/sathyam/media/media_files/2026/02/03/aluvakaran-unknown-ministers-2026-02-03-21-40-15.jpg)
കേരളം ഇനിയുമെങ്കിലും ഒരു നല്ല ഭരണകൂടത്തിന്റെ കയ്യിൽ വന്നില്ലെങ്കിൽ വരാനിരിക്കുന്ന ഭവിഷ്യത്തുകൾ നീസാരമല്ല. ഇക്കഴിഞ്ഞ പത്തു കൊല്ലം പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും ഭരണത്തിന്റെ പിടിപ്പുകേടുകളും വിവരമില്ലായ്മയും പിആർ കളികളും കൊണ്ട് കടന്നുപോയി.
'സർവം സ്വർണ്ണം' എന്നതായിരുന്നു ഇക്കഴിഞ്ഞ പത്തു കൊല്ലത്തെ സംഭാവന, കോൺസുലേറ്റിലെ ബിരിയാണി ചെമ്പിലെ സ്വർണ്ണം മുതൽ സാക്ഷാൽ അയ്യപ്പസ്വാമിയുടെ സ്വർണ്ണം വരെ കട്ടെടുത്തതും കള്ളക്കടത്തു നടത്തിയതും എല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നു.
ഇവിടെ ഒരു മാറ്റം അനിവാര്യം. അതിന്നായി നാടിനോട് കൂറുള്ള ചെറുപ്പക്കാർ അധികാര കേന്ദ്രങ്ങളിൽ എത്തണം. ഒരു നല്ല മനസ്സുള്ള മുഖ്യമന്ത്രി ഉണ്ടാകണം. ബോധമുള്ള മന്ത്രിമാർ ഉണ്ടാകണം.
കേരളത്തിന്റെ ചരിത്രത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കേരളജനത ഏറ്റവും നന്നായി വോട്ടവകാശം വിനിയോഗിച്ചു എന്ന് കണക്കാക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
ജയിക്കേണ്ടവർ ജയിച്ചു, തോൽക്കേണ്ടവർ തോറ്റു. കൂടുതൽ യുവത്വം തിരഞ്ഞെടുപ്പുകളിൽ സഹകരിച്ചു തുടങ്ങി. ഇതെല്ലാം വെച്ചുനോക്കുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയം മുതൽ നാം സൂക്ഷ്മതയോടെ പഠിച്ചുവേണം നിർവഹിക്കുവാൻ.
കേരളത്തിലെയും കേന്ദ്രത്തിലെയും ഇരുപതും മുപ്പതും വർഷങ്ങൾക്ക് മുമ്പത്തെ മന്ത്രിമാരുടെയും, സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പേരുകൾ നമ്മുക്ക് കാണാപാഠം അറിയാം.
പക്ഷെ ഇക്കഴിഞ്ഞ പത്തു കൊല്ലത്തെ മന്ത്രിമാരുടെയോ, സംസ്ഥാന മുഖ്യമന്ത്രി മാരുടെയോ പേരുകൾ നമ്മുടെ ഓർമ്മയിൽ വരുന്നില്ല. കാരണം ഇവിടെ ഭരിക്കുന്നവരിൽ കാണുന്ന ഏകാധിപത്യ പ്രവണത. അത് മാറ്റണം !!!
കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ ഇക്കഴിഞ്ഞ ആറു മാസക്കാലമായി ചുറ്റിക്കറങ്ങി, ചായക്കട ചർച്ചകളിൽ പങ്കെടുത്തും, വിദേശങ്ങളിലെയും സ്വദേശത്തെയും ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും, സോഷ്യൽ മീഡിയയും, പ്രാദേശിക വാർത്തകളും ഒക്കെ ശ്രവിച്ചും നടത്തിയ ഒരു അവലോകനം.
ഇപ്പോഴത്തെ ഈ ഭരണത്തെ 60 ശതമാനത്തിന് മേൽ ജനത വെറുത്തുകഴിഞ്ഞിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയിലെ ആത്മാർത്ഥതയുള്ള ഒരു വിഭാഗമാണ് ഏറ്റവും അധികം വെറുപ്പ് രേഖപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു ഓഫീസും, അവിടത്തെ കുറെ ശിങ്കിടികളും, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിമാരെയും, നാടിനോട് യാതൊരു കൂറുമില്ലാതെ പിആർ പടച്ചുവിടുന്ന എകെജി സെന്ററിലെ മുൻ മാധ്യമപ്രവർത്തകരും, എല്ലാവരും ചേർന്നുകൊണ്ട് നാട് കുട്ടിച്ചോറാക്കി എന്നാണ് പൊതുവെ അഭിപ്രായം.
