Advertisment

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഈ വര്‍ഷവും ഇല്ല ? ഇടക്കാല പ്രസിഡന്റ് രണ്ടാം വര്‍ഷവും പദവിയില്‍ തുടരുന്നതിനിടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇനിയും നീട്ടാന്‍ നീക്കം ! കോവിഡിന്റെ പേരില്‍ നാഥനില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടരുമ്പോള്‍ പ്രവര്‍ത്തകര്‍ നിരാശയില്‍. ഹരിയാന, ഗുജറാത്ത്, യുപി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ അധികാരമില്ലെങ്കിലും അധികാരത്തര്‍ക്കത്തിന് കുറവില്ല ! ഭരണമുള്ള പഞ്ചാബിലും രജസ്ഥാനിലും നേതാക്കളുടെ പിണക്കം പൊട്ടിത്തെറിയിലേക്ക്. നേതാവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടരുന്നതില്‍ പ്രവര്‍ത്തകര്‍ക്കും അമര്‍ഷം ! ലോക്‌സഭയില്‍ കക്ഷിനേതാവിനെ മാറ്റി തടിയൂരാനും നീക്കം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിടയില്ലെന്ന് സൂചന. നേരത്തെ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനങ്ങളിലെ കലഹം പരിഹരിക്കാനാവാത്തതും കോവിഡ് സാഹചര്യവുമൊക്കെയാണ് തെരഞ്ഞെടുപ്പ് നീളാനുള്ള കാരണമായി പറയപ്പെടുന്നത്.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസി നേതൃത്വം ഉടച്ചുവാര്‍ക്കാനാണ് രാഹുലിന്റെ തീരുമാനം. പ്രവര്‍ത്തിക്കാത്ത എഐസിസി സെക്രട്ടറിമാരെയെല്ലാം മാറ്റാനാണ് നിര്‍ദേശം. പ്രവര്‍ത്തക സമിതി പുനസംഘടിപ്പിക്കാനും നീക്കമുണ്ട്. ഇതിനെല്ലാം ശേഷമാകും അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുക.

ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, യുപി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം പ്രധാന സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരെ ഇതിനകം തീരുമാനിക്കാനുണ്ട്. പലയിടത്തും അധികാരത്തിലില്ലെങ്കിലും അധികാര തര്‍ക്കത്തിന് ഒരു കുറവുമില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നം. അധികാരത്തിലുള്ള വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കവും രൂക്ഷമാണ്.

ഇവിടങ്ങളിലെ തര്‍ക്കം പരിഹരിച്ചു കഴിഞ്ഞ ശേഷം വേണം പാര്‍ട്ടി പുനസംഘടന നടക്കാന്‍. പുനസംഘടനയിലേക്ക് പല പ്രാദേശിക നേതാക്കളെയും പരിഗണിക്കേണ്ടി വരും. ഈ പക്രിയ കഴിയുമ്പോഴേക്കും 2022 ഫെബ്രുവരിയില്‍ ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുണ്ടാകും.

ഇതോടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമെ നടക്കാന്‍ ഇടയുള്ളൂ. കഴിഞ്ഞ 2017ലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി ഭരണഘടന പ്രകാരം അധ്യക്ഷന്റെ കാലാവധി അഞ്ചു വര്‍ഷമാണ്.

2019ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ അധ്യക്ഷ പദവിയൊഴിഞ്ഞത്. ഇതിനു ശേഷം ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി തുടരുകയാണ്. ഇടക്കാല അധ്യക്ഷയെന്ന നിലയില്‍ കാര്യമായ ഇടപെടല്‍ അവര്‍ നടത്തുന്നില്ല.

ഇതോടെയാണ് നേരത്തെ പ്രധാനപ്പെട്ട 23 നേതാക്കള്‍ ചേര്‍ന്ന തിരുത്തല്‍വാദി സംഘം മുഴുവന്‍സമയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇതു ചെവിക്കൊള്ളാന്‍ ഔദ്യോഗിക നേതൃത്വം തയ്യാറായിട്ടില്ല.

അതിനിടെ അടുത്തയാഴ്ച ഒരുമാസം നീണ്ട പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകും. ഈ സമ്മേളനത്തില്‍ പുതിയ ലോക്‌സഭാ കക്ഷിനേതാവിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തേക്കുമെന്ന് സൂചനകളുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂരോ, മനീഷ് തിവാരിയോ നേതൃപദവിയിലെത്തുമെന്നാണ് സൂചന.

congress
Advertisment