/sathyam/media/media_files/hqel1V2IR3LsZjwKqlZP.jpg)
നമ്മുടെ വയനാട്ടിലെ പുഞ്ചിരിമട്ടത്തെയും ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ആറ്റമലയിലെയും കുഞ്ഞോമിലെയും നഷ്ടപ്പെട്ട നല്ലവരായ മനുഷ്യജീവനുകൾ. ദൈവം എപ്പോഴും നല്ലവർക്ക് മുന്നിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കും.
കേരളത്തിലെ വനമേഖലകളിൽ താമസിക്കുന്ന ജനവിഭാഗങ്ങൾ നന്മ കൂടുതലായി കാണപ്പെടുന്നവരാണ്. പരസ്പര സ്നേഹവും ആത്മാർത്ഥതയും എല്ലാം അവരിൽ വാരിക്കോരി കൊടുത്തിരിക്കുന്നു, എന്നിട്ടും അവരെ മാത്രം ഇങ്ങനെ ... എന്തൊരു ജീവിതം ... വയനാട്ടിൽ ഉണ്ടായ ഈ ദുരന്തം മനുഷ്യനൊഴികെ, നമ്മുടെ ശാസ്ത്രസാങ്കേതിക വിദ്യകൾ ഒഴികെ, കാലാവസ്ഥാ നിരീക്ഷകര്‍ ഒഴികെ, ജ്യോത്സ്യന്മാർ ഒഴികെയുള്ള പക്ഷി മൃഗാദികൾക്കും വൃക്ഷങ്ങൾക്കും ഒക്കെ നേരത്തെ മനസിലാക്കുവാൻ കഴിഞ്ഞിരുന്നു എന്ന് വേണം കരുതുവാൻ.
തിരിച്ചറിവിന്‍റെ ആനത്താരകള്‍
പ്രദേശങ്ങളിലെ ആനക്കൂട്ടങ്ങൾ നേരത്തെ തന്നെ അവിടം വിട്ടൊഴിഞ്ഞിരുന്നു. മറ്റുള്ള മൃഗങ്ങളും വളരെ നേരത്തെ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. വീടുകളിൽ കെട്ടിയിട്ട് വളർത്തിയിരുന്ന പശുക്കളും ആടുകളും മാത്രമാണ് വെള്ളത്തിലൂടെ ഒലിച്ചു പോയിരുന്നത്. പക്ഷെ ഇത്രയും വലിയ അപകടം ഉണ്ടായിട്ടും ഒലിച്ചുപോകാതെ ഒരു മരം മാത്രം അവിടെ അവശേഷിച്ചു. എന്തൊരു പാഠങ്ങൾ ...
എന്തൊക്കെ തന്നെയായാലും ഈയൊരു ദുരന്തത്തോടെ ആനകളോടും നായകളോടും കുരങ്ങന്മാരോടും മനുഷ്യന്റെ അടുപ്പം കൂടി എന്നാണ് നമുക്ക് റീൽസുകളിലൂടെ മനസിലാക്കുവാൻ സാധിക്കുന്നത്. വയനാട്ടിൽ തന്നെ ഒരു നല്ല മനുഷ്യനെ ഓടിച്ചിട്ട് വീട്ടിലിട്ട് ചവുട്ടിക്കൊന്ന ആന അതേ കാൽച്ചുവട്ടിൽ മനുഷ്യന് അഭയം കൊടുത്ത കഥ നാം കേട്ടു .
മിണ്ടാപ്രാണികളും തേങ്ങി ..
മണ്ണിലകപ്പെട്ട യജമാനന്മാരെ രക്ഷപ്പെടുത്തുവാൻ നായകൾ സ്ഥലം കാണിച്ചു കൊടുത്ത കഥകൾ നാം അനുഭവിച്ചറിഞ്ഞു. അകിട് നിറഞ്ഞ പശുക്കൾ തങ്ങളുടെ കുട്ടികളെ അന്വേഷിച്ചു നടക്കുന്നത് നാം കണ്ടു. 'അമ്മ മരിച്ച കുരങ്ങൻ അമ്മയെ വിട്ടു പിരിയാനാകാതെ വാശിപിടിക്കുന്നത് നാം കണ്ടു. എന്തൊരു ലോകം
നീതു .. നീയാണ് ഉയിര് ..
