മലയാളത്തിന്‍റെ പ്രിയ കവയത്രി സുഗുതകുമാരി ടീച്ചര്‍ക്ക് പ്രവാസ ലോകത്തിന്‍റെ അനുശോചന പ്രവാഹം

author-image
admin
Updated On
New Update

റിയാദ്‌:  മലയാള കവിതയുടെ മാതൃഭാവമായി വിളങ്ങിയ സുഗതകുമാരി ടീച്ചര്‍ ഓര്‍മയായി. തീരാവേദനകളെ കവിതയിലേക്ക് ആവാഹിച്ച സര്‍ഗശേഷി, നിരാലംബര്‍ക്കും പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികള്‍ക്കും ആശ്രയം. വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കു വേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ടീച്ചറുടെ സംഭാവനകൾ പലതാണ്.

Advertisment

publive-image

തിരുവനന്തപുരം പേയാടുള്ള ‘അഭയ’യുടെ പിന്നാമ്പുറത്തെ പാറക്കൂട്ടത്തിനിടക്ക് നിറയെ കിളികള്‍ക്കും അണ്ണാനും ചേക്കേറാനിടമൊരുക്കിക്കൊണ്ട് തന്റെ ഓര്‍മ്മക്കായി ചുവന്ന പഴങ്ങളുണ്ടാകുന്ന ഒരു ആല്‍മരം മാത്രം നട്ടാല്‍ മതിയെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ മരണത്തിന് മുന്നേ ടീച്ചര്‍ പറഞ്ഞുവെച്ചത് ഓര്‍മയില്‍ വരുകയാണ് ആല്‍മരം കേവലമൊരു മരം മാത്രമല്ല പുണ്യവൃക്ഷമാണ്. ശ്രേഷ്ഠതയും പവിത്രതയുമുള്ള ഭാരതത്തിന്റെ ദേശീയ വൃക്ഷം. ഒരര്‍ത്ഥത്തില്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും പരന്ന് വളരുന്ന അരയാല്‍ മരമായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ ഉള്‍കാഴ്ചയും പ്രകൃതിസ്നേഹവും വരും തലമുറയ്ക്ക് പ്രചോദനമാണ്.

സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്തിരുന്ന് നിരവധി. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ച കര്‍മയോഗിണിയായ സുഗതകുമാരി ടീച്ചറുടെ മരണം പ്രവാസി സമൂഹവും പ്രവാസി എഴുത്തുകാരും ഞെട്ടലോടെയാണ് ശ്രവിച്ചത്. ടീച്ചറുടെ വിയോഗത്തില്‍ പ്രവാസി സമൂഹത്തിലെ എഴുത്തുകാര്‍ സാമുഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളിലേക്ക്.

ജോസഫ്‌ അതിരുങ്കല്‍ (സാഹിത്യകാരന്‍)

publive-imageഎന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി.. എല്ലാറ്റിനോടും നന്ദി മാത്രം ചൊല്ലിയ മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയായിരിക്കുന്നു. സ്നേഹിച്ചവരോടും ആക്ഷേപങ്ങള്‍ ചൊരിഞ്ഞവരോടും എന്നും നന്ദി മാത്രം. ആരോടും കവിയ്ക്ക് പരിഭവമില്ല. ആരെയും അധിക്ഷേപ വാക്കുകള്‍ കൊണ്ട് മൂടിയില്ല.

ഓരോ മലയാളിയും കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട പോലെ ദുഖിക്കുന്നു. രാതി വൈകിയിട്ടും വീട്ടില്‍ എത്താന്‍ വൈകുന്ന മകനെയോ മകളെയോ ഓര്‍ത്ത് വഴിക്കണണുമായി കാത്തിരിക്കുന്ന ഒരു മാതാവിനെയപ്പോലെയായിരുന്നു ഓരോ മലയാളിയ്ക്കും കവി.

