ഓരോ കോൺക്രീറ്റ് വീടും ഒരു ക്രിമിനൽ കുറ്റമാണ്

സത്യം ഡെസ്ക്
Sunday, July 12, 2020

എല്ലാവരും മൺ വീടുകൾ നിർമ്മിക്കാൻ തുടങ്ങിയാൽ അതിനുള്ള മണ്ണ് എവിടെ നിന്ന് കിട്ടും?അതിനായി എല്ലാ മലകളും നികത്തേണ്ടി വരില്ലേ?സിമന്റും മണലും കമ്പിയും അല്പം പോലും ഉപയോഗിക്കാതെ ഉറപ്പുള്ള വീട് നിർമ്മിക്കാനാവുമോ?അതെത്ര കാലം നില നിൽക്കും?സുരക്ഷിതമായിരിക്കുമോ?അതിന് സൗന്ദര്യമുണ്ടാകുമോ?പെരും മഴയേയും പൊരി വെയിലിനേയും അതിജീവിക്കാനാകുമോ?മൺ വീട് പണിയാൻ അതീവ വിദദ്ധ തൊഴിലാളികൾ വേണ്ടി വരില്ലേ?അവരെ എവിടെ നിന്ന് ലഭിക്കും?വലിയ പണച്ചിലവ് വരില്ലേ?മണ്ണും നാച്ചുറലായ മെറ്റീരയലുകളും മാത്രമുപയോഗിച്ച് നമുക്ക് സ്വയം നമ്മുടെ വീട് നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനും വീട് പണിയാൻ പറ്റുമോ?
അതിലെ താമസം സുഖകരമായിരിക്കുമോ?
ഇവയ്ക്കെല്ലാമുള്ള മറുപടിയിലേക്കെത്തുന്നതിന് മുമ്പ് നമുക്ക് ചില വസ്തുതകൾ കേൾക്കാം.

.
ഒമാനിൽ 3000 വർഷം കഴിഞ്ഞ വീടുകൾ ഇന്നും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു.
യമനിലെ സനയിൽ 1000 വർഷം കഴിഞ്ഞ,10 നിലയുള്ള ആയിരക്കണക്കിന് വീടുകൾ ഇന്നും റഫ് യൂസ് നടത്തി ലോഡ്ജായും ചന്തയായും വീടായും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.യമൻ പരമദരിദ്ര രാജ്യമാണെന്നോർക്കുക.
ഈ വീടുകളിൽ ചിലതെല്ലാം സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തിൽ വിശദമായി കാണിച്ചിട്ടുണ്ട്.
അല്ല നിങ്ങക്കീ അന്താരാഷ്ട്രം വിട്ടൊരു കളിയുമില്ലേ എന്ന ചോദ്യം കേൾക്കുന്നു.
എന്നാ കേട്ടോ?
കുത്തബ് മീനാർ എങ്ങനെയാണ് ഇന്നും നിലനിൽക്കുന്നത്?
എന്തേ പശപ്പ് നഷ്ടപ്പെട്ട് ആ കല്ലുകൾ അടർന്ന് വീഴാത്തത്?
താജ് മഹാൾ എങ്ങനെയാണ് പണിതതും
കോടിക്കണക്കിനാളുകൾ ഓരോ വർഷവും കയറിയിറങ്ങിയിട്ടും 500 വർഷത്തിനിപ്പുറം ഇന്നും
എന്തേ കേടുപാടുകൾ ഇല്ലാത്തത്?
എന്തേ അതിന്റെ മേൽക്കൂര അടർന്ന് വീഴുന്നില്ല?
താജിൽ കയറുമ്പോൾ പടിയിൽ കാൽ ചവിട്ടുമ്പോൾ അത് താണ് വെള്ളം നിറഞ്ഞ് വെള്ളത്തിൽ ചവിട്ടിയല്ലാതെ പോകാൻ സാധിക്കില്ലായിരുന്നു.
അതായത് കാൽ കഴുകാതെ താജിൽ കേറാൻ പറ്റൂല്ലാന്ന്.
പിന്നിൽ ഒരു പാട് മാറി ഒഴുകുന്ന യമുനയിലെ ജലം,
ഈ പ്രവേശന പടികളിൽ, ഒരു മോട്ടോർ പോലുമില്ലാതെ എങ്ങനെ എത്തുന്നു എന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല.
ലോകം മുഴുവനുമുള്ള വിദദ്ധ ശാസ്ത്രജ്ഞമാരും ആർക്കിടെക്ടുമാരും സ്കാൻ ചെയ്തും മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എല്ലാമുപയോഗിച്ച് അരിച്ച് പെറുക്കി നോക്കിയിട്ടും പുഴയിൽ നിന്നും ജലം കയറാനായി പൈപ്പോ മറ്റ് സംവിധാനങ്ങളോ ഒന്നും കണ്ടെത്താനായില്ല.
ഒടുവിൽ സ്റ്റെപ് ഇളക്കി നോക്കി കണ്ടെത്താൻ തീരുമാനിച്ചു.
എന്ത് സംഭവിച്ചെന്നോ?
അതോടെ ആ സംഭവം നിലച്ചു,
ഇന്നും ഉത്തരം കിട്ടാത്ത പ്രഹേളികയായി അത് നിൽക്കുന്നു.
എവിടെ നിന്ന്?
എങ്ങനെ?
500 കൊല്ലം മുമ്പത്തെ ടെക്നോളജി എവിടെ?
ഇന്നാൾ മാത്രം വന്ന കോൺകീറ്റ് എവിടെ?
ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളുടെ ആർക്കിടെക്ചർ നോക്കൂ?
കൂറ്റൻ ഒറ്റക്കൽ ഗോപുരങ്ങൾ എങ്ങിനെയാണ് ഇത്ര ഉയരത്തിൽ സ്ഥാപിച്ചത്?
ഇന്നത്തെ കൂറ്റൻ ക്രയിനുകൾക്ക് പോലും അത് സാധിക്കില്ല..
അവയിലോരോന്നിലുമുള്ള കൊത്ത് പണികൾ ഇന്നും ലോകം അദ്ഭുതത്തോടെയാണ് കാണുന്നത്?
കിഴക്ക് ഒറീസ്സയിലെ കൊണാർക്ക് മുതൽ തെക്ക് ഹൊയ്സാലയും ബേലൂരും ഹാലേബിഡുവും തമിൾ നാട്ടിലെ ക്ഷേത്ര ഗോപുരങ്ങളും ചെട്ടിനാടൻ ഗൃഹങ്ങളും നമ്മുടെ നാല് കെട്ടുകളും വരെ ഇന്നും നിലനിൽക്കുന്നതെങ്ങനെ?
ആദിവാസികളുടേയും തദ്ദേശീയരുടേയും മണ്ണ് കുഴച്ച് പുല്ല് മേഞ്ഞ വീടുകൾ ഇന്നും നില നിൽക്കുന്നു.?
എങ്ങനെ?
കേരളത്തിലടക്കം കാണുന്ന 100 വർഷത്തിലേറെ പഴക്കമുള്ള ഒരു വീടും സിമൻറ് കണ്ടിട്ടേയില്ല. മണ്ണും ചുണ്ണാമ്പും മാത്രം കുഴച്ച് നിർമ്മിച്ചതാണ് ഈ കൂറ്റൻ കൊട്ടാരങ്ങൾ മുതൽ സാധാരണ വീടുകൾ വരെ.
10 മീറ്റർ അടിത്തറയും അവയ്ക്കില്ല.
പരമാവധി ഒരടിയാണ്
എത്ര വലിയ കൊട്ടാരത്തിനുമുള്ളത്?
ഓരോ സിമൻറ് വീടുകൾ നമ്മൾ പണിയുന്തോറും ഒരു മല ഇല്ലാതാക്കുകയാണ് നമ്മൾ ഓരോരുത്തരും.
എന്നിട്ട് ഒരു പ്ലാസ്റ്റിക് കവറിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധാലുക്കളായി പരിസ്ഥിതി കണ്ണീരൊഴുക്കി ആത്മരതിയിൽ അഭിരമിച്ച് അഭിനയിക്കുന്നു.
പ്ലാസ്റ്റിക്കിനേക്കാൾ വലിയ ദുരന്തമായ കോൺക്രീറ്റ് വേസ്റ്റുകൾ നമ്മൾ കാണുന്നില്ല. വികസിത രാജ്യങ്ങളിലും ചൈനയിലെല്ലാം 25 വർഷം കഴിഞ്ഞാൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നശിപ്പിക്കണം.
ഈ 25 വർഷത്തിനാണോ ഇത്രക്കും പരിസ്ഥിതിയെ നശിപ്പിച്ചത്. ചില രാഷ്ട്രങ്ങളിൽ അത് 15 വർഷമാണെന്നും വായിച്ചിട്ടുണ്ട്.
ഓരോ കോൺക്രീറ്റ് വീടും പണിയുമ്പോൾ ഓർക്കുക,
ഏറ്റവും വലിയ ക്രിമിനൽ കുറ്റത്തിൽ നിങ്ങളും പങ്കാളിയായിരിക്കുന്നു.
പൊലീസ് സ്റ്റേഷനിൽ പോയി കുറ്റസമ്മതം നടത്തി കീഴടങ്ങൂ.
ലാത്തൂർ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം കടലിൽ തള്ളുകയായിരുന്നു.
ഇവിടെ കൊച്ചിയിലെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനായി ആഴം കൂട്ടി ലഭിച്ച ലക്ഷക്കണക്കിന് ടൺ മണ്ണും കടലിലാണ് തള്ളിയത്.ഇന്നും ദിവസവും കോടികളാണ് കപ്പൽച്ചാൽ ആഴം കൂട്ടുന്നതിന് മാത്രം പോർട്ട് ട്രസ്റ്റിന് ബാധ്യത.
ഒപ്പം എന്തിനെന്നറിയാത്ത ഓവർ ബ്രിഡ്ജ് കൂറ്റൻ റെയിൽവേ പാലവും.
മെട്രോ പോലും സിമൻറ് കമ്പനിക്കായി സൃഷ്ടിക്കപ്പെട്ടതാണ്.
ഈ വാർത്തകളൊന്നും നമ്മുടെ മുക്കിയ ധാരാ മാധ്യമങ്ങൾ നമ്മോട് പറയില്ല.
നമ്മുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും നമ്മുടെ കൈ എത്തിയാൽ എത്ര സന്തോഷമായിരിക്കും അഭിമാനമായിരിക്കും അത് നൽകുക.
അതിന് ലക്ഷങ്ങളൊന്നും ചിലവില്ല.
പറമ്പിലെ ഒരല്പം മണ്ണും ചുണ്ണാമ്പും വേപ്പിലയും കടുക്കയും മഞ്ഞളും ചാണകവും ഇലച്ചാറുകളും മാത്രമുപയോഗിച്ച് വ്യത്യസ്ത നിറങ്ങളിൽ നമുക്ക് തന്നെ ലളിതവും സുന്ദരവുമായി വീട് പണിയാം.
മണ്ണിനായി കിണറിലെ മണ്ണ് മതി .വേണമെങ്കിൽ ഒരു കുളം കുഴിച്ച് ആ മണ്ണ് കൂടി എടുത്താൽ ആവശ്യത്തിലേറെയായി. ബോണസ്സായി ജല സംരക്ഷണവുമായി .

കൂടാതെ നല്ല വെള്ളത്തിൽ കുളിയും നീന്തലും വ്യായാമവും ഉന്മേഷവും വീണ്ടും ലോട്ടറി .
നിലവിൽ മൺ വീടുകൾ എന്ന് പറഞ്ഞ് പേരെടുത്ത ആർക്കിടെക്ടുകൾ പണിത വയെല്ലാം മണ്ണിനൊപ്പം സിമൻറും കമ്പിയും മറ്റ് അനാവശ്യ വസ്തുക്കളും കുത്തി നിറച്ചതും അതിസമ്പന്നർക്ക് മാത്രം സാധിക്കുന്നത്ര പണച്ചിലവുള്ളതുമാണ്.

ഏറ്റവും പാവപ്പെട്ടവന്റെ ഏറ്റവും ലളിതമായ ടെക്നോളജിയെ മോഷ്ടിച്ച് വെള്ളം ചേർത്ത് പണക്കാർക്ക് മാത്രം സാധിക്കുന്ന ഒന്നാക്കി മാറ്റി നമ്മുടെ മൺ വീട് / ബദൽ വീട് ആർക്കിടെക്ടുമാർ.സിമൻറ് 5 % മുതൽ ചേർക്കണം,ലിന്റലും ബൽറ്റും സിമന്റ് വച്ച് വാർക്കണം,ഫെറോ സിമന്റ് സ്ലാബുകൾ ഇടണം,
എന്നെല്ലാം മൺ വീടിനെ അവഗണിച്ച് ആ സങ്കല്പമേ ഇല്ലാതാക്കി അവർ.പരമാവധി 4 ഓ 5 ഓ ലക്ഷം രൂപ മാത്രം ചിലവ് വരേണ്ടിടത്ത് മുപ്പത് ലക്ഷം മുതൽ കോടികൾ ഒഴുക്കി സമ്പന്നന് ജാട കാണിക്കാനുള്ള ഒന്നാക്കി നിലവിൽ മൺ വീട് എന്ന സങ്കല്പം മാറ്റിയതിവരാണ്.

വാക്കുകളും പ്രവൃത്തിയുമായി യാതൊരു ബന്ധവും കാണാൻ സാധിച്ചിട്ടില്ല,മണ്ണും സിമൻറും ചേർത്ത് കുഴച്ചാൽ മൺ വീടായി എന്നാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.ഇത്തരം നിരാശാപൂർണ്ണമായ അന്വേഷണത്തിനിടയിലാണ് ഒരു ആർക്കിടെക്ചർ മാഗസിനിൽ കണ്ട വർക്കിന്റെ ചിത്രത്തിലും ലേഖനത്തിലും ആകൃഷ്ടനായി അതിൽ കൊടുത്തിരുന്ന ആകെ വിലാസമായ ‘തണൽ’തിരുവണ്ണാമല എന്നത് മാത്രം വച്ച് അതിവിശാലമായ തിരുവണ്ണാമല മുഴുവൻ അലഞ്ഞു തിരിഞ്ഞ് നടന്ന് ‘ബിജു ഭാസ്കർ’ എന്ന തണൽ സാരഥിയെ കണ്ടെത്തുന്നത്. തമിൾ ഒരു വാക്കു പോലും അറിയാത്ത,തമിൾ സിനിമകൾ പോലും കാണാത്ത ഞാൻ ഓരോ വീട്ടിലും കയറിയിറങ്ങി മുറി മലയാളത്തമിഴിൽ മൺ വീടുകൾ അന്വേഷിച്ച് അന്വേഷിച്ച് രണ്ട് ദിവസമെടുത്ത് വളരെ രസകരമായാണദ്ദേഹത്തെ കണ്ടെത്തുന്നത്.

ബിജു ഭാസ്കർ എന്ന പേരും അദ്ദേഹം മലയാളിയാണ് എന്നതും പോലും അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ മാത്രമാണറിഞ്ഞത്.ആർക്കിടെക്ചർ പഠനശേഷം ഇന്ത്യൻ പരമ്പരാഗത ഗൃഹ നിർമ്മാണ രീതികൾ തേടി അദ്ദേഹം ഇന്ത്യ മുഴുവൻ തെരുവുകളിൽ വർഷങ്ങൾ തെരുവ് ശില്പികളോടൊപ്പം താമസിച്ച് നേടിയ അറിവുകൾ എല്ലാം മറ്റുള്ളവർക്ക് ഏവർക്കും പ്രാപ്യമാകുന്ന തരത്തിൽ ഡോക്യുമെന്റ് ചെയ്യുകയാണദ്ദേഹം കൂടുതലായി ചെയ്യുന്നത്.
അദ്ദേഹത്തെപ്പറ്റി,
“മനുഷ്യാ,
നീ മണ്ണാകുന്നു”
എന്ന ടാഗ് ലൈനിൽ മാതൃഭൂമി സൺഡേ സപ്ലിമെന്റിൽ കവർ സ്റ്റോറി വന്നിട്ടുള്ളതും ഞാൻ തന്നെ എഫ് ബി യിൽ എഴുതിയിട്ടുള്ളതുമാണ്.ഒരുവീടും നിർമ്മിക്കുന്നതിന് ഒരു രൂപ പോലും തണൽ ആരോടും വാങ്ങുന്നില്ല.
വീട് നിർമ്മിക്കുന്നയാളുടെ സമർപ്പണവും അർഹതയും ആവശ്യകതയും നന്നായി സ്ക്രൂട്ണി നടത്തി ഉറപ്പു വരുത്തിയാണ് അവർ വർക്ക് ഏറ്റെടുക്കുക തന്നെ.അതു തന്നെ വർഷത്തിൽ രണ്ടേ രണ്ടെണ്ണം മാത്രം.
അതായത് വീടുണ്ടാക്കിത്തരികയല്ല,നിങ്ങളെ സ്വയം വീടുണ്ടാക്കാൻ പ്രാപ്തരാക്കുകയാണ് തണൽ
ചെയ്യുക.ഇതൊരു മഹത്തായ ബോധവൽക്കരണമാണ്. കോൺട്രാക്ടർമാർ അല്ല.ആർക്കിടെക്ച്ചർ ചരിത്രം പഠിക്കുന്ന ഒരാൾ ഗ്രീസ്, റോം എന്നും പറഞ്ഞേ തുടങ്ങൂ,അതിലുമെത്രയോ പഴക്കമുള്ള അദ്ഭുതകരമായ ഇന്ത്യൻ വാസ്തു ശില്പകലയിലെ ഒരു മെത്തേഡുകളും ബോധപൂർവ്വം പടിഞ്ഞാറ് നോക്കികളായ വെടക്ക് ചരിത്രകാരന്മാരാൽ തമസ്കരിക്കപ്പെട്ടു.

രാജസ്ഥാനിലെ ചുണ്ണാമ്പു കല്ല് നിർമ്മാണവും അതീവ ഫിനിഷിംഗ് തരുന്ന “താപ്പി” പ്ലാസ്റ്ററിംഗ് പോലും റെക്കോഡ് ചെയ്യപ്പെടാതെയും പഠിപ്പിക്കപ്പെടാതെയും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇവിടേക്കാണ് ബിജു ഭാസ്കർ എന്ന ഒറ്റയാൾ പട്ടാളം ഇറങ്ങിയത്.

എറണാകുളത്തെ ആദർശവാനും അതിപ്രശസ്തനുമായ ഡോക്ടറുടെ മകനായ അദ്ദേഹത്തിന്റെ ജീവിതം ഇതിനായി സമർപ്പിച്ച് സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ രാപകലില്ലാത്ത വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ നേടിയ അറിവുകൾ എല്ലാം അദ്ദേഹം മറ്റുള്ളവർക്കായി വിട്ടുകൊടുക്കുകയാണ്.പണക്കാരന് ഷോ കാണിക്കാനുള്ളതല്ല വീടെന്ന പോളിസിയാണ് അദ്ദേഹത്തിന്റേത്. നിലവിൽ അട്ടപ്പാടിയിൽ 800 സ്ക്വയർ ഫീറ്റ് വീട് തണൽ ചെയ്തു കൊണ്ടിരിക്കുന്നത് വെറും ഒരു ലക്ഷമാണ് ഇത് വരെ ചിലവായിട്ടുള്ളൂ എന്ന് കൂടി അറിയുക.

സത്യത്തിൽ വീട് നിർമ്മാണത്തിനായി അദ്ദേഹം പണമൊന്നും വാങ്ങുന്നില്ല എന്നത് എടുത്തു പറയണം.
നമ്മളെ സ്വയം വീട് നിർമ്മിക്കാൻ പ്രാപ്തരാക്കുകയാണ് തന്റെ ശിൽപശാല കളിലൂടെ അദ്ദേഹം ചെയ്യുക. അതറ്റൻറ് ചെയ്യുന്ന ഏതൊരാൾക്കും സ്വയം വീട് നിർമ്മിക്കാൻ തക്ക വിധത്തിൽ അവരേക്കൊണ്ട് തന്നെ ഒരു വീട് ഉണ്ടാക്കിച്ചു കൊണ്ടാണ്  ശിൽപശാല നടത്തുക.

വർഷത്തിൽ രണ്ട് വട്ടം നടത്തുന്ന work shop ലൂടെ ഈ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം സംഭരിക്കുന്നു.
ഏറ്റവും ലളിതമായി കുട്ടികൾ ഡീ സ്കൂളിംഗ് അടക്കം കൃഷിയും ക്രിയാത്മക പ്രവർത്തനങ്ങളും ഡോക്യുമെന്റേഷനും പങ്ക് വയ്ക്കലുമായി കഴിയുന്നു.വർക് ഷോപ്പ് ന് തന്നെ പങ്കെടുക്കണമെന്നില്ല.
സ്വയം അന്വേഷണങ്ങൾ നടത്തുക.

മണ്ണിനെ അറിയുക. വിവരങ്ങൾക്ക് നെറ്റിനെയും നന്നായി ഉപയോഗിക്കാം.മണ്ണിന്റെ ഹൃദയം തൊടുക.
നന്നായി മണ്ണ് അറിഞ്ഞിട്ടേ വീട് പണിയാവൂ.സാങ്കേതിക സഹായങ്ങൾ തണൽ സൗജന്യമായി നൽകും.
മണ്ണിനെ അറിയുക എന്നതാണ് ഒന്നാമതായി വേണ്ടത്.ഏത് മണ്ണും ഉപയോഗിക്കാം.ലാബിലോന്നും പോകാതെ നമുക്ക് തന്നെ ലളിതമായി അതിലെ കളിമണ്ണിന്റെ അംശം പരിശോധിച്ച് അതിനനുസൃതമായി പറമ്പിലെ പറമ്പിലെ പല ല യ റിലുള്ള മണ്ണുകൾ വിവിധ ഇടങ്ങളിലെക്ക് വിവിധ അനുപാതത്തിൽ കൂട്ടിച്ചേർത്ത് ചുണ്ണാമ്പും വയ്ക്കോൽക്കഷണമോ പോലുള്ള ഫൈബറുകളും പശയ്ക്കായി നാച്ചുറൽ സ്റ്റാർച്ചുകളും കേടാകാതിരിക്കാൻ കടുക്ക വെള്ളവും നീം വെള്ളവും ചേർത്ത് പുളിപ്പിച്ച് മണ്ണിനനുസരിച്ച് നിശ്ചിത ദിവസങ്ങൾ വച്ച് ലളിതമായി ആർക്കും ചെയ്യാവുന്നതേയുള്ളൂ ഇതൊക്കെ.
ഈ അറിവുകൾ സിമന്റ് കമ്പനികളാൽ പഠിപ്പിക്കപ്പെട്ട പടിഞ്ഞറ് നോക്കികളാൽ കെട്ടിട നിർമാണം ഏറ്റെടുക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ട് പോയി.

സിമന്റ് കമ്പനികളാണ് എഞ്ചിനീയറിംഗ്,ആർക്കിടെക്ചർ അറിവ് ഡിസൈൻ ചെയ്യുന്നതിന് പിന്നിൽ.
അവർ സൃഷ്ടിച്ചു വിടുന്നവർക്ക് അതിനപ്പുറം ചിന്തിക്കാനറിയില്ല.അത് കൃഷിയിലായാലും ഗൃഹ നിർമ്മാണത്തിലായാലും മറ്റെന്ത് വ്യവഹാരത്തിലായാലും.രാജ്യമെമ്പാടും ഉള്ള ഉന്നതമായിരുന്ന തനത് ഗൃഹനിർമ്മാണ രീതിയെ തേടിക്കണ്ടെത്തി വിദദ്ധരായ തൊഴിലാളികളിൽ നിന്നും നേരിട്ട് പഠിച്ച് അതിനെ ഡോക്യുമെൻറ് ചെയ്ത് എല്ലാവർക്കുമായി വിട്ടു കൊടുക്കുന്ന മഹത്തായ ധർമ്മമാണ് തണൽ ഏറ്റെടുക്കുന്നത്.
ഒന്നും പേറ്റൻറ് ചെയ്ത് സ്വന്തമാക്കി വയ്ക്കുന്ന പടിഞ്ഞാറൻ രീതിയല്ല ഇദ്ദേഹത്തിന്റേത്.
പ്രവാസികൾ ജീവിക്കുന്ന പല രാജ്യങ്ങളിലും തോന്നുന്നത് പോലെ തോന്നുന്നയിടത്ത് തോന്നുന്ന വലിപ്പത്തിൽ വീട് വയ്ക്കാൻ സാധിക്കുമോ?

ഇംഗ്ലണ്ടിൽ ഒരിടത്ത് 100 കിലോമീറ്ററിലേറെ സ്ഥലത്ത് സൈക്കിളല്ലാതെ ഒരു വാഹനവും പാടില്ല,
വീടുകളെല്ലാം ഒറ്റ നിലയിൽ മണ്ണിന്റെ നിറത്തിൽ മാത്രമേ പാടുള്ളൂ….
ഇവിടത്തേപ്പോലെ പൂട്ടിയിടാൻ വേണ്ടി മാത്രമായി വീട് അവിടെ വച്ചാൽ ഗവണ്മെന്റ് തന്നെ അതേറ്റെടുത്ത് ഭവനരഹിതർക്ക് കൈമാറും.

പണം നിങ്ങളുടേതാകാം,പക്ഷേ വിഭവങ്ങൾ വരും തലമുറകളുടേതടക്കം രാജ്യത്തിന്റെ മൊത്തമാണ്.
അനന്തമായ ധൂർത്തടിക്കാൻ ഉള്ള വിഭവങ്ങൾ നമുക്കില്ല.ഇന്ത്യ മാത്രം അമേരിക്കക്കാരെപ്പോലെ ജീവിക്കാൻ തുടങ്ങിയാൽ അതിനായുള്ള വിഭവങ്ങൾക്കായി 30 ഭൂമിയെങ്കിലും വേണം.

നിർഭാഗ്യവശാൽ നമുക്കൊരു കൊച്ചു ഭൂമിയേയുള്ളൂ….ഇതൊന്നും പഴമയിലേക്കുള്ള തിരിച്ച് പോക്കല്ല.ലോകത്തിലെ ഏറ്റവും സമ്പന്നവും സംതൃപ്തവുമായ നോർവ്വേയിൽ പറമ്പിലെഒരു കല്ല് എടുത്താൽ പോലും അകത്താണ്.കർശനമായ യൂറോപ്യൻ പരിസ്ഥിതി നിയമങ്ങൾ ഇവിടേയും വരണം എന്നു മാത്രമാണ് നമ്മൾ പറയുന്നത്.അല്ലാതെ പുറകോട്ട് നടക്കാനല്ല.എല്ലാവരും മര വീട് വയ്ക്കാനും
പിന്നെ എല്ലാവരും മൺവീടുകൾ വയ്ക്കാനും തുടങ്ങിയാൽ പിന്നെ മലകളും കാടും ബാക്കി ഉണ്ടാകുമോ എന്ന വരും ചോദ്യം എനിക്കും ഉണ്ടായിരുന്നു .എന്നാൽ ഈസ്റ്റേഷ്യൻ രാജ്യങ്ങളിലൂടെ ഉളള ഒരു വർഷത്തോളം നീണ്ട ഈ സഞ്ചാരം പല ധാരണകളെയും തിരുത്തുവാനും എന്നെത്തന്നെ കൂടുതൽ ബോധ്യപ്പെടുത്തുവാനും സഹായിച്ചു.
ഇവിടെയുള്ള വീടുകൾ ഏതാണ്ട് 90% ഉം മര വീടുകളാണ്. എന്നാൽ ഇവിടെ എമ്പാടും കാടുകളാണ്.
മരങ്ങൾ ധാരാളമുണ്ട്. ക്വാറികൾ തന്നെ വളരെ വളരെ അപൂർവ്വമാണ്.ഞാൻ കണ്ടിട്ടേ ഇല്ല എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

മനുഷ്യന്റേയും പശ്ചിമ ഘട്ടത്തിന്റെയും മരണ വാറന്റുമായി ചീറിപ്പായുന്ന ടിപ്പറുകളൊന്നും ഇല്ലേയില്ല. എന്നാലോ മരം ഉപയോഗിക്കുന്തോറും കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നു. ഇവരുടെ പ്രധാന
ഭക്ഷണം ഇലകളും മരങ്ങളുടെ തളിരിലകളും മുളങ്കൂമ്പുകളുമാണ്. തിന്നാത്ത ഇലകളില്ല.
എത്ര മാത്രം കഴിക്കുന്നോ അത്രത്തോളം മുളങ്കാടുകൾ ഇവിടങ്ങളിൽ ഉണ്ട് .

വൻ കാടുകൾഉണ്ട്.റബർ കാടല്ല കേട്ടോ.ഇതൊന്നും കഴിക്കാത്ത നമ്മുടെ നാട്ടിൽ എവിടെയാണ്
മുള ഉള്ളത് ?

ഉണ്ടാക്കുന്നത് ?
റബർ കാടല്ലാതെ യഥാർത്ഥ വനം എന്നത് വെറും 3% മാത്രമാണ്.കേരളത്തിൽ എന്നറിയാമോ !ഇവിടെ എവിടേയും
നോക്കിയാൽ കാണുന്ന പച്ചപ്പിനെ പറ്റി അഹങ്കരിക്കുമ്പോൾ അറിയുക, വെറും പാവം മരമായ റബ്ബറിനെ ആണ്
നിങ്ങളെ പച്ചപ്പായി തെറ്റിദ്ധരിപ്പിച്ചത്.സത്യത്തിൽ എനിക്ക് റബ്ബിനോട് ഒരു വിരോധവുമില്ല എന്നു മാത്രമല്ല സഹതാപമേയുള്ളൂ !കാരണം ദിവസവും കത്തികൊണ്ട് കുത്തിക്കുത്തി അതിൻറെ എല്ലാ ദിവസവും ആരംഭിക്കുന്നത് ഒന്നോർത്തു നോക്കൂ.നിങ്ങളുടെ സ്കിൻ എല്ലാ ദിവസവും ഒരാൾ ബ്ലേഡ് വെച്ച് കീറിക്കൊണ്ടിരിക്കുന്നു എങ്കിൽ എന്തായിരിക്കും അവസ്ഥ.

പാവം മരം പാവം .ഇത്രമാത്രം ശപിക്കപ്പെട്ട എ ഇത്രമാത്രം പീഡിപ്പിക്കപ്പെടുന്ന ഒരു മരം ലോകത്ത് വേറെ ഉണ്ടാവില്ല .നിങ്ങളുടെ ഭ്രാന്ത് പിടിച്ച കോൺക്രീറ്റ് നിർമ്മാണമാണ്,ഓരോ വീടുകളുമാണ്,ഓരോ മലയാളിയുമാണ് ,
കാടിനെ ഇല്ലാതാക്കുന്നത്.എന്നറിയാമോ !നിങ്ങളുടെ ഓരോ കോൺക്രീറ്റ് നിർമ്മാണവും
ഓരോ മലയേയും കാടിനെയും ഇല്ലാതാക്കുന്നു .എന്നിട്ട് നമുക്ക് കാടെവിടെ മക്കളേ
എന്ന് കവിതയെഴുതാം.

പ്രധാനപ്പെട്ട കാര്യം മറന്നു.നമ്മുടെ എല്ലാ വീട് നിർമ്മാണങ്ങളും നടക്കുന്നത് വേനൽക്കാലത്താണ്.
മഴയത്ത് പെയ്ത വെള്ളം മുഴുവൻ കടലിലേക്കൊഴുക്കി വൻ വരൾച്ചയുടെ ദുരിതം പേറുന്ന വേനലിൽ ഓരോ വീട് നിർമ്മാണത്തിനുമായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ധൂർത്തടിക്കപ്പെടുമ്പോൾ മൺ വീട് ഉണ്ടാക്കാൻ,
മണ്ണ് കുഴക്കാൻ വേണ്ടി വരുന്ന നാമമാത്രമായ ജലം മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.curing എന്ന പേരിൽ ദിവസവും നനയ്ക്കുക പോലും ചെയ്യുന്ന അദ്ധ്വാനവും വെള്ളവും സമയവും പോലും ഒഴിവാകുന്നു.

വർക് ഷോപ്പിൽ നമ്മളറിയാതെ തന്നെ പ്രകൃതി നമ്മളിലേക്ക് ഒഴുകിയിറങ്ങും.മണ്ണിന്റെ പശിമയ്ക്കനുസരിച്ച് വിവിധ തരം മണ്ണുകൾ കൂട്ടിക്കലർത്തുന്നത്,ഒരേ പറമ്പിലെ തന്നെ വിവിധ ലെയറിലുള്ള ഓരോ മണ്ണിനുമനുസരിച്ച് വിവിധ നിറങ്ങൾ ഭിത്തിയിൽ ലഭിക്കുന്നത്,കടുക്കയും ആര്യവേപ്പും മഞ്ഞളും നീലവും ചാണകവും മുതൽ അനന്തമായ പ്രകൃതി ജന്യ വസ്തുക്കളും ചുണ്ണാമ്പു കല്ലുമുപയോഗിച്ച് നിറഭേദങ്ങൾ വരുത്തിയും സ്വാഭാവിക ചിതൽ പ്രതിരോധം ലളിതമായി തീർത്തും ഓരോ ഇഞ്ചിലും കൈ കൊണ്ട് പണിത് അതീവ അഭിമാനത്തോടെ വസിക്കാവുന്ന ഇടമാക്കി മാറ്റുന്ന ലളിതമായ മാർഗ്ഗങ്ങൾ ആണ് ഈ work shop ൽ പകർന്ന് കിട്ടുക.
ഒപ്പം നമ്മളറിയാതെ പ്രകൃതി നമ്മളിലേക്ക് ഒഴുകിയിറങ്ങും. ബിജുവേട്ടൻ എന്ന യഥാർത്ഥ മനുഷ്യന്റെ സ്നേഹവും കമ്മിറ്റ്മെന്റും കൂടിയാണ് നമ്മളിലേക്കെത്തുക.

കൂടുതൽ വീടുകൾ നിർമ്മിക്കലല്ല,കൂടുതൽ പ്രകൃതി വീട് നിർമ്മിക്കുന്നവരെ നിർമ്മിക്കലാണ് തണലിന്റെ ലക്ഷ്യം. ഇത്തരത്തിൽ 300 ഓളംഗ്രീൻ ആർക്കിടെക്ടുമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു.
കേരളത്തിലും.ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞാൽ മൺ വീട് നിർമ്മാണം പ്രമുഖ സ്ഥാനം തിരിച്ചു പിടിക്കും ഈ ഒരൊറ്റ മനുഷ്യന്റെ തപസ്സ് കൊണ്ട് എന്ന് നിസ്സംശയം പറയാം.അതിന്റെ എളിയ ഭാഗമാകാൻ ഈയുള്ളവനും കഴിയുന്നു എന്നത് തന്നെ പ്രകൃതി എന്നെ ഏല്പിച്ച കർമ്മമായിരിക്കാം.മണ്ണിൽ കവിത വിരിയിക്കുമ്പോൾ നമ്മൾ ക്ഷീണിതരാവുന്നില്ല.വല്ലാത്ത സന്തോഷവും ഊർജ്ജവുമാണീ മൺ വീട് നിർമ്മാണം നൽകുന്നത്.
കമ്പോളത്തോട് പുറം തിരിഞ്ഞ് നിൽക്കുന്ന രാഷ്ട്രീയം വരെ എല്ലാം ജീവിതത്തോട് ചേർന്ന് നിൽക്കുന്നു.
സൂപ്പർ അനുഭവം.മണ്ണിൽ പണിയെടുക്കുന്നത്,കളിക്കുന്നത്,മണ്ണിനെ സ്പർശിക്കുന്നത്,മണ്ണിന്റെ ഗന്ധം മൂക്കിനെ ചുംബിക്കുന്നത്,മണ്ണിൽ ചവിട്ടുന്നത്,വെയിൽ കൊള്ളുന്നത് എല്ലാം ഊർജ്ജവും ഉന്മേഷവും ആയുസ്സും ആരോഗ്യവും നൽകുന്നു.

അരുൺ തഥാഗത്

×