ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷൻ അനുവദിക്കുക, ജിഎസ്ടി ഏകീകരിക്കുക – കോം ഇന്ത്യയ്ക്കുവേണ്ടി 9 എംപിമാർ ഒപ്പിട്ട നിവേദനം കേന്ദ്രമന്ത്രിമാർക്ക് സമർപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 14, 2019

ഡൽഹി: വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കണമെന്നും ഓൺലൈൻ പത്രങ്ങളുടെ ജി എസ് ടി 18 ൽ നിന്നും 5 % ആയി കുറയ്ക്കണമെന്നും മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘കോം ഇന്ത്യ’ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഓൺലൈൻ മാധ്യമങ്ങളെയും ആർ എൻ ഐ നിയമത്തിന്റെ പരിധിയിലാക്കി രജിസ്‌ട്രേഷനും അക്രഡിറ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് 9 എം പിമാർ ഒപ്പിട്ട നിവേദനം തോമസ് ചാഴികാടൻ എം പിയും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേലും ചേർന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് കൈമാറിയത്.

1957 ലെ പഴയ നിയമം മാറ്റി പുതിയ ‘രജിസ്‌ട്രേഷൻ ഓഫ് പ്രസ് & പീരിയോഡിക്കൽസ് ബിൽ – 2019’ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സർക്കാരെന്നും പുതിയ നിയമത്തിന്റെ പരിധിയിൽ ഓൺലൈൻ മാധ്യമങ്ങളെകൂടി ഉൾപ്പെടുത്തുമെന്നും മന്ത്രി നിവേദക സംഘത്തിനു ഉറപ്പ് നൽകി. ബില്ലിന്റെ കരട് തയാറായതായും മന്ത്രി അറിയിച്ചു.

ഓൺലൈൻ മാധ്യമങ്ങൾക്കുള്ള നിലവിലെ ജി എസ് ടി പരിധി അച്ചടി മാധ്യമങ്ങൾക്ക് തുല്യമായി 5 ശതമാനത്തിലേക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് 9 എം പിമാർ ഒപ്പിട്ട മറ്റൊരു നിവേദനം തോമസ് ചാഴികാടനും വിൻസെന്റ് നെല്ലിക്കുന്നേലും ചേർന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കൈമാറി. വിഷയം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സത്യം ഓണ്‍ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫ് ജോമോന്‍ വരമ്പേലും ഒപ്പമുണ്ടായിരുന്നു.

കോം ഇന്ത്യക്ക് വേണ്ടി തോമസ് ചാഴികാടൻ, വി കെ ശ്രീകണ്ഠൻ, കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, അഡ്വ. ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, എ എം ആരിഫ്, അടൂർ പ്രകാശ് എന്നീ എം പിമാരാണ് രണ്ടു നിവേദനങ്ങളിലും ഒപ്പുവച്ചത്.

ഓൺലൈൻ മാധ്യമ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിലെ മുഴുവൻ എം പിമാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്ന് എം പിമാർ കോം ഇന്ത്യാ ഭാരവാഹികൾക്ക് ഉറപ്പുനൽകി.

×