Advertisment

പരുത്തിപ്പാറ പള്ളിയിലെ മാര്‍ത്തോമ്മാ ഗായകസംഘം ദേശീയ ഗാനം ചൊല്ലിയപ്പോൾ അത് കേരളത്തിനും ഇന്ത്യയ്ക്കും നല്‍കിയത് സമത്വത്തിന്‍റെയും സമന്വയത്തിന്‍റെയും സമുദായ സൗഹൃദത്തിന്‍റെയും മഹത്തായ സന്ദേശം. അതും ദേശീയ തലത്തില്‍ത്തന്നെ വെറുപ്പും വിദ്വേഷവുമെല്ലാം പൊതു രാഷ്ട്രീയത്തിന്‍റെ ഭാഗമാകുമ്പോള്‍. ഈ കൊച്ചു കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ സംഘര്‍ഷവും പള്ളി കയ്യേറ്റവും വെല്ലുവിളികളും മുറുകുമ്പോള്‍ ! - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update
paruthippara church

ക്രിസ്ത്യന്‍ പള്ളികള്‍ക്കൊക്കെയും ഗായക സംഘങ്ങളുണ്ട്. ഞായറാഴ്ചത്തെ ആരാധനയോടനുബന്ധിച്ചുള്ള ഗാനങ്ങള്‍ ആലപിക്കുകയാണ് ചര്‍ച്ച് ക്വയറുകളുടെ പ്രധാന ദൗത്യം. സംഗീതം അഭ്യസിച്ചവരെയും സ്വാഭാവികമായി പാട്ടുപാടാന്‍ വാസനയുള്ളവരെയും പ്രത്യേകം തെരഞ്ഞെടുത്തു പരിശീലിപ്പിച്ചാണ് ഓരോ പള്ളിയും തങ്ങളുടെ ഗായക സംഘത്തെ വളര്‍ത്തിയെടുക്കുന്നത്.

Advertisment

ക്രിസ്ത്യന്‍ ഗാനങ്ങള്‍ മാത്രമേ ഈ ഗായകസംഘങ്ങള്‍ ആലപിക്കാറുള്ളു. ഞായറാഴ്ച ദിവസത്തെ ആരാധനയ്ക്കായാലും വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്കായാലും ഗായക സംഘങ്ങളും അവരുടെ ഗാനങ്ങളും അനിവാര്യമായിരിക്കുന്നു ഇന്ന്. ഒക്കെയും ക്രിസ്ത്രീയ ഗാനങ്ങള്‍ മാത്രം.

പക്ഷേ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെ പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘത്തിന് മറ്റൊരു ദൗത്യമാണു കിട്ടിയത് - പള്ളിയില്‍ ദേശീയഗാനം ആലപിക്കുക. 25 -ലേറെ വരുന്ന യുവതീയുവാക്കള്‍ വളരെ മനോഹരമായി ദേശീയഗാനം ആലപിച്ചത് എന്തായാലും പുതുമയായി.

കോട്ടയം, കൊട്ടാരക്കര ഭാഗത്തുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എംസി റോഡിലൂടെ വരുമ്പോള്‍ നഗരത്തിലേയ്ക്കുള്ള കവാടമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലമാണു പരുത്തിപ്പാറ. ജങ്ങ്ഷനു തൊട്ടടുത്ത് റോഡരികില്‍ത്തന്നെയാണു പള്ളി. 50 വര്‍ഷം മുമ്പു സ്ഥാപിച്ച പള്ളിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനമായിരുന്നു ചടങ്ങ്. ഉല്‍ഘാടനം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണര്‍ ഒരു ചടങ്ങിനെത്തുമ്പോള്‍ ആദ്യം വേണ്ടത് ദേശീയ ഗാനാലാപനമാണ്. ചടങ്ങ് എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഗവര്‍ണര്‍ വേദിയിലെത്തായാലുടന്‍ ദേശീയഗാനം ആലപിക്കണം. വേദിയിലും സദസിലുമുള്ളവരെല്ലാവരും എഴുന്നേറ്റ് നില്‍ക്കുകയും വേണം. ചടങ്ങു തീര്‍ന്ന് ഗവര്‍ണര്‍ വേദി വിടുവാന്‍ തയ്യാറാകുമ്പോഴും ദേശീയഗാനം ആലപിക്കണം.

