Advertisment

പൂഞ്ഞാറിലെ കൊച്ചു ലക്ഷ്മിയെ തേടി സുരേഷ് ഗോപിയുടെ സമ്മാനം ഉടനെത്തും ! ലക്ഷ്മിക്ക് സുരേഷ് ഗോപി സമ്മാനിക്കുക നാസയുമായി ഭാവിയിലും ആശയവിനിമയം നടത്താനുള്ള ലാപ്‌ടോപ്പ്. ലക്ഷ്മിയുടെ നേട്ടത്തിനൊപ്പം സുരേഷ് ഗോപിയെ ആകര്‍ഷിച്ചത് മൂത്ത മകളുടെ പേരും മകം നക്ഷത്രവും ഒരുപോലെ വന്നത് ! ലക്ഷ്മിയുടെ വിദ്യാഭ്യാസത്തിനും എന്നും കൂടെയുണ്ടാവുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പ്. നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം പിടിച്ച ഒന്‍പതാം ക്ലാസുകാരി; ഏഷ്യ പസഫിക് മേഖലയിലെ ഏക അംഗം; ലക്ഷ്മിയെ തേടി അഭിനന്ദന പ്രവാഹം

New Update

publive-image

Advertisment

കോട്ടയം: അപകടത്തില്‍ മരിച്ച മകളുടെ പേര്. അതേ മകം നാള്‍. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ കൊച്ചുമിടുക്കി ലക്ഷ്മിയെ തേടി സുരേഷ് ഗോപിയുടെ ലാപ്‌ടോപ്പ് അടുത്ത ദിവസമെത്തും.

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടിയതോടെയാണ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി ലക്ഷ്മി വി നായര്‍ നാടിന്റെ അഭിമാനമായത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഏഷ്യ പസഫിക് മേഖലയില്‍ നിന്നുള്ളം ഏകയാളാണ് ലക്ഷ്മി. പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലക്ഷ്മി.

ലക്ഷ്മിയുടെ നേട്ടം സുരേഷ്‌ഗോപിയുടെ പാലയിലുള്ള ബന്ധുക്കളിലൊരാള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. അപ്പോഴാണ് തന്റെ മകളുടെ നക്ഷത്രവും പേരുമെല്ലാം ഈ കുട്ടിക്ക് വന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

ഇതോടെ ലക്ഷ്മിക്ക് പ്രോത്സാഹനവുമായി താന്‍ എന്നും കാണുമെന്ന വാക്കുമായി സുരേഷ് ഗോപി എത്തിയത്. ലക്ഷ്മിക്ക് ഭാവിയില്‍ നാസയുമായി ആശയവിനിമയത്തിന് സഹായിക്കുന്നതിന് ഒരു ലാപ്‌ടോപ്പ് വാങ്ങി നല്‍കുമെന്ന് സുരേഷ് ഗോപി തന്റെ ബന്ധുവിനെ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ പഠനത്തിനാവശ്യമായ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ ലക്ഷ്മിയെ നേരില്‍ കാണാനും സുരേഷ് ഗോപിക്ക് പദ്ധതിയുണ്ട്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയാണ് ലക്ഷ്മി.

പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ അധ്യാപകനായ പ്യാരിലാലിന്റെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മി ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചത്. ഫലം വന്നപ്പോള്‍ ലക്ഷ്മിയും ഞെട്ടി. തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടംഗ സംഘത്തിലെ ഏറ്റവും പ്രായ കുറഞ്ഞ രണ്ട് പേരില്‍ ഒരാളാണ് ലക്ഷ്മി.

തികച്ചും പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കിടയാണ് ലക്ഷ്മിയുടെ ഈ നേട്ടം. പാലായില്‍ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരനായ അച്ഛന്‍ വിജയകുമാറും അമ്മ ശ്രീജയും സഹോദരി നന്ദനയും സ്‌കൂളിലെ അധ്യാപകരുമാണ് ലക്ഷ്മിക്ക് പ്രോത്സാഹനവുമായി എന്നും ഒപ്പമുള്ളത്.

വെല്‍കം കിറ്റായി ഗ്ലോബ് ടീഷര്‍ട്ടും മെഡലും ഒപ്പം വീഡിയോ ചിത്രീകരണത്തിനായി മൈക്കും ലഭിച്ചു. ഗ്ലോബ് ടീം നര്‍ദേശിക്കുന്ന പ്രകൃതിവിഷയങ്ങളില്‍ പഠനം നടത്തി വീഡിയോ തയാറാക്കി നല്‍കുകയാണ് അംഗങ്ങള്‍ ചെയ്യേണ്ടത്.

ശാസ്ത്ര അവബോധത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നതാണ് 120 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന ഗ്ലോബ് പ്രോഗ്രാം. നാസ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് കൊളൊറാഡോ ആസ്ഥാനമായ യൂണിവേഴ്‌സിറ്റി കോര്‍പ്പറേഷന്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ചാണ് പദ്ധതിക്ക് പിന്നില്‍ പ്രവർത്തിക്കുന്നത്.

kottayam news
Advertisment