ഭരണം തിരിച്ചുപിടിക്കുമെന്ന ഉറപ്പിൽ മന്ത്രിമാരെയും വകുപ്പുകളും നിശ്ചയിക്കാനൊരുങ്ങി കോൺഗ്രസ് ! കെ മുരളീധരൻ വിജയിച്ചാൽ ആഭ്യന്തരമോ, ധനകാര്യമോ ഉറപ്പ്. പുതുമുഖങ്ങളും യുവാക്കളും പട്ടികയിൽ. വിഡി സതീശനും ഷാഫി പറമ്പിലും വിഷ്ണുനാഥും മന്ത്രിമാരാകും ! ശിവദാസൻ നായർക്കും ഇക്കുറി നറുക്ക് വീണേക്കും. വനിതാ പട്ടികയിൽ ബിന്ദു കൃഷ്ണയും ഷാനിമോളും ! കെ ബാബുവും അനിൽ കുമാറും ഇക്കുറി പുറത്താകും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 19, 2021

തിരുവനന്തപുരം: ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തെ കുറിച്ച് ഗൗരവമായ ചർച്ചയിലേക്ക് കടന്ന് കോൺഗ്രസ്. കോൺഗ്രസിന് തനിച്ച് 50ലേറെ സീറ്റ് ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. ഇത്തവണ മന്ത്രിസഭയിൽ പുതുമുഖങ്ങളെയും കഴിവുള്ള യുവാക്കളെയും ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിക്ക് പകരം രമേശ് ചെന്നിത്തല വരുമെന്ന് കണക്കാക്കപ്പെടുന്ന പശ്ചാലത്തത്തിൽ എ ഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കും കൂടി വിശ്വസ്തനായ കെ മുരളീധരൻ മന്ത്രിസഭയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. നേമത്തുനിന്നു വിജയിയാൽ മുരളിയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ കഴിയില്ല. ആഭ്യന്തരമോ, ധനകാര്യമോ ആകും മുരളിക്ക് ലഭിക്കുക.

അതിനിടെ പത്മജ വിജയിച്ചാൽ അവരെ മന്ത്രിയാക്കി മുരളീധരൻ്റെ വരവ് തടയണമെന്ന ചിന്തയുള്ള നേതാക്കളും ഉണ്ട്. എ ഗ്രൂപ്പിൽ നിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ്, കെ ശിവദാസൻ നായർ എന്നിവരാണ് മന്ത്രി സ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കുന്നവർ. പിടി തോമസും മന്ത്രിയാകും.

ഐ ഗ്രൂപ്പ് ആകട്ടെ വിഡി സതീശൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, കെഎസ് ശബരിനാഥൻ, ബിന്ദു കൃഷ്ണ എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സതീശന് പ്രധാനപ്പെട്ട വകുപ്പുകൾ തന്നെ നൽകണമെന്നാണ് ആവശ്യം. വനിതാ പ്രാതിനിധ്യം ഇത്തവണ മന്ത്രിസഭയിൽ കൂടാനാണ് സാധ്യത.

അതേ സമയം മന്ത്രിസഭയിൽ ഹൈക്കമാൻഡ് പട്ടികയിൽ നിന്നുള്ള ചിലരും ഇടം പിടിക്കും. നല്ല പ്രതിച്ഛായ ഉള്ളവരെ മാത്രമെ മന്ത്രിയാക്കാൻ അനുവദിക്കൂ എന്ന് ഹൈക്കമാൻഡ് പ്രത്യേകം നിർദ്ദേശിച്ചേക്കും.

×