കോണ്‍ഗ്രസ് – മുസ്ലിംലീഗ് സീറ്റ് ധാരണയിലേക്ക് ; ഇത്തവണ ലീഗിന് 26 സീറ്റ് നല്‍കും. ഒരു സീറ്റില്‍ പൊതു സ്വതന്ത്രന്‍ ! ഉപമുഖ്യമന്ത്രി പദവും അഞ്ചാംമന്ത്രി പദം പോലുള്ള വിവാദങ്ങളും ഒഴിവാക്കണമെന്ന് ലീഗിനോട് കോണ്‍ഗ്രസ് നേതാക്കള്‍. പ്രാദേശിക നേതാക്കള്‍ പോലും പ്രകോപനത്തില്‍ വീഴരുതെന്നും കോണ്‍ഗ്രസ് – ലീഗ് യോഗത്തില്‍ ധാരണ !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, January 27, 2021

കോഴിക്കോട്: വിവാദമായ പരമാര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഒഴിവാക്കാന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ധാരണ. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഇരു പര്‍ട്ടികളും തമ്മിലുള്ള പ്രാദേശിക വിഷയങ്ങളും സംഘര്‍ഷവും സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത്. അഞ്ചാംമന്ത്രി പോലുള്ള വിവാദ പ്രസ്താവനകള്‍, ഉപമുഖ്യമന്ത്രി പദം എന്നിവ ഒരു തരത്തിലും ചര്‍ച്ചയാകില്ലെന്നും ലീഗ് ഉറപ്പുനല്‍കി.

സീറ്റ് വിഭജനം സംബന്ധിച്ച പ്രാദേശിക ചര്‍ച്ചകളും ഇരു പാര്‍ട്ടികളും തമ്മില്‍ നടന്നു. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിന് പുറമെ ആറു സീറ്റുകള്‍ കൂടി ലീഗ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ വിട്ടുവീഴ്ചയാകാമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ലീഗ് ആറ് സീറ്റുകളാണ് ഇത്തവണ പുതുതായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ ഘടകകക്ഷികള്‍ ഒഴിവായ സീറ്റുകള്‍ കൂടി ചേര്‍ത്ത് 30 സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യം പരസ്യമായി അവകാശവാദം ഉന്നയിക്കാന്‍ ഇപ്പോള്‍ ലീഗ് തയ്യാറല്ല.

തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യത്തില്‍ പരസ്യമായ വിഴുപ്പലക്കല്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. രണ്ട് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ സമവായ ഫോര്‍മുല. ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം.

ആ സ്ഥാനാര്‍ത്ഥിയെ ലീഗും കോണ്‍ഗ്രസും ഒന്നിച്ച് പിന്തുണയ്ക്കും. അങ്ങനെ ലീഗിന് മൂന്ന് സീറ്റെന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. പി കെ കുഞ്ഞാലിക്കുട്ടിക്കാണ് ഇതില്‍ ഒരു സമവായഫോര്‍മുല രൂപീകരിക്കാനുള്ള ചുമതല.

ഇന്ന് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും അതില്‍ സീറ്റ് വിഭജനം ചര്‍ച്ചയായില്ല. ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഹുല്‍ കേരളത്തില്‍ കൂടുതല്‍ ദിവസം പ്രചരണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ കഴിഞ്ഞാലുടന്‍ ജോസഫുമായുള്ള ചര്‍ച്ചകള്‍ തുടങ്ങും. നേരത്തെ ജോസഫിന് നല്‍കുമെന്നു വാഗ്ദാനം ചെയ്ത സീറ്റുകള്‍ മുഴുവന്‍ നല്‍കാനിടയില്ല.

 

 

×