വിഷയം പഠിക്കാതെ ചാനല്‍ ചര്‍ച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമര്‍ശനം !  ചാനല്‍ ചര്‍ച്ചകള്‍ക്കായി പുതിയ ടീമിനെ രംഗത്തിറക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ശനിയാഴ്ച !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 10, 2020

തിരുവനന്തപുരം :  ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പുതിയ ടീമിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സ്വപ്ന സ്വര്‍ണക്കടത്ത് കേസ് വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധ നിര തീര്‍ക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്ന വിമര്‍ശനത്തിന്‍റെ  പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി ശനിയാഴ്ച രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. അന്നുതന്നെ പുതിയ ടീമിനെ തീരുമാനിക്കുകയും ചെയ്തേക്കും.

കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍, വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വിമര്‍ശന വിധേയമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

കെ.എസ്. ശബരീനാഥന്‍, പി.സി. വിഷ്ണുനാഥ്, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍, വി.ടി. ബലറാം തുടങ്ങി ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് മുഖമായ രാജ് മോഹന്‍ ഉണ്ണിത്താന്‍ വരെയുള്ള പുതിയ ടീമിനെയാകും കോണ്‍ഗ്രസ് ഇതിനായി നിയമിക്കാന്‍ സാധ്യത.

വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ബുധനാഴ്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിമര്‍ശനം ഏറ്റുവാങ്ങിയ മുതിര്‍ന്ന നേതാവിനെ ഇന്ന് രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് ശാസിച്ചതായി പറയുന്നു. കാര്യങ്ങള്‍ പഠിക്കാതെ മേലാല്‍ ചര്‍ച്ചകള്‍ക്കായി പുറപ്പെടരുതെന്നും ചെന്നിത്തല പറഞ്ഞതായാണ് ചൂചന.

×