‘ഞാന്‍ 70 വയസ് കഴിഞ്ഞ ആളാണ്. കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടത് ഇനിയും ജീവിതം ബാക്കികിടക്കുന്ന എന്നേക്കാള്‍ ദീര്‍ഘായുസുള്ള യുവാക്കള്‍ക്കാണ്. എനിക്കിനി കൂടിപ്പോയാലും 10-15 വര്‍ഷത്തെ ആയുസേ ഉള്ളു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 1, 2021

ബെംഗളൂരു: മുതിർന്ന പൗരർക്കായി സർക്കാർ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിന് പിന്നാലെ, ആദ്യം വാക്‌സിൻ നൽകേണ്ടത് യുവാക്കൾക്കാണെന്ന അഭിപ്രായ പ്രകടന വുമായി കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വാക്‌സിൻ എടുത്തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ഞാൻ 70 വയസ് കഴിഞ്ഞ ആളാണ്. കൊവിഡ് വാക്‌സിൻ നൽകേണ്ടത് ഇനിയും ജീവിതം ബാക്കികിടക്കുന്ന എന്നേക്കാൾ ദീർഘായുസുള്ള യുവാക്കൾക്കാണ്. എനിക്കിനി കൂടിപ്പോയാലും 10-15 വർഷത്തെ ആയുസേ ഉള്ളു’, ഖാർഗെ പറഞ്ഞു.

രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാരത് ബയോടെക്ക് നിർമ്മിച്ച കൊവാക്‌സിനാണ് മോദി സ്വീകരിച്ചത്. ആദ്യഘട്ട വാക്‌സിൻ എടുത്തെന്നും കൊവിഡിനെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരെയും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.

സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യമുണ്ടാവും. പൊതുജനങ്ങൾക്ക് കൊവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിനേഷനായി നേരിട്ട് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡ് വിവരങ്ങൾ എന്നിവ നൽകണം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം.

×