അരുൺകുമാറും കൂട്ടരും പിടിച്ചതെല്ലാം പരാജയമായി ഭവിക്കുന്നത് കണ്ട് നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്.
കൈരളിയും പ്യൂപ്പിളും പാർട്ടി ഗ്രാമങ്ങളിലുള്ളവർ പോലും കാണുന്നില്ല എന്ന് പാർട്ടി സെക്രട്ടറിക്ക് സമ്മതിക്കേണ്ടിവന്നപ്പോൾ കടക്കെണികൾ കൊണ്ടും കേസുകൾ കൊണ്ടും നിൽക്കക്കള്ളിയില്ലാതെയിരുന്ന നികേഷ്‌കുമാറിന്റെ റിപ്പോര്ട്ടര് ചാനലിനെ എകെജി സെന്റർ ദത്തെടുക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/GKYplJMWwIEYm5sLuERM.jpg)
പക്ഷെ നികേഷ് ചാനലിൽ വന്നിരുന്ന് ലാപ്ടോപ്പിൽ പിടിച്ചുകൊണ്ട് വാർത്തകൾ അവതരിപ്പിച്ചാലോ മാധ്യമ വിചാരണകൾ നടത്തിയാലോ ജനത്തിന് വിശ്വാസമുണ്ടാകില്ലെന്ന തിരിച്ചറിവിൽ ഉണ്ണി ബാലകൃഷ്ണനെയും ഡോക്ടർ അരുണിനെയും മുന്നിൽ നിർത്തി വെളുപ്പിക്കൽ നടത്തുവാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
മനോരമയുടെയും 24 ന്യൂസിന്റെയും വാർത്താ മുഖച്ഛായ മാറ്റിയ അനിൽ അയിരൂർ എന്ന ക്രിയേറ്റീവ് ഡയറക്ടറെ കണ്ടുപിടിച്ചുകൊണ്ട് മരമുറിക്കേസിലെ വില്ലന്മാരുടെ പണം എറിഞ്ഞുകൊണ്ട് റിപ്പോർട്ടർ കേരളത്തിൽ വൻമരമായി വളർത്തുവാൻ ഡോക്ടർ അരുണിനും ഉണ്ണി ബാലകൃഷ്ണനും സുജയ്യ പാർവ്വതിക്കും സാധിച്ചു എന്നത് നഗ്നസത്യമാണ്.
/filters:format(webp)/sathyam/media/media_files/2025/06/04/ogDYxf28mNpQ6AZIffUa.jpg)
ബാർക്ക് റേറ്റിങ്ങിനായി പണം വീശി എന്നുള്ള ആരോപണം നിലനിൽക്കെ തന്നെ അവർ ഏറെ നാൾ ഒന്നാം സ്ഥാനം നിലനിർത്തി പോന്നിരുന്നു. പക്ഷെ ഏറ്റെടുത്ത മിസൈലുകളും സ്വന്തം കുണ്ടിയിൽ തന്നെ കുത്തുന്നത് കണ്ടപ്പോൾ ഉണ്ണി ബാലകൃഷ്ണൻ തത്ക്കാലം തടിയൂരി !
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടീച്ചറമ്മയെ വിജയിപ്പിച്ചതുമുതൽ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലമ്പൂരും എന്തിനധികം പറയുന്നു ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകളിൽ വരെ ജനം അണ്ണാക്കിൽ കൊടുത്തപ്പോൾ പഴയ ചാട്ടുളി പ്രയോഗങ്ങൾ ലേശം ഒഴിവാക്കി തുടങ്ങിയിരിക്കുന്നു.
പെണ്ണുകേസുകളാണ് ജനത്തിന് ഏറെ ഇഷ്ടമെന്ന് മനസ്സിലാക്കിക്കൊണ്ട് ചാനലിലെ തന്നെ പാർട്ടി അനുഭാവികളായ പെണ്ണുങ്ങളെ ഇറക്കിവിട്ടു കളിച്ചതും ജനം തിരസ്കരിച്ചു.
