Advertisment

തോറ്റതെങ്ങനെയെന്ന് സ്ഥാനാര്‍ത്ഥികളോട് കോണ്‍ഗ്രസ് ! തോറ്റ സ്ഥാനാര്‍ത്ഥികളും ഡിസിസി അധ്യക്ഷന്‍മാരും തോല്‍വിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് 18നും 19നും ചേരുന്ന രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. സംഘടനാ വീഴ്ചയും കാലുവാരലും നടന്നെങ്കില്‍ പേരു സഹിതം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. മണ്ഡലത്തില്‍ വരികയോ ഫോണ്‍ചെയ്‌തോ വിവരങ്ങളന്വേഷിക്കാത്ത കെപിസിസി പ്രസിഡന്റും തോല്‍വിക്ക് ഉത്തരവാദിയെന്ന് സ്ഥാനാര്‍ത്ഥികള്‍ ! നേതാക്കളെ കുറ്റം പറയുന്ന റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണുമോ ?

New Update

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം 18,19 തീയതികളിൽ ചേരാനിരിക്കെ സ്ഥാനാർത്ഥികളിൽ നിന്നും റിപ്പോർട്ട് തേടി കെപിസിസി. പരാജിതരായ സ്ഥാനാർത്ഥികളിൽ നിന്നും ഡിസിസി പ്രസിഡന്റുമാരിൽ നിന്നുമാണ് റിപ്പോർട്ട് തേടിയത്. ഇതു രാഷ്ട്രീയകാര്യ സമിതി വിശദമായി ചർച്ച ചെയ്യുമെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നത്.

Advertisment

publive-image

ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടായ പരാജയ കാരണങ്ങൾഅവലോകനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദേശം. പ്രത്യക്ഷവും പരോക്ഷവുമായ പൊതു കാരണങ്ങൾ, അടിയൊഴുക്കുകൾ, ഒളിഞ്ഞും തെളിഞ്ഞും വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ പ്രവർത്തനങ്ങൾ, സംഘടനാ വീഴ്ച എന്നീകാര്യങ്ങളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കേണ്ടത്.

സ്ഥാനാർത്ഥികളും ഡിസിസി പ്രസിഡന്റുമാരും റിപ്പോർട്ട് ഈ മാസം 14നകം കെപിസിസിക്ക് നൽകണമെന്നാണ് നിർദേശം. 95 സീറ്റിൽ ഇത്തവണ മത്സരിച്ച കോൺഗ്രസിന് 21 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 74 പരാജിതരായ സ്ഥാനാർത്ഥികൾക്കും തങ്ങളുടെ വിലയിരുത്തൽ നൽകാനാകും.

അതേസമയം ഈ റിപ്പോർട്ട് വാങ്ങി കെപിസിസി എന്തുചെയ്യുമെന്നാണ് പ്രധാന ചോദ്യം. കെപിസിസി അധ്യക്ഷനടക്കമുള്ള നേതാക്കളുടെ എതിരെയാകും പല മണ്ഡലങ്ങളിലെയും റിപ്പോർട്ട്. സ്ഥാനാർത്ഥികളെ ഒരിക്കലെങ്കിലും ഫോൺ വിളിച്ചുപോലും കാര്യങ്ങൾ തിരക്കാൻ കെപിസിസി പ്രസിഡന്റ് തയ്യാറാകാതിരുന്ന സാഹചര്യങ്ങളുണ്ട്.

കെപിസിസി അധ്യക്ഷൻ പ്രചാരണത്തിനെത്താത്ത മണ്ഡലങ്ങൾ, സീറ്റ് കിട്ടാത്ത കെപിസിസി ഭാരവാഹികളുടെ കാലുവാരൽ, സംഘടനാ സംവീധാനമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ 74 മണ്ഡലങ്ങളിലും പൊതുവായി കാണാനാകും. ഒപ്പം പ്രാദേശിക നേതാക്കൾ കാലുവാരിയെന്ന പരാതിയും ഉയരുന്നുണ്ട്.

Advertisment