ജോസഫിന് കോട്ടയത്ത് രണ്ടിൽ കൂടുതൽ സീറ്റ് നൽകിയാൽ വരാനിരിക്കുന്നത് സമ്പൂർണ പരാജയം ! നേതൃത്വത്തിന് മുന്നറിയിപ്പുമായി കോൺഗ്രസ് പ്രവർത്തകർ. ജോസഫ് വിഭാഗത്തിന്‌ ഇത്തിരിയെങ്കിലും പ്രവർത്തകർ ഉള്ളത് കടുത്തുരുത്തിയിൽ. അത്യാവശ്യമെങ്കിൽ ചങ്ങനാശേരിയും നൽകാം. ബാക്കി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്നും ആവശ്യം ! പ്രവർത്തകരുടെ വികാരം മാനിച്ചില്ലെങ്കിൽ തിരിച്ചടി കിട്ടുമെന്ന് ഭയന്ന് ജില്ലയിലെ നേതാക്കളും. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിട്ട് തദേശ തെരഞ്ഞെടുപ്പിൽ ജോസഫിനെ കൈയ്യയച്ച് സഹായിച്ച പ്രമുഖ നേതാക്കളും ഇപ്പോൾ വെട്ടിൽ ! ജോസഫിൻ്റെ അവകാശവാദങ്ങൾ തള്ളി കോട്ടയത്തെ കോൺഗ്രസുകാർ

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, March 5, 2021

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് രണ്ടു സീറ്റിൽ കൂടുതൽ നൽകരുതെന്നാവശ്യവുമായി കൂടുതൽ നേതാക്കൾ രംഗത്ത്. കടുത്തുരുത്തിയിൽ മാത്രമാണ് കേരളാ കോൺഗ്രസിന് പേരിനെങ്കിലും ആളുള്ളത്. ഇതിനു പുറമെ ആവശ്യമെങ്കിൽ ചങ്ങനാശേരി കൂടി നൽകാമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.

ഇതിനപ്പുറം ഒരു സീറ്റിൽ പോലും ജോസഫ് വിഭാഗത്തെ പരിഗണിക്കരുതെന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വാദിക്കുന്നു. സീറ്റ് കൊടുത്താൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ശക്തിയുമില്ലാത്ത ജോസഫ് വിഭാഗത്തിന് അവർ ആവശ്യപ്പെട്ട സീറ്റുകൾ വിട്ടുനൽകുകയായിരുന്നു കോട്ടയം ഡിസിസി. അന്നു നിയമസഭാ തെരഞ്ഞടുപ്പിൽ സീറ്റ് കിട്ടാൻ ജോസഫിൻ്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചില നേതാക്കൾ അന്നു കൈവിട്ട് സഹായിച്ചത്.

എന്നാൽ വിട്ടുനൽകിയ സീറ്റ് പലതും നല്ല ഭൂരിപക്ഷത്തോടെ തോൽക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റക്കാരണത്താൽ ജോസഫ് ഈ പ്രദേശത്തെ നിയമസഭാ സീറ്റുകളും ലക്ഷ്യമിട്ടു. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾക്ക് ചതി മനസിലായത്.

അതു കൊണ്ടു തന്നെ ഇത്തവണ ജോസഫിനോട് വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ്. മുതിർന്ന നേതാക്കൾ വിട്ടുവീഴ്ച ചെയ്താൽ അവരെയും തോൽപ്പിക്കുമെന്നും നേതാക്കൾ പറയുന്നു.

യൂത്ത് കോൺഗ്രസ് നേതാക്കളും ജോസഫിൻ്റെ അവകാശവാദത്തിൽ പ്രതിഷേധത്തിലാണ്. ജോസഫിന് ആവശ്യത്തിലധികം സീറ്റ് നൽകിയാൽ കോട്ടയത്തെ ഫലം യുഡിഎഫിൻ്റെ സമ്പൂർണ പരാജയമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

×