ദിലീപ് വിഷയത്തെ വഴിതിരിച്ചുവിടുവാൻ ഏകദേശം മൂന്നോ നാലോ മാസങ്ങളോളം ഒരു സംവിധായകനെ ചാനലിൽ വിളിച്ചിരുത്തി ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചു പ്രചരിപ്പിച്ചു അതൊന്നും പോരാതെ ദിലീപിന്റെ അടുക്കളയിലേക്ക് ഡ്രോൺ പറത്തി തെണ്ടിത്തരം കാണിച്ചതിന് ശേഷം ദിലീപിനെ വെറുതെ വിട്ട കോടതിവിധി വന്നതോടെ ചാനലുകാർ തകർന്നടിഞ്ഞു !
സാധാരണമായി ചാനലുകാരുടെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം എന്നത് ഭരിക്കുന്നവരെ എതിർക്കുക എന്നതും അവരുടെ അഴിമതികളും കെടുകാര്യസ്ഥതകളും കണ്ടെത്തി ജനങ്ങളിൽ എത്തിക്കുക എന്നൊക്കെയാണ്.
എന്നാൽ ഇപ്പോഴത്തെ പ്രതിപക്ഷനേതാവിനെയും മുൻ കെപിസിസി പ്രസിഡന്റിനെയും മൊത്തം പ്രതിപക്ഷ നേതാക്കളെയും അവരുടെ ചെറുപ്പക്കാരായ നേതാക്കളെയും വളഞ്ഞിട്ട് അക്രമിച്ചുകൊണ്ട് അവരുടെ അണികൾക്കിടയിലും ജനങ്ങൾക്കിടയിലും അവമതിപ്പുണ്ടാക്കുവാൻ ഏറെ ശ്രമിച്ചു.
അതിന്നായി പണം വാരിയെറിഞ്ഞു. ഇപ്പോൾ ഭരിക്കുന്നവരുടെ അമ്പലം കൊള്ളയും റോഡ് തകർച്ചകളും കണ്ടില്ലെന്നു നടിച്ചു. അവസാനം ദൈവം മെസ്സിയുടെ രൂപത്തിൽ വന്ന് എട്ടിന്റെ പണി കൊടുത്തപ്പോൾ ഇപ്പോൾ ചാനലുകാർ ഉരുൾപൊട്ടൽ കഴിഞ്ഞ ചൂരൽമലയുടെ അവസ്ഥയിലാണ് !
130 കോടിയുടെ മെസ്സി എന്ന് വിളിച്ചുപറഞ്ഞു വീമ്പിളക്കിയിട്ടും ഇതൊന്നുമില്ലാതെ ഹൈദരാബാദിലും മറ്റുനഗരങ്ങളിലും വന്നുപോയതും നാം കണ്ടു !
/filters:format(webp)/sathyam/media/media_files/cHZE2CEbH6E2BROZ93aT.jpg)
ദൈവം കഴിഞ്ഞാൽ പിണറായി വിജയനാണെന്ന തിരിച്ചറിവിൽ ചാനൽ നടത്തിക്കൊണ്ട് പോകുന്ന എസ്.കെ.എൻ എന്ന് ചെല്ലപ്പേരുള്ള ശ്രീകണ്ഠൻനായർ ഇന്നിപ്പോൾ എങ്ങനെയെങ്കിലും ഈ പണികൾ ഒക്കെ അവസാനിപ്പിച്ചുകൊണ്ട് വല്ല ഹിമാലയത്തിലോ ദുബായിലേക്കോ പോകുമെന്ന അവസ്ഥയിലാണ്.
ദുബായിലെ പഴയ ഏഷ്യാനെറ്റിലെ ഓർമ്മകൾ അദ്ദേഹത്തെ പിന്തിപ്പിച്ചേക്കാം. മുഖ്യമന്ത്രി പിണറായി വിജയനെ വിജയാ എന്ന് കെഎം ഷാജി വിളിച്ചപ്പോൾ അങ്ങനെ വിളിക്കരുത്, ലേശം ബഹുമാനം വേണം എന്ന് ഉപദേശിച്ച ശ്രീകണ്ഠൻ നായർ, സഖാവ് വിഎസിന്റെ വിലാപയാത്രയെ പിണറായി വിജയൻറെ 'വിലാപയാത്രയാക്കി' മാറ്റിയത് ദൈവം കൊടുത്ത ചെറിയ ശിക്ഷയാണ് .