ഉരുൾപൊട്ടിയ വിവരം ലോകത്തോടായി അറിയിച്ച നീതുവിന്റെ ആ ശബ്ദം ഇന്നില്ല. ആ സ്‌കൂളിൽ കളിച്ചുവളർന്ന കുരുന്നുകൾ എവിടെ പോയെന്നറിയില്ല. ഒരു വീട്ടിൽ ഒരാളെ മാത്രം തനിച്ചാക്കി ബാക്കിയെല്ലാം സ്വർഗ്ഗത്തിലേക്ക് യാത്ര തിരിച്ചു. ഒരു ഗ്രാമം ഒരാളെ മാത്രം ബാക്കിയാക്കി മറ്റുള്ളവരെ തുടച്ചുനീക്കി.
മധുവിധു ആഘോഷിക്കുവാനെത്തിയ ആ ജോഡികളിൽ ഒരാളെ മാത്രം വിഴുങ്ങി. സ്വന്തം ജേഷ്ഠന്റെ മരണം മുന്നിൽ കണ്ടുകൊണ്ട് അനുജൻ. ഒരു വീട്ടിൽ മൂന്നുപേർ കെട്ടിപ്പിടിച്ചുകൊണ്ട് യാത്രയായി. ആറു പേരെ ഒരു കമ്പിയിൽ കോർത്തുകൊണ്ട് ഒരുമിപ്പിച്ചു. അമ്മയെയും അച്ഛനെയും ബാക്കിയാക്കി മക്കൾ ഒലിച്ചുപോയി. എന്തൊരു കാഴ്ചകൾ ...
കാലുമാറുന്ന കാലാവാസ്ഥ
വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയം ജില്ലയിലെ മലയോര മേഖലകളിലുമാണ് കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നത്. പക്ഷേ അവർക്കിപ്പോൾ മഴക്കെടുതികൾ എന്നാൽ പ്രളയം പോലെയുള്ള അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് വന്നു പെടുന്നത്. വായനാട്ടുകാർ ഈയിടെയായി ഉരുൾപൊട്ടലുകൾ ധാരാളമായി അനുഭവിക്കുന്നു. കാരണമായി നാം കാണേണ്ടത് അനധികൃത മരം മുറിയും പ്രകൃതിക്ക് ഇണങ്ങാത്ത മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും അനധികൃത ഖനനവും റിസോർട്ടുകളുടെ അതിപ്രസരവുമാണ് എന്ന് ആരെങ്കിലും വിവരമുള്ളവർ പറഞ്ഞാൽ അവരെ അറസ്റ്റ് ചെയ്യാതിരുന്നാൽ മതിയായിരുന്നു. എന്തൊരു ഗതികേട് ...
പ്രകൃതി ഒന്നിപ്പിച്ചത് .. മനുഷ്യന്‍ ..
പേപ്പറുണ്ടാക്കുവാൻ ബിർളക്ക് 45 ശതമാനം തൃണവർഗ്ഗത്തിൽ പെട്ട മുളകളും ഈറ്റയും ഒക്കെ വെട്ടിമുറിച്ചപ്പോൾ മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ അവർ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. മണ്ണിന് ഇഷ്ടമല്ലാത്ത തേക്കും കാപ്പിയും തേയിലയും ഒക്കെ മണ്ണുമായി ബന്ധിക്കുവാൻ ശ്രമിച്ചു . മണ്ണിനെ തടുത്തുനിർത്തിയ പാറകളെ വേദനിപ്പിച്ചുകൊണ്ട് അവിടെയൊക്കെ റിസോർട്ടുകൾ കൂണുപോലെ തലപൊക്കി
വേനൽക്കാലത്തെ വെള്ളത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് മനുഷ്യൻ പുഴകളുടെ തീരത്ത് താമസിച്ചു, മെല്ലെ മെല്ലെ പുഴയെ തങ്ങളുടെ അധീനതയിൽ ആക്കിമാറ്റി. ഒടുവിൽ പുഴക്ക് വിശാലമായി ഒഴുകുവാൻ വഴികൊടുത്തില്ല. എന്തൊരു മനുഷ്യർ ...
