കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതശരീരം അഴുകിയതായി ആരോപണം ; അഴുകിയ നിലയിൽ കണ്ടത് ആത്മഹത്യ ചെയ്ത സ്ത്രീയുടെ ശരീരം

ന്യൂസ് ബ്യൂറോ, കൊല്ലം
Sunday, January 26, 2020

കൊല്ലം : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതശരീരം അഴുകിയതായി ആരോപണം. ആത്മഹത്യ ചെയ്ത സ്ത്രീയുടെ ശരീരമാണ് ഫ്രീസറിൽ നിന്ന് പുറത്തെടുത്തപ്പോൾ അഴുകിയ നിലയിൽ കണ്ടത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മൃതശരീരം അഴുകിയ നിലയിലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലമേൽ കുരിയോട് അൽ അമീൻ മൻസിലിൽ സലീന ബീവിയുടെ മൃതശരീരമാണ് ഫ്രീസറിൽ നിന്ന് അഴുകിയ നിലയിൽ പുറത്തെടുത്തത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതശരീരം വിദേശത്തുള്ള ഭർത്താവ് നാട്ടിൽ എത്തുന്നത് വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു.

ബന്ധുക്കളെത്തിയ ശേഷം ജീവനക്കാർ ഫ്രീസർ തുറന്നു നോക്കുമ്പോഴാണ് മൃതശരീരം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിൽ നിന്ന് അമിതമായ ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ഫ്രീസർ കേടായതിനെ തുടർന്നാണ് മൃതദേഹം ജീർണിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇതേ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി സ്ഥലത്തെത്തി മരിച്ച സലീന ബീവിയുടെ ബന്ധുക്കളുമായി സംസാരിച്ചു. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അരുണാ ദേവി ഉറപ്പ് നൽകി.

അതേസമയം മൃതശരീരം ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഏകദേശം ഒരു ദിവസത്തോളം പഴക്കം ഉണ്ടായിരുന്നുവെന്നും മൃതശരീരത്തിൽ ഉറുമ്പരിച്ച മുറിവുകൾ ഉണ്ടായിരുന്നതായുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അപ്പോൾ തന്നെ പൊലീസിനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും അധികൃതർ പറഞ്ഞു.

×