ഡല്‍ഹി: കെപിസിസി അധ്യക്ഷനെ ഈയാഴ്ച പ്രഖ്യാപിക്കും. പിടി തോമസ് പുതിയ അധ്യക്ഷനാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അവസാന ഘട്ടത്തില്‍ സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരള നേതാക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായം തേടലില്‍ സുധാകരനെ കടത്തിവെട്ടി പി ടി തോമസ് വന്‍ മേല്‍ക്കൈ നേടിയതായാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/eGDEALnqLgCYy15fsEF5.jpg)
നേരത്തെ കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്റെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെ സുധാകരനൊപ്പം തന്നെ പേരുയര്‍ന്ന പിടി തോമസിന് അവസാന നിമിഷം നറുക്ക് വീഴുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കേരള നേതാക്കളില്‍ സംഘാടക മികവില്‍ ഒന്നാമനായാണ് പി ടി തോമസിനെ വിലയിരുത്തുന്നത്.
പിടി തോമസിന്റെ ഈ സംഘടനാ പാടവവും നേതൃശേഷിയും ഈയവസരത്തില്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നുതന്നെയാണ് ഹൈക്കമാന്‍ഡും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം താരിഖ് അന്‍വര്‍ ഉന്നത നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും തോമസിന്റെ പേരിനോട് അവരും വിമുഖത കാണിച്ചില്ല.
മാത്രമല്ല പാര്‍ട്ടിയിലെ പൊതുസ്വീകാര്യതയില്‍ സുധാകരനെക്കാള്‍ വലിയ തോതില്‍ മേല്‍ക്കൈ നേടാന്‍ പിടിക്ക് കഴിഞ്ഞു. ഇതോടെയാണ് ഒരു ഘട്ടത്തില്‍ 'കെ എസ്' എന്ന ഒറ്റപ്പേരില്‍ കറങ്ങി നിന്ന അധ്യക്ഷ പദവി അവസാന നിമിഷം പി ടി തോമസിലേയ്ക്ക് വഴുതി മാറുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ ഉണ്ടായ തിരിച്ചടിയാണ് പ്രധാനമായും നേതാക്കള്‍ക്കിടയിലെ അഭിപ്രായ രൂപീകരണത്തില്‍ സുധാകരന് വിനയായത്. വര്‍ക്കിങ് പ്രസിഡന്റ് എന്ന നിലയില്‍ സുധാകരനും പരാജയമായിരുന്നു എന്ന് പ്രബല വിഭാഗം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ കൈയ്യിലുണ്ടായിരുന്ന കണ്ണൂരും അഴീക്കോടും പോലും തോറ്റതിന്റെ ഉത്തരവാദത്തില്‍ നിന്നും കെ സുധാകരനും ഒഴിഞ്ഞു മാറാനാവില്ല.
ഇത്തവണ കണ്ണൂരില്‍ വിജയിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കയ്യിലിരുന്ന അഴീക്കോട് മണ്ഡലം യുഡിഎഫിന് നഷ്ടമായി. കെ സുധാകരന് സ്വാധീനമുള്ള വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒട്ടും മികവു പ്രകടിപ്പിക്കാനുമായില്ല. തെക്കന്‍ കേരളത്തില്‍ പൊതുവേ സുധാകരന് സ്വാധീനക്കുറവുണ്ട്. മാത്രമല്ല സുധാകര ശൈലിക്കും തെക്കന്‍ ജില്ലകളില്‍ സ്വീകാര്യതക്കുറവുണ്ട്.
ഇതാണ് സുധാകരന് തിരിച്ചടിയായ പ്രധാനഘടകം. 73 കാരനായ സുധാരന് പ്രായക്കൂടുതലും പ്രതികൂലമായി. ഇതിനു പുറമെ സുധാകരന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് ചിലരെങ്കിലും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി. ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ സുധാകരനെ എതിര്‍ത്തതും എതിര്‍ഘടകമായി.
ഈയാഴ്ച തന്നെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. പ്രസിഡന്റിനെ സംബന്ധിച്ച അഭിപ്രായം തേടല്‍ ഇന്നലെ തന്നെ താരിഖ് അന്‍വര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് എത്രയും വേഗം ഹൈക്കമാണ്ടിന് കൈമാറും. ഇത്തവണ പഴുതുകളില്ലാത്ത തീരുമാനമാണ് ഓരോ ചുവടിലും കേരള കാര്യത്തില്‍ ഹൈക്കമാണ്ട് എടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us