വഴി തെറ്റി പോകുന്ന യുവത്വത്തെ ഓര്‍ത്തുള്ള ആധി ടീച്ചറുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. വികസനത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യുന്ന പ്രകൃതിയെ ഓര്‍ത്തുള്ള വ്യസനം പങ്കു വെയ്ക്ക്കാതെ ഒരഭിമുഖവും അവസാനിച്ചിട്ടില്ല. നിരാലംബരായ എത്രയോ സ്ത്രീകളുടെ അഭയമായി മാറാന്‍ കവിയ്ക്ക് കഴിഞ്ഞു. പ്രകൃതി സംരക്ഷണത്തിനുവേണ്ടിയുള്ള നാട്ടിലെ ഏതു സമരത്തിലും പിന്തുണയുമായി കവി എത്തി. പ്രായത്തിന്‍റെ അവശതകളെ മറന്നു കിലോമീറ്ററുകള്‍ സഞ്ചരിച്ചു.

"എങ്ങനെ മറക്കും ആ വാത്സല്യം...ആ കരുതല്‍...കവിതയുടെ ആ രാത്രി മഴ എക്കാലവും മലയാളിയെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും"

സബീന എം സാലി (സാഹിത്യകാരി)

publive-image

സ്‌കൂൾ കാലഘട്ടത്തിൽ അമ്പലമണി എന്ന പുസ്തകത്തിലൂടെയാണ് സുഗതകുമാരി ടീച്ചറെ അറിയുന്നത്...പി കുഞ്ഞിരാമന് നായരുടെ കവിതകളുടെ പിൻ തുടർച്ചയെന്നോണം അവരുടെ കവിതകളിലെല്ലാം തന്നെ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്ന ഒരുതരം ലാളിത്യത്തിന്റെ വേദാന്തം നമുക്ക് ദര്ശിക്കാനാവും. എഴുത്തിലും സാഹിത്യത്തിലുമൊക്കെ സ്ത്രീ പങ്കാളിത്തം തുലോം കുറവായിരുന്ന കാലത്ത് ആർജ്ജവത്തോടെ അക്ഷരസേവ ചെയ്തതുകൊണ്ടും ,സ്ത്രീവിമോചനപ്രവർത്തനങ്ങളിൽ സജീവപങ്കാളിയായതുകൊണ്ടും മലയാളത്തിന്റെ ആദരം പിടിച്ചുപറ്റാൻ ടീച്ചർക്കായി. നിസ്വരും നിരാധരരുമായവർക്കും പ്രകൃതിക്കും പ്രപഞ്ചത്തിനും വേണ്ടി നിലകൊണ്ട എഴുത്തുകാരി മണ്മറയുമ്പോൾ, ദൗത്യനിർവ്വഹണം പൂർത്തിയാക്കി ഉറവയിലേക്ക് തന്നെ ഒരു നദി തിരിച്ചൊഴുകിപ്പോയ പ്രതീതിയാണ്. എഴുത്തുകാരി എന്ന നിലയിൽ സാഹിത്യലോകം ഉന്നതബഹുമതികൾ നൽകി ആദരിച്ച പ്രതിഭയുടെ മടക്കത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സോഫിയ ഷാജഹാന്‍ (കവയത്രി)

publive-image

പ്രകൃതിയെ പച്ചപ്പിനെ ഇത്രകണ്ട് സ്നേഹിച്ച ഒരു അമ്മയുണ്ടാവില്ല, പ്രകൃതിക്കേൽക്കുന്ന ഓരോ ക്ഷതവും ആ നെഞ്ചിൽ മുറിപ്പാടെന്നു വിലപിച്ചവൾ. ചേർത്ത് പിടിച്ച വാത്സല്യമാണ് എനിക്ക് സുഗതകുമാരി ടീച്ചർ. ഒന്നിലേറെ തവണ നേരിൽ കാണാനും അനുഗ്രഹം നേടാനും ഒരുമിച്ച് ടീച്ചറമ്മയുടെ വീട്ടിൽ സമയം ചിലവഴിക്കാനും കഴിഞ്ഞത് എന്റെ പുണ്യമായി ഞാൻ കരുതുന്നു.