മനുഷ്യരാണ് എല്ലാം
പക്ഷേ അതേ മനുഷ്യർ തന്നെ ഇന്നിപ്പോൾ സന്നദ്ധ സേവനത്തിനായി പോർക്കളത്തിൽ ഇറങ്ങിയിരിക്കുന്നു. മരം മുറിച്ചുകൊണ്ട് കേസുകളിൽ അകപ്പെട്ട ആളുകളും സഹായ ഹസ്തങളുമായി ഇറങ്ങിയിരിക്കുന്ന അത്യപൂർവ കാഴ്ചകളും നമുക്ക് ഈ ദുരന്തത്തിലൂടെ കാണേണ്ടിവന്നു.
തങ്ങളുടെ പാർട്ടിക്കാരാണ് കൂടുതൽ ആളുകളെ സഹായിച്ചത് എന്ന് വരുത്തി തീർക്കുവാനുള്ള വ്യഗ്രതയും നാം കണ്ടുകൊണ്ടിരിക്കുന്നു. ആകപ്പാടെ നാശകോശമായ ഭരണാധികാരികൾക്ക് ദൈവം ഇങ്ങനെയൊക്കെ കച്ചിത്തുരുമ്പുകൾ ഇട്ടുകൊടുക്കുന്നത് കാണുമ്പോൾ ദൈവത്തിനോട് തന്നെ പുച്ഛം തോന്നിയാൽ അത്ഭുതമില്ല.
ആനകൾ നാട്ടിലിറങ്ങിയത് അവർക്കാവശ്യമുള്ള മരങ്ങളും ഇലകളും പഴവർഗങ്ങളും കാട്ടിൽ കിട്ടാതെ വന്നപ്പോഴാണ് എന്നത് മനസിലാക്കുവാൻ നാം വൈകിപ്പോയി. എന്തൊരു ഗതികേട് ...
വല്ലാത്ത പാഠങ്ങള്‍ !
ഇന്നവിടെ ഒരു മരവും സ്‌കൂളും മാത്രം ബാക്കി ! ആ സ്‌കൂളിന് പകരം ഏതെങ്കിലും ദേവാലയം ബാക്കിയായിരുന്നുവെങ്കിൽ ലോകം മുഴുവൻ ആ മതക്കാർ പബ്ലിസിറ്റി ഉണ്ടാക്കിക്കൊണ്ട് അവരുടെ ദൈവത്തിനെ അത്യന്നതങ്ങളിൽ എത്തിച്ചേനെ !! എന്തായാലും നഷ്ടം കുറെ പാവങ്ങൾക്ക്. പാവപ്പെട്ടവനെ മുതലെടുക്കുന്ന നേതാവ് കൃഷി നശിപ്പിക്കുന്ന കനത്ത മഴ പോലെയാണ്. ദുഷ്ടന്മാരാണ് രാജ്യം ഭരിക്കുന്നതെങ്കിൽ, പാപം എല്ലായിടത്തും ഉണ്ടാകും, എന്നാൽ ശരിയായി ജീവിക്കുന്നവർ അവസാനം വിജയിക്കും. എന്ന ബൈബിൾ വാചകം ഓർമയിൽ വരുന്നു .
നല്ലവരായ ആ പട്ടാളക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് കേണൽ ദാസനും ആദ്യനാൾ മുതൽ ഫോട്ടോയിൽ മുഖം കൊടുക്കാതെ പണിയെടുത്ത സന്നദ്ധസേവകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒറ്റപ്പെട്ട വിജയനും