സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ചുവടുറപ്പിക്കുകയാണ്;  ഇന്നും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിനു വഴി കാണുന്നില്ല. ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും?  രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്നിപ്പോള്‍ ബി.ജെ.പിയ്ക്കോ കേന്ദ്രഭരണത്തിനോ എതിരെ ഒരു ചെറുവിരല്‍ പോലുമനക്കാന്‍ വയ്യാത്ത വിധം ദുര്‍ബലമായിരിക്കുന്നു കോണ്‍ഗ്രസ്; കരുത്തുള്ള ഒരു പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കാന്‍ പോലുമാവുന്നില്ല കോണ്‍ഗ്രസിന്; കേരളത്തിനും വേണം പുതിയൊരു നേതൃത്വം.  എന്താവും ഹൈക്കാമാണ്ടിന്‍റെ ചിന്ത? -ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Tuesday, May 18, 2021

ബംഗാളികള്‍ മമതാ ബാനര്‍ജിയെ കൈവിട്ടില്ല.  സാക്ഷാല്‍ നരേന്ദ്ര മോദി വംഗനാടാകെ കൊടും പ്രചാരണം അഴിച്ചു വിട്ടിട്ടും.  അമിത്ഷാ തന്ത്രങ്ങളായ തന്ത്രങ്ങളൊക്കെയും പ്രയോഗിച്ചിട്ടും.  ബി.ജെ.പി. സര്‍വ്വ സന്നാഹങ്ങളുമായി പടപൊരുതിയിട്ടും പശ്ചിമബംഗാള്‍ മോദിയേയും കൂട്ടരെയും പറപ്പിച്ചു വിട്ടു.

സംസ്ഥാനങ്ങള്‍ക്കൊക്കെയും എതിരായി യാഗാശ്വത്തെ അഴിച്ചു വിട്ട് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്ന ബി.ജെ.പിയെയാണ് വംഗനാട് തടുത്തു നിര്‍ത്തിയത്.  കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന മുദ്രാവാക്യം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നു.  ശേഷം കുറെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ ഉണ്ടായിരുന്നുള്ളൂ.

ഇങ്ങു തെക്ക് കേരളത്തില്‍ സി.പി.എം, തമിഴ്നാട്ടില്‍ ഡി.എം.കെ, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെ ചില സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍.  പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണത്തില്‍.  ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, തെലുങ്കാനയില്‍ തെലുങ്കുദേശം പാര്‍ട്ടി.  ഒഡീഷയില്‍ ബിജു ജനതാദള്‍.  മഹാരാഷ്ട്രയില്‍ ബി.ജെ.പി.യെ മുഖത്തോടു മുഖം നോക്കിനിന്നു വെല്ലുവിളിക്കാന്‍ തക്ക കരുത്തും തന്‍റേടവുമുള്ള ശിവസേന.

സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ചുവടുറപ്പിക്കുകയാണ്.  ഇന്നും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിനു വഴി കാണുന്നില്ല.  കൈയിലിരുന്ന പുതുച്ചേരി ബി.ജെ.പി. തട്ടിയെടുത്തു.  തെരഞ്ഞെടുപ്പു നടന്ന മറ്റു സംസ്ഥാനങ്ങളില്‍ ആസാം ബി.ജെ.പി. തന്നെ പിടിച്ചു, പുറത്തായത് കോണ്‍ഗ്രസ്.  ബംഗാളില്‍ മമത വന്‍ വിജയം നേടിയപ്പോള്‍ തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍.  കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 99 സീറ്റുകളോടെ ഭരണത്തുടര്‍ച്ചയും നേടി.

ബി.ജെ.പി. യുടെ വന്‍ മുന്നേറ്റത്തിനു ഒരു തടയിടുന്നതായിരുന്നു കഴിഞ്ഞ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ്.  പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കൈക്കലാക്കി ഭരണം പിടിയിലൊതുക്കിയതാണ് ബി.ജെ.പിയുടെ നേട്ടം.  പിന്നെ ആസമില്‍ ഭരണം പിടിച്ചെടുത്തത്.  രാജസ്ഥാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ഭരണത്തിലാണ്.

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയകരമായി ഭരണം തുടരുന്നു.  നിയമം മൂലം സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഗവര്‍ണര്‍ക്കു നല്‍കിയെങ്കിലും ഇന്ത്യമഹാരാജയം അപ്പാടെ അടക്കി ഭരിക്കാമെന്ന ബി.ജെ.പി. മോഹം വൃഥാവിലാവുന്നത്.  ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് അത്ര ചെറിയ കാര്യമൊന്നുമല്ല.

ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും?  രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.  ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഡോ. മന്‍മോഹന്‍സിങ്ങ് വരെ എത്രയെത്ര പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചു.  ഇന്നിപ്പോള്‍ ബി.ജെ.പിയ്ക്കോ കേന്ദ്രഭരണത്തിനോ എതിരെ ഒരു ചെറുവിരല്‍ പോലുമനക്കാന്‍ വയ്യാത്ത വിധം ദുര്‍ബലമായിരിക്കുന്നു കോണ്‍ഗ്രസ്.

കരുത്തുള്ള ഒരു പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കാന്‍ പോലുമാവുന്നില്ല കോണ്‍ഗ്രസിന്.  പ്രതിപക്ഷം ശക്തമായ പ്രകടനം നടത്തിയ ബിഹാറില്‍ പോലും അതിയായ മോഹം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ആ മുന്നേറ്റത്തെത്തന്നെ ഇല്ലാതാക്കി.  ദേശീയ പ്രതിപക്ഷമായി ഇനിയും ഉയരാന്‍ കോണ്‍ഗ്രസിനാവും.  കോണ്‍ഗ്രസല്ലാതെ വേറൊരു പാര്‍ട്ടിക്ക് ആ അംഗീകാരമില്ല തന്നെ.

പുതിയൊരു പ്രതിപക്ഷ മുന്നേറ്റനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ത്തന്നെ കൂടെ വരാന്‍ ഈ രാജ്യത്ത് ആരൊക്കെയുണ്ടാവും എന്ന ചോദ്യവും ഉയരുന്നുണ്ട്.  അങ്ങനെയൊരു സാദ്ധ്യത തെളിഞ്ഞാല്‍ത്തന്നെ കോണ്‍ഗ്രസ് അതിനു നേതൃത്വം കൊടുക്കാന്‍ ആരെ അവതരിപ്പിക്കും?  പുതിയൊരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പോലും ശേഷിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നോര്‍ക്കുക.

കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നവും മറ്റൊന്നല്ല.  കുറെ കാലമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ശോഷിച്ചു വരികയാണ്.  പണ്ട് തമിഴ്നാട്ടില്‍ കെ. കാമരാജും മഹാരാഷ്ട്രയില്‍ ശരത് പവാറും കേരളത്തില്‍ കെ. കരുണാകരനുമൊക്കെ കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാക്കളായി തിളങ്ങി ശോഭിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ ഈ സ്ഥിതിക്കു മാറ്റം വന്നു.  പ്രാദേശിക തലത്തില്‍ തലയെടുപ്പുള്ള നേതാക്കള്‍ വളര്‍ന്നു വരുന്നത് ഹൈക്കമാണ്ടിനു ഇഷ്ടമല്ലാതായി.  അതിന് പെട്ടെന്ന് തന്നെ ദോഷഫലങ്ങളുമുണ്ടായി.  1957-ല്‍ത്തന്നെ കേരളത്തില്‍ വേരുറപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഒരു പ്രധാന രാഷ്ട്രീയ ചേരിയുണ്ടാക്കി ചുവടുറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസും അതുപോലെ തന്നെ മുന്നണിയുണ്ടാക്കി പിടിച്ചു നിന്നു.

തമിഴ്നാട്ടിലാവട്ടെ, സ്വന്തം പ്രാഗത്ഭ്യം കൊണ്ടു കോണ്‍ഗ്രസിനെ വളര്‍ത്തിയെടുത്ത കെ. കാമരാജിനെ പിന്നിലാക്കി ദ്രാവിഡ രാഷ്ട്രീയം തമിഴ്നാടിനെ വിഴുങ്ങുകയായിരുന്നു.  ഇപ്പോഴിതാ ഡി.എം.കെ. വലിയ തിരിച്ചുവരവു നടത്തുകയും ചെയ്തിരിക്കുന്നു.  ഡി.എം.കെ. മുന്നണിയില്‍ കോണ്‍ഗ്രസ് ഒരു ജൂനിയര്‍ പാര്‍ട്ണര്‍ മാത്രം.  ഉത്തര്‍പ്രദേശിലോ, ഒഡീഷയിലോ, ബീഹാറിലോ, പശ്ചിമ ബംഗാളിലോ കോണ്‍ഗ്രസിന് കാര്യമായി പിടിവള്ളിയൊന്നുമില്ല.  കരുത്തുള്ള നേതാക്കളുമില്ല.

ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെ ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ കക്ഷിയായി ഉയരാന്‍ കഴിയും?  ശക്തിയുള്ള പ്രതിപക്ഷമായി വളര്‍ന്നിട്ടു വേണമല്ലോ നരേന്ദ്ര മോദിയെയും ബി.ജെ.പി.യെയും വെല്ലുവിളിക്കാനും കേന്ദ്രഭരണം പിടിച്ചടക്കാനും.  അതിനുതക്കെ പരിപാടികളും നിലപാടുകളും കോണ്‍ഗ്രസ് നേതൃത്വം രൂപീകരിച്ചിട്ടുണ്ടോ?