ഒറ്റ ചിറകിന്റെ താളത്തോടെ തെളിഞ്ഞുപാടുന്ന കാട്ടുപക്ഷിയുടെ പാട്ട് നിലയ്ക്കുന്നില്ല... പിന്നെയും വരും തലമുറയിലൂടെ അതൊഴുകി പരക്കുക തന്നെ ചെയ്യും. അമ്മയ്ക്ക് വേണ്ടി കൊച്ചുമക്കൾക്ക് വേണ്ടി കിളികൾക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി പ്രാണ വായുവിന് വേണ്ടി ഒരു തൈ നടാം നമുക്കെന്ന് ഓർമ്മപെടുത്തിയ, ഓർമ്മപെടുത്തിക്കൊണ്ടേയിരുന്ന അമ്മയ്ക്ക് മരണമില്ല, ഒരായിരം കണ്ണീർപൂക്കൾ ആ പാദങ്ങളിൽ അർപ്പിച്ചു നമസ്കരിക്കുന്നു.

കുഞ്ചു. സി നായര്‍ (നിരൂപകന്‍)

publive-image

പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണം ആവിശ്വാസനീയവും, വളരെ ഞെട്ടലോടെയുമാണ് അറിഞ്ഞത്. കോവിഡ് മൂലം ചികിത്സയിൽ ആണെന്ന് അറിഞ്ഞപ്പോൾ താങ്ങാൻ ആയില്ല. കവയിത്രി എന്നതിനെക്കാൾ ഉപരി അവർ അറിയപ്പെടുന്നത് ഒരു സാമൂഹ്യപ്രവർത്തകയും, അതിലേറെ ഒരു പരിസ്ഥിതി സ്നേഹിയും എന്ന നിലയിലാണ് പ്രകൃതിയെ സംരക്ഷിക്കാൻ ഉള്ള പോരാട്ടത്തിൽ, ചൂഷകർക്കെതിരെ ശബ്ദം ഉയർത്താൻ എന്നും അവർ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. മനുഷ്യത്വത്തിന്റ പ്രതീകമായ അവർ നിരാലംബരയാ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അഭയകേന്ദ്രമാണ് നഷ്ട്ടപെട്ടത് സുഗതകുമാരി ടീച്ചറുടെ നിര്യാണം സാഹിത്യ- സംമുഹിക-പരിസ്ഥിതി മേഖലക്ക് ആകെ തീരാനഷ്ട്ടമാണ് ഹൃദയവേദയാല്‍ അനുശോചനം രേഖപെടുത്തുന്നു.

മഞ്ജുള ശിവദാസ്‌ (കവയത്രി)

publive-image

എഴുത്തുകളിലൊതുങ്ങാത്ത സാമൂഹ്യപ്രതിബദ്ധതയെന്തെന്ന് സ്വജീവിതത്തിലൂടെ കാട്ടിത്തന്ന എഴുത്തുകാരി, പ്രകൃതിയുടെ വ്യഥകളറിഞ്ഞ എഴുത്തിടത്തിലെ അമ്മ, നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും തണലായിരുന്നവർ, ജീവിതയാഥാർഥ്യങ്ങളെ ഹൃദയങ്ങളിലേയ്ക്കാഴ്ന്നിറങ്ങും വിധം അതിമനോഹരമായ ശൈലിയിൽ ആ ചിന്തകളിലുരുവായ ഓരോ വരികളും ഒട്ടും പ്രഭമങ്ങാതെതന്നെ മലയാളികളുടെ മനസ്സിൽ എക്കാലവും നിലകൊള്ളുന്നതാണ്. അത്യധികം ദുഖത്തോടെ മലയാളത്തിന്റെ നന്മയായിരുന്ന അമ്മയ്ക്ക് ആദരാഞ്ജലികൾ