ബാർക്ക് റേറ്റിങ്ങിന്റെ പേരിൽ പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. ആ ഹാഷ്മി ഉള്ളത് കൊണ്ട് ചാനൽ മൂക്കും കുത്തി വീഴാതെ ഇഴഞ്ഞു നീങ്ങുന്നു !
/filters:format(webp)/sathyam/media/media_files/2025/12/26/hashmi-2025-12-26-20-21-03.jpg)
കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഹണിട്രാപ്പുകാരെക്കൊണ്ടുള്ള ശല്യം ഏറെയാണെന്ന് കൈരളിയിൽ മുതിർന്ന അവതാരകനായിരുന്ന
സിംഫണി കൃഷ്ണകുമാർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
അധികാരത്തിനും പ്രശസ്തിക്കും വേണ്ടി രാഷ്ട്രീയക്കരെക്കാൾ ചെറ്റത്തരം കൂടുതൽ കാണുന്നത് ചാനലുകാർക്കിടയിലാണ് എന്നതും ഏവർക്കും അറിയാവുന്ന കാര്യങ്ങളാണ്.
കേരളത്തിൽ ഇനി വരാൻ പോകുന്നത് പുതിയ ചാനലുകളുടെ കടന്നുകയറ്റമാണ്. പഴയവർ ഒക്കെ ഓടിത്തളരുമ്പോൾ പുതിയവർ കളം പിടിക്കുവാൻ ഒരുങ്ങുന്നു.
/filters:format(webp)/sathyam/media/media_files/x4Q9AeShRljLZi3voPDG.jpg)
അനിൽ അയിരൂർ എന്ന പാലക്കാട്ടുകാരൻ ഹൈദരാബാദിലെ ഒരു ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് ബിഗ് ടിവി കേരളത്തിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുമ്പോൾ ഒട്ടുമിക്ക അവതാരകരും അങ്ങോട്ടുള്ള പാലം പണിതുകൊണ്ടിരിക്കുകയാണ് !
പാലം പണികളുടെ രാജാവായ ബഹുമാനപ്പെട്ട എംപി ജോൺ ബ്രിട്ടാസ് ഈയിടെയായി എന്തൊക്കെ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നത് നാം കേൾക്കുന്നു. ചെറിയ കുട്ടികളിൽ കണ്ടുവരുന്ന അറ്റെൻഷൻ സീക്കിങ് എന്ന അസുഖമായാണ് ഏവരും കണക്കാക്കുന്നത് എങ്കിലും വേറെ എന്തോ രാഷ്ട്രീയലക്ഷ്യങ്ങൾ ഉള്ളതുപോലെ നമ്മുക്ക് അനുമാനിക്കാം.
രാജ്യസഭയിൽ മുന്നക്കെതിരെ സംസാരിക്കുകയും സ്വന്തം ജീവിതത്തിൽ മുന്ന എന്ന് മുദ്രകുത്തപ്പെട്ട വേദന മാറ്റാനാണോ എന്നും അറിയില്ല. പിഎം ശ്രീയിൽ ഒപ്പുവെക്കുവാൻ പേനയിൽ മഷി ഒഴിച്ചുകൊടുത്തത് ബ്രിട്ടാസ് ആയിരുന്നു എന്നാണ് ബിജെപിക്കാർ പറയുന്നത്.
/filters:format(webp)/sathyam/media/media_files/2025/05/05/7NTnpHTeLLC7ThPIqtXq.jpg)
പഴയ ബിരിയാണി ചെമ്പിലെ സ്വർണ്ണക്കടത്തും ഡോളർക്കടത്തും തേച്ചുമാച്ചു കളയുവാൻ ശ്രീ എമ്മുമായി കേന്ദ്രത്തിൽ പാലം പണിതതിന്റെ നന്ദി സൂചകമത്രേ രാജ്യസഭാ എംപിസ്ഥാനമെന്നാണ് ശത്രുക്കൾ പറയുന്നത്. പിഎം ശ്രീയിലും എന്തെങ്കിലും നക്കാപ്പിച്ച പ്രതീക്ഷിക്കാം !
ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ മലയാള വാർത്താവതരണത്തിൽ ഉറച്ച നിലപാടും വ്യക്തതയും കൊണ്ടു ശ്രദ്ധേയമായ ശബ്ദമാണ്. വാർത്തയെ അലങ്കാരമില്ലാതെ, സത്യത്തിന്റെ ഭാരമൊത്തുതന്നെ അവതരിപ്പിക്കുന്നതാണ് അവരുടെ പ്രത്യേകത.
/filters:format(webp)/sathyam/media/media_files/2025/03/04/RTyRnzsIgIID2w8SH1l4.jpg)
ചോദ്യങ്ങളിൽ കൃത്യതയും അവതരണത്തിൽ ഗൗരവവും നിലനിർത്തുന്ന സിന്ധു, മാധ്യമധർമ്മത്തിന്റെ ഉത്തരവാദിത്വം ആത്മാർത്ഥമായി പാലിക്കുന്ന അവതാരികയായി രണ്ടു പതിറ്റാണ്ടുകളായി ഏഷ്യാനെറ്റിൽ വ്യക്തമായ സാന്നിധ്യമാണ്.
ഷാനി പ്രഭാകർ ശാന്തവും ലളിതവുമായ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ വിശ്വാസം നേടിയ വാർത്താവതാരികയാണ്. വാക്കുകളുടെ ലളിതത്വത്തോടൊപ്പം വിഷയത്തിന്റെ ഗൗരവവും കാത്തുസൂക്ഷിക്കുന്ന അവരുടെ അവതരണം ശ്രദ്ധേയമാണ്.
/filters:format(webp)/sathyam/media/media_files/2025/12/26/shani-prabhakar-2025-12-26-20-07-52.jpg)
വാർത്തയെ വ്യക്തമായി, സംയമനത്തോടെ അവതരിപ്പിക്കുന്ന ഈ ശബ്ദം, മനോരമയോടൊപ്പം തുടക്കം മുതൽ വലിയ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ സേവനമനുഷ്ഠിക്കുന്നു !
ഇവരൊന്നും അനാവശ്യ രാഷ്ട്രീയ പിആർ കളികളിൽ പരമാവധി തലവെക്കാതെ പോയിക്കൊണ്ടിരിക്കുന്നു. ഒരു നല്ല അവതാരകനായ വേണു ബാലകൃഷ്ണനെ ചാനലുകളിൽ ഉള്ളവർ തന്നെ പുകച്ചു ചാടിക്കുവാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് വിട്ടയുടൻ വേണുവിന്റെ ഒരു വിപ്ലവഗാന വീഡിയോ വെളിയിൽ വിട്ടുകൊണ്ട് കൂടെയുള്ളവർ ചതിച്ചിരുന്നു. പിന്നെ മാതൃഭൂമിയിൽ ഉള്ളപ്പോൾ ഒരു പെണ്ണുകേസിന് തലവെച്ചു കൊടുത്തിരുന്നു.
/filters:format(webp)/sathyam/media/media_files/2024/11/09/cUMEHKlqRKxvu9mmFdOw.jpg)
ഇന്നിപ്പോൾ അനിലിന്‍റെ ബിഗ് ടിവിയിലേക്ക് കൂടുമാറ്റം നടത്തുവാൻ കാത്തിരിക്കുകയാണ്. പക്ഷെ ഉണ്ണി ബാലകൃഷ്ണൻ പരമാവധി മാധ്യമ മര്യാദകളും തറവാടിത്തവും കൈമുതലായുള്ള ഒരു അവതാരകനായാണ് അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഒട്ടുമിക്കവയും വസ്തുനിഷ്ഠമായിരുന്നു എന്നതിൽ അദ്ദേഹത്തിന് ആശ്വസിക്കാം.
