തിരുവനന്തപുരം: തിരിച്ചടികളിൽ നിന്നും പാഠം പഠിക്കാതെ വീണ്ടും ഗ്രൂപ്പുകളി നടത്തുന്ന എ, ഐ ഗ്രൂപ്പുകളുടെ ഉന്നത നേതാക്കളെ കൈവിട്ട് കോൺഗ്രസ് പ്രവർത്തകർ. പാർട്ടി തിരിച്ചു വരവിൻ്റെ പാതയിലെന്ന സൂചന കിട്ടുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കുന്ന മുതിർന്ന നേതാക്കളുടെ നിലപാടിൽ പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ട്. തെരഞ്ഞെടുത്ത നേതൃത്വത്തെ അംഗീകരിക്കാൻ ഇനിയും മുതിർന്ന നേതാക്കൾക്ക് കഴിയാത്തത് പാർട്ടിയിലെ അനൈക്യം തന്നെയാണ് തുറന്നു കാട്ടുന്നത്.
/sathyam/media/post_attachments/gkQAphsHZkMp8X1gHCx7.jpg)
പാർട്ടിയിലും പാർലമെൻ്ററി പാർട്ടിയിലും കാര്യങ്ങൾ ഒന്നിച്ചല്ല എന്ന സന്ദേശം നൽകുക എന്നത് ഉന്നത നേതാക്കളുടെ സ്ഥിരം നടപടിയാണ്. പാർട്ടി പുനസംഘടനയോട് ഇപ്പോൾ മുഖം തിരിക്കുകയാണ് എ, ഐ ഗ്രൂപ്പുകൾ.
ഡി സി സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡൻ്റുമാരെയും നിശ്ചയിക്കാനുള്ള കെ പി സി സി തീരുമാനത്തെ അട്ടിമറിക്കാനാണ് നിലവിൽ ഗ്രൂപ്പുകളുടെ തീരുമാനം. പേരുകൾ നൽകാൻ കെ പി സി സി ആവശ്യപ്പെട്ടിട്ടും ഗ്രൂപ്പുകൾ സഹകരിച്ചില്ല. പക്ഷേ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോട് പട്ടിക നൽകാൻ കെ പി സി സി പ്രസിഡൻ്റ് അന്ത്യശാസനം നൽകിയതോടെ പട്ടിക ആയിരുന്നു.
ഇതിനു പുറമെയാണ് നിയമസഭയിൽ കൂടി ഭിന്നതയുണ്ടെന്ന സന്ദേശം നൽകുന്ന വിധത്തിൽ മുൻ പ്രതിപക്ഷ നേതാവിൻ്റെ ചില ഇടപെടലുകൾ. ഗവർണർ - സർക്കാർ പോരിൽ ഗവർണർക്കൊപ്പം നിലയുറപ്പിച്ച് സർക്കാരിനെതിരെ നിൽക്കാനാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ശ്രമിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാടിന് നേർ വിപരീതമായിരുന്നു ചെന്നിത്തലയുടെ നിലപാട്. വി സി നിയമനം മുതൽ നയപ്രഖ്യാപനം വരെയുള്ള വിവാദങ്ങളിൽ ഗവർണറെയും സർക്കാരിനെയും ഒരു പോലെ തുറന്നെതിർത്ത നിലപാടായിരുന്നു പ്രതിപക്ഷം പൊതുവിൽ സ്വീകരിച്ചത്. അതിനെതിരെ നിലപാട് സ്വീകരിച്ച ചെന്നിത്തലയെ പക്ഷേ എല്ലാവരും തള്ളിയതും കണ്ടു.
നിഷേധാത്മക നിലപാട് മുതിർന്ന നേതാക്കൾ തുടർന്നാൽ കർശനമായ നടപടി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന സന്ദേശം നേതൃത്വം നൽകുന്നുണ്ട്. ഗ്രൂപ്പ് പ്രവർത്തനം ഇനി ഒരു തരത്തിലും അനുവദിക്കേണ്ടന്നും തീരുമാനമുണ്ട്.