ഡോ: ജയചന്ദ്രന്‍ (വിദ്യാഭ്യാസ വിദഗ്ധന്‍)

publive-image

ആധുനിക മലയാള കവിതയുടെ മാതൃസ്ഥാനമലങ്കരിച്ച മഹതിയെയാണ് ശ്രീമതി സുഗത കുമാരിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. മനുഷ്യനെപ്പോലെതന്നെ ഈ പ്രകൃതിയിലെ എല്ലാ ചരാചരങ്ങൾക്ക്കും ഈ ഭൂമിയിൽ തുല്യ സ്ഥാനമുണ്ടെന്നും മനുഷ്യനും പ്രകൃതിയും ഒന്നു തന്നെയാണെന്നും അവർ കാലങ്ങളായി മലയാളികളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷേ നാം അത് ചെവിക്കൊണ്ടില്ല. പ്രകൃതിയുടെ മറുപടി മഹാപ്രളയ ത്തിന്റെ രൂപത്തിൽ നാം അനുഭവിച്ചത്‌ അവരുടെ വിയോഗത്തിന് മുൻപുതന്നെയാണെന്നത് കാലത്തിന്റെ കാവ്യ നീതി. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച ക്രാന്തദർശിയായ കവയത്രിക്ക്‌ ബാഷ്പാഞ്ജലി..

സ്മിത അനില്‍ (കവയത്രി)

publive-image

അക്ഷരം കൊണ്ടും കവിത കൊണ്ടും എനിക്ക് അമ്മയാണു സുഗതകുമാരി ടീച്ചര്‍. ടീച്ചറുടെ വിയോഗം താങ്ങാവുന്നതില്‍ അപ്പുറം. കാട്ടുപക്ഷികളോടൊപ്പം ഒപ്പം ദൂരേയ്ക്ക് പറന്ന് അകന്ന സ്നേഹത്തിന്റെ വെൺ പിറാവ് ..ഏങ്ങിക്കരഞ്ഞും കിണുങ്ങി ചിരിച്ചും പെയ്തു തോർന്ന സുന്ദരിമഴയുടെ കൂട്ടുകാരി. മലയാളത്തിന്റെ നഷ്ട്ടസുഗന്ധം...സുഗതകുമാരി അമ്മ മലയാള സാഹിത്യത്തിന്റെ സൂര്യപുത്രി അസ്തമിച്ചാലും ഉദിച്ചുയരുന്ന തേജസ്സോടെ എന്നും ആ എഴുത്തുകൾ, ഇടപെടലുകള്‍. നമ്മെ ഓര്‍മപെടുത്തും അമ്മയ്ക്ക് കണ്ണീരോടെ പ്രണാമം..

പി എം എഫ് സൗദിഅറേബ്യ അനുശോചിച്ചു

കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും അനുശോചിച്ചു. തത്ത്വശാസ്ത്രത്തിൽ എംഎ ബിരുദം നേടിയ ടീച്ചർ പ്രകൃതിസംരക്ഷണസമിതിയുടെയും ‘അഭയ’യുടെയും സ്ഥാപക സെക്രട്ടറിയു മായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി ടീച്ചര്‍ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച സുഗതകുമാരി ടീച്ചറുടെ വിയോഗം തീരാനഷ്ട്ടമാണന്ന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

റിയാദ് റിസയും സുബൈര്‍ കുഞ്ഞു ഫൗണ്ടേഷനും അനുശോചിച്ചു.

കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷനും റിസയും അനുശേചനം രേഖപ്പെടുത്തി. 2012- മുതൽ തന്നെ കേരളത്തിലെ റിസാ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ സുഗതകുമാരി ടീച്ചര്‍ നല്‍കിയിരുന്നു. ടീച്ചറുടെ വിവിധ സാമൂഹിക ഇടപെടലുകൾ സാംസ്കാരിക കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് നിസ്സംശയം പറയാമെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ, ഡോ. അബ്ദുൽ അസീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചില്ല സര്‍ഗ്ഗവേദി റിയാദ് സൗദിഅറേബ്യ

സ്ത്രീ, ശിശു, പരിസ്ഥിതി എന്നീ അരക്ഷിതബിംബങ്ങളെ കവിതകൊണ്ടും അഭയം കൊണ്ടും സനാഥമാക്കിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ചില്ല റിയാദ് അനുശോചിച്ചു. പച്ചപ്പിന്റെ പ്രണയാർ ദ്രസ്വരവും ഇരുൾച്ചിറകുകളുടെ സന്ദേഹം നിറഞ്ഞ മൗനവും സുഗത കുമാരിയുടെ സാംസ്കാരികജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്ന് ചില്ല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നവയുഗം വായനാവേദി ദമ്മാം, സൗദിഅറേബ്യ