ഇപ്പോള്‍ ദേശീയ രാഷ്ട്രീയം പരുവപ്പെട്ടു കിടക്കുകയാണ്.  ബംഗാളിലും തമിഴ്നാട്ടിലും നേരിട്ട കനത്ത തിരിച്ചടി ബി.ജെ.പി. യുടെ സര്‍വ്വപ്രതിച്ഛായയ്ക്കും മേല്‍ക്കോയ്മയ്ക്കും ക്ഷതമേല്‍പ്പിച്ചിരിക്കുന്നു.  കോവിഡ് വരുത്തിവച്ച ദുരന്തവും ദുരിതവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പകിട്ടും പത്രാസും തകര്‍ത്തിരിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍.സി.പി. നേതാവ് ശരത് പവാറും ഡര്‍ഹിയില്‍ ഒരു പുതിയ ശാക്തിക ചേരി ഉണ്ടാക്കുന്നതിനെപ്പറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു.  ഉത്തര്‍പ്രദേശിലും ഒഡീഷയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമെല്ലാം ബി.ജെ.പി. വിരുദ്ധ കക്ഷികളും നേതാക്കളുമുണ്ട്.  ആകെ വേണ്ടത് ദേശീയ തലത്തില്‍ ഒരു നേതൃത്വമാണ്.  ശക്തിയുള്ള നേതൃത്വം കരുത്തുള്ള നേതാവ്.  അങ്ങനെയൊരു നേതാവിനെ രാജ്യത്തിനു കൊടുക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോ?  കോണ്‍ഗ്രസ് അതിനു തയ്യാറാവുമോ?

കേരളത്തിനും വേണം പുതിയൊരു നേതൃത്വം.  എന്താവും ഹൈക്കാണ്ടിന്‍റെ ചിന്ത?  സംസ്ഥാനങ്ങളൊക്കെയും പാര്‍ട്ടിക്കു സ്വന്തമായി ബലമുള്ള നേതാക്കളുണ്ടാവാന്‍ സഹായിക്കുകയാണ് ഹൈക്കമാണ്ട് ചെയ്യേണ്ടത്.  പാര്‍ട്ടിയുടെ പ്രതിപക്ഷനിര വളരെ ശോഷിച്ചിരിക്കുന്നു.  പ്രഗത്ഭരായ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളാവാഞ്ഞല്ല, സംസ്ഥാനത്തങ്ങോളമിങ്ങോളം മിടുക്കരായ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് കോണ്‍ഗ്രസിനു വേണ്ടി അണി നിരന്നത്.  പക്ഷെ അവര്‍ക്കു മതിയായ പിന്തുണ നല്‍കാന്‍ ഊര്‍ജ്ജ്വസ്വലരായ സംഘടനാ ശക്തി ഇല്ലാതെ പോയി.

മറ്റു സംസ്ഥാനങ്ങളിലൊക്കെയും സ്ഥിതി ഇതുതന്നെയാണ്.  ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ കോണ്‍ഗ്രസിനു കരുത്തുറ്റ സംഘടന വേണം.  മുമ്പ് ബലവത്തായ വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു.  കേരളത്തില്‍ പ്രത്യേകിച്ച്.  ഈ സംഘടനകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനു പ്രബലരായ പല നേതാക്കന്മാരെയും സംഭാവന ചെയ്തിട്ടുമുണ്ട്.

പക്ഷെ ഇപ്പോള്‍ പുതിയ നേതാക്കളാരും കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്നില്ല.  അങ്ങനെ പ്രഗത്ഭരായ പുതിയ നേതാക്കള്‍ ഉയര്‍ന്നു വരാന്‍ മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നുമില്ല.  താഴെ നിന്ന് മിടുക്കന്മാര്‍ ഉയര്‍ന്നു വന്നാല്‍ തങ്ങളുടെ സ്ഥാനത്തിനു ഇളക്കം തട്ടുമോ എന്നു പേടിക്കുന്നവര്‍ മുകളിലുണ്ട്.  ഈയൊരു സാഹചര്യത്തിലാണ് ഹൈക്കമാണ്ട് പ്രതിനിധികള്‍ കേരളത്തിയത്.

ലക്ഷ്യം പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍.  അടുത്ത അഞ്ചു വര്‍ഷം പ്രതിപക്ഷത്തെ നയിക്കുക മാത്രമല്ല പുതിയ പ്രതിപക്ഷ നേതാവിന്‍റെ ചുമതല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ വിജയത്തിലേയ്ക്കു നയിക്കുകയും ഭരണം പിടിച്ചെടുക്കുകയും വേണം.  ഹൈക്കമാണ്ടിനു മുന്നിലെ വെല്ലുവിളി വലുതാണ്.

  • ചീഫ് എഡിറ്റര്‍
×