സാധാരണ ഇത്തരം പൊതുചടങ്ങുകളില്‍ ദേശീയഗാനത്തിന്‍റെ റിക്കാര്‍ഡ് ഇടുകയാണു പതിവ്. സ്വന്തം ഗായകസംഘമുള്ള പരുത്തിപ്പാറ മാര്‍ത്തോമ്മാ പള്ളി ഭാരവാഹികള്‍ അതിനൊന്നും പോയില്ല. ഗായകസംഘം തന്നെ ദേശീയഗാനം ആലപിക്കട്ടെ എന്ന് അവര്‍ തീരുമാനിച്ചു. ഗായകസംഘം അതിമനോഹരമായി ദേശീയഗാനം അവതരിപ്പിക്കുകയും ചെയ്തു.

തലസ്ഥാന നഗരിയിലെ ഒരു ക്രിസ്ത്യന്‍ പള്ളി, അതിന്‍റെ നിര്‍മാണത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനെ ക്ഷണിച്ചതും അദ്ദേഹം ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തതും മാര്‍ത്തോമ്മാ സമൂഹത്തിന്‍റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ഉയര്‍ന്ന മതേതര ചിന്തയും സാമൂഹ്യ ബോധവും വിളിച്ചോതുന്നതായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന്‍റെ ഈ ചിന്ത ചൂണ്ടിക്കാട്ടിത്തന്നെയാണ് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സംസാരിച്ചതും.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജ് പരിസരത്ത് ഇവാനിയോസ് ദിനത്തോടനുബന്ധിച്ചു മലങ്കര കത്തോലിക്കാ സഭ സംഘടിപ്പിച്ച വലിയൊരു പൊതുയോഗത്തില്‍ പ്രസംഗിച്ച ആര്‍ച്ച് ബിഷപ്പ് ക്ലീമിസ് കാതോലിക്കാ ബാവയുടെ വാക്കുകള്‍ ഞാന്‍ ഓര്‍മിച്ചു. തലസ്ഥാനത്തെ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കിട്ടിയ ക്ഷണമനുസരിച്ചാണ് ഞാന്‍ ആ ചടങ്ങിനു പോയത്.

"ജനീവയിലെ യുഎന്‍ കേന്ദ്രത്തിനു മുന്നിലൂടെ നടക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയ പതാക മറ്റു രാജ്യങ്ങളുടെ പതാകയോടൊപ്പം പാറിപറക്കുന്നതു കണ്ട് എന്‍റെ ഹൃദയം തുടിച്ചിട്ടുണ്ട് " എന്നാണ് മാര്‍ ക്ലീമിസ് അന്നു പ്രസംഗിച്ചത്. കര്‍ദിനാളാണെങ്കിലും വത്തിക്കാന്‍റെ പതാകയല്ല, ഇന്ത്യയുടെ മൂവര്‍ണ പതാകയാണ് ജനീവയുടെ മണ്ണില്‍ തന്നെ പുളകംകൊള്ളിച്ചതെന്നും കര്‍ദിനാള്‍ അന്നു പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

അപ്പോഴേയ്ക്ക് പരുത്തിപ്പാറ പള്ളിയിലെ ചടങ്ങു കഴിഞ്ഞ് ഗവര്‍ണറും ഒപ്പം മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാബാവ, മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഇടവക വികാരി റവ. വര്‍ഗീസ് ഫിലിപ്പ്, മുന്‍ കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയാ പി. ഐസക്ക് എന്നിങ്ങനെ വിശിഷ്ടാതിഥികള്‍ എഴുന്നേറ്റു. ഗായകസംഘം വീണ്ടും ദേശീയഗാനം ആലപിക്കാന്‍ തുടങ്ങി.

തിരുവനന്തപുരത്തെ മാര്‍ത്തോമ്മാ സമുദായക്കാരില്‍ ഏതാണ്ട് 670 കുടുംബങ്ങളാണ് പരുത്തിപ്പാറ പള്ളിയില്‍ അംഗങ്ങളായുള്ളത്. പക്ഷെ ഈ പള്ളിയുടെയും കൂട്ടായ്മയുടെയും സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ കേരളത്തിനും ഇന്ത്യയ്ക്കും നല്‍കിയത് സമത്വത്തിന്‍റെയും സമന്വയത്തിന്‍റെയും സമുദായ സൗഹൃദത്തിന്‍റെയും മഹത്തായ സന്ദേശം. അതും ദേശീയ തലത്തില്‍ത്തന്നെ വെറുപ്പും വിദ്വേഷവുമെല്ലാം പൊതു രാഷ്ട്രീയത്തിന്‍റെ ഭാഗമാകുമ്പോള്‍. ഈ കൊച്ചു കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ സംഘര്‍ഷവും പള്ളി കയ്യേറ്റവും വെല്ലുവിളികളും മുറുകുമ്പോള്‍.

Advertisment