ദന്തഗോപുരങ്ങളിൽ മയങ്ങാതെ, മണ്ണിലേക്കിറങ്ങി പ്രകൃതിയുടെയും മനുഷ്യരുടെയും വേദനകൾ മനസ്സിലാക്കി, സ്വന്തം ജീവിതം കൊണ്ട് അശരണരുടെ കണ്ണീരൊപ്പിയ കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് നവയുഗം വായനവേദി അനുശോചിച്ചു. ആത്മനിഷ്‌ഠമായ വേദനകളും, സ്ത്രീത്വത്തിന്റെ ആകുലതകളും, ചൂഷണത്തിനെതിരെയുള്ള പ്രതികരണവും, ലോകത്തെല്ലാത്തി നോടുമുള്ള കാരുണ്യവും, പ്രകൃതിയോടുള്ള തീഷ്ണമായ സ്നേഹവും സുഗതകുമാരി ടീച്ചറിന്‍റെ കവിതകളിൽ നിറഞ്ഞിരുന്നുവെന്ന് നവയുഗം വായനാവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനതാ കൾച്ചറൽ സെന്‍റർ കുവൈറ്റ്

പ്രകൃതിയെയും, മനുഷ്യരേയും ഒരേപോലെ സ്നേഹിച്ച മലയാളത്തിന്‍റെ അക്ഷരസുകൃത മായിരുന്നു കവയിത്രി സുഗതകുമാരി. ഒരു അമ്മ മനസ്സോടെ എല്ലാ ജീവജാലങ്ങളോടും കരുണ കാണിച്ച സുഗതകുമാരിയുടെ വേർപാട്‌ മലയാളത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

കല(ആർട്) കുവൈറ്റ്

മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കുവൈത്ത് കെഎംസിസി.

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ ശബ്ദമുയർത്തിയ പരിസ്ഥിതി സ്‌നേഹിയെയാണ് സുഗതകുമാരി ടീച്ചറുടെ മരണത്തോടെ കേരളത്തിന് നഷ്ടമായതെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ അബ്ദുൽ റസാഖ് പേരാമ്ബ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

publive-image

പ്രശസ്ത കവയിത്രിയും സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. സുഗതകുമാരിയുടെ വിയോഗം മൂലം സാംസ്കാരിക കേരളത്തിനുണ്ടായ നഷ്ടം ഏറെ വലുതാണെന്നും അവരുടെ കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ അറിയിച്ചു.

മലയാളം മിഷൻ സൗദി ചാപ്റ്റർ.

മലയാളത്തിൻറെ പ്രിയ കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളം മിഷൻറെ രൂപീകരണ കാലം മുതൽ മരണം വരെയും ഭരണസമിതി അംഗമായി പ്രവർത്തിക്കുകയും മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌ത സുഗതകുമാരി ടീച്ചറിൻറെ ആകസ്‌മിക വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യ സാംസ്‌കാരിക സാമൂഹിക രംഗത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ചാപ്റ്റർ കമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.

പ്രകൃതിയെയും മനുഷ്യനെയും സർവ്വചരാചരങ്ങളെയും സ്നേഹിച്ച സുഗതകുമാരി ടീച്ചർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും കാവലാളായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ട മനുഷ്യസ്നേഹിയായ പോരാളിയായിരുന്നുവെന്ന് പ്രമേയം അനുസ്‌മരിച്ചു. മലയാളം മിഷൻറെ സൗദി ചാപ്റ്റർ കമ്മിറ്റിയും ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലാ കമ്മിറ്റികളും പഠന കേന്ദ്രങ്ങളും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