അതുപോലെ ഒരുകാലത്ത് കോൺഗ്രസുകാർക്ക് വേണ്ടാതെ കിടന്നിരുന്ന ജയ്‌ഹിന്ദ് ചാനൽ ഇന്നിപ്പോൾ പുതുമണവാട്ടിയായി ഒരുങ്ങി നിൽക്കുകയാണ്. പണ്ടൊക്കെ എന്തൊക്കെ തിരഞ്ഞെടുപ്പ് ബഹളങ്ങൾ നാട്ടിൽ നടന്നാലും മൂലക്കുരുവിന്റെ ഡോക്ടറുമായുള്ള അഭിമുഖം കാണിച്ചുകൊണ്ടിരുന്ന ചാനൽ കുറേകാലമായി ഒട്ടേറെ പുതുമകളോടെ ഹൈടെക്ക് ഡിജിറ്റൽ ഒക്കെ ആക്കികൊണ്ടിരിക്കുകയാണ്.
ജയ്‌ഹിന്ദ് എന്ന പേരിൽ ഒരു ദേശീയത ഉള്ളതുകൊണ്ട് ഹൈദരാബാദ് അല്ലെങ്കിൽ ബെംഗളൂരു ആസ്ഥാനമാക്കി ഹിന്ദിയിലും ഇംഗ്ലീഷിലും ചാനലുകൾ ആരംഭിച്ചുകൊണ്ട് മുന്നോട്ട് പോയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എന്തെങ്കിലുമൊക്കെ ജനങ്ങളിൽ എത്തിക്കുവാനാകും !
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾക്ക് മേലെയായി ചാനലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൃശൂർക്കാരൻ എൽവിസ് ചുമ്മാറിനെ സമ്മതിച്ചേ പറ്റൂ !
/filters:format(webp)/sathyam/media/media_files/2025/12/26/elvis-chummar-2025-12-26-20-12-16.jpg)
മഴയും വേനലും ശൈത്യവും അതുപോലെ ഒട്ടേറെ കടമ്പകളുമൊക്കെ അതിജീവിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ദിസ് വീക്ക് എന്ന പരിപാടി ലോകചരിത്രത്തിലാദ്യമായി 18 വർഷത്തോളമായി 900 ത്തോളം എപ്പിസോഡുകൾ അവതരിപ്പിച്ചു എന്നതിൽ എൽവിസിന് അഭിമാനിക്കാം.
മുഖ്യമന്ത്രി പിണറായി വിജയനോടായാലും കെ സുധാകരനോടായാലും വിഡി സതീശനോടായാലും എംഎ യുസഫലിയോടായാലും, മോഹൻലാലിനോടായാലും മമ്മുട്ടിയോടായാലും പത്രസമ്മേളനങ്ങളിൽ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു ചങ്കൂറ്റം എൽവിസിന് കൈമുതലായുണ്ട്. അദ്ദേഹത്തിന്റെ ശൈലിയും വേറിട്ടത് തന്നെ.
ഗൾഫിൽ ആദ്യമായി മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഗോൾഡൻ വിസ സ്വന്തമാക്കിയ എൽവിസ് അദ്ദേഹത്തിന്റേതായ ഒരു സ്‌പേസിലൂടെ മാധ്യമ പ്രവർത്തനം നടത്തുന്നു. ഒട്ടേറെ വമ്പൻ ഓഫറുകൾ വന്നിട്ടും ചാനൽ മാറിക്കളിക്കാതെ ഇവരൊക്കെ ഗൾഫിലിരുന്ന് മലയാളിയുടെ നടുമുറിയിൽ എത്തുന്നു !
വിശ്വാസമാണ് എല്ലാം !
വല്യേട്ടൻ സിനിമയുടെ സിഡി ഇനിയെങ്കിലും വലിച്ചെറിഞ്ഞു കളയണമെന്ന് ബ്രിട്ടാസിനോട് അഭ്യർത്ഥിച്ചുകൊണ്ട് സഖാവ് ദാസനും മെസ്സിയെ ഇനിയും കാത്തിരുന്നുകൊണ്ട് ദിലീപ് ഫാൻസ് പ്രസിഡന്റ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us