/filters:format(webp)/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
ചെയ്തതിൽ ഏറ്റവും വലിയ തെറ്റ് ശബരിമലയിൽ കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങൾ തന്നെ എന്നാണ് ബഹുഭൂരിപക്ഷവും.
കേരളത്തിന്റെ സാംസ്‌കാരിക സാമ്പത്തിക സാമൂഹിക തലസ്ഥാനമായ തൃശൂർ ജില്ലയിൽ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യത്തെ മണ്ഡലം കലയും കലാമണ്ഡലവും ആയുർവേദവും നിളയും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന വടക്കാഞ്ചേരിയിൽ നിന്നുമാണ്.
ഒരു കാലത്ത് കോൺഗ്രസ്സ് കുത്തക മണ്ഡലമായിരുന്നു. കെഎസ് നാരായണൻ നമ്പൂതിരി 20000 മേലെ വോട്ടുകൾക്ക് വിജയിച്ചിരുന്ന മണ്ഡലം വി ബാലറാമിലൂടെ നിലനിർത്തിയെങ്കിലും മന്ത്രിയായിരിക്കെ കെ മുരളീധരന് മോയ്തീനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
പിന്നീട് നിസ്സാര വോട്ടുകൾക്ക് അനിൽ അക്കര മണ്ഡലം തിരിച്ചു പിടിച്ചുവെങ്കിലും വീണ്ടും കൈവിട്ടു പോയി. ശരിക്കും ആ മണ്ഡലത്തിൽ നിന്നും ജയിച്ചു വരേണ്ടത് അനിൽ അക്കര പോലെ ഒരു നല്ല യുവജന നേതാവാണ്. സാധ്യതയും അനിൽ അക്കരക്ക് തന്നെ !!
/filters:format(webp)/sathyam/media/media_files/2025/11/20/anil-akkara-2-2025-11-20-14-27-35.jpg)
അതുപോലെ ചരിത്രമുറങ്ങുന്ന മറ്റൊരു മണ്ണാണ് ചേലക്കര. അവിടെ ഇപ്പോഴത്തെ കണക്കനുസരിച്ചാൽ യുഡിഎഫിന് മണ്ഡലം പിടിക്കണമെങ്കിൽ ഐഎം വിജയനെപ്പോലെ ഒരാളെ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചുകൊണ്ട് നിർത്തിയാൽ സാദ്ധ്യതകൾ ഒട്ടേറെ.
വിജയനെ പോലെ ഒരാളെ നിയമസഭ കാണിക്കേണ്ടത് മലയാളിയുടെ ആവശ്യവുമാണ്. ലീഡർ കെ കരുണാകരൻ വിജയൻറെ ഫാൻസ് ആയിരുന്നതും വിജയന് ലീഡറെ ഇഷ്ടമുണ്ടായിരുന്നതും വെച്ച് നോക്കുമ്പോൾ കെ മുരളീധരനും, വിഡി സതീശനും വിജയനെ നേരിട്ട് കണ്ടാൽ നടക്കാവുന്ന കാര്യങ്ങൾ മാത്രം.
/filters:format(webp)/sathyam/media/media_files/2026/01/21/im-vijayan-2026-01-21-20-55-31.jpg)
വിജയൻറെ കല്യാണം ഉണ്ടാക്കിയ ജയൻ എന്ന സ്നേഹിതൻ സ്വാധീനിച്ചാൽ കാര്യങ്ങൾ എളുപ്പമാവും.
ഇനിയുള്ളത് കേരളത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുള്ള ഒല്ലൂർ മണ്ഡലം. കേരളത്തിലെ കോൺഗ്രസ്സ് കേവലം ഒമ്പത് സീറ്റുകളുമായി തകർന്നടിഞ്ഞപ്പോൾ പിപി ജോർജ്ജിനെ ജയിപ്പിച്ചു വിട്ട മണ്ഡലം.
അതിന്റെ നന്ദിയായി കരുണാകരൻ 1991ലെ മന്ത്രിസഭയിൽ പിപി ജോർജ്ജിന് കൃഷിമന്ത്രി സ്ഥാനം കൊടുക്കുകയും ചെയ്തു. മണ്ഡല പുനർനിർണ്ണയത്തിൽ കൂടുതൽ ഇടതു സ്വഭാവമുള്ള മണ്ണായി മാറിയെങ്കിലും എംപി വിൻസെന്റിന്റെ കെടു കാര്യസ്ഥതയിൽ മണ്ഡലത്തെ എന്നെന്നേക്കുമായി കൈവിട്ടു പോയി.