ജി എം എഫ് സൗദിഅറേബ്യ

കവിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ഗള്‍ഫ്‌  മലയാളി  ഫെഡറേഷന്‍   അനുശോചനം രേഖപ്പെടുത്തി, സാമൂഹിക തിന്മകൾക്കും പരിസ്ഥിതി നശീകരണത്തിനെതിരെയും തൂലിക ചലിപ്പിച്ച മഹത് വ്യക്തിത്വം ആയിരുന്നു സുഗതകുമാരി. അവരുടെ നിര്യാണം കേരള നാടിന് വലിയ നഷ്ടം ആണെന്നും ഗള്‍ഫ്‌  മലയാളി സമാജം ഭാരവാഹികൾ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സംസ്കൃതി ബഹ്‌റൈൻ

കവിതകൾക്കായി ഉഴിഞ്ഞുവെച്ച ജീവിതത്തിനപ്പുറം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിങ്ങനെ പൊതുരംഗത്ത് സജീവ സാനിധ്യമായിരുന്ന സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ സംസ്കൃതി ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു.

നിലപാടുകൾകൊണ്ട് എന്നും തലഉയർത്തി നിന്നിട്ടുള്ള ടീച്ചർ പെൺകരുത്തിന്റെ പ്രതീകം കൂടി ആയിരുന്നു. വിവിധ ചുമതലകളിൽ ദീർഘകാലം ബാലഗോകുലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊതു സമൂഹത്തിനു നൽകിയിട്ടുള്ള സംഭാവനകൾ മാനിച് നിരവധി അംഗീകാരങ്ങളാണ് ടീച്ചറെ തേടി എത്തിയിട്ടുള്ളത്. പത്മശ്രീ നൽകി രാജ്യം ആദരിക്കുകയുണ്ടായി. ടീച്ചറുടെ വിയോഗം മലയാള മണ്ണിന്റെ നികത്താനാകാത്ത നഷ്ടമാണ് എന്ന് സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ അനുശോചന ക്കുറിപ്പിൽ അറിയിച്ചു.

പീപ്പിൾസ് ഫോറം ബഹ്‌റൈൻ

മലയാളത്തിലെ പ്രശസ്ത കവയത്രിയും, സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും, കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണുമായിരുന്ന സുഗതകുമാരി ടീച്ചർ അഗതികളുടെയും, അശരണരായ സ്ത്രീകളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്ത താണെന്നും, പ്രകൃതിസ്നേഹികൾക്കും, അഗതികൾക്കും, അശരണരായ സ്ത്രീകൾക്കും മാതൃതുല്ല്യയായ ടീച്ചറുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അനുശോചനക്കുറുപ്പിൽ പീപ്പിൾസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

എന്‍ ആര്‍ കെ  വെല്‍ഫയര്‍ ഫോറം റിയാദ് സൗദി അറേബ്യ.

എല്ലാത്തിനും നന്ദി മാത്രം, ഇനിഅടുത്ത ജന്മം ഈ മണ്ണിൽ തന്നെ കഷ്ട്ടപെടുവാനും  പാട് പെടുവാനും ഞാൻ വരും" ഇത്രത്തോളം പ്രകൃതിയെയും ,അശരണരെയും കുട്ടികളെയും സ്നേഹിച്ച,അവർക്കു വേണ്ടി പടപൊരുതിയ മറ്റൊരു കവിയത്രിയോ,സാംസ്‌കാരിക പ്രവർത്തകരോ ഉണ്ടാകില്ല,ഇനി ഉണ്ടാവുകയുമില്ല.

കാലാകാലങ്ങളിൽ നാടുഭരിച്ചവരിൽ നിന്നും പൊതുസമൂഹത്തിനു കിട്ടേണ്ടതൊക്കെ സ്നേഹിച്ചും കലഹിച്ചും നേടിയെടുത്ത പ്രിയപ്പെട്ട സുഗതകുമാരി ടീച്ചരുടെ വിടവാങ്ങല്‍  കേരള പൊതു സമൂഹത്തിനു തീരാ നഷ്ടമാണ്. "ഞാൻ ഈ മണ്ണിൽ തന്നെ മടങ്ങി വരും" എന്ന ടീച്ചറുടെ വാക്കുകൾ ഈ മണ്ണിനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ അടയാളമാണ്. നമ്മളിൽനിന്നും ,പ്രകൃതിയിൽ നിന്നും വിടവാങ്ങിയ "കവിതകളുടെ അമ്മക്ക്  റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എന്‍ ആര്‍ കെ വേല്‍ഫെയര്‍  ഫോറത്തിന്റെ അഗാധമായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ചെയര്‍മാന്‍ അഷ്‌റഫ്‌ വടക്കേവിള അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോര്‍ക റിയാദ്

