കോണ്‍ഗ്രസില്‍ നിന്നും ആരൊക്കെയാണ് മത്സരിക്കാതെ മാറി നില്‍ക്കേണ്ടത് ? തെരഞ്ഞെടുപ്പിലെ സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്താന്‍ പട്ടിക തയ്യാര്‍. പട്ടികയിലെ ഒന്നാമന്‍ കെസി ജോസഫ് തന്നെ ! ഡോമിനിക് പ്രസന്റേഷനും പട്ടികയില്‍. ചാത്തന്നൂരില്‍ മൂന്നാം സ്ഥാനത്തെത്തിയ ശൂരനാട് ഇക്കുറിയെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യം. ശൂരനാട് മത്സരിച്ചാല്‍ കൊല്ലം ജില്ലയില്‍ ആരും ജയിക്കില്ലെന്നും വിമര്‍ശനം. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പുകളി നടത്തുന്ന ജോസഫ് വാഴയ്ക്കനും പട്ടികയില്‍. പന്തളം സുധാകരന്‍, പാലോട്, തമ്പാനൂര്‍ രവിമാരെ ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തരുതെന്നും ആവശ്യം !

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി യോഗം ചേരാനിരിക്കെ സ്ഥിരം മുഖങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥിരമായി തോല്‍ക്കുന്ന ഈ മുഖങ്ങള്‍ ഇക്കുറിയെങ്കിലും മാറി നിന്നു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. അതിനിടെ ചിലര്‍ വിജയിക്കുന്നവരാണെങ്കിലും പ്രായത്തെ കരുതി പുതുതലമുറയ്ക്ക് സീറ്റ് കൈമാറണമെന്ന ആവശ്യം ഉയരുന്നുണ്ട്.

മുന്‍മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെസി ജോസഫിന്റെ പേരാണ് ഇതില്‍ മുന്നിലുള്ളത്. നാലു പതിറ്റാണ്ടിലേറെയായി മത്സരിക്കുന്ന കെസി ഇക്കുറി ഇരിക്കൂര്‍ വിട്ടതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചങ്ങനാശേരിയില്‍ മത്സരിക്കാനാണ് കെസിയുടെ ആഗ്രഹം.

കെസിയെ മാറ്റി നിര്‍ത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും താല്‍പ്പര്യമെങ്കിലും ഉമ്മന്‍ചാണ്ടിയാണ് കെസിയുടെ സംരക്ഷകന്‍ എന്നതിനാല്‍ പരസ്യമായി പറയാന്‍ നേതാക്കള്‍ ഭയപ്പെടുന്നു. പട്ടികയില്‍ രണ്ടാമന്‍ ഡൊമിനിക് പ്രസന്റേഷനാണ്. മന്ത്രിയും എംഎല്‍എയുമൊക്കെ ആയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ കൊച്ചിയില്‍ ഡൊമിനിക് തോറ്റത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വീകാര്യതയില്ലായ്മയെ തുടര്‍ന്നായിരുന്നു.

അന്നത്തെ അതേ നെഗറ്റീവ് ഇമേജ് ഇന്നും മണ്ഡലത്തില്‍ നിലനില്‍ക്കുന്നതായാണ് ആക്ഷേപം. അദ്ദേഹത്തെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്നാണ് ആവശ്യം. ശൂരനാട്  രാജശേഖരനാണ് മറ്റൊരു പ്രമുഖന്‍.

കഴിഞ്ഞ തവണ ചാത്തന്നൂരില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തായ ശൂരനാട് ഇക്കുറി ലക്ഷ്യം വയ്ക്കുന്നത് കൊല്ലമാണ്. കൊല്ലം സീറ്റ് കിട്ടാന്‍ പലവഴികളിലും നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അദ്ദേഹം. ഇദ്ദേഹത്തിന് സീറ്റ് കൊടുത്താന്‍ ഇനി കൊല്ലം ജില്ലയില്‍ പാര്‍ട്ടി കാണില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

കോണ്‍ഗ്രസിനെ ആര്‍എസിഎസിന് വിറ്റുവെന്ന് ശൂരനാടിനെിരെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പോസ്റ്ററുകള്‍ നിരന്നിരുന്നു. ഇനിയും ശൂരനാടിന് സീറ്റ് കൊടുത്താല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് നേതാക്കളുടെയും പക്ഷം.

പന്തളം സുധാകരനാണ് മറ്റൊരു നേതാവ്. മുന്നുതവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായ ഈ നേതാവിനും ഇനിയും പാര്‍ലമെന്ററി മോഹത്തിന് കുറവില്ല. ഇക്കുറി അടൂരില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെങ്കിലും മറ്റാരും അതിനോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.

മുവാറ്റുപുഴയിലെ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കനെതിരെയും സമാനമായ ആക്ഷേപം ഉണ്ട്. മൂന്നു തവണ മത്സരിച്ച് ഒരിക്കല്‍ മാത്രം വിജയിച്ച വാഴയ്ക്കന്‍ പാര്‍ട്ടിയെ അല്ല ഗ്രൂപ്പിനെ മാത്രമെ നോക്കുന്നുള്ളു എന്നാണ് പരാതി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളും വാഴയ്ക്കന്‍ വേണ്ട എന്ന അഭിപ്രായക്കാരാണ്.

പാലോട് രവി, തമ്പാനൂര്‍ രവി ദ്വയങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാന്‍ പോയിട്ട് ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കെവി തോമസ്, പിസി ചാക്കോ, പിജെ കുര്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇക്കുറി മത്സരിക്കാന്‍ ആഗ്രഹിക്കില്ല എന്നാണ് പല പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.

 

 

trivandrum news
Advertisment