ഈ ഭരണത്തിൽ ലേശം മോശമല്ലാത്ത മന്ത്രി രാജന്റെ മണ്ഡലമായതുകൊണ്ട് കാര്യങ്ങൾ എളുപ്പമല്ല. വിജയ സാധ്യത ഏറ്റവും കൂടുതൽ പാലിയേക്കര ടോൾ സമരനായകൻ ഷാജി കോടങ്കണ്ടത്ത് തന്നെ. വേറെ ആരെ പരിഗണിച്ചാലും കരകയറില്ല.
പഴയ കൊടകര ഇന്നിപ്പോൾ പുതുക്കാട് ആയി മാറി. വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥന്റെ മണ്ഡലത്തിൽ നിന്നും പിന്നീട് സി രവീന്ദ്രനാഥ് എന്ന വിദ്യാഭ്യസ മന്ത്രി പിറന്നു. നൂറു ശതമാനവും ഇടതു സ്വഭാവമുള്ള ഈ മണ്ഡലത്തിൽ ബിജെപി വോട്ടുകൾ വളരെ നിർണ്ണായകമാണ്.
വിവാദമായ മറ്റത്തൂർ പഞ്ചായത്ത് ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ ഭരണത്തിനെതിരെ ജനം ഏറ്റവുമധികം പ്രതികരിച്ചുകൊണ്ടിരിക്കുന്ന സമയം ആണ്. ഉശിരുള്ള ഒരു ചെറുപ്പക്കാരനെ യുഡിഎഫ് രംഗത്തിറക്കിയാൽ പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലം.
ശരിക്കും അവിടെ മത്സരിപ്പിക്കേണ്ടത് മറ്റത്തൂർ പഞ്ചായത്തിലെ തീപ്പൊരിയായ അതുൽ കൃഷ്ണയെ മെമ്പർ സ്ഥാനം രാജിവെപ്പിച്ചുകൊണ്ട് ബിജെപിയിൽ നിന്നും അടർത്തി മാറ്റി യുഡിഎഫ് സീറ്റ് കൊടുക്കുകയാണെങ്കിൽ വിജയമുറപ്പ്.
/filters:format(webp)/sathyam/media/media_files/2025/12/29/athul-krishna-2025-12-29-19-13-33.jpg)
ഇടതുപക്ഷം വ്യാപക പ്രചാരണങ്ങൾ അഴിച്ചുവിടുമെങ്കിലും അതുൽ അവിടെ വിജയിക്കും. അതല്ലെങ്കിൽ സോണിയ ഗിരിയോ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ ഓ ജെ ജെനീഷോ മത്സരിക്കട്ടെ !!
ചാലക്കുടി മണ്ഡലം എന്നാൽ കേരളത്തിൽ ഏറ്റവും നീളം കൂടിയ മണ്ഡലമാണ്. കോൺഗ്രസ്സ് കുത്തകയായ മണ്ഡലത്തിൽ ഒന്ന് രണ്ടു തവണ എൽഡിഎഫ് ജയിച്ചു കയറിയെങ്കിലും കോൺഗ്രസ്സിന്റെ യുവരക്തം സനീഷ്‌കുമാർ മണ്ഡലത്തെ പിടിച്ചെടുത്തു.
തൃശൂർ ജില്ലാ ഒന്നടങ്കം കടലെടുത്തു പോയെങ്കിലും സനീഷ് യുഡിഎഫിന്റെ മാനം കാത്തു. മലയോര കർഷകരും ആദിവാസികളും ഏറെയുള്ള മണ്ഡലത്തിലെ പൊതു സ്വഭാവമനുസരിച്ചാൽ ഇത്തവണ സനീഷ്‌കുമാർ ഭൂരിപക്ഷം വളരെ കൂട്ടും.
/filters:format(webp)/sathyam/media/media_files/2026/02/03/sanish-kumar-2026-02-03-21-51-25.jpg)
ലീഡറുടെ തട്ടകമായിരുന്ന പഴയ മാള. മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ ഉടച്ചു വാർത്തപ്പോൾ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും, മേത്തല പഞ്ചായത്തും കൂട്ടിച്ചേർത്തു കൊടുങ്ങല്ലൂർ ആക്കി മാറ്റി. ലീഡർ എട്ടു തവണ വിജയിച്ചു കയറിയ മണ്ഡലത്തിൽ ഇപ്പോൾ ഇടതിന് വലിയ ഭൂരിപക്ഷമാണ്.
ഇടക്ക് വെച്ച് ടിഎൻ പ്രതാപൻ മണ്ഡലം കാത്തു സൂക്ഷിച്ചുവെങ്കിലും പിന്നെയും കൈവിട്ടുപോയി. മുൻ മന്ത്രി വികെ രാജന്റെ മകനായ സുനിൽ കുമാറാണ് എംഎൽഎ എങ്കിലും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ഒട്ടേറെ വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
ശരിക്കും കൊടുങ്ങല്ലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കേണ്ടത് ലീഡറുടെ മകൻ കെ മുരളിധരനെയാണ്. എങ്കിൽ തൊട്ടടുത്ത സീറ്റുകളെല്ലാം ഈസിയായി യുഡിഎഫിന് പിടിച്ചെടുക്കാം. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ജെനീഷിന്റെ സ്വന്തം മണ്ഡലമായതുകൊണ്ട് ജെനീഷ് സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്.
/filters:format(webp)/sathyam/media/media_files/2025/01/18/VtQVth1lKs4XRELtLQJK.jpg)
എസ്എൻഡിപിക്ക് സ്വാധീനമുള്ള മണ്ഡലമായതിനാൽ വിജയസാധ്യത ഇല്ലാതെയില്ല.
ഇനിയുള്ളത് കേരളത്തിൽ ഏറ്റവുമധികം കുനിഷ്ഠന്മാർ അധിവസിക്കുന്ന കൈപ്പമംഗലം മണ്ഡലം. ഇവിടെ ജയിച്ചു കയറുന്നത് ബാലികേറാ മലതന്നെ. ടൈസൺ മാസ്റ്റർ വെന്നിക്കൊടി പറിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിൽ ജനത്തിന് മടുപ്പും വന്നുതുടങ്ങിയിരിക്കുന്നു.
തലശ്ശേരി പോലെ ഇടതു അനുഭാവമുള്ള മുസ്ലിം വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ കണ്ണും നട്ടിരിക്കുന്നത് ദുബായ് വ്യവസായി സാലിയും, പിന്നെ മണപ്പാട്ട് ഫൗണ്ടേഷന്റെ ചെയർമാന്റെ മരുമകൻ ആസിഫ് മുഹമ്മദുമാണ്.
ഗാന്ധിയൻ ആശയ പ്രചാകരനും സാമൂഹിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ഒറിജിനൽ കോൺഗ്രസ്സ് പ്രവർത്തകനുമായ ഈസാ ബിൻ അബ്ദുൽ കരീം എന്ന സൗമ്യനാണ് ഏറെ സാധ്യത.
മാറാട് സമാധാന ക്യാമ്പ് പ്രവർത്തകനും, കൊടുങ്ങല്ലൂരിലെ സംഘട്ടനങ്ങളിൽ നേരിട്ട് ഇടപെട്ട് അവിടേക്ക് സമാധാനം കൊണ്ടുവരുന്നതിൽ ഏറെ പ്രവർത്തിച്ച ഈസാ ബിൻ അബ്ദുൽ കരീം പോലെ ഒരാളെ കൈപ്പമംഗലം ജനത രണ്ടു കയ്യും നീട്ടി സ്വീകരിക്കും.
ഇനിയുള്ള മണ്ഡലങ്ങൾ അടുത്ത ലേഖനത്തിൽ ഉൾപ്പെടുത്തും. അതുപോലെ കുറെയധികം ഉറച്ച സീറ്റുകൾ നഷ്ടപ്പെടുത്തുവാൻ ഖദർ കഞ്ഞിയിൽ മുക്കി കാത്തിരിക്കുന്ന കുറെയധികം ഗ്രൂപ്പ് നേതാക്കൾ ഈ പാർട്ടിയുടെ ഗതികേടാണ്.
തൃശൂർ ജില്ലയിലെ തന്നെ നേതാക്കൾ എന്നവകാശപ്പെടുന്ന എംപി വിൻസെന്റ്, ജോസ് വള്ളൂർ, ടിഎം നാസർ, അജയ് തറയിൽ മുതലായ വാഴകളെ വെസ്റ്റ് ബംഗാളിലെയോ, ആസാമിലെയോ ഏതെങ്കിലും മാവോയിസ്റ്റ് പ്രദേശങ്ങളിൽ പാർട്ടിയുടെ നിരീക്ഷകരായി വിടുകയാണെങ്കിൽ കുറെ സീറ്റുകൾ കൂടുതൽ പിടിച്ചെടുക്കുവാനാകും എന്ന് നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us