കവയിത്രിയായും അധ്യാപികയായും നിരാശ്രയർക്ക് അഭയം നൽകുന്ന മനുഷ്യസ്നേഹിയായും പരിസ്ഥിതി സമരങ്ങളിൽ മുൻനിര പേരാളിയായുമെല്ലാം കേരളക്കരയിൽ നിറഞ്ഞുനിന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ തിരുവനന്തപുരം  റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക   കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി .

മാനവികതയ്ക്ക് പുതിയ അർത്ഥ തലം നൽകി…പച്ചയായ പ്രപഞ്ച യാഥാർത്ഥ്യങ്ങളെ … പൊള്ളുന്ന തരത്തിൽ തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവിയത്രിയായിരുന്നു സുഗതകുമാരി. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻനിര പോരാളിയെയാണ്‌ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തോടെ നഷ്ട്ടമായതെന്ന് ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായകുളം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേളി റിയാദ് സൗദി അറേബ്യ

മലയാളികളുടെ പ്രിയ കവയിത്രിയും സാമൂഹ്യ പ്രവർത്തകയും, പരിസ്ഥിതി പ്രവർത്തകയുമായിട്ടുള്ള സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

കവയിത്രി എന്നതിലുപരി വേദനിക്കുന്ന മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ വേദന അകറ്റാനും എന്നും ശ്രദ്ധാലുവായിരുന്നു. വേദനിക്കുന്ന മനുഷ്യരെപ്പോലെ തന്നെ എവിടെയൊക്കെ പ്രകൃതിക്കെതിരെ ചൂഷണം നടക്കുന്നുവോ അവിടെയൊക്കെ സുഗതകുമാരി ടീച്ചർ തന്റെ സാന്നിധ്യം കൊണ്ടും വാക്കുകൾ കൊണ്ടും കവിതകൾ കൊണ്ടും അതിനെതിരെ പോരാടാൻ തയ്യാറായിട്ടുണ്ടെന്ന്‍ കേളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സുഗതകുമാരിയുടെ വിയോഗം നാടിന്റെയും ഭാഷയുടേയും തീരാനഷ്ടം: നവോദയ റിയാദ്

പ്രകൃതിയുടെ കണ്ണീരും ജ്വാലയും അലിഞ്ഞുചേർന്ന ആ യുഗം അസ്തമിച്ചു. സ്ത്രീത്വത്തിന്റെ വ്യഥകളും ചൂഷണത്തിനെതിരെയുള്ള പ്രതികരണവും പ്രകൃതിയോടുള്ള തീഷ്ണമായ സ്നേഹവും കാവ്യസൃഷ്ടിയിലും സ്വപ്രയത്‌നത്തിലും വിളക്കിച്ചേർത്ത മലയാളത്തിന്റെ വിളക്കാണ് അണഞ്ഞത്. സാമൂഹ്യതിന്മകളോട് നിരന്തരം തൂലികത്തുമ്പിനാൽ കലഹിച്ച കവയിത്രി എന്നും നാടിനും പ്രകൃതിക്കുംവേണ്ടി സമരസജ്ജയായി നമുക്കിടയിലുണ്ടായിരുന്നു.

അശരണർക്ക് താങ്ങും തണലുമായി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി നിന്ന സുഗതകുമാരിയുടെ വിയോഗം ഒരു മലയാളിയുടെയും തീരാനഷ്ടം കൂടിയാണ്. പ്രിയകവിയുടെ നിര്യാണത്തിൽ നവോദയ റിയാദ് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.

 

Advertisment