ഡല്‍ഹി: തോല്‍വികളില്‍ നിന്നും പാഠം പഠിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പതിവു പല്ലവിയാണ് അഞ്ചു സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതിനെ കുറിച്ച് പഠിച്ചിട്ട് എന്തായി ? ഈ ചോദ്യത്തിന് ഉത്തരം അറിയണമെങ്കില്‍ അന്നത്തെ സമിതിയെ പറ്റി അറിയണം.
/sathyam/media/post_attachments/S77BIJNPoIp6noCbqrkd.jpg)
കേരളത്തിലെയടക്കം ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് 2021 മെയ് മാസത്തില്‍ തോല്‍വി പഠിക്കാന്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ വച്ചത്. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സന്റ് പാല, എസ്. ജ്യോതിമണി എം പി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.
കമ്മറ്റി തോല്‍വിയെ പറ്റി പഠിച്ച് രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറി. അതായത് 2021 ജൂലൈയില്‍ തന്നെ റിപ്പോര്‍ട്ട് കൈമാറിയെന്ന് വ്യക്തം. അതായത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ട് ഒന്‍പതുമാസം.
ഈ ഒന്‍പതു മാസത്തിനിടെ കിട്ടിയ റിപ്പോര്‍ട്ട് എന്തെന്നോ അതിന്റെ ഉള്ളടക്കമെന്തെന്നോ ആരും നോക്കിയിട്ടില്ല. കിട്ടിയവര്‍ പറഞ്ഞതുമില്ല. ഫലമോ ആ റിപ്പോര്‍ട്ടും എഐസിസിയിലെ അലമാരയില്‍ ഭദ്രം.
കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ പാര്‍ട്ടിയുടെ ഏറ്റവും പ്രധാന നയരൂപീകരണ ബോഡിയായ പ്രവര്‍ത്തക സമിതി പോലും ചേര്‍ന്നില്ല എന്നിരിക്കെ എന്തു ദിശാബോധമാണ് ഈ പാര്‍ട്ടിയെ നയിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ തെറ്റു പറയാനാകില്ല. വിമര്‍ശിക്കുന്നവരെ ബിജെപി ഏജന്റെന്ന് പരിഹസിച്ചപ്പോഴും ബിജെപിയിലേക്ക് പോയത് രാഹുല്‍ ബ്രിഗേഡിലെ കരുത്തരായിരുന്നുവെന്നത് യാഥാര്‍ത്